ADVERTISEMENT

ഇരുചക്ര വിഭാഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ പുതിയ കാര്യമല്ല. ഇലക്ട്രിക് സ്കൂട്ടറുകൾ വർഷങ്ങളായി നമ്മുടെ വിപണിയിലുണ്ട്. പക്ഷേ ആരും കാര്യമായി പരിഗണിച്ചില്ലെന്നതു വാസ്തവം. ഈട് എന്ന ഒറ്റക്കാര്യം തന്നെയായിരുന്നു ഭയം. ബാറ്ററി ലൈഫ് കിട്ടില്ല, വേഗം കുറവ് തുടങ്ങിയ പോരായ്മകളും നമ്മുടെ കാലാവസ്ഥയ്ക്ക് ഇവ പറ്റില്ല എന്ന ധാരണയും ഇ– സ്കൂട്ടറുകളുടെ വിൽപനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ മാറിമറിയുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റത്തിനു കേന്ദ്ര സർക്കാരിന്റെ തോൾ ചേർന്നു സംസ്ഥാന സർക്കാരുകളും ചടുല നീക്കങ്ങളാണു നടത്തുന്നത്. 2020 ഒാടെ റോഡുകൾ നിശ്ശബ്ദ വിപ്ലവത്തിനു സാക്ഷിയാകുമെന്നു ചുരുക്കം. ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധിയുള്ള ഇലക്ട്രിക് സ്പോർട്സ് ബൈക്ക് അടക്കം ഒട്ടേറെ മോഡലുകൾ വിപണിയിലേക്കിറങ്ങാനുള്ള അവസാനവട്ട മിനുക്കുപണിയിലാണ്. ആ മോഡലുകളെ പരിചയപ്പെടാം.

റിവോൾട്ട് ആർവി 400

Revolt RV 400
Revolt RV 400

റിവോൾട്ട് ഇന്റലികോർപിന്റെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ആർവി 400. ഇന്ത്യയിൽ നിർമിത ബുദ്ധിയോടുകൂടിയ ആദ്യ മോട്ടോർ സൈക്കിൾ എന്ന സവിശേഷതയോടെയാണ് ആർവി 400 എത്തുന്നത്. ഒറ്റ ചാർജിങ്ങിൽ 156 കിലോമീറ്റർ യാത്ര ചെയ്യാം. ഉയർന്ന വേഗം മണിക്കൂറിൽ 85 കിലോമീറ്റർ. ബാറ്ററി റീ ചാർജിങ് ,സ്വാപിങ് (ചാർജ് തീർന്ന ബാറ്ററി കൊടുത്ത് ചാർജുള്ള പുതിയ ബാറ്ററി ലഭ്യമാകുന്ന സംവിധാനം) നെറ്റ്‌വർക് സൗകര്യം എന്നിവ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. റിവോൾട്ട് മൊബൈൽ ആപ് വഴി ബാറ്ററി ചാർജ്, യാത്ര ചെയ്യാവുന്ന ദൂരം, ബൈക്ക് ലൊക്കേഷൻ, റൈഡിങ് ഇൻഫർമേഷൻ എന്നിവയ്ക്കൊപ്പം റിമോട്ട് സ്റ്റാർട്ടിങ് സംവിധാനവും ഇണക്കിയിട്ടുണ്ട്.ഇലക്ട്രിക് വാഹനങ്ങൾക്കു ശബ്ദമില്ലെന്ന പരാതിയും തീർത്താണ് ആർവിയുടെ വരവ്. സാധാരണ മോട്ടോർ സൈക്കിളിന്റേതിനു സമാനമായ ശബ്ദം ഇണക്കിച്ചേർത്താണ് ആർവി എത്തുന്നത്. പ്രതീക്ഷിത വില ഒരു ലക്ഷത്തിൽ താഴെ. 

ടോർക് ടി6 എക്സ്

ഒറ്റ ചാർജിങ്ങിൽ 100 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 100 കിലോമീറ്റർ വേഗവുമായാണ് ടോർക് ടി6 എക്സ് എത്തുന്നത്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയ്മിലാണ് ടി6 എക്സിനെ നിർമിച്ചിരിക്കുന്നത്. 6 കിലോവാട്ടിന്റെ (8 ബിഎച്ച്പി) ബാറ്ററിയാണ് ഇതിലുള്ളത്. ടോർക്ക് 27 എൻഎം. ഒരുമണിക്കൂർകൊണ്ടു ബാറ്ററിയുടെ 80 ശതമാനം ചാർജാകും. ഫുള്ളി എൽഇഡി ലൈറ്റുകൾ, സ്മാർട്ഫോൺ കണക്ടിവിറ്റി, ഫുൾകളർ ഇൻസ്ട്രമെന്റ് പാനൽ എന്നിവ ഫീച്ചറുകളാണ്. ഈ വർഷം അവസാനം ലോഞ്ചുണ്ടാകും. വില 1.25 ലക്ഷം. 

ടിവിഎസ് ക്രിയോൺ

2016 ഡൽഹി ഒാട്ടോ എക്സ്പോയിലെ കൺസെപ്റ്റ് മോഡൽ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്. വർഷങ്ങൾക്കിപ്പുറം അതിന്റെ പ്രൊഡ‍ക്‌ഷൻ മോഡൽ എത്തുന്നു എന്നറിയുമ്പോൾ കാണാൻ അതിലേറെ കൗതുകവും കൂടുതലാണ്. സ്പോർടി ഡിസൈൻ‌ തന്നെയാണ് ഹൈലൈറ്റ്. പെർഫോമൻസിന് ഊന്നൽ നൽകിയാണ് ഇതിന്റെ രൂപകൽപനയെന്നാണു ടിവിഎസ് പറയുന്നത്. 0-60 കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടിവരിക 5.1 സെക്കൻഡ് മാത്രം മതിയാകും. ഒറ്റ ചാർജിങ്ങിൽ 80 കിലോമീറ്ററാണ് റേഞ്ച് അഥവാ സഞ്ചരിക്കാവുന്ന ദൂരം. 12 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയാണ്. സ്മാർട് കണക്ടിവിറ്റി അടക്കമുള്ള സംവിധാനങ്ങൾ ക്രയോണിലുണ്ടാകും.

എംഫ്ലക്സ് വൺ

െബംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട് അപ് ആണ് എംഫ്ലക്സ്. ഇലക്ട്രിക് സ്പോർട്സ് ബൈക്കാണ് ഇവർ നിർമിച്ച എംഫ്ലക്സ് വൺ. 2020 ൽ  എംഫ്ലക്സ് വിപണിയിലെത്തും. സാധാരണ 600 സിസി ബൈക്കിനോടു കിടപിടിക്കുന്ന പെർഫോമൻസ്. ഒഹ്‌ലിൻ സസ്പെൻഷൻ, ബ്രെംബോയുടെ എബിഎസ് ബ്രേക്ക്, ട്രാക്‌ഷൻ കൺട്രോൾ എന്നിങ്ങനെ കിടു സ്പെക്കുമായാണ് വരവ്. 0-100 വേഗത്തിെലത്താൻ വെറും മൂന്നു സെക്കൻഡ് സമയം മതി എന്നാണ് കമ്പനി പറയുന്നത്. ഫുൾ ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം 200 കിലോമീറ്റർ. ഭാരം 169 കിലോഗ്രാം. 

ബജാജ് അർബണൈറ്റ്

വലിയൊരു ഇടവേളയ്ക്കു ശേഷം ബജാജ് സ്കൂട്ടർ നിർമാണത്തിലേക്കു കടക്കുകയാണ്. ഇലക്ട്രിക് സ്കൂട്ടറുമായാണ് രണ്ടാം വരവ്. നിയോ–റെട്രോഡിസൈൻ തീമിലാണ് ബജാജ് അർബണൈറ്റ് എന്ന ഇലക്ട്രിക് സ്കൂട്ടറിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരട്ട ടെയിൽ ലാംപ്, അലോയ് വീൽ, ഡിസ്ക് ബ്രേക്ക്, സാറ്റലൈറ്റ് നാവിഗേഷനോടുകൂടിയ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ എന്നിങ്ങനെയായിരിക്കും ഫീച്ചറുകൾ. വിശദമായ വിവരങ്ങൾ ലഭ്യമല്ല. 

ഹീറോ ഡ്യുയറ്റ്–ഇ

കാലത്തിനൊത്തു ചുവടു മാറാൻ ഹീറോയും തയാറെടുക്കുന്നു‌‌‌‌‌. ഡ്യുയറ്റ് മോഡലിന്റെ ഇലക്ട്രിക് പതിപ്പാണ് പണിപ്പുരയിൽ തീർന്നുകൊണ്ടിരിക്കുന്നത്.  ഇലക്ട്രിക് സ്കൂട്ടറിന്റെ നിരതന്നെയുണ്ടാകുമെന്നാണ് സൂചന. ആദ്യ സ്കൂട്ടർ 2020 ഒാടെ നിരത്തിലെത്തും. സാധാരണ 110 സിസി സ്കൂട്ടറിനോടു സമാനമായ പെർഫോമൻസായിരിക്കും ഡ്യുയറ്റ് ഇ മോഡലും കാഴ്ചവയ്ക്കുക. ഒറ്റ ചാർജിങ്ങിൽ 65 കിലോമീറ്റർ യാത്രചെയ്യാൻ കപ്പാസിറ്റിയുള്ള ബാറ്ററിയാണ്. 

ഹാർലി ലൈവ് വയർ

Harley Davidson Live Wire
Harley Davidson Live Wire

ഹാർലി ഡേവിഡ്സൺ ഇലക്ട്രിക് ബൈക്കുമായി എത്തുന്നു എന്നത് കൗതുകത്തോടെയാണ് വാഹനലോകം കേട്ടത്. കഴിഞ്ഞ വർഷത്തെ ഇെഎസിഎംഎ മോട്ടോർ സൈക്കിൾ ഷോയിൽ അതിന്റെ പ്രൊഡക്‌ഷൻ മോഡൽ അവതരിപ്പിച്ചതോടെ ആകാംക്ഷയും കൂടി. ഒടുവിൽ ഇതാ ലൈവ് വയർ നിരത്തിലേക്കെത്തുകയാണ്. ഈ വർഷം ഒടുവിലോ അടുത്ത വർ‌ഷം ആദ്യമോ ലൈവ് വയർ നിരത്തിലെത്തും. ഏകദേശം 20 ലക്ഷത്തോളമായിരിക്കും വില. റിവലേഷൻ എൻജിൻ എന്നാണ് ലൈവ് വയറിന്റെ ഇലക്ട്രിക് എൻജിനു ഹാർലി നൽകുന്ന വിശേഷണം. ബെൽറ്റ് ഡ്രൈവ് വഴിയാണ് ഇലക്ട്രിക് എൻജിനിൽനിന്നുള്ള കരുത്ത് പിൻ വീലിലേക്കെത്തിക്കുന്നത്. എച്ച്–ഡി കണക്ട് എന്ന ആപ്പ് വഴി ബാറ്ററി ചാർജ്, സർവീസ് റിമൈൻഡർ എന്നിവ അറിയാനുള്ള സംവിധാനം ഇതിലുണ്ട്. 3.5 സെക്കൻഡ് കൊണ്ട് 0-100 വേഗം ലൈവ് വയർ കൈവരിക്കും. കൂടിയ വേഗം മണിക്കൂറിൽ 177 കിലോമീറ്റർ. ഫുൾ ചാർജിൽ 235 കിലോമീറ്റർ സഞ്ചരിക്കാം. ട്രാക്‌ഷൻ കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നീ സംവിധാനങ്ങളുണ്ട്. ബ്രംബോ കാലിപ്പർ, സ്റ്റീൽ ട്രെല്ലിസ് ഫ്രേം, ഇൻവേർട്ടഡ് ഷോവ ഫോർക്ക്, മോണോ ഷോക്ക് പിൻ സസ്പെൻഷൻ, റൈഡ് മോഡുകൾ, ഫുൾ കളർ ടിഎഫ്ടി ഇൻ‌സ്ട്ര‌മെന്റ് ക്ലസ്റ്റർ എന്നിവയാണ് സവിശേഷതകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com