sections
MORE

കോയമ്പത്തൂരിൽ നിന്ന് റഷ്യയിലേക്ക് ടാറ്റ ഹെക്സയിൽ മീനാക്ഷി

tata-hexa-4
മീനീക്ഷി
SHARE

ആദ്യ ഷേക് ഹാൻഡിൽ അറിയും മീനാക്ഷി ഡ്രൈവ് ചെയ്യാനായി ജനിച്ചതാണെന്ന്. കയ്യിലെ ടാറ്റൂ ആണ് സാക്ഷി. മാന്വൽ ഗിയർഷിഫ്റ്റ് പാറ്റേൺ ആണ് ആ ടാറ്റൂ.  റോഡ് ട്രിപ്പുകളോടുള്ള പ്രണയം ഈയിടെ മീനാക്ഷിയെ നയിച്ചതു റഷ്യയിലേക്ക്. കൊയമ്പത്തൂരിൽ നിന്ന് തുടങ്ങി ഹിമാലയം മറികടന്ന് സൈബീരിയൻ ഹൈവേയിലൂടെ സെന്റ് പീറ്റേഴ്സ് ബർഗിലേക്കാണ് ആ ടാറ്റ ഹെക്സ എസ്‌യുവിയുമായി മീനാക്ഷി സഞ്ചരിച്ചത്. അത്രമേൽ ഡ്രൈവിങ്ങിനെ ഇഷ്ടപ്പെടുന്നവർക്കു മാത്രം പഞ്ഞിട്ടുള്ളതാണ് ട്രാൻസ് സൈബീരിയൻ യാത്ര.   

tata-hexa-3

റൂട്ട് ഇങ്ങനെ

കൊയമ്പത്തൂർ– ഹൈദരാബാദ്–കാൺപുർ– പൊക്ര(നേപ്പാൾ)– കാഠ്മണ്ഡു– ലാസാ– ഗോൾമഡ്– ഷ്യാൻ–ബീജിങ്(ചൈന)– വ്ലാഡിവോസ്റ്റോക്(റഷ്യ)– ഇർകുട്ട്സ്ക്–ഓംസ്ക്–ഉഫ–മോസ്കോ– സെന്റ് പീറ്റേഴ്സ് ബർഗ്. രാജ്യങ്ങൾ– ഇന്ത്യ, നേപ്പാൾ,(തിബറ്റ്)+ ചൈന, റഷ്യ 

ദണ്ണോയും ഷെയ്റോയും

മീനാക്ഷിയുടെ ടാറ്റാ ഹെക്സയുടെ പേരാണ് ദണ്ണോ– ഷോല സിനിമയിലെ ബസന്തിയുടെ  കുതിര. റഷ്യയിലേക്കുള്ള സംഘത്തിലെ  രണ്ടാമത്തെ കാറിന് പേര് ഷേയ്റോ. ദണ്ണോയെ ടാറ്റ സമ്മാനമായി നൽകി. ദണ്ണോയുടെ ഭൂരിഭാഗം ഓട്ടവും രാജ്യത്തിനു പുറത്തായിരുന്നു.  ഓട്ടമാറ്റിക് കാർ ഡ്രൈവിങ് ആയാസരഹിതമാക്കി. പൂനെയിൽ രണ്ടു ദിവസം ടാറ്റ ട്രെയിനിങ് നൽകിയിരുന്നു.

tata-hexa

കൊയമ്പത്തൂർ– ലണ്ടൻ

ഒരു  ടാറ്റ ഹെക്സ. മൂന്നു വനിതകൾ. കൊയമ്പത്തൂരിൽനിന്നു ലണ്ടൻ വരെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സ്ത്രീയാത്ര. 2016 ലെ ഈ ഡ്രൈവ്  ആത്മവിശ്വാസം നൽകി. പക്ഷേ, ട്രാൻസൈബീരിയൻ ഹൈവേ സ്ത്രീകൾക്കു സഞ്ചരിക്കാൻ അത്ര സുരക്ഷിതമല്ല. അതുെകാണ്ടു രണ്ടു കാറുകളിലായി സഹോദരനും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. 

