ADVERTISEMENT

വിചിത്രസ്വഭാവിയായിരുന്നു ജോ ജെറാഡ്. ഇറ്റാലിയൻ വംശജനായ അമേരിക്കക്കാരൻ, പണി കാർ സെയിൽസ്മാൻ. സഹപ്രവര്‍ത്തകരോട് അഭിവാദ്യങ്ങള്‍ക്കപ്പുറം ഒരു വാക്കുപോലും സംസാരിക്കാന്‍ ഇഷ്ടമില്ല. പുറത്തുപോയി ഭക്ഷണം കഴിച്ചാല്‍ അത്രയും സമയം നഷ്ടപ്പെടുമെന്ന് കരുതി ഓഫിസില്‍ വരുമ്പോഴെല്ലാം സ്വന്തം ക്യാബിനില്‍ നിന്നുമാത്രം ഭക്ഷണം കഴിക്കും. ഈ വിചിത്ര സ്വഭാവങ്ങളുടെ ഉടമയുടെ പേരിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റതിന്റെ ഗിന്നസ് റെക്കോഡുള്ളത്. 

ഇറ്റലിയിലെ സിസിലിക്കാരനായ അന്റോണിയോണോ ജെറാഡിന്റെ മകനായിട്ടാണ് ജോസഫ് സാമുവല്‍ ജെറാഡ് എന്ന ജോയുടെ ജനനം. ദാരിദ്ര്യം നിറഞ്ഞ കുടുംബാന്തരീക്ഷം. ചെറുപ്പം മുതലേ പല പണികളും നോക്കി. ഷൂ പോളിഷിങ്, പ്രസിലെ പണി, പാത്രം കഴുകല്‍, ഡെലിവറി ബോയ്, സ്‌റ്റൗ നന്നാക്കി കൊടുക്കല്‍, വീട് കരാര്‍ പണിക്കാരന്‍ തുടങ്ങി പല വേഷങ്ങളും ജീവിതത്തില്‍  കെട്ടി. 

തന്റെ 35–ാം വയസ്സില്‍, അമേരിക്കന്‍ കാര്‍ വ്യവസായത്തിന്റെ ആസ്ഥാനമായ ഡെട്രോയിറ്റിലെ ഒരു കാര്‍വില്‍പന കേന്ദ്രത്തിലെത്തിയ ജോ സെയില്‍സ് മാനേജരുടെ കാലുപിടിച്ചാണ് സെയില്‍സ്മാന്റെ ജോലി നേടിയത്. ആദ്യ ദിവസം തന്നെ അയാള്‍ ഒരു കാര്‍ വിറ്റു. രണ്ടു മാസം കഴിയുമ്പോഴേക്കും, തങ്ങളുടെ ഉപഭോക്താക്കളെ കൂടി തട്ടിയെടുക്കുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടെ ജോലി പോയി. 

മിഷിഗണിലെ ഷെവര്‍ലെ കാര്‍ വില്‍പനകേന്ദ്രമായിരുന്നു ജോ ജെറാഡിന്റെ അടുത്ത തട്ടകം. അവിടെ അയാള്‍ കാര്‍വില്‍പനയില്‍ തുടര്‍ച്ചയായി റെക്കോർഡുകള്‍ സൃഷ്ടിക്കുകയും തിരുത്തുകയും ചെയ്തു. ഇത് 15 വര്‍ഷത്തോളം തുടര്‍ന്നു. ഒടുവില്‍ തന്റെ 49–ാം വയസ്സില്‍ ജോലിയില്‍നിന്നു വിരമിച്ച് മോട്ടിവേഷനല്‍ സ്പീക്കറായും പുസ്തകങ്ങളെഴുതിയും ജീവിച്ചു.

1966 മുതല്‍ 1977 വരെയുള്ള വര്‍ഷങ്ങളില്‍ ഷെവർലെയുടെ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ സെയില്‍സ്മാന്‍ ജോയായിരുന്നു. സെയില്‍സ്മാനായുള്ള 15 വര്‍ഷത്തിനിടെ ഇയാള്‍ 13001 കാറുകളാണ് വിറ്റത്. 1973 ല്‍ മാത്രം 1425 കാറുകള്‍ വിറ്റതും ഗിന്നസ് റെക്കോഡാണ്. 

ജോ സെയില്‍സ്മാനായി ആദ്യ കാര്‍ വിറ്റയാള്‍തന്നെ പിന്നീട് 1977ല്‍ ജോ തന്റെ ജോലി അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പെത്തി മറ്റൊരു കാര്‍ കൂടി വാങ്ങി. ജോ ജെറാഡുംര്‍ഡും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം കൂടിയാണ് ഇത് കാണിക്കുന്നത്. തന്റെ ഉപഭോക്താക്കള്‍ക്ക് എപ്പോഴും മുന്തിയ പരിഗണന ലഭിക്കണമെന്ന നിര്‍ബന്ധം ജോയ്ക്കുണ്ടായിരുന്നു. ഇത് ഉറപ്പുവരുത്താന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്ക് കുടുംബസമേതം വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം വിരുന്നൊരുക്കുമായിരുന്നു. 

കാര്‍ വാങ്ങാനായി തന്റെ അടുത്തേക്ക് ആരെയെങ്കിലും വിട്ടാല്‍ അവര്‍ക്ക് ജോ പ്രതിഫലം നല്‍കുമായിരുന്നു. ഒരുപാടു പേരുമായി പരിചയമുള്ള വലിയ കമ്പനികളിലെ സൂപ്പര്‍വൈസര്‍മാര്‍ക്ക് പണവും മദ്യവും ആവശ്യമെങ്കില്‍ പെൺകൂട്ടും വരെ ഒരുക്കികൊടുക്കാന്‍ ജെറാര്‍ഡിന് ഒരു മടിയുമുണ്ടായിരുന്നില്ല.  കഴിഞ്ഞ ഫെബ്രുവരി 28ന് 90 ാം വയസ്സിലായിരുന്നു ജോ ജെറാഡിന്റെ മരണം. മിഷിഗനിലെ സ്വന്തം വസതിയില്‍ ചവിട്ടുപടിയില്‍ നിന്നു വീണതിനെ തുടര്‍ന്നുണ്ടായ പരുക്കുകളാണ് മരണകാരണമായത്. How To Sell Anything To Anybody, How To Sell Yourself, How To Close Every Sale, Mastering Your Way To The Top, Joe Girard's 13 Essential Rules of Selling എന്നിവയാണ് അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍.

English Summary: Jeo Girad Worlds Top Salesman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com