ADVERTISEMENT

അമേരിക്കയും യുഎസ്എസ്ആറും ഇരുചേരികളായി നിലയുറപ്പിച്ച് ലോകത്തെ ആയുധ ശേഖരം കൊണ്ട് വിറപ്പിച്ചൊരു സമയമുണ്ട്. ലോകം കണ്ട ഏറ്റവും വലിയ പല ആയുധങ്ങളും കപ്പലുകളും വിമാനങ്ങളുമെല്ലാം അക്കാലത്ത് ഉണ്ടാക്കിയവയാണ്. അമേരിക്കയെ വെല്ലുവിളിച്ചും പലപ്പോഴും പരാജയപ്പെടുത്തിയും പുതിയ ആയുധങ്ങൾ സോയിയറ്റ് യൂണിയൻ എന്ന കരുത്തൻ രാജ്യം അക്കാലത്തു നിർമിച്ചുകൊണ്ടിരുന്നു. തൊണ്ണൂറുകളിൽ യുഎസ്എസ്ആറിന്റെ തകർച്ച ഇരുചേരികൾ എന്ന സ്ഥിതിയിൽ നിന്നും ലോകത്തെ ഒറ്റച്ചേരിയാക്കിയെങ്കിലും ശീതയുദ്ധ കാലത്തു നിര്‍മിച്ച ആയുധശേഖരങ്ങൾ ഇന്നും റഷ്യയുടെ സൈനികശക്തിയില്‍ നിര്‍ണായകമാണ്. ഇവയിലൊന്നാണ് അകൂല ശ്രേണിയില്‍ പെട്ട മുങ്ങിക്കപ്പലുകള്‍. ലോകത്ത് ഏറ്റവും വലുത് എന്ന ഖ്യാതിയുള്ള അകുല ക്ലാസ് മുങ്ങിക്കപ്പലിന്റെ വിശേഷങ്ങള്‍

റഷ്യയ്ക്ക് "അകുല" ശത്രുക്കള്‍ക്ക് "ടൈഫൂണ്‍"

ശീതയുദ്ധകാലത്ത് അമേരിക്കയും റഷ്യയും തമ്മില്‍ നടന്ന ആയുധ കിടമത്സരത്തിന്‍റെ ഫലമായിരുന്നു അകുല മുങ്ങിക്കപ്പലുകള്‍. ഒഹിയോ ശ്രേണിയില്‍ പെട്ട, ബാലിസ്റ്റിക് മിസൈല്‍ വാഹക ശേഷിയുള്ള അമേരിക്കന്‍ അന്തര്‍വാഹിനികള്‍ റഷ്യയ്ക്ക് വലിയ ഭീഷണിയായതോടെയാണ് പകരമെന്നവണ്ണം അകുലയ്ക്ക് സോവിയറ്റ് യൂണിയന്‍ പ്രതിരോധ വിദഗ്ദ്ധര്‍ രൂപം നല്‍കിയത്. നിര്‍മാണം പൂര്‍ത്തിയായതോടെ ഇന്നേ വരെ നിര്‍മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലുതും വിനാശകാരികളുമായി അകുല അന്തര്‍വാഹിനികള്‍ മാറുകയായിരുന്നു. അമേരിക്കന്‍ സഖ്യകക്ഷികളുടെ കൂട്ടായ്മയായ നാറ്റോയാണ് അകുലയ്ക്ക് ടൈഫൂണ്‍ എന്ന അപരനാമം നല്‍കിയത്.

അകുലയും ഒഹിയോയും

564 അടി നീളമുള്ള അമേരിക്കയുടെ ഒഹിയോ അന്തര്‍വാഹിനികള്‍ ആണവ വാഹക മിസൈലുകളുമായി പസഫിക്കില്‍ സജീവമായതോടെയാണ് ഇതിനെ പ്രതിരോധിക്കാന്‍ റഷ്യ അകുലയെ രംഗത്തിറക്കിയത്. 22 മിസൈലുകള്‍ വീതം വഹിക്കാന്‍ കഴിയുന്ന ഒഹിയോ അന്തര്‍വാഹിനികള്‍ പസഫിക്കിലെ തങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് റഷ്യ മനസ്സിലാക്കി. അമേരിക്കയെ പ്രതിരോധിക്കാനും വേണ്ടിവന്നാല്‍ അമേരിക്കയുടെ ഏതു ഭാഗത്തേയ്ക്കും റഷ്യന്‍ തീരത്ത് നിന്നു തന്നെ ആക്രമണം നടത്താനും കഴിയുന്ന ഒരു അന്തര്‍വാഹിനിയായിരുന്നു സോവിയറ്റ് യൂണിയന്‍റെ മറുപടി. ലോകത്തെ ഏറ്റവും ആക്രമണശേഷിയുള്ള ആ അന്തര്‍വാഹിനിയ്ക്ക് കടലിലെ ഏറ്റവും മികച്ച ആക്രമണകാരിയുടെ പേരും നല്‍കി, അകുല അഥവാ റഷ്യന്‍ ഭാഷയില്‍ കൊലയാളി സ്രാവ്.

568 അടിയായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ അകുല അന്തര്‍വാഹിനിയുടെ നീളം. അതേസമയം അമേരിക്കന്‍ ഒഹിയോ അന്തര്‍വാഹിനികളുടെ വീതി 42 അടി ആയിരുന്നപ്പോള്‍ അകുല അന്തര്‍വാഹാനികളുടേത് 72 അടിയായിരുന്നു. 48000 ടണ്ണായിരുന്നു അന്തര്‍വാഹിനിയുടെ ഭാരം. വലിപ്പവും ഭാരവും കൂടുതലായതിനാല്‍ തന്നെ രണ്ട് OKB-650 ന്യൂക്ലിയര്‍ റിയാക്ടറുകളാണ് അകുല അന്തര്‍വാഹിനികളുടെ എൻജിന് ആവശ്യമായ ഊര്‍ജം നല്‍കിയിരുന്നത്. ഉപരിതലത്തില്‍ മണിക്കൂറില്‍ 22 നോട്ടിക്കൽ മൈലും വെള്ളത്തിനടിയില്‍ മണിക്കൂറില്‍ 27 നോട്ടിക്കൽ മൈലുമായിരുന്നു അകുല അന്തര്‍വാഹിനികളുടെ വേഗം.

ആയുധശേഖരത്തിലും മുന്നില്‍

ആണവായുധ ശേഷിയുള്ള 22 മിസൈലുകളാണ് ഓഹിയോയ്ക്ക് വഹിക്കാന്‍ കഴിയുന്നത്. കുറഞ്ഞ എണ്ണം കൂടുതല്‍ പ്രഹരം എന്നതായിരുന്നു അകുല അന്തര്‍വാഹിനിയുടെ മുദ്രാവാക്യം. അതുകൊണ്ട് തന്നെ 20 മിസൈലുകളാണ് അകുല അന്തര്‍വാഹിനിയുടെ വാഹക ശേഷി എങ്കിലും ഇവയുടെ പ്രഹരശേഷി അമേരിക്കന്‍ മിസൈലുകളേക്കാള്‍ പല മടങ്ങ് അധികമായിരുന്നു. നാലായിരത്തിലധികം കിലോമീറ്ററിന് മേല്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് ഈ മിസൈലുകള്‍. അതുകൊണ്ട് തന്നെ റഷ്യന്‍ തീരത്ത് മാത്രമാണ് മിക്കപ്പോഴും ഈ അന്തര്‍വാഹിനികള്‍ നങ്കൂരമിട്ടിരുന്നത്. ഇവിടെ നിന്നു തന്നെ അമേരിക്കയിലെ പ്രധാന നഗരങ്ങള്‍ ആക്രമിക്കാന്‍ കഴിയും എന്നതായിരുന്നു കാരണം. ഈ അന്തര്‍വാഹാനികള്‍ക്ക് സുരക്ഷ നല്‍കാന്‍ റഡാറുകളുമായി റഷ്യന്‍ നേവി കപ്പലുകളും എപ്പോഴും സജ്ജമായിരുന്നു.

അകുല വിഭാഗത്തില്‍ പെട്ട എട്ട് അന്തര്‍വാഹാനികളാണ് സോവിയറ്റ് യൂണിയന്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പിന്നീട് നിര്‍മാണം ആറെണ്ണത്തിലൊതുങ്ങി. റഷ്യന്‍ കടലിലാണ് ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ മഞ്ഞുപാളികള്‍ തകര്‍ക്കാന്‍ പറ്റിയ സംവിധാനങ്ങള്‍ ഇവയുടെ മുന്‍ഭാഗത്ത് ഘടിപ്പിച്ചിരുന്നു. കൂടാതെ മിസൈലുകള്‍ മുന്‍ഭാഗത്ത് ഘടിപ്പിക്കാനുള്ള സംവിധാനവും ഈ അന്തര്‍വാഹിനികളില്‍ ഉണ്ടായിരുന്നു. പരമ്പരാഗത രൂപമായിരുന്നില്ല സോവിയറ്റ് യൂണിയന്‍റെ ഈ അകുല അന്തര്‍വാഹിനികള്‍ക്ക് ഉണ്ടായിരുന്നത്.

അകുല അന്തര്‍വാഹിനികൾ ഇപ്പോള്‍ എവിടെ?

നിര്‍മിച്ച ആറ് അകുലകളും സോവിയറ്റ് വിഭജനത്തിന് ശേഷം റഷ്യയുടെ കയ്യില്‍ തന്നെയാണ് എത്തിയത്. എന്നാല്‍ ഇവയില്‍ ദിമിത്രി ഡോന്‍സ്കോയ് മാത്രമേ ഇന്നു ഉപയോഗത്തിലുള്ളൂ. അതുകൊണ്ട് തന്നെ ഇന്നു നിലവിലുള്ള ഏറ്റവും വലിയ പ്രഹരശേഷിയുള്ളതും വലുപ്പമേറിയതുമായ അന്തര്‍വാഹിനിയും ദിമിത്രി തന്നെയാണ്. ഹിരോഷിമയെ തകര്‍ത്ത ആണവ ബോംബിന്‍റെ ആറിരട്ടി പ്രഹര ശേഷി ഉള്ളതാണ് ദിമിത്രിയിലെ ഇപ്പോഴത്തെ ഓരോ മിസൈലും.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ 2017 ലെ ഉക്രെയ്ന്‍ പ്രതിസന്ധി സമയത്ത് നാറ്റോ രാജ്യങ്ങളുടെ ഉറക്കം കളയുന്നതില്‍ ഈ അന്തര്‍വാഹിനി പ്രധാന പങ്ക് വഹിച്ചിരുന്നു. സ്വീഡന് സമീപത്തായി ആര്‍ട്ടിക് സമുദ്രമേഖലയില്‍ ഈ അന്തര്‍വാഹിനി റഷ്യ എത്തിച്ചിരുന്നു എന്നാണ് അന്ന് നാറ്റോ രാജ്യങ്ങള്‍ കണ്ടെത്തിയത്. 120 ദിവസം വരെ വെള്ളത്തിനടിയിലൂടെ മാത്രമായി സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിയും എന്നതിനാല്‍ റഡാറുകളല്ലാതെ മറ്റൊരു സംവിധാനത്തിലൂടെയും ദിമിത്രിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ റഡാറുകള്‍ക്ക് പോലും ആ സമയത്ത് ദിമിത്രിയെ കണ്ടെത്താനായില്ല. ഇന്‍റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ട്ടിക് കടലില്‍ റഷ്യ ദിമിത്രിയെ വിന്യസിച്ച കാര്യം നാറ്റോ രാജ്യങ്ങള്‍ സ്ഥിരീകരിച്ചത്.

റെഡ് ഒക്ടോബര്‍

അകുല അന്തര്‍വാഹിനികളുടെ കാര്യം പുറം ലോകം വിശദമായി മനസ്സിലാക്കുന്നത് അമേരിക്കന്‍ നോവലായ ഹണ്ട് ഫോര്‍ റെഡ് ഒക്ടോബറിലൂടെയാണ്. 1980ല്‍ എഴുതപ്പെട്ട നോവലിന്റെ പ്രമേയം ഒരു റഷ്യന്‍ അന്തര്‍വാഹിനി അമേരിക്ക ആക്രമിക്കാന്‍ തയാറെടുക്കുന്നതിനെ കുറിച്ചായിരുന്നു. അകുല അന്തര്‍വാനികളുടെ തന്നെ അല്‍പം പെരുപ്പിച്ച് അവതരിപ്പിച്ച രൂപമായിരുന്നു നോവലിലെ റെഡ് ഒക്ടോബര്‍ എന്ന അന്തര്‍വാഹിനിയ്ക്ക്. അക്കാലത്ത് നോവല്‍ ഹിറ്റായതോടെ പലരും ഇതിന്‍റെ യാഥാര്‍ഥ്യം അന്വേഷിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അകുല അന്തര്‍വാഹിനികള്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും അക്കാലത്ത് പ്രശസ്തമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com