യാത്രയിലെ ഓഫ്– റോഡിങ്

നേപ്പാൾ–കാഠ്മണ്ഡു– റുസവ് ഗാഡി  റോഡ് ട്രിപ് ആയിരുന്നു ഏറ്റവും ദുർഘടം പിടിച്ചത്. പലയിടത്തും റോഡുകൾ ഇല്ലായിരുന്നു. 35 കിലോമീറ്റർ ദൂരം 8 മണിക്കൂർ കൊണ്ടാണ് ഹെക്സ താണ്ടിയത്.  നടന്നു പോയാൽപോലും അതിലും വേഗം എത്തും. ഹെക്സ അതിസുന്ദരമായി ആ കഠിനപാതകൾ താണ്ടി.  അടുത്തത് ചൈന. അഞ്ചുദിവസം കാഠ്മണ്ഡുവിൽ താമസിച്ചു ചൈനയിലേക്കുള്ള രേഖകൾ തയാറാക്കി. ചൈനയിലും നേപ്പാളിലും ഒരേ തരത്തിലുള്ള പ്രകൃതിയാണ്. പക്ഷേ, ചൈനാറോഡുകൾ പട്ടുപോലെ നല്ലതാണ്. 

tata-hexa-2

എവറസ്റ്റിന്റെ അടിവാരം

തിബറ്റിൽ  എവറസ്റ്റിന്റെ ബേസ് ക്യാംപ് വരെ ഡ്രൈവ് ചെയ്തു പോകാം. പിന്നെ  ഇലക്ട്രിക് ബസ്സിൽ എവറസ്റ്റിലേക്ക്. വൻമതിലിന്റെ നാട്ടിൽ കിടന്നുറങ്ങാവുന്നത്ര നല്ല റോഡുകളാണു ചൈനയിലെങ്കിലും അസ്വാതന്ത്ര്യത്തിന്റെ മതിൽ എല്ലായിടത്തും കാണാം.  ഉയിഗുരു എന്ന ചൈനീസ് പട്ടണത്തിൽ ഓരോ നൂറു മീറ്ററിലും സായുധധാരികളായ പട്ടാളക്കാരെ കണ്ടു. അനുമതി കൂടാതെ ഒരു മണൽത്തരി പോലും എടുക്കാൻ പറ്റാത്ത അവസ്ഥയാണവിടെ. ചൈനയിൽ തമിഴ് സംസാരിക്കുന്ന ഗൈഡ് കൂടെവന്നിരുന്നു. മുൻകൂർ അനുമതി വേണം എന്തു ചെയ്യാനും. എന്നാൽ റഷ്യക്കാർ വളരെ സൗഹാർദപരമായിട്ടാണു പെരുമാറിയത്. യുറാൽ പർവതമാണ് ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്നത്. അതിർത്തിയിൽ ഒരു കാൽ യൂറോപ്പിലും ഒരു കാൽ ഏഷ്യയിലും ചവിട്ടിനിൽക്കാം. 

ട്രാൻസ് സൈബീരിയൻ ഹൈവേ

പൊതുവേ  അത്ര സുരക്ഷിതമല്ല ട്രാൻസ് സൈബീരിയൻ റോഡ് ട്രിപ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ വകളിലൊന്നാണിത്. 11000 കിലോമീറ്റർ ദൂരം! അതും സിംഗിൾ ലെയ്ൻ. എല്ലായ്പ്പോഴും ചീറിപ്പാഞ്ഞുവരുന്ന ഭീമൻ ട്രക്കുകളാണ് റോഡിൽ.  റൈറ്റ് ഹാൻഡഡ് വാഹനമാണല്ലോ ഹെക്സ. ഇടതുവശത്തിരിക്കുന്നയാളുെട കാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു അത്രയും ദൂരം ഡ്രൈവ്. ഒരു ഗ്രാമം പോലും വഴിയിൽ കാണാനാകില്ല. പലപ്പോഴും മൈനസ് ഡിഗ്രി താപനിലയിലായിരിക്കും ഈ സ്ഥലങ്ങൾ.  വ്ലാഡിവസ്റ്റോക് മുതൽ സെന്റ് പീറ്റേഴ്സ് ബർഗ്  വരെയുള്ള ട്രാൻസ് സൈബീരിയൻ ഹൈവേ ഡ്രൈവിൽ ചിലപ്പോൾ പതിനഞ്ചു കിലോമീറ്റർ ദൂരമൊക്കെ നേർരേഖയിലുണ്ടാകും. 

tata-hexa-1

ജോൺ പ്രിയപ്പെട്ട ജോൺ

ഉഫ എന്ന പട്ടണമെത്തിയപ്പോൾ മോശം ഇന്ധനം കാരണം വണ്ടി നിന്നു. വിജനമായ പാത.  ഇംഗ്ലീഷ് അറിയാത്ത നാട്ടുകാർ. സഹോദരനും സുഹൃത്തും ഒരു ട്രക്ക് ക്യാംപിൽ ചെന്നു സഹായമഭ്യർഥിച്ചു. ഗൂഗിൾ ട്രാൻസ്‌ലേറ്റ് വഴിയായിരുന്നു സംസാരം. ഹെക്സയുടെ  എല്ലാ സ്പെയർ പാർട്സുകളും കരുതിയിരുന്നതിനാൽ സംഗതി എളുപ്പമായി. ജോൺ എന്നൊരു മെക്കാനിക് വാഹനം ശരിയാക്കി. കാശ് വാങ്ങിയില്ല. യാത്രയിൽ ഇനിയും വാഹനം നിന്നു പോയാലോ? വളരെ മോശം കാലാവസ്ഥയായിരുന്നു. മീനാക്ഷി ജോണിനോട് കൂടെ വരാൻ അഭ്യർഥിച്ചു. ജോൺ മോസ്കോ വരെ, 1300 കിലോമീറ്റർ ദൂരം സഹയാത്രികനായി കൂടെ വന്നു!  ജോണിന് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു നൽകി, സംഘം യാത്ര തുടർന്നു. സുരക്ഷിതത്വം പ്രധാനം സ്ത്രീ ആണെന്നതുകൊണ്ടുമാത്രം ഒരിടത്തും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നില്ല. നല്ല ഹോട്ടലുകളിൽ മാത്രം താമസിച്ചു. രാത്രിയിൽ ഡ്രൈവ് ചെയ്തിരുന്നില്ല. മധുരയിലെ മലയാളി വക്കീൽ ശരത് മാധവ് സംഘത്തിലുണ്ടായിരുന്നു.

റഷ്യയിലെ ജിമിക്കിക്കമ്മൽ

തിരുപ്പൂരുകാരനായ ചങ്ങാതി റഷ്യയിലെ ഇന്ത്യൻ റസ്റ്ററന്റിൽ കൊണ്ടുപോയി. അവിടെ റഷ്യൻ പെൺകൊടികളുടെ ഇന്ത്യൻ നൃത്തം കണ്ടു. ജിമിക്കിക്കമ്മൽ പാട്ടൊക്കെ റഷ്യയിൽ നിന്നു കേൾക്കുന്നതു രസമല്ലേ? 

അടുത്ത യാത്ര

ഇന്ത്യയുടെ ഹൃദയം തൊടാനുള്ള ട്രാൻസ്ഹിമാലയൻ യാത്രയാണ് അടുത്തത്. 2016 മുതൽ ഏതു രാജ്യത്തു ചെന്നാലും വാഹനം വാടകയ്ക്ക് എടുത്താണു മീനാക്ഷി സായി സഞ്ചരിക്കുക. 70 രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ‌യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു കാര്യം കൂടി അറിഞ്ഞു.  നരേൻ കാർത്തികേയന്റെ കസിൻ ആണ് മീനാക്ഷി. റോഡ് ട്രിപ്പുകളോടു പ്രണയം തോന്നുക സ്വാഭാവികമല്ലേ?  

English Summary: Coimbatore To Russia By road

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA