sections
MORE

ട്രംപിന്റെ കാഡിലാക്ക്, മോദിയുടെ റേഞ്ച് റോവർ: രാഷ്ട്രത്തലവന്മാർക്ക് സുരക്ഷയേകും വാഹനങ്ങൾ!

cars
SHARE

അമേരിക്കൻ പ്രസി‍ഡൻഡ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി. എയർഫോഴ്സ് വണ്ണിൽ അമേരിക്കയിൽ നിന്ന് പറന്നിറങ്ങുന്ന ട്രംപ് ഇന്ത്യയിലെ റോഡ് യാത്രകൾക്കായി ഉപയോഗിക്കുക ബീസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന കാഡിലാക്ക് വൺ. ഏതു രാജ്യത്ത് സന്ദർശനം നടത്തിയാലും അമേരിക്കൻ പ്രസിഡന്റുമാർ സഞ്ചരിക്കുന്നത് കാഡിലാക്ക് വണ്ണിലായിരിക്കും. അതിനായി വാഹനം അമേരിക്കയിൽ നിന്ന് വിമാനത്തിൽ കൊണ്ടു വരുകയും ചെയ്യും.

ബിഎംഡബ്ല്യു 7 സീരിസ്, ലാൻഡ് ക്രൂസർ, റേഞ്ച് റോവർ തുടങ്ങി ഔദ്യോഗിക വാഹനവ്യൂഹങ്ങളിൽ നിരവധി കാറുകളുണ്ടെങ്കിലും കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രി എത്തിയത് റേഞ്ച് റോവറിലായിരുന്നു. ട്രംപിന്റെ സന്ദർശനവേളയിലും ചിലപ്പോൾ മോദി സഞ്ചരിക്കുക ആ വാഹനത്തിൽ തന്നായാകാനാണ് സാധ്യത. ലോകത്തിലെ രണ്ട് പ്രധാന രാജ്യങ്ങളുടെ തലവന്മാരുടെ സുരക്ഷിത യാത്ര ഉറപ്പിക്കുന്ന വാഹനങ്ങളുടെ പ്രധാന സവിശേഷതകൾ ഏതൊക്കെയെന്ന് നോക്കാം.

കാഡിലാക്ക് വൺ

ഒബാമയുടെയുടെ കാലത്ത് നിർമിച്ച കാ‍ഡിലാക്ക് വണ്ണിൽ നിന്നു പുതിയ ബീസ്റ്റിലേക്ക് കൂടുമാറിയത് രണ്ടു വർഷം മുമ്പാണ്. 2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്‌നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്. ബാലിസ്റ്റിക്, ഐഇഡി, രാസായുധാക്രമണങ്ങള്‍ എന്നിവയെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റിന്റെ നിര്‍മാണം. ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്.

cardallic-one

അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും. പ്രസിഡന്റിന്റെ സീറ്റ് സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്.

കാറിന്റെ മുന്‍ഭാഗത്ത് പ്രത്യേക അറയില്‍ രാത്രി കാണാന്‍ കഴിയുന്ന ക്യാമറകളും ചെറു തോക്കുകളും ടിയര്‍ ഗ്യാസും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റീല്‍ റിമ്മുകള്‍ ടയറില്‍ ഉപയോഗിച്ചിട്ടുണ്ട്. പഞ്ചറാകാത്ത തരത്തിലുള്ള ടയറുകളാണിവ.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രത്യേക പരിശീലനം നല്‍കിയ‍ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഡ്രൈവറുടെ ഡാഷ്‌ബോര്‍ഡില്‍ വാര്‍ത്താവിനിമയ സംവിധാനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവും ഉണ്ടാകും. അഞ്ചിഞ്ച് കനമുള്ള ഡ്യൂവല്‍ ഹാര്‍ഡ്‌നെസ് സ്റ്റീലും, അലുമിനിയവും ടൈറ്റാനിയവും സൈറാമിക്കും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. 

നരേന്ദ്രമോദിയുടെ റേഞ്ച് റോവർ

ബിഎംഡബ്ല്യു സെവൻ സീരീസ് കാറിന്റെ അതീവ സുരക്ഷാ വകഭേദമാണ് പ്രധാനമന്ത്രി നേരത്തെ ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ മോദി എത്തിയത് 2017 മോഡൽ റേഞ്ച് റോവർ സെന്റിനൽ എന്ന അതിസുരക്ഷാ വാഹനത്തിലായിരുന്നു. ‌അത്യാധുനിക സുരക്ഷാ സംവിധാനമുള്ള സെൻസർ പാളികളാണു പ്രധാനമന്ത്രിയുടെ കാറിന്റെ സവിശേഷത. ബോഡിയും ജനാലകളും പൂർണമായി ബുള്ളറ്റ് പ്രൂഫ്. സ്ഫോടനങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട്.

range-rover-sentinel

‌പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ സെന്റിനല്‍. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന രണ്ടു റേഞ്ച് റോവര്‍ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ളത്. പ്രതിരോധത്തിനായി സായുധ കവചവും ഓക്സിജൻ സംഭരണ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേംബറും ഒരുക്കിയിട്ടുണ്ട്. അപകട ഘട്ടങ്ങളിൽ പരുക്കേൽക്കാതെ പുറത്തിറങ്ങാൻ എമർജൻസി വാതിലുണ്ട്. സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിവുള്ള സെൻസറുകൾ ടയറുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറി അതിജീവിക്കാൻ ശേഷിയുള്ള ഇന്ധന ടാങ്കാണ് ഈ വാഹനങ്ങൾക്ക്. 

പഞ്ചറായാലും ഓടുന്ന റൺഫ്ലാറ്റ് ടയറുകൾ. അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ തുടങ്ങി ചെറു ബോബ് പൊട്ടിയാലും പ്രധാനമന്ത്രിയെ സുരക്ഷിതമാക്കാനുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ട്. മൂന്നു ലീറ്റർ വി6 സൂപ്പർചാർജിഡ് പെട്രോൾ എൻജിനാണ് വാഹനത്തിൽ. 340 പിഎസ് കരുത്തുണ്ട് ഈ എൻജിന്. നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കിയ മികച്ച ഡ്രൈവർമാരാണു വാഹനം നിയന്ത്രിക്കുന്നത്.

English Summary: Cadillic One & Range Rover Sentinel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA