sections
MORE

കാഡിലാക് വൺ, ഷെവർലെ സുബർബൻ: ട്രംപിന് യാത്ര ഒരുക്കിയ ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങൾ

INDIA-US-DIPLOMACY-TRUMP
Cadillac One
SHARE

ലോകത്ത് ഏതു രാജ്യം സന്ദർശിച്ചാലും അമേരിക്കൻ പ്രസിഡന്റിനു സുരക്ഷ ഒരുക്കുന്നത് അമേരിക്കൻ സീക്രട്ട് സർവീസിന്റെ ചുമതലയാണ്. പ്രസി‍ഡന്റിന് സഞ്ചരിക്കാനുള്ള വാഹനവും സുരക്ഷാ വാഹനവും ഒപ്പം പോകും. നിലവിൽ ട്രംപ് ഉപയോഗിക്കുന്ന കാഡിലാക് വൺ അല്ല ഇന്ത്യയിലെത്തിയത്, പകരം ബറാക്ക് ഓബമയുടെ കാലത്ത് ഉപയോഗിച്ച തരം കാഡിലാക് വണ്ണാണ്. കൂടാതെ പ്രസിഡന്റിന് സുരക്ഷ ഒരുക്കാൻ നിരവധി ‌ഷെവർലെ സുബർബൻ വാഹനങ്ങളും എത്തിച്ചിരുന്നു. 

കാഡിലാക് വൺ 

രണ്ടു കാലിഡാക് വൺ കാറുകളാണ് അമേരിക്കൻ സീക്രട്ട് സർവീസ് ഇന്ത്യയിലെത്തിച്ചത്. ഒബാമയുടെ കാലത്ത് നിർമിച്ച കാ‍ഡിലാക് വണ്ണിൽ നിന്നു പുതിയ ബീസ്റ്റിലേക്ക് കൂടുമാറിയത് രണ്ടു വർഷം മുമ്പാണ്. 2015ൽ നിർമിച്ച വാഹനമാണ് ഇത്. ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങളെ ചെറുക്കാന്‍ പാകത്തിലാണ് ബീസ്റ്റിന്റെ നിര്‍മാണം. ‌ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ്. 6.4 ടണ്ണാണ് വാഹനത്തിന്റെ ഭാരം. എട്ടിഞ്ച് കനമുള്ള വാതിലുകളാണ്. അഞ്ചിഞ്ച് കനമുള്ള ഡ്യൂവല്‍ ഹാര്‍ഡ്‌നെസ് സ്റ്റീലും അലുമിനിയവും ടൈറ്റാനിയവും സൈറാമിക്കും ചേര്‍ത്താണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. മൈനുകൾ പൊട്ടിത്തെറിച്ചാൽ പോലും ഉൾഭാഗത്തേക്ക് ആഘാതം വരാതിരിക്കാനായി വാഹനത്തിന്റെ അടിയിൽ പ്രത്യേക സ്റ്റീൽ കവചം നൽകിയിരിക്കുന്നു.

അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാം. പ്രസിഡന്റിന്റെ സീറ്റിനു സമീപം സാറ്റലൈറ്റ് ഫോണും വൈസ്പ്രസിഡന്റുമായും പെന്റഗണുമായും നേരിട്ടു സംസാരിക്കാനുള്ള ലൈനും സജ്ജമാണ്.

കാറിന്റെ മുന്‍ഭാഗത്ത് പ്രത്യേക അറയില്‍ രാത്രി കാണാന്‍ കഴിയുന്ന ക്യാമറകളും ചെറു തോക്കുകളും ടിയര്‍ ഗ്യാസും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി പ്രസിഡന്റിന്റെ രക്തവും സൂക്ഷിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റീല്‍ റിമ്മുകള്‍ ടയറില്‍ ഉപയോഗിച്ചിട്ടുണ്ട്. പഞ്ചറാകാത്ത തരത്തിലുള്ള ടയറുകളാണിവ.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രത്യേക പരിശീലനം നല്‍കിയ‍ ഡ്രൈവര്‍മാരാകും പ്രസിഡന്റിനെ അനുഗമിക്കുക. 180 ഡിഗ്രിയില്‍ വെട്ടിത്തിരിച്ചുവരെ കാറുമായി രക്ഷപ്പെടാനുള്ള പരിശീലനം ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. വിന്‍ഡോകള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഡ്രൈവറുടെ ഡാഷ്‌ബോര്‍ഡില്‍ വാര്‍ത്താവിനിമയ സംവിധാനവും ജിപിഎസ് ട്രാക്കിങ് സിസ്റ്റവും ഉണ്ടാകും. 

chevrolet
Chevrolet Suburban

ഷെവർലെ സുബർബൻ

ആഗ്ര വിമാനത്താവളത്തിൽനിന്ന് താജ്മഹൽ സന്ദർശിക്കാൻ ട്രംപും ഭാര്യയും ഉപയോഗിച്ചത് ഷെവർലെയുടെ സുബർബൻ എസ്‍യുവിയുടെ കസ്റ്റമൈസ്ഡ് പതിപ്പായിരുന്നു. യുഎസ് വൈസ് പ്രസിഡന്റാണ് ഈ വാഹനം ഉപയോഗിക്കുന്നത്.  കാഡിലാക് വണ്ണിന് സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഈ വാഹനത്തിലുമുണ്ട്. കാഡിലാക് വൺ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്നത് ഈ വാഹനമാണ്. കാഡിലാക് വണ്ണിൽ പ്രസിഡന്റ് സഞ്ചരിക്കുമ്പോൾ സുരക്ഷ ഒരുക്കുന്ന മോട്ടർകേഡിലും ഈ എസ്‍യുവികൾ കാണും. സുരക്ഷാസേനയ്ക്കും ഈ വാഹനമാണ്. ഇതു കൂടാതെ മറ്റു വാർത്താ വിനിമയ സംവിധാനങ്ങൾ ഒരുക്കാനായി ഫോഡ് റോഡ്റണ്ണന്റെ ഒരു ലിമോയുമുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA