ബാറ്ററിയിലോടും യമണ്ടൻ കപ്പൽ, ഇത് ലോകത്തെ ആദ്യ ഹൈബ്രിഡ് ക്രൂസ് ഷിപ്

roald-amundsen
MS Roald Amundsen
SHARE

ലോകത്തെ ആദ്യ ഹൈബ്രിഡ് പാസഞ്ചര്‍ ക്രൂസ്ഷിപ് എന്ന ഖ്യാതിയുമായാണ് റുവാഡ് അമൻസന്‍ ഈ കഴിഞ്ഞ ജൂലൈ 3 ന് നീറ്റിലിറങ്ങിയത്. ഹര്‍ട്ടിഗ്രൂട്ടണിന്റെ എക്സ്പഡീഷൻ ഷിപ്പ് ഗണത്തില്‍ പെടുന്ന റുവാഡ് അമൻസന്‍റെ നിര്‍മാതാക്കള്‍ നോര്‍വെയിലെ തന്നെ ക്ലവന്‍ യാര്‍ഡ്സ് എന്ന കമ്പനിയാണ്. നോര്‍വീജിയന്‍ തുറമുഖമാണ് ട്രോമ്സോയില്‍ നിന്ന് ജര്‍മന്‍ തുറമുഖമായ ഹാംബര്‍ഗിലേക്കായിരുന്നു റൊവാള്‍ഡ് അമുന്‍ഡ്സെന്‍റെ ആദ്യ യാത്ര.

SHIPPING-ELECTRIC
MS Roald Amundsen

ബാറ്ററിയിൽ നിന്നുള്ള ഊര്‍ജവും ഇന്ധനത്തില്‍ നിന്നുള്ള ഊര്‍ജവും ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ഈ ഹൈബ്രിഡ് കപ്പലിന്‍റെ പ്രത്യേകത. ഇത് റൊവാള്‍ഡ് അമുന്‍ഡ്സനെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ യാത്രാ കപ്പലാക്കി മാറ്റുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്ന മറ്റ് ക്രൂസ് കപ്പലുകളേക്കാള്‍ 20 ശതമാനം വരെ കുറവ് കാര്‍ബണ്‍ ബഹിര്‍ഗമനമാകും റുവാഡ് അമൻസനില്‍ നിന്നുണ്ടാകുക. പ്രധാനമായും ആര്‍ട്ടിക് മേഖലയിലേക്കും മറ്റുമുള്ള ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള യാത്രകള്‍ക്കാകും റുവാഡ് അമൻസന്‍ ഉപയോഗിക്കുക.

roald-amundsen-5
MS Roald Amundsen

അന്‍റാര്‍ട്ടിക്കിലെ മാമോദീസ

വഞ്ചികളും ബോട്ടുകളും കപ്പലുകളുമെല്ലാം നീറ്റിലിറക്കുമ്പോള്‍ എല്ലാ നാട്ടിലും മതപരമായും സാംസ്കാരികമായും ഉള്ള ചടങ്ങുകള്‍ നടത്താറുണ്ട്. നോര്‍വെയിലെ കപ്പലുകളെ പ്രതീകാത്മകമായി മാമോദീസ ചടങ്ങ് നടത്തി ആശീര്‍വദിച്ച് നീറ്റിലിറക്കുക. അതേസമയം റുവാഡ് അമൻസന്‍റെ മാമോദീസയ്ക്ക് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. ജൂലൈയില്‍ ആദ്യ യാത്ര പൂര്‍ത്തിയാക്കിയെങ്കിലും മൂന്നു മാസങ്ങൾക്ക് ശേഷമാണ് റൊവാള്‍ഡ് അമുന്‍ഡ്സെന്‍റെ മാമോദീസ നടന്നത്. അതും അന്‍റാര്‍ട്ടിക്ക യാത്രയുടെ ഭാഗമായി. പരമ്പരാഗതമായി കപ്പല്‍ മാമോദീസകള്‍ക്ക് ഉപയോഗിക്കുന്ന ഒരു ബോട്ടില്‍ ഷാംപെയിന് പകരം അന്‍റാര്‍ട്ടിക്കിലെ ഒരു പിടി മഞ്ഞാണ് മാമോദീസ്ക്ക് ഉപയോഗിച്ചത്.

roald-amundsen-4
MS Roald Amundsen

പേരിന് പിന്നില്‍

കപ്പലിന്‍റെ മാമോദീസ അന്‍റാര്‍ട്ടിക്കില്‍ നടത്താനും കപ്പിലിന്‍റെ പേര് റുവാഡ് അമൻസന്‍ എന്ന് നല്‍കാനും വ്യക്തമായ കാരണങ്ങളുണ്ട്. നോര്‍വെയിലെ പ്രശസ്ത ധ്രുവമേഖലാ ഗവേഷകനായ റുവാഡ് അമൻസനിന്‍റെ ഓര്‍മയ്ക്കായാണ് ഈ കപ്പലിന് അദ്ദേഹത്തിന്‍റെ പേര് നല്‍കിയത്. നോര്‍വെയിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ദുര്‍ഘടം പിടിച്ച മഞ്ഞ് പാതയിലൂടെ കപ്പലോടിച്ച് ആര്‍ട്ടിക്കിലേക്ക് സഞ്ചരിച്ച ആദ്യ വ്യക്തിയാണ് റുവാഡ് അമൻസന്‍. ആദ്യമായി അന്‍റാര്‍ട്ടിക്ക മുറിച്ച് കടന്ന് തെക്കന്‍ ധ്രുവത്തിലെത്തിയ വ്യക്തിയും റുവാഡ് അമൻസൻ തന്നെ. കൂടാതെ അദ്ദേഹം തന്‍റെ കപ്പലായ മൗഡ് 1917ല്‍ മാമോദീസ നടത്തിയത് ഷാം പെയിന് പകരം ഒരു പിടി മഞ്ഞ് ഉപയോഗിച്ചാണ്. ഈ മാമോദീസ ആര്‍ട്ടിക്കില്‍ വച്ചായിരുന്നു എന്ന് മാത്രം. റൊവാള്‍ഡ് അമുന്‍ഡ്സെനിന്‍റെ ഓര്‍മ പുതുക്കുന്നിന്‍റെ ഭാഗമായാണ് മഞ്ഞ് ഉപയോഗിച്ചുള്ള മാമോദീസ.

roald-amundsen-3
MS Roald Amundsen

പോളാര്‍ മേഖലയില്‍ സഞ്ചരിക്കുന്നതിന് ഉതകുന്ന രീതിയിലാണ് ഈ കപ്പലിന്‍റെ രൂപകല്‍പ്പന. കപ്പലിന്‍റെ ആകെ യാത്രാസമയത്തിന്‍റെ 15 -20 ശതമാനം സമയത്തേക്ക് മാത്രമേ ബാറ്ററിയില്‍, അതായത് പരിസ്ഥിതി സൗഹൃദ രീതിയില്‍ സഞ്ചരിക്കാനാകുന്നത്. പക്ഷേ ആദ്യത്തെ ഹൈബ്രിഡ് കപ്പലെന്ന നിലയില്‍ ഇനി വരുന്ന കാലത്ത് കപ്പല്‍ ഗതാഗതം പരിസ്ഥിതി സൗഹൃദമാക്കാന്‍ പ്രചോദനം നല്‍കുന്നതാകും റുവാഡ് അമൻസൻ എന്ന കപ്പല്‍. അതും കപ്പല്‍ഗതാഗതത്തിന് ഏറ്റവും ദുര്‍ഘടമായ പോളാര്‍ മേഖലയില്‍ സഞ്ചരിക്കുന്നതിനാണ് ഈ കപ്പല്‍ നിര്‍മിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

SHIPPING-ELECTRIC
MS Roald Amundsen

റുവാഡ് അമൻസന്‍

20889 ടണ്‍ ആണ് ഈ കപ്പലിന്റെ ഭാരം. 530 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന കപ്പലില്‍ 269 ക്യാബിനുകളാണ് ഉള്ളത്. 459 അടി നീളവും 77 അടി വീതിയും ഉള്ള കപ്പലിന് വെള്ളത്തിനടിയിലേക്ക് 17 അടി കൂടി നീളമുണ്ട്. പോളാര്‍ മേഖലയില്‍ സഞ്ചരിക്കുന്നതിനായി പ്രത്യേകം തയാറാക്കിയിട്ടുള്ളതാണ് കപ്പലിന്‍റെ രൂപരേഖ. റോള്‍സ് റോയ്സ് ആണ് കപ്പലിന്‍റെ രൂപരേഖ തയാറാക്കിയത്. ക്രൂയിസ് ഷിപ്പ് എന്നതിനേക്കാള്‍ അകത്ത് നിന്നു തന്നെ നിരീക്ഷണം സാധ്യമാകുന്ന കപ്പല്‍ എന്ന നിലയിലാണ് ഇതിന്‍റെ ഡിസൈന്‍.

പല ശ്രേണിയിലുള്ള മുറികളും, ക്യാബിനുകളും കപ്പലില്‍ ലഭ്യമാണ്. മിക്ക ക്യാബിനുകള്‍ക്കും ബാല്‍ക്കണി സൗകര്യവും ഉണ്ട്. കൂടാതെ മുറികളിലെല്ലാം കപ്പലിന്‍റെ പുറത്ത് നിന്നുള്ള ദൃശ്യങ്ങള്‍ കാണാൻ സാധിക്കുന്ന ടി.വി ഉണ്ട്. ഇത് നിരീക്ഷണത്തിനും ഫോട്ടോയ്ക്കും മറ്റും ഉതകുന്ന സമയം മനസ്സിലാക്കി ഡക്കിലേയ്ക്കെത്താന്‍ സഞ്ചാരികളെ സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA