sections
MORE

ട്രിവയന്ത്ര, ഹൈദരാബാദിലെ ക്വാഡ് ബൈക്ക് ചലഞ്ചിൽ പൊടിപാറിച്ച തിരുവനന്തപുരം ടീം

team-trivayanthra
Team Trivayanthra
SHARE

പരിമിതികൾ മറികടന്ന് മുന്നേറുമ്പോൾ നേട്ടങ്ങൾക്കു മാധുര്യമേറും. നയിക്കാൻ പെൺകരുത്തു കൂടിയുണ്ടെങ്കിലോ? ഹൈദരാബാദിൽ നടന്ന ക്വാഡ് ബൈക്ക് ചാലഞ്ചിൽ എട്ടാം സ്ഥാനം നേടിയ ടീം ട്രിവയന്ത്രയുടെ വിജയഗാഥ

സ്ഥലം തിരുവനന്തപുരം നെടുമങ്ങാട്ടെ മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ്, ഒന്നാം വർഷ പരീക്ഷകൾ കഴിഞ്ഞ അവധിക്കാലം... മെക്കാനിക്കൽ വിഭാഗത്തിലെ ഗോകുൽ രാജ് ഏതൊരു ടീനേജുകാരനെപ്പോലെയും തേരാപാരാ കറങ്ങിനടക്കണോ അതോ വേറെയെന്തെങ്കിലും ചെയ്യണോ എന്നു കൺഫ്യൂഷനടിച്ചു നിൽക്കുമ്പോൾ, കറക്ട് ടൈമിങ്ങിൽ സീനിയർ ക്ലാസിലെ ചേട്ടൻ ഫ്രീയായിട്ട് ഉപദേശിച്ചു... അതൊരു ഒന്നൊന്നര ഉപദേശമായിപ്പോയി!  മെക്കാനിക്കൽ വിഭാഗത്തിന്റെ തലവര മാറിപ്പോയ ആ ഉപദേശത്തിന്റെ റിസൽറ്റാണ് ടീം ട്രിവയന്ത്രയും എട്ടാം സ്ഥാനവും.

team-trivayanthra-1
Team Trivayanthra

എന്തായിരുന്നു ആ ഉപദേശമെന്നോ..

തിരുവനന്തപുരത്ത് എഫ്എംഎഇ (Fraternity of Mechanical and Automobile engineers) സംഘടിപ്പിച്ച ഇന്റേൺഷിപ്പിൽ പങ്കെടുക്കുക. മികച്ച യുവ എൻജിനീയേഴ്സിനെ വാർത്തെടുക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് എഫ്എംഎഇ. അവർ കോളജുകളിൽ ചാപ്റ്റർ തുടങ്ങുകയും മെക്കാനിക്കൽ, ഓട്ടമൊബീൽ വിദ്യാർഥികൾക്കായി ഇന്റേൺഷിപ് ട്രെയിനിങ് നൽകുകയും ചെയ്യാറുണ്ട്. ഇന്റേൺഷിപ് കഴിഞ്ഞെത്തിയപ്പോൾ എഫ്എംഎഇയിലെ അതുൽ സാറിന്റെ ചോദ്യം. ‘നിങ്ങളുടെ കോളജിലും ഗ്രൂപ്പ് ഉണ്ടാക്കിക്കൂടെ, ക്വാഡ് ബൈക്ക് ചാലഞ്ചിൽ പങ്കെടുത്തൂടെ? എന്തുകൊണ്ട് നമ്മുടെ കോളജിൽനിന്ന് ഇത്തരമൊരു മത്സരത്തിൽ പങ്കെടുത്തുകൂടാ? കാര്യം സുഹൃത്തും ക്ലാസ്മേറ്റുമായ വൃന്ദ കൃഷണനോട് അവതരിപ്പിച്ചു. അടുത്ത വർഷം വൃന്ദയുൾപ്പെടെ ഏഴെട്ടുപേർ എഫ്എംഎഇ ഇന്റേൺഷിപ്പിന് പങ്കെടുത്തു. ട്രെയിനിങ് കഴിഞ്ഞു വന്നപ്പോൾ വൃന്ദയ്ക്കും കൂട്ടുകാർക്കും ആത്മവിശ്വാസമായി. എല്ലാവരും ഒരു തീരുമാനമെടുത്തു–അടുത്ത ക്വാഡ് ബൈക്ക് ചാലഞ്ചിന് നമ്മുടെ ടീമും മത്സരിക്കുന്നു.

team-trivayanthra-4
Team Trivayanthra

നയിക്കാൻ പെൺകരുത്ത്

കപ്പിത്താന്റെ ചുമതല വൃന്ദ ഏറ്റെടുത്തു. ടീം മാനേജർ സ്ഥാനത്ത് ഗോകുലും. ടീമിലേക്ക് ആളെ കൂട്ടലാണ് അടുത്ത ജോലി. ടീം ക്യാപ്റ്റൻ പെൺകുട്ടിയായതുകൊണ്ട് മിക്കവർക്കും മടിയായിരുന്നു. പക്ഷേ, ഗോകുലിന് ഉറപ്പായിരുന്നു പരിപാടി വിജയിക്കുമെന്ന്. ട്രെയിനിങ് കിട്ടിയ മറ്റു കൂട്ടുകാരെയും കൂടെ കൂട്ടി. ഇന്റേൺഷിപ്പിൽ പങ്കെടുത്ത എല്ലാവരും സബ് ടീമുകളുടെ ലീഡർ ആയി മറ്റുള്ളവർക്ക് ട്രെയിനിങ് കൊടുത്തു. രണ്ട്, മൂന്ന്, നാല് വർഷങ്ങളിലെ വിദ്യാർഥികൾ ചേർന്ന് രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ 29 പേരുള്ള ടീം ട്രിവയന്ത്ര രൂപീകരിച്ചു.

team-trivayanthra-5
Team Trivayanthra

തയാറെടുപ്പുകൾ

ആദ്യം റജിസ്ട്രേഷൻ. എഫ്എംഎഇയുടെ റൂൾബുക്ക് അനുസരിച്ചായിരിക്കണം ക്വാഡ് ബൈക്കിന്റെ ഡിസൈൻ. ആദ്യം പിവിസി പൈപ്പ് ഉപയോഗിച്ച് മൂന്നു മോൾഡ് ഉണ്ടാക്കി. എൻജിൻ 2012 മോഡൽ കരിസ്മയുടേതും. ഇതിനായി യൂസ്ഡ് ബൈക്ക് വാങ്ങി പൊളിച്ചെടുത്തു. എൻജിൻ കൂടാതെ ടാങ്ക്, സീറ്റ്, ചെയിൻ ആൻഡ് സ്പ്രോക്കറ്റ്, ക്ലച്ച് ലിവറുകൾ തുടങ്ങിയവും ഉപയോഗിച്ചു. കോളജിലെ ലാബിൽ ഹെവി വർക്കുകൾ ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ ഫ്രണ്ട് വീൽ ഹബ്, റിയർ വീൽ ഹബ്, ബ്രേക്ക് ഡിസ്ക്, കാലിപ്പർ, ഹാൻഡിൽ നക്കിൾ ഗാർഡ് തുടങ്ങിയവയെല്ലാം പുറത്തു കൊടുത്ത് ചെയ്തെടുക്കുകയായിരുന്നു. ട്രാക്ടറിലും മറ്റും ഉപയോഗിക്കുന്ന പ്രിമിറ്റീവ് സ്റ്റിയറിങ് സിസ്റ്റം ടീം സ്വയം തയാറാക്കി.

മുന്നിൽ സിബി യൂണിക്കോണിന്റെ മോണോഷോക്ക് സസ്പെൻഷൻ സിസ്റ്റവും പിന്നിൽ പൾസർ എൻഎസ് 200 ന്റെ സ്വിങ് ആം മോണോഷോക്ക് സസ്പെൻഷൻ സിസ്റ്റവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ, വയറിങ്, ബോഡി തുടങ്ങിയവ ഉള്ളൂരിലെ ദീപുവിന്റെ വർക്‌ഷോപ്പിലാണ് ചെയ്തത്. അലുമിനിയം ഷീറ്റ് ഉപയോഗിച്ച് ബോഡി റെഡിയാക്കി. ഭാരം 200 കിലോഗ്രാം. 223 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിന്റെ കരുത്ത് 19.2 ബിഎച്ച്പി. ടോർക്ക് 19.35 എൻഎം. ടോപ് സ്പീഡ് മണിക്കൂറിൽ 32 കിലോമീറ്റർ. റിയർ വീൽ ഡ്രൈവ് സിസ്റ്റമാണ് ഇതിൽ. 3.5 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.

team-trivayanthra-2
Team Trivayanthra

ബൈക്കല്ല, കാറല്ല; ഇതു ക്വാഡ് ബൈക്ക്

ബൈക്കുമല്ല എന്നാൽ കാറുമല്ലാത്ത മോഡലാണ് ക്വാഡ് ബൈക്ക്. തിരുവനന്തപുരത്തെ എക്സ്ട്രീമേഴ്സ് സ്റ്റണ്ട് ഗ്രൂപ്പാണ് ഡ്രൈവ് ചെയ്യാൻ ട്രെയിനിങ് കൊടുത്തത്. ഷെഡ്യൂൾ അനുസരിച്ചുള്ള റിപ്പോർട്ടുകൾ, എഫ്എംഎഇ പറയുന്ന കണ്ടീഷനിലുള്ള ടെസ്റ്റിങ് വിഡിയോ എന്നിവ അവരുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. അതിൽ‍നിന്നാണ് ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. മാർച്ച് 18 മുതൽ 21 വരെ ഹൈദരാബാദിൽ വച്ചായിരുന്നു ഇവന്റ്. മൊത്തം 55 ടീമുകളാണ് മത്സരത്തിനു റജിസ്റ്റർ ചെയ്തിരുന്നത്. 50 ഇന്ത്യൻ കോളജുകളും 10 വിദേശ കോളജുകളും. ഇവയിൽനിന്ന് 22 കോളജുകളാണ് ഫൈനലിൽ മാറ്റുരച്ചത്. 

ആദ്യ റൗണ്ട് ടെക്നിക്കൽ ഇൻസ്പെക്‌ഷൻ ആണ്. വാഹനം നിർമിച്ചതിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയ പ്രൂഫിങ് വിഡിയോ കാണിക്കണം. സേഫ്റ്റി, ആക്സിലറേഷൻ, ബ്രേക്കിങ്, ട്രാക്‌ഷൻ ടെസ്റ്റുകൾക്കു ശേഷം 1.5 ടൺ ഭാരം വലിച്ചുകൊണ്ടുപോകണം. വാഹനത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനാണിത്. ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. ട്രാക്‌ഷൻ ടെസ്റ്റ് കഴിഞ്ഞപ്പോൾ ക്ലച്ച് പ്ലേറ്റ് തകരാറിലായതിനാൽ മാന്വറബിലിറ്റി, ഡർട്ട് ടെസ്റ്റ് എന്നിവയിൽനിന്നു പിന്മാറേണ്ടി വന്നെങ്കിലും ഫൈനലിൽ ടീം ട്രിവയന്ത്രയ്ക്ക് എട്ടാം സ്ഥാനം ലഭിച്ചു. എൻഐടി വാറങ്കൽ, എൻഐടി ഭോപാൽ, എസ്ആർഎം യൂണിവേഴ്സിറ്റി തമിഴ്നാട്, പുണെ എൻജിനീയറിങ് കോളജ്, ഇലാഹിയ കോളജ് ഡൽഹി എന്നിവയും ഫൈനലിൽ ഉണ്ടായിരുന്നു. എസ്ആർഎം യൂണിവേഴ്സിറ്റി തമിഴ്നാടിനായിരുന്നു ഫസ്റ്റ്. എഫ്എംഎഇയുടെ ക്വാഡ് ബൈക്ക് ചാലഞ്ചിൽ മത്സരിക്കാനെത്തിയ 22 കോളജുകളിൽ ഒരു പെൺകുട്ടി നയിച്ച ഏക ടീമാണ് ട്രിവയന്ത്ര എന്നു പറയുമ്പോൾ ഈ എട്ടാം സ്ഥാനത്തിന് മധുരമൽപ്പം കൂടൂം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA