sections
MORE

പൾസറിൽ ഒറ്റയ്ക്ക് ഭാരതപര്യടനം നടത്തിയ ലക്ഷ്മി എന്ന പാലക്കാടുകാരി

solo-ride-2
ലക്ഷ്മി
SHARE

പൾസറുമായി ഒറ്റയ്ക്കു ഭാരത പര്യടനം നടത്തിയ ലക്ഷ്മി എന്ന പാലക്കാട്, കൽപ്പാത്തിക്കാരിയെ സോഷ്യൽ മീഡിയയിൽ കണ്ടു പരിചയമുണ്ടാകും. 11,400 കിലോമീറ്ററോളം സോളോ റൈഡ് നടത്തിയ ലക്ഷ്മി ലഡാക്കിലെത്തിയാണു മടങ്ങിയത്. ഒറ്റയ്ക്കു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി ലക്ഷ്മിയുടെ ടിപ്സ്. പ്രത്യേകിച്ചും വനിതകൾക്ക്. ലഡാക്–കന്യാകുമാരി റൈഡിനുള്ള പ്രചോദനം ടിക്ടോക്കിലൂടെയാണു കിട്ടുന്നത്. ലഡാക് വരെ പോകാനുള്ള ബൈക്ക് കയ്യിലുണ്ട്. ജോലിക്കു തടസ്സമില്ല. വീട്ടുകാർക്ക് എതിർപ്പില്ല. പോകാൻ ആഗ്രഹമുണ്ട്. പിന്നെ എന്തുകൊണ്ട് പൊയ്ക്കൂടാ? ആ ചോദ്യം മനസ്സിന് ആത്മവിശ്വാസം നൽകിയപ്പോഴാണ് ലക്ഷ്മി ലഡാക് ട്രിപ്പിനു പുറപ്പെട്ടത്. 

തയാറെടുക്കുമ്പോൾ

ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടതു സ്വന്തം സുരക്ഷിതത്വം തന്നെ. പെണ്ണല്ലേ എന്നു കരുതി ഒപ്പം റേസ് ചെയ്യുന്നവർ, ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവർ, പേടിപ്പിക്കാനായി കട്ട് ചെയ്ത് ഓടിക്കുന്നവർ എന്നിങ്ങനെ പലരെയും അഭിമുഖീകരിക്കേണ്ടി വരും. പിന്തുടരുന്നവരോട് സൈഡ് മാറിക്കൊടുത്തു പോകാൻ പറയുക. കമന്റുകൾ ശ്രദ്ധിക്കരുത്. 

solo-ride-3

പെപ്പർ സ്പ്രേ

ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുന്നവരെ നേരിടുന്നതിനു പെപ്പർ സ്പ്രേ കൊണ്ടുനടക്കാറുണ്ട്. ഇത് ഉപയോഗിക്കാൻ പഠിക്കണം. കാറ്റിന്റെ ഗതി മനസ്സിലാക്കി വേണം സ്പ്രേ പ്രയോഗിക്കാൻ. അല്ലെങ്കിൽ നമുക്കു നേരെ തന്നെ സ്പ്രേ വരും. കൂടാതെ ആയോധനകലയും വശമുണ്ട്. ഹൈവേയിലൂടെ പോകുമ്പോൾ ഹെൽപ്പ്‌ലൈൻ നമ്പറുകൾ മനഃപാഠമാക്കും. പ്രശ്നമുള്ള സ്ഥലമാണെങ്കിൽ ഗൂഗിൾ വാച്ചിൽ സേവ് ചെയ്തിരിക്കുന്ന എമർജൻസി കോൺടാക്ട് നമ്പറുകളിലേക്ക് സന്ദേശം പോകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പോക്കറ്റിലിടാവുന്ന ചെറിയ കത്തി വേണമെങ്കിൽ കൈയിൽ കരുതാം. 

റോ‍ഡ് സേഫ്റ്റി

ഗതാഗത നിയമങ്ങൾ തെറ്റിക്കാറില്ല. റാഷ് ഡ്രൈവിങ്ങില്ല. സിഗ്‌നലും വൺ വേയും തെറ്റിക്കില്ല. റൈഡിങ് ഗിയർ ഉപയോഗിക്കുക. ഗതാഗത നിയമങ്ങൾ പാലിച്ചാൽത്തന്നെ നമ്മൾ 90% സുരക്ഷിതർ. 

താമസസൗകര്യം

യാത്ര പ്ലാൻ ചെയ്യുമ്പോൾ പറ്റുമെങ്കിൽ മുൻകൂട്ടി താമസസൗകര്യമൊരുക്കാം. സുരക്ഷ, ബജറ്റ്, ഇന്റർനെറ്റ്, സൗകര്യങ്ങൾ, റൂമിന്റെ ഫോട്ടോ എല്ലാം പരിശോധിച്ച് ഓയോ, ഗോഐഡിബോ തുടങ്ങിയ ആപ്പുകൾ വഴി ബുക്ക് ചെയ്തിടും. ഏറ്റവും വലിയ പ്രശ്നം ഓൺലൈൻ ബുക്ക് ചെയ്താലും ചില ഹോട്ടലുകാർ ബുക്കിങ് എടുക്കില്ല. അപ്പോൾ ഇവിടെ താമസിക്കാൻ എത്ര രൂപ ആകുമെന്നു ചോദിക്കും. വിലപേശാം, ഓൾ ഇന്ത്യ റൈഡ് ആണ്, കുറച്ച് ഇളവു നൽകണമെന്ന് ആവശ്യപ്പെടും. ഏതു ഹോട്ടലിൽ ചെല്ലുമ്പോഴും ഞാനൊരു പെൺകുട്ടിയാണ്, ഒറ്റയ്ക്കാണ് താമസിക്കുന്നത്, നാളെ രാവിലെ നിശ്ചിത സമയത്തിനകം ചെക്ക് ഔട്ട് ചെയ്യും, യാതൊരുവിധ ശല്യപ്പെടുത്തലും പാടില്ല, രാത്രി ജോലിയുണ്ട് എന്നെല്ലാം ആദ്യമേ പറയും. കൂടെയുള്ള റൈഡർമാർ തൊട്ടടുത്ത ഹോട്ടലുകളിൽ താമസിക്കുന്നുണ്ട് എന്നും തട്ടിവിടും. 

manali-with-riders

ഒളിക്യാമറ ഉണ്ടോ എന്നറിയാൻ

റൂമിലെ ലൈറ്റുകൾ എല്ലാം ഓഫ് ആക്കി ക്യാമറ വച്ചു സ്കാൻ ചെയ്തുനോക്കും. ക്യാമറ ഉണ്ടെങ്കിൽ റെഡ് ഇൻസ്പെയർ ലൈറ്റ് കാണും. റൂമിലെ കണ്ണാടിയിൽ വിരൽ വച്ചു നോക്കും. വിരലിനും കണ്ണാടിയിലെ ഇമേജിനും ഇടയിൽ ചെറിയ വിടവ് ഉണ്ടെങ്കിൽ അത് വൺ വേ മിറർ (സാധാരണ കണ്ണാടി) ആണ്.  മറിച്ച് വിരൽ മുട്ടുന്നിടത്തുനിന്നാണ് ഇമേജ് തുടങ്ങുന്നതെങ്കിൽ അത് ടു വേ മിറർ ആണ്. അപ്പുറത്തുനിന്നു കാണാൻ സാധിക്കും.   

ബാഗ് പാക്കിങ്

മൂന്നു തരം ബാഗുകൾ ഉണ്ട്. സാഡിൽ ബാഗ്, ട്രക്കിങ് ബാഗ്, സാധാരണ ഹാൻഡ് ബാഗ്. പിന്നിൽ ഒരു കയർ ഉപയോഗിച്ചു ബാഗ് കെട്ടിവയ്ക്കും. എത്ര ദിവസത്തെ യാത്രയാണെങ്കിലും ആകെ മൂന്നു ഡ്രസ്സുകൾ മാത്രമേ എടുക്കൂ. ഇതു കൂടാതെ, ജോലി ചെയ്യേണ്ടതു കൊണ്ട് ലാപ്ടോപ്, മൊബൈൽ ചാർജർ, പവർ ബാങ്ക്, ഹെഡ്സെറ്റ്, ക്യാമറ, ഫസ്റ്റ് എയ്ഡ് കിറ്റ്, കത്രിക, റെയിൻ കോട്ട്, വാട്ടർ പ്രൂഫ് ഗ്ലവ്സ് തുടങ്ങിയവ ഉണ്ടാകും. യാത്ര റെക്കോർഡ് ചെയ്യാൻ ഹെൽമറ്റിൽ പിടിപ്പിക്കാവുന്ന ക്യാമറ ഉപയോഗിക്കാം. ഹെൽമറ്റിൽ ബ്ലാക്ക് വൈസർ ഇല്ലെങ്കിൽ ഒരു ജോടി സൺഗ്ലാസുകളും കരുതണം. വെറ്റ് ടിഷ്യൂ എപ്പോഴും കൈയിൽ കരുതും. ഹെൽമറ്റിൽ ചെളി തെറിച്ചാൽ, പൊടി പറ്റിയാൽ എല്ലാം പെട്ടെന്നു ക്ലീൻ ചെയ്യാം. പാരച്യൂട്ട് വെളിച്ചെണ്ണ, ബിസ്കറ്റ്, ചോക്‌ലേറ്റ് എന്നിവ കരുതും. സോപ്പ്, ഷാംപൂ തുടങ്ങിയവ ഹോട്ടലുകളിൽ കിട്ടും.

solo-ride-1

ഹൈഡ്രേഷൻ ബാഗ് 

ബൈക്ക് ഓടിക്കുന്നവർക്ക് അത്യാവശ്യം  വേണ്ടത് ഹൈഡ്രേഷൻ ബാഗ് ആണ്. ഇതിൽ വെള്ളം നിറച്ചു ബാക്ക് പാക്കിൽ വയ്ക്കാം. 2, 4 ലീറ്റർ ബാഗുകൾ ഡിക്കാത്തിലൺ, ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. റൈഡ് ചെയ്യുമ്പോൾ ബോഡി ചൂടാകും. അതുകൊണ്ടു യാത്രയിലുടനീളം വെള്ളം കുടിച്ചുകൊണ്ടിരിക്കണം. അസുഖങ്ങൾ വരാതിരിക്കാനും പ്രതിരോധശേഷി ലഭിക്കാനും വൈറ്റമിൻ സി ഗുളികകൾ നല്ലതാണ്. ഒരു സ്പെയർ കീ ലഗേജിൽ സൂക്ഷിക്കുക. കണ്ണട ഉപയോഗിക്കു ന്നവർ ഒരെണ്ണം അധികം കരുതുക. റൈഡ് ചെയ്യുമ്പോൾ സ്ൺസ്ക്രീൻ ഉപയോഗിച്ചാൽ വിയർത്തൊലിച്ചു കണ്ണിലേക്കിറങ്ങും. എന്നാൽ മോയ്ചുറൈസർ ക്രീം, ലിപ് ബാം തുടങ്ങിയവ ഉപയോഗിക്കാം. ഏറ്റവും നല്ലതു വെളിച്ചെണ്ണതന്നെ. രാത്രി താമസ സ്ഥലത്ത് എത്തയാൽ മടികൂടാതെ അന്നത്തെ വസ്ത്രങ്ങൾ കഴുകിയിടുക. ഹെൽ‍മറ്റ് വൃത്തിയാക്കി വയ്ക്കുക. വിയർപ്പുമണം പോകാൻ റൈഡിങ് ഗിയറുകൾ വൃത്തിയാക്കി ഹാങ്ങറിൽ തൂക്കിയിടുക. 

ആരോഗ്യം ശ്രദ്ധിക്കാൻ‌‌

ധാരാളം വെള്ളം കുടിക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ്, മാംസാഹാരം തുടങ്ങിയവ ഒഴിവാക്കുക. ഇളനീർ, പനനൊങ്ക്, തണ്ണിമത്തൻ, പലതരം പഴങ്ങൾ, ഫ്രെഷ് ജ്യൂസ്, സാലഡുകൾ തുടങ്ങിയവ വഴിയരികിൽ കിട്ടും. അതൊക്കെ കഴിക്കാം. കസ്കസ് പാക്കറ്റ് കൈയിൽ വയ്ക്കുക. രാത്രി കുറച്ചെടുത്ത് വെള്ളത്തിലിട്ടുവയ്ക്കുക. ശരീരം തണുപ്പിക്കാൻ നല്ലതാണ്. അത്ര ഹൈജീനിക് അല്ലാത്തതുകൊണ്ട് സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കരുത്. പൈപ്പ് വെള്ളം കുടിക്കരുത്. 

solo-ride

ശാരീരിക ശുചിത്വം

വെള്ളം യോജിക്കുന്നില്ലെങ്കിൽ എന്നും തല കുളിക്കാതിരിക്കുന്നതാണു നല്ലത്. എത്ര ചൂടാണെങ്കിലും പൊടി അടിക്കുമെന്നതിനാൽ ഒരിക്കലും ഹെൽമറ്റിന്റെ ഗ്ലാസ് പൊക്കിവച്ചു യാത്ര  ചെയ്യരുത്. യാത്രയ്ക്കിടെ പിരീഡ്സ് ആയാൽ വളരെയധികം ശ്രദ്ധിക്കണം. തുടർച്ചയായി റൈഡ് ചെയ്യുന്നതിനാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡി വാഷ് പോലുള്ളവ മെഡിക്കൽ സ്റ്റോറുകളിൽ വാങ്ങാൻ കിട്ടും. ധാരാളം വെള്ളം കുടിക്കുന്നതിനാൽ ബാത്റൂമിൽ പോകാൻ തോന്നും. റോഡുകളിൽ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യം ലഭിക്കണമെന്നില്ല. പബ്ലിക് ടോയ്‌ലറ്റുകൾ ഉപയോഗിക്കുകതന്നെ വഴി. 

നെഗറ്റിവ് വാർത്തകൾ ഒഴിവാക്കാം 

മാനസിക സംഘർഷം ഒഴിവാക്കാൻ ഫോണിൽ വരുന്ന നെഗറ്റിവ് വാർത്തകൾ വായിക്കാറില്ല. രാവിലെ ചെറുതായി എക്സർസൈസ് ചെയ്യും. കുറച്ചുനേരം മെഡിറ്റേഷനിൽ ഇരിക്കും. ഞാൻ ജീവിച്ചിരിക്കുന്നതിൽ ദൈവത്തോട് നന്ദി പറയും. ആരോഗ്യം സംരക്ഷിക്കണമെങ്കിൽ ആദ്യം മനസ്സ് ശാന്തമാകണം.  ‌‌റൈഡിങ് ഗ്രൂപ്പുകളുമായി കൂട്ടുകൂടാമോയാത്രയിൽ 70 ശതമാനവും തനിച്ചായിരുന്നു. ഇടയ്ക്കു മലപ്പുറത്തു നിന്നും കോട്ടയത്തുനിന്നുമുള്ള പയ്യന്മാർ കൂട്ടുണ്ടായിരുന്നു. ചിലപ്പോൾ നമ്മൾ വിട്ടുപോകുന്ന കാഴ്ചകൾ, പോകേണ്ട റൂട്ട്, പോകുന്ന വഴിയിലെ പ്രശ്നങ്ങൾ എല്ലാം ഇതുപോലുള്ള റൈഡിങ് ഗ്രൂപ്പുകൾ വഴി അറിയാം. ‌‌

സ്ത്രീയായതിനാൽ

പെൺകുട്ടിയായതിനാൽ യാത്രയിൽ 'വിവേചനം' നേരിട്ടിട്ടുണ്ട്. പക്ഷേ, അതെല്ലാം പോസിറ്റിവ് ആയിരുന്നു. എവിടെയെങ്കിലും ക്യൂ നിൽക്കുമ്പോൾ മുന്നോട്ടു കയറിപ്പോകാൻ പറയും. വണ്ടി വീണാൽ പെട്ടെന്നു സഹായിക്കാൻ ആളുകൾ മുന്നോട്ടു വരും. സൈനികരിൽനിന്നു  നല്ല സഹകരണമായിരുന്നു. മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. ഈ യാത്രയ്ക്കിടെ 100 മനുഷ്യരെ കണ്ടിട്ടു ണ്ടെങ്കിൽ അതിൽ 99 പേരും നല്ലവരായിരുന്നു. കുഴപ്പക്കാരെ പാടേ അവഗണിക്കുക. സോളോ യാത്രകളാണു ബെസ്റ്റ്. വാഹനം തയാറാക്കുമ്പോൾ എന്റെ ബൈക്ക് ബജാജ് എൻഎസ് 200 ആണ്. യാത്രയ്ക്കു മുൻപ് സർവീസ് സെന്ററിൽ പോയി ഫുൾ ചെക്ക് ചെയ്തു. ബ്രേക്ക്, ക്ലച്ച്, ഹെഡ്‌ലൈറ്റ് ഫങ്ഷൻ, സ്പീഡോ മീറ്റർ, കേബിളുകൾ, എൻജിൻ ഓയിൽ, കൂളന്റ്, ടയറിന്റെ ആയുസ്, ഇൻഡിക്കേറ്റർ എല്ലാം പരിശോധിച്ചു. യാത്രയ്ക്കിടെ ഏതെങ്കിലും കേബിൾ പൊട്ടിപ്പോയാൽ നട്ട് തിരിച്ചു സ്വയം ഫിറ്റ് ചെയ്യാവുന്ന വിധം എക്സ്ട്രാ ബ്രേക്ക്, ക്ലച്ച് കേബിളുകൾ പിടിപ്പിച്ചിരുന്നു. വീണാലും കാര്യമായ പരുക്കു പറ്റാതിരിക്കാൻ ക്രാഷ് ഗാർഡ് ഫിറ്റ് ചെയ്തു. യാത്രയ്ക്കിടെ നാലു തവണ അംഗീകൃത സർവീസ് സെന്ററിൽ സർവീസ് ചെയ്തു. ഓൾ ഇന്ത്യ റൈഡിനു പോകുന്നവർക്ക് സർവീസ് സെന്ററിൽ മുൻഗണന ലഭിക്കും. 

ടയർ പരിചരണം

കമ്പനി പറയുന്ന ടയർ പ്രഷർ എപ്പോഴും നിലനിർത്തണം. 25–28 പിഎസ് അടിച്ചാൽ മതി. സോഫ്റ്റ് റോഡാണെങ്കിൽ സിറ്റിയിൽ ഉപയോഗിക്കുന്ന ടയർ മതി. ഓഫ് റോഡ് പോകുമ്പോൾ ടയർ പ്രഷർ നോർമലിൽനിന്ന് അൽപം കുറച്ചു വയ്ക്കുന്നതാണു നല്ലത്. ഓഫ് റോഡിങ്ങിനായി സ്പെഷൽ ടയറുകൾ ഉപയോഗിച്ചിരുന്നു. പെട്രോൾ ടാങ്ക് ഫിൽ ചെയ്യുക. റിസർവിൽ അധികദൂരം ഓടിക്കരുത്. ട്യൂബ്‌ലെസ് ടയറുകളാണ് പൾസർ എൻഎസ് 200 ന്റേത്. ട്യൂബ്‌ലെസ് ടയറുകൾ ഒട്ടിക്കുന്നതിനുള്ള പഞ്ചർ കിറ്റുകൾ ഓൺലൈനിലും പ്രധാന പഞ്ചർ കടകളിലും കിട്ടും. പഞ്ചർ ഒട്ടിക്കേണ്ടത് എങ്ങനെയാണെന്നു യൂട്യൂബ് നോക്കിയാണു പഠിച്ചത്. 

ബ്രേക്ക് ടൈറ്റ് ചെയ്യുക, ക്ലച്ച് റെഡിയാക്കുക, ആർപിഎം കൂട്ടുക, വണ്ടി ഓഫ് ആയാൽ എന്തുകൊണ്ട് ഓഫ് ആയി, ചെയിൻ ലൂസ് ആണോ അല്ലെയോ, ചെയിൻ ലൂബ് എപ്പോഴൊക്കെ അടിക്കണം, വണ്ടിയുടെ സൗണ്ടിൽ വ്യത്യാസം വന്നാൽ എന്തായിരിക്കും കാരണം എന്നൊക്കെ അറിഞ്ഞിരിക്കണം. ഓരോ 500 കിമീ കഴിയുമ്പോഴും ചെയിൻ ലൂബ് ഉപയോഗിച്ചാൽ ആയുസ്സു കൂടും. ചെയിൻ ലൂസ് ആയാൽ ഏതെങ്കിലും മെക്കാനിക്കൽ ഷോപ്പിൽ കയറ്റി ടൈറ്റ് ചെയ്യുക. വണ്ടിയിലെ ടൂൾസിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞുവയ്ക്കുക. 

English Summary:  Lekshmi Women Solo Rider From Palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA