ADVERTISEMENT

ശാസ്ത്രം പറയുന്നു, കണികയിലെ പോസിറ്റിവ് കണം ആണ് പ്രോട്ടോൺ. എന്നാൽ വ്യവസായ ലോകം പറയുന്നു, മലേഷ്യൻ വാഹന വിപണിക്കു പുതിയ ഊർജം പകർന്ന ബ്രാൻഡ് നാമം ആണ് പ്രോട്ടോൺ. 1981ൽ നമ്മുടെ സ്വന്തം ‘സാധാരണക്കാരുടെ കാർ’ നിർമിക്കാൻ‌ മാരുതി ഉദ്യോഗ് ലിമിറ്റഡ് ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടു. 1983 ൽ അതേ ലക്ഷ്യവുമായി മലേഷ്യയിൽ പ്രോട്ടോൺ ഹോൾഡിങ്സ് പിറന്നു. ഈ രണ്ടു ജനനങ്ങൾക്കും മറ്റൊരു സമാനത കൂടിയുണ്ട്. ഭാരത സർക്കാർ മാരുതി ഉദ്യോഗ് സ്ഥാപിച്ചതുപോലെ തന്നെയാണു മലേഷ്യൻ സർക്കാർ പ്രോട്ടോണിനും ജന്മം നൽകിയത്. പിന്നീട് ഇവ രണ്ടും സ്വകാര്യവൽക്കരിക്കപ്പെടുകയും ചെയ്തു. ഇന്നു ജപ്പാനിലെ സുസുക്കിയുടെ അധീനതയിലാണ് മാരുതി എന്നപോലെ മലേഷ്യയിലെ വ്യവസായ ഗ്രൂപ്പായ ഡിആർബി – ഹൈക്കോമിന്റെയും ചൈനയിലെ ഗീലി ഗ്രൂപ്പിന്റെയും കയ്യിലാണ് പ്രോട്ടോൺ. മാരുതിയുടെ പിറവി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഇടപെടലുകൾ കൊണ്ടാണു സംഭവിച്ചതെങ്കിൽ അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദിന്റെ പേരാണ് സ്ഥാപകൻ എന്നതിനു നേരെ പ്രോട്ടോൺ കമ്പനി എഴുതാറ്.

proton-saga

മിത്‌സുബിഷി ‘കഥ’

പ്രോട്ടോൺ ആരംഭിക്കുമ്പോൾ സാങ്കേതിക വിദ്യ ഒന്നും തന്നെ കമ്പനിയുടെ പക്കൽ ഉണ്ടായിരുന്നില്ല. ജപ്പാനിലെ മിത്‌സുബിഷി മോട്ടോഴ്സുമായി സഹകരിച്ചാണ് ആദ്യ കാർ ആയ ‘പ്രോട്ടോൺ സാഗ’ 1985 ൽ കമ്പനി പുറത്തിറക്കിയത്. രണ്ടാം തലമുറ ‘മിത്‌സുബിഷി ലാൻസർ ഫിയോർ’ സെഡാന്റെ പ്രോട്ടോൺ പതിപ്പായിരുന്നു സാഗ. ‘തലമുറകളുടെ കഥ’ എന്നാണു സാഗ എന്ന വാക്കിന്റെ അർഥം. അക്ഷരാർഥത്തിൽ സാഗ തലമുറകളുടെ കഥകളുടെ തുടക്കമായി. 

ആദ്യ പ്രവർത്തന ദിനം മുതൽ ഇന്നുവരെ ‘സാഗ’ എന്ന നെയിംപ്ലേറ്റിൽ കമ്പനി കാറുകൾ പുറത്തിറക്കിക്കൊണ്ടേയിരിക്കുന്നു. ടൊയോട്ടയ്ക്കു ‘കൊറോള’ പോലെയും മിത്‌സുബിഷിക്ക് ‘ലാൻസർ’ പോലെയും മാരുതിക്ക് ‘ആൾട്ടോ’ പോലെയും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ മോഡലാണ് പ്രോട്ടോണിന് സാഗ. നമ്മുടെ നാട്ടിലെ സ്ഥിതിഗതികൾ വച്ചു വിലയിരുത്തിയാൽ മാരുതി ഡിസയറിന്റെയും സിയാസിന്റെയും ഇടയിൽ നിൽക്കും ‘സാഗ’. മാസങ്ങൾക്കുള്ളിൽ തന്നെ സാഗ വിൽപനയിൽ മിന്നിത്തിളങ്ങി.1987 ൽ കമ്പനിക്ക് ആവശ്യത്തിന് കാറുകൾ സപ്ലൈ ചെയ്യാൻ കഴിയാത്ത സാഹചര്യം പോലും വന്നു. 

proton-x70

ആ കാലത്ത് 64 ശതമാനം വിപണി വിഹിതം മലേഷ്യൻ ചെറുകാർ വിപണിയിൽ പ്രോട്ടോണിന് സ്വന്തമായി. 1300 സിസിയും 75 ബിഎച്ച്പിയും ഉണ്ടായിരുന്ന മിത്‌സുബിഷി ഓറിയോൺ പരമ്പരയിൽപ്പെട്ട എൻജിനായിരുന്നു ആദ്യകാല സാഗകളുടെ ഹൃദയം. ആദ്യം നാലു ഡോർ‌ സെഡാൻ ആയി പുറത്തിറങ്ങിയ കാർ 1987 ൽ 5 ഡോർ ഹാച്ച്ബാക്ക് രൂപത്തിലും പുറത്തിറങ്ങാൻ തുടങ്ങി – പേര് ‘സാഗ എയ്റോബാക്ക്’. അതിനു കുറച്ചുകൂടി ശക്തിയുള്ള എൻജിനും നൽകി.

കാർ നിർമാണത്തിന്റെ പല മേഖലകളിലും സ്വന്തം സാങ്കേതികവിദ്യ ഇല്ലാതിരുന്നിട്ടുകൂടി 1989 ൽ പ്രോട്ടോൺ ബ്രിട്ടിഷ് മാർക്കറ്റിലേക്ക് ഇടിച്ചുകയറി. പുറത്തുനിന്നുള്ള ഒരു കാർ കമ്പനി ബ്രിട്ടനിലെത്തി കുറഞ്ഞ കാലംകൊണ്ട് ഏറ്റവും കൂടുതൽ കാർ വിറ്റതിന്റെ റെക്കോർഡ് വളരെക്കാലം പ്രോട്ടോണിനായിരുന്നു. യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളിലേക്കും അനേകം  പ്രോട്ടോൺ കാറുകൾ പല കാലങ്ങളിലായി കയറ്റുമതി ചെയ്തിട്ടുണ്ട്.എന്നാൽ, 1980 കളുടെ മധ്യം കഴിഞ്ഞപ്പോഴേക്കും രാജ്യാന്തര തലത്തിലുണ്ടായ സാമ്പത്തികമാന്ദ്യം പ്രോട്ടോണിനെയും ഉലച്ചു. സ്വന്തം സാങ്കേതികവിദ്യ ഇല്ലാതിരുന്നതിന്റെ കുഴപ്പവും ആ കാലത്താണു പ്രോട്ടോണിനെ പ്രതികൂലമായി ബാധിച്ചത്. 1988 ൽ മിത്‌സുബിഷി മോട്ടോഴ്സിലെ പ്രവൃത്തിപരിചയവുമായി കെൻജി ഇവബുച്ചി പ്രോട്ടോണിന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു.  തുടർന്നാണു സ്ഥാപനത്തിന്റെ രാജ്യാന്തരതലത്തിലുള്ള പ്രതിച്ഛായ വളരെ പതുക്കെയെങ്കിലും വളരാൻ തുടങ്ങിയത്. 1992 ൽ സാഗയുടെ ആദ്യ തലമുറ സാങ്കേതികവിദ്യ പരിഷ്കരിച്ച് ‘ഈശ്വര’ എന്ന മോഡൽ ഇറക്കി. അതിന്റെ രൂപകൽപനയിൽ പ്രോട്ടോൺ എൻജിനീയർമാരും ഡിസൈനർമാരും തന്നെയാണു പ്രധാന പങ്കുവഹിച്ചത്. താരതമ്യേന കുറഞ്ഞ വിലയും അറ്റകുറ്റപ്പണി കുറവും കാരണം, ഈശ്വര കൂടുതലും ടാക്സിക്യാബുകളായി. പിന്നീടു കുറച്ചുകാലത്തേക്ക് മലേഷ്യൻ ടാക്സി എന്നാൽ ഈശ്വര ആയിരുന്നു. 

ഈ അടുത്ത കാലം വരെ പ്രോട്ടോണിന്റെ മിക്ക മോഡലുകളുടെയും മലേഷ്യയിലെ പേരു മലയ ഭാഷയിലായിരുന്നു. 1993 ൽ ‘വീര’ എന്ന മോഡൽ കമ്പനി പുറത്തിറക്കി. കുറച്ചുകൂടി വീതിയും നീളവും സൗകര്യങ്ങളും ഉണ്ടായിരുന്ന വീരയെയും മലേഷ്യൻ കാർ പ്രേമികൾ നെഞ്ചോടു ചേർത്തു. അതിന്റെയും ‘എയ്റോബാക്ക്’ വകഭേദം പുറത്തിറക്കി. അപ്പോഴും എൻജിനുകൾ മിത്‌സുബിഷി സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചു. വീര അക്കാലത്തെ മിത്‌സുബിഷിയുടെ പ്രധാനപ്പെട്ട 2000 സിസി ഡീസൽ എൻജിൻ വരെ ഉപയോഗിച്ചു പുറത്തിറങ്ങി. പ്രോട്ടോണിന്റെ ആദ്യ റൈറ്റ് ഹാൻഡ് – ലെഫ്റ്റ് ഹാൻഡ് കോൺഫിഗറേഷൻ മോഡലും വീര ആണ്.

proton

1994 ൽ ‘ക്ഷത്രിയ’ എന്നു പേരുള്ള മൂന്നു ഡോർ ഹാച്ച്ബാക്ക് മോഡലും 1996ൽ ‘പുത്ര’ എന്നു പേരുള്ള രണ്ടു ഡോർ കൂപ്പെ മോഡലും നിരത്തുതൊട്ടു. 1995 ൽ കുറച്ചുകൂടി ആഡംബരമുള്ള ‘പെർദാന’ എന്ന മോഡൽ പുറത്തിറക്കി. മിത്‌സുബിഷിയുടെ ‘എറ്റേണ’ എന്ന കാറിന്റെ പ്രോട്ടോൺ വകഭേദമായിരുന്നു ‘പെർദാന’. 2000 സിസി 4 സിലിൻഡർ, 6 സിലിണ്ടർ എൻജിനുകൾ അതിൽ ഉപയോഗിച്ചിരുന്നു. ഇന്നു വരെയും പ്രോട്ടോൺ വി6 എൻജിൻ ഉപയോഗിച്ച ഒരേയൊരു കാറും  പെർദാന ആണ്. ആ എൻജിനും മിത്‌സുബിഷിയുടേതായിരുന്നു.

ചെറിയോരു  ഫ്രഞ്ച് ബന്ധം

1996ൽ പ്രോട്ടോൺ ‘ടിയാറ’ എന്ന മോഡൽ പുറത്തിറക്കി. യഹിയ അഹമ്മദ് എന്ന അക്കാലത്തെ സിഇഒ മുൻകയ്യെടുത്ത് ആരംഭിച്ച സിട്രൻ (ഫ്രഞ്ച് കാർ നിർമാതാവ്) ബന്ധത്തിൽ പിറന്നതാണ് ടിയാറ. ‘സിട്രൻ എഎക്സ്’ എന്ന മോഡലാണ് ഇതിന് ആധാരം. 1997 ൽ യഹിയ അഹമ്മദ് മരിച്ചതോടെ സിട്രൻ ബന്ധം അവസാനിച്ചു.

താമര ഭംഗി ഇങ്ങു വാങ്ങി...

1996 ൽ തന്നെ ബ്രിട്ടിഷ് പെർഫോമൻസ് ബ്രാൻഡായ ലോട്ടസിന്റെ നിയന്ത്രണം പ്രോട്ടോൺ ഏറ്റെടുത്തു. 2003 ആയപ്പോഴേക്കും പ്രോട്ടോണിന്റെ കയ്യിൽ ലോട്ടസ് കാർസിന്റെ 100 ശതമാനം ഷെയറും വന്നുചേർന്നു. ലോട്ടസ് കയ്യിലെത്തിയതോടെ പ്രോട്ടോണിന്റെ സാങ്കേതികവിദ്യയിൽ കാര്യമായ പുരോഗതി ഉണ്ടായി. ‘ക്ഷത്രിയ ജിടിഐ’ ലോട്ടസ് എൻജിനീയർമാരുടെ കൂടി കര

വിരുതാണ്. 2000 ൽ പ്രോട്ടോൺ ‘വാജ’ പുറത്തിറങ്ങി. വാജയുടെ എൻജിൻ ഒഴികെയുള്ള എല്ലാ ഘടകങ്ങളും പ്രോട്ടോൺ രൂപകൽപന ചെയ്തു.2006 ആയപ്പോഴേക്കും വിപണിയിൽ കൂടുതൽ മത്സരം വന്നതോടെ പ്രോട്ടോണിന്റെ മേധാവിത്വം കുറഞ്ഞുവന്നു. ഇതിനിടയിലും 2004 പുറത്തിറക്കിയ ‘ജെൻ – 2’ എന്ന കാറിൽ പ്രോട്ടോണിന്റെ ആദ്യത്തെ സ്വന്തം ‘ക്യാംപ്‌പ്രോ’ പരമ്പര എൻജിൻ അരങ്ങേറ്റം കുറിച്ചു. 2004 ൽ തന്നെ പ്രോട്ടോൺ എംവി അഗസ്റ്റ എന്ന ഇരുചക്ര വാഹന ബ്രാൻഡിനെ വാങ്ങിയെങ്കിലും 2005 ൽ അതു വിറ്റൊഴിവാക്കി.

2007 ൽ‌ വീരയ്ക്കു പകരം ഇറക്കിയ ‘പെർസോണ’ വീണ്ടും പ്രോട്ടോണിനു സൗഭാഗ്യങ്ങൾ കൊണ്ടുവന്നു. ഹാച്ച്ബാക്ക് വാഹനങ്ങൾ കൂടുതൽ പ്രചാരം നേടിയ ആ കാലത്ത് ഇറക്കിയ ലക്ഷണമൊത്ത സെഡാൻ കാർ ആയിരുന്നു പെർസോണ. അതു കാർ പ്രേമികളിലെ വ്യത്യസ്തത ആഗ്രഹിക്കുന്നവർ സ്വീകരിച്ചു, ഫലം ‘ബംപർ ഹിറ്റ്’. അതു പകർന്ന ഊർജത്തിൽ ‘സാഗ’യെ അടിമുടി മാറ്റി രണ്ടാം തലമുറ പുറത്തിറക്കി. ഒരാഴ്ചയ്ക്കുള്ളിൽ 25000 ബുക്കിങ്ങുമായി സാഗയും മുന്നേറി. നിസ്സാൻ, ടൊയോട്ട മോഡലുകളെ വെല്ലുവിളിച്ചു പുറത്തിറക്കിയ എക്സോറ എംപിവിയും ‘പരുക്കേൽക്കാതെ’ പിടിച്ചു നിന്നു.

ബന്ധം പുതുക്കൽ

2008 ൽ മിത്‌സുബിഷിയുമായി ശക്തമായ സഹകരണം പ്രോട്ടോൺ ഒന്നുകൂടി ഉറപ്പുവരുത്തി. ആ കാലത്തെ ‘ലാൻസർ’ എടുത്ത് പ്രോട്ടോൺ ‘ഇൻസ്പിറ’ എന്ന പേരിൽ ഇറക്കി. 2010ൽ ഹൈബ്രിഡ് കാറുകൾ രൂപകൽപന ചെയ്തിറക്കാനുള്ള ഉത്സാഹം കമ്പനി പരസ്യമാക്കി. ആളുകൾ മുൻപത്തെക്കാൾ കൂടുതൽ വാഹനപുകയെപ്പറ്റി വ്യാകുലപ്പെടുന്നുവെന്നു കണ്ട കമ്പനി കുറച്ചുകൂടി ശ്രദ്ധ എൻജിൻ നവീകരണത്തിനു നൽകി. 2012 ൽ ആണ് ഡിആർബി ഹൈക്കോം പ്രോട്ടോണിലെ െഷയറുകൾ ഉയർത്തുന്നത്. ആ കാലത്തിറങ്ങിയ ‘പ്രിവി’ എന്ന മോഡൽ സുരക്ഷയുടെ കാര്യത്തിൽ മുൻപിലെന്ന് ഓസ്ട്രേലിയൻ ക്രാഷ് ടെസ്റ്റിൽ തെളിയിച്ചതു കമ്പനിക്കു വലിയ സൽപ്പേരുണ്ടാക്കി. 2013 ൽ ‘സുപ്രിമ’ എന്ന മോഡലും അതേ വർഷം തന്നെ രണ്ടാം തലമുറ പെർദാനയും പുറത്തിറക്കി. രണ്ടാം തലമുറ പെർദാനയ്ക്കായി ഹോണ്ടയുമായും കമ്പനി സഹകരിച്ചു. ഇതിന്റെ ഫലമായി അന്നത്തെ അക്കോർഡാണ് രണ്ടാം തലമുറ പെർദാനയുടെ ‘വേഷം കെട്ടിയത്’. 2014 ൽ ‘ഐറിസ്’ എന്ന ചെറുകാറും കമ്പനി പുറത്തിറക്കി. ഹാച്ച്ബാക്ക് വിപണിയിലും ശക്തമായ സാന്നിധ്യമാകുകയായിരുന്നു ഉദ്ദേശ്യം. 2017 ൽ ചൈനയിലെ വലിയ കാർ നിർമാതാക്കളിൽ ഒന്നായ ഗീലി 49 %ഷെയർ പ്രോട്ടോണിൽ വാങ്ങി. ഇതിനിടയിൽ സുസുക്കിയുടെ എർട്ടിഗ ഒന്നാം തലമുറയുടെ കോപ്പി നിർമാണ അവകാശവും കമ്പനി സ്വന്തമാക്കി. 2017ൽ ഡിആർബി ഹൈക്കോം ലോട്ടസ് ബ്രാൻഡിനെ മൊത്തമായി ഗീലിക്കും എടിക ഓട്ടമോട്ടീവ് എന്ന മറ്റൊരു കമ്പനിക്കുമായി വിറ്റു.

ഇന്ന് എക്സ്70 എസ്‌യുവി, സാഗ സെഡാൻ, പെർസോണ സെഡാൻ, ഐറിസ് ഹാച്ച്ബാക്ക്, എക്സോറ എംപിവി, പെർദാന സെഡാൻ, പ്രിവി സെഡാൻ എന്നിങ്ങനെയാണ് പ്രോട്ടോൺ പുറത്തിറക്കുന്ന വാഹനങ്ങൾ. ഇതിൽ എക്സ് 70, പെർദാന എന്നിവയാണ് കമ്പനിയുടെ ഏറ്റവും വിലയും സൗകര്യവും ഉള്ള വാഹനങ്ങൾ.    

proton-logo

തല ഉയർത്തി...

മൂന്നു തവണയാണ് പ്രോട്ടോൺ കമ്പനി ലോഗോ പരിഷ്കരിച്ചത്. ആദ്യകാല ലോഗോ മലേഷ്യയുടെ ഔദ്യോഗിക മുദ്രകളായ 14 പോയിന്റുകളുള്ള നക്ഷത്രവും കൊടിയിലെ നീല നിറവും ചന്ദ്രക്കലയും ചേർത്തു രത്നാകൃതിയിലുള്ള ഷീൽഡിൽ പതിച്ചതായിരുന്നു. അതു സമ്പൂർണമായി പരിഷ്കരിച്ചു പച്ച നിറമുള്ള രത്നാകൃതിയിലുള്ള ഷീൽഡിൽ മഞ്ഞ നിറമുള്ള പ്രോട്ടോൺ എന്ന ഇംഗ്ലിഷ് എഴുത്തും ഒരു വട്ടത്തിൽ കടുവയുടെ തലയും ചേർന്നതായിരുന്നു രണ്ടാമത്തെ മാറ്റം. നിലവിൽ ഒരു വട്ടത്തിനകത്തു തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കടുവയാണ് പ്രോട്ടോണിന്റെ ലോഗോ. നൂതന സാങ്കേതിക വിദ്യ, വിശ്വാസ്യത, രാജ്യാന്തര നിലവാരം എന്നിവയാണ് കമ്പനിയുടെ മൂല്യങ്ങൾ. Inspiring Connections എന്നതാണ് കമ്പനിയുടെ മുദ്രാവാക്യം.

English Summary: Brand History Proton Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com