sections
MORE

ഇവർക്കു പ്രേമം അംബാസിഡറിനോട്, ആരും കൊതിക്കും ഓർമകളിലെ ഈ താരങ്ങളെ – വിഡിയോ

SHARE

ഒരുകാലത്ത് സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെ ഉപയോഗിച്ചിരുന്ന കാറായിരുന്നു ഹിന്ദുസ്ഥാൻ അംബാസിഡർ. ഒരു തരത്തിൽ ഇന്ത്യക്കാരെ മുഴുവൻ കൂട്ടിചേർത്തിരുന്ന കണ്ണി. പുതുതലമുറ കാറുകളുടെ തേരോട്ടത്തിൽ കാലിടറിയെങ്കിലും ഇന്നും അംബാസിഡർ എന്ന അംബി ഓർമകളിലെ സൂപ്പർതാരമാണ്. റോഡിൽ ഒരു അംബാസിഡർ പോകുന്നതു കണ്ടാൽ നോക്കി നിൽക്കാത്ത ഒരു വാഹനപ്രേമി ഉണ്ടാകില്ല.

ambrockz-2
1956 മോഡൽ ലാൻഡ് മാസ്റ്റർ

ഒരിക്കലെങ്കിലും അംബാസിഡറിൽ കയറിയ ആളുകൾ അതിന്റെ യാത്രസുഖം വർണ്ണിക്കാതെയിരിക്കില്ല. വിപണിയിൽ നിന്ന് പിൻവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അംബാസിഡറുകളെ റോഡിലെ താരമാക്കുന്നത് അതിന്റെ ആരാധകരാണ്. രണ്ടും മൂന്നും തലമുറ ഉപയോഗിച്ച അംബാസിഡർ വരെ അവർ പൊന്നുപോലെ നോക്കുന്നു! അങ്ങനെയൊരു കൂട്ടായ്മ കോട്ടയത്തുണ്ട്. പേര് അംബ്രോക്സ്. നാലുപേരിൽ തുടങ്ങിയ ഈ വാട്സാപ്പ് ഗ്രൂപ്പിൽ, ഇന്ന് 150 അംബാസിഡർ കാറുകളുടെ ഉടമസ്ഥരുണ്ട്.

അംബാസിഡർ ഫാൻസ് കോട്ടയം എന്നായിരുന്നു ഗ്രൂപ്പിന് ആദ്യമിട്ട പേര്. പിന്നീടത് പരിഷ്കരിച്ച് അംബ്രോക്സ് എന്നാക്കി മാറ്റുകയായിരുന്നു. പ്രിയപ്പെട്ട കാറിനെക്കുറിച്ചുള്ള വിശേഷങ്ങളും വർത്തമാനങ്ങളും പങ്കുവയ്ക്കാൻ ഇവർ ഇടയ്ക്കിടെ ഒത്തുചേരും. അങ്ങനെ ഈ അംബാസിഡർ പ്രേമം ആഴത്തിലുള്ള സൗഹൃദത്തിലേക്കും വഴി തുറന്നു.അംബാസഡറിനു മുൻപ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് വിപണിയിലെത്തിച്ച 1956 മോഡൽ ലാൻഡ് മാസ്റ്റർ മുതൽ അംബാസഡറിലെ ഏറ്റവും ഇളമുറക്കാരായ 2014 മോഡൽ വരെയുണ്ട് ഈ അംബ്രോക്സ് കൂട്ടായ്മയിൽ.

ambrockz-1

ഈ കൂട്ടായ്മയിലെ ഓരോരുത്തർക്കും അവരുടെ അംബാസിഡർ കാറിനെക്കുറിച്ചു പങ്കുവയ്ക്കാൻ ഓരോ കഥകളുണ്ട്. ഒട്ടുമിക്കവരും അച്ഛനപ്പൂപ്പന്മാർ മുതൽ അംബാസഡർ ഉപയോഗിക്കുന്നവരും അത് കണ്ടു വളർന്നവരുമാണ്. പാരമ്പര്യമായി കിട്ടിയത് കളയാതെ പൊന്നുപോലെ കൊണ്ടുനടക്കുന്നു. അംബാസഡറിനു മുൻപ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് വിപണിയിലെത്തിച്ച കൂട്ടത്തിൽ ഏറ്റവും പഴക്കം ചെന്ന ലാൻഡ്മാസ്റ്റർ കോട്ടയം കിടങ്ങൂർ സ്വദേശി മനു ജോർജിന്റേതാണ്. മനുവിന്റെ വല്യപ്പച്ചൻ കൊൽക്കത്തയിൽ നിന്നു വാങ്ങിയതാണിത്. പിന്നെ അച്ഛൻ ഉപയോഗിച്ചു. ഇപ്പോൾ മനുവിന്റെ കയ്യിൽ.

വൈക്കം കുട്ടിപ്പറമ്പിലെ കെ.സി. ചാക്കോയുടെ 1961 മാർക്ക് 1 കേരളത്തിലെ പതിനൊന്നാമത്തെ അംബാസഡർ കാറാണ്. ഇതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഗ്രൂപ്പ് അഡ്മിൻ കൂടിയായ മൻജിത് മോഹന്റെ 1977 മോഡൽ മാർക്ക് 3, അദ്ദേഹത്തിന്റെ അച്ഛൻ ഉപയോഗിച്ചതാണ്. ഒട്ടേറെ കഥകളുണ്ട് ഓരോ മോഡലിനും പറയാൻ. ഏറെക്കുറെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് വിപണിയിലെത്തിച്ച എല്ലാ ജനറേഷനും ഉണ്ടായിരുന്നു എന്നു പറയാം.

ambrockz

അല്ലറ ചില്ലറ ഹൃദയശസ്ത്ര ക്രിയകൾ മിക്കവയ്ക്കും നടന്നിട്ടുണ്ട്. പഴയ പെട്രോൾ എൻജിൻ മാറ്റി മറ്റഡോർ ഡീസൽ എൻജിൻ ആക്കി. അതുപോലെ ഹാൻഡ് ഗിയർ ലിവർ സിസ്റ്റം മാറ്റി നോർമൽ ഗിയർ സിസ്റ്റം ആയി, ബ്രേക്കിങ് ഡ്രം ബ്രേക്കുകൾ ഡിസ്ക് ബ്രേക്കുകൾക്ക് വഴിമാറി. മാറ്റങ്ങൾ സംഭവിച്ചെങ്കിലും എല്ലാവരും കുട്ടപ്പന്മാരാണ്. നന്നായി പരിപാലിക്കുന്നുണ്ടെന്നു മാത്രമല്ല. ഗാരിജിൽ നിർത്തി തുരുമ്പെടുക്കാതെ ഇപ്പോഴും കൊണ്ടുനടക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് അംബ്രോക്സ് ടീം.

English Summary: Ambrockz an Ambassador fans Club from Kottayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA