ADVERTISEMENT

ബോയിങ് 747 വിമാനത്തെയാണ് എയർഫോഴ്സ് വൺ എന്നു വിളിക്കുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഒരു വിമാനം മാത്രമല്ല എയർഫോഴ്സ് വൺ, അതൊരു കോഡാണ്. അമേരിക്കൻ പ്രസിഡന്റാണ് വിമാനത്തിൽ വരുന്നതെന്ന് തിരിച്ചറിയാനുള്ള കോഡ്. എയർട്രാഫിക് കൺട്രോളർക്ക് പ്രസിഡന്റാണ് വരുന്നതെന്ന് പെട്ടെന്ന് തിരിച്ചറിയാനാണ് ഇത്തരത്തിലൊരു റേഡിയോ കോഡ് ഉപയോഗിക്കുന്നത്. പ്രസിഡന്റ് ഉള്ളപ്പോൾ മാത്രമേ ഈ കോഡ് ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം.

എയർ ഫോഴ്സ് വൺ

തുടക്കം മുതലേ അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനത്തിന്റെ കോഡ് നാമം എയർഫോഴ്സ് വൺ എന്നല്ല. സേക്രഡ് കൗ, ഇന്റിപെൻഡന്റ് എന്നീ പേരുകളിലായിരുന്നു ആ വിമാനങ്ങള്‍ അറിയപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിന്റെ നിർദേശപ്രകാരമാണ് ഒരു കോഡ് കണ്ടെത്തിത്. 

1943 മുതലാണ് അമേരിക്കൻ പ്രസിഡന്റിന് സഞ്ചരിക്കാൻ പ്രത്യേക വിമാനം എന്ന ആശയം വന്നത്. ഫ്രാങ്കിലിൻ റൂസ്‌വെൽറ്റാണ് കടലിന് മീതെ വിമാനത്തിൽ പറന്ന ആദ്യ പ്രസിഡന്റ്. ബോയിങ്ങിന്റെ ബി– 314 ക്ലിപ്പർ വിമാനമായിരുന്നു അന്ന് ഉപയോഗിച്ചത്. തുടർന്ന് മെഗ്‍ഡോണാൾഡ് ഡഗ്ലസിന്റെ വിമാനങ്ങൾ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിട്ടുണ്ട്. യുഎസ് വ്യോമസേനയുടെ വിമാനങ്ങളായിരുന്നു അവ. 1953 ലാണ് എയർഫോഴ്സ് വൺ എന്ന പേര് ആദ്യമായി വരുന്നത്. പ്രസി‍ഡന്റിന്റെ വിമാനം പെെട്ടന്ന് തിരിച്ചറിയുന്നതിനുവേണ്ടിയാണ് ആ പേര് കൊടുത്തത്. ഡ്വൈറ്റ് ഐസനോവറാണ് എയർ ഫോഴ്സ് വൺ എന്ന കോഡു നാമത്തിൽ പറന്ന ആദ്യ പ്രസിഡന്റ്

ബോയിങ് സി 32

അമേരിക്കയിൽ നിന്ന് ട്രംപിനേയും വഹിച്ചുകൊണ്ട് അഹമ്മദാബാദിൽ എത്തിയ വിമാനം ബോയിങ് 747 ആണെങ്കിൽ അഹമ്മദാബാദിൽ നിന്നും ആഗ്രയിലേക്ക് ട്രംപിനെ കൊണ്ടുപോയത് ബോയിങ് സി 32 എന്ന വിമാനമാണ്. ബോയിങ്ങ് 757–200 ന്റെ മിലിറ്ററി പതിപ്പാണ് സി 32. 

വലിയ വിമാനം ഇറങ്ങാനുള്ള സൗകര്യമില്ലാത്ത വിമാനത്താവളങ്ങളിലേക്ക് പ്രസിഡന്റിനെ കൊണ്ടുപോകാൻ ഈ വിമാനമാണ് ഉപയോഗിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് തലവന്മാർ, ഡിഫൻസ് തലവന്മാർ തുടങ്ങിയ വിവിഐപികള്‍ യാത്ര ചെയ്യുന്നതും ഈ വിമാനത്തിലാണ്. വൈസ് പ്രസിഡന്റുമായി പറക്കുമ്പോൾ എയർഫോഴ്സ് ടൂ എന്നാണ് ഈ വിമാനത്തിന്റെ കോഡ് നാമം. 

ബോയിങ് 747 ന്റെ അത്രയും സൗകര്യങ്ങൾ അവകാശപ്പെടാനില്ലെങ്കിലും സുരക്ഷയുടെ കാര്യത്തിൽ 747 ന്റെ അത്രയും തന്നെ വരും സി 32. പരമവധി 45 യാത്രക്കാർക്കാണ് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്. കൂടാതെ ബാത്ത് റൂം അറ്റാച്ച്ഡ് സ്യൂട്ട് റൂമും കോൺഫറൻസ് റൂമുമെല്ലാമുണ്ട് ഇതിൽ. 41700 പൗണ്ട് ത്രസ്റ്റുള്ള രണ്ട് എൻജിനുകളാണ് വിമാനത്തിന് കരുത്തേകുന്നത്. റീഫ്യുവലിങ് ഇല്ലാതെ 5500 നോട്ടിക്കൽ മൈൽ വരെ സഞ്ചരിക്കാനാവും ഈ വിമാനത്തിന്. 

English Summary: C32 As Airforce One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com