ADVERTISEMENT

ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാറാണ് ടാറ്റ ഇന്‍ഡിക്ക. അംബാസിഡറും മാരുതി 800ഉം കഴിഞ്ഞാല്‍ നമ്മുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന കാര്‍. ടാറ്റയുടെ ആദ്യ പാസഞ്ചര്‍ കാറായ ഇന്‍ഡിക്കയുടെ ജനനം 1998 ഡിസംബറിലായിരുന്നു. മോര്‍ കാര്‍ പെര്‍ കാര്‍ എന്ന ടാഗ് ലൈനുമായി എത്തിയ കാര്‍ പെട്ടെന്നു തന്നെ ഇന്ത്യക്കാരുടെ മനസില്‍ ഇടം പിടിച്ചു. 1999ല്‍ പുറത്തിറങ്ങിയ കാറിന് ആദ്യ ആഴ്ചയില്‍ തന്നെ 1.15 ലക്ഷം ബുക്കിങ്ങുകള്‍ ലഭിച്ചു. 

City-rover2

പിന്നീട് നീണ്ട 20 വര്‍ഷം ഇന്ത്യന്‍ നിരത്തുകളിലൂടെ ഓടിയ കാറിന് നിരവധി സവിശേഷതകള്‍ അവകാശപ്പെടാനുണ്ട്. തദ്ദേശീയമായി നിര്‍മിച്ച ആദ്യ പാസഞ്ചര്‍കാറായിരുന്നു ടാറ്റ ഇന്‍ഡിക്ക. ഇന്ത്യയില്‍ മാത്രം ഏകദേശം 14.69 ലക്ഷം ഇന്‍ഡിക്ക കാറുകളാണ് വിറ്റിട്ടുള്ളത്. സിറ്റി റോവര്‍ എന്ന പേരില്‍ ബ്രിട്ടനിലും ഇന്‍ഡിക്ക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എംജി റോവര്‍ എന്ന ബ്രിട്ടിഷ് കമ്പനിയും ടാറ്റയും തമ്മിലുള്ള ധാരണപ്രകാരമാണ് ഇന്‍ഡിക്ക കടല്‍ കടന്നത്. 

City-rover-1

എംജി റോവര്‍ സിറ്റി റോവര്‍

ഇന്‍ഡിക്കയുടെ വേര്‍ഷന്‍ 2നെ അടിസ്ഥാനമാക്കി നിര്‍മിച്ച സിറ്റി റോവര്‍ 2003 ലാണ് ബ്രിട്ടിഷ് വിപണിയിലെത്തിയത്. പുണെയിലെ ടാറ്റ ഫാക്ടറിയില്‍ നിര്‍മിച്ച് ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്തായിരുന്നു വില്‍പന. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായിരുന്നെങ്കിലും ബ്രിട്ടനില്‍ സിറ്റി റോവറിന്റെ സ്ഥിതി മറിച്ചായിരുന്നു. സ്‌പൈറ്റ്, സോളോ, സെലക്റ്റ്, സ്‌റ്റൈല്‍ എന്നിങ്ങനെ നാലു വേരിയന്റുകളിലാണ് സിറ്റി റോവര്‍ വില്‍പനയ്‌ക്കെത്തിയിരുന്നത്. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ടായിരുന്നെങ്കില്‍ ബ്രിട്ടനില്‍ പെട്രോള്‍ എന്‍ജിനോടെ മാത്രമായിരുന്നു വില്‍പന. പ്യൂഷൊയുടെ 1.4 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുമായാണ് സിറ്റി റോവറില്‍.

ഗ്രില്ലും, അലോയ് വീലുകളും അടക്കം ചെറിയ മാറ്റങ്ങളായിരുന്നു കാറിന്റെ പുറംഭാഗത്ത്. ബ്രിട്ടിഷ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനായി എയര്‍ബാഗുകളും മറ്റു സുരക്ഷ ഫീച്ചറുകളും വാഹനത്തിലുണ്ടായിരുന്നു. ഇന്റീരിയറിലും ചെറിയമാറ്റങ്ങള്‍ വരുത്തിയിരുന്നു.

City-rover4

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍ഡിക്കയുടെ രൂപ ഭംഗി ഇഷ്ടപ്പെട്ടെങ്കിലും ബ്രിട്ടിഷ് ഉപഭോക്താക്കളെ അത്ര സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. കണ്ടു മടുത്ത രൂപത്തില്‍ എത്തിയ സൂപ്പര്‍ മിനി എന്നാണ് സിറ്റി റോവറിനെ അക്കാലത്തെ വാഹന നിരൂപകര്‍ വിശേഷിപ്പിച്ചത്. എംജി റോവറിന്റെ എന്‍ജിനിയര്‍മാര്‍ കാറിനു പല മാറ്റങ്ങളും വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി മാനേജ്‌മെന്റ് അന്ന് അതിന് തയ്യാറായില്ല. വിലയായിരുന്നു സിറ്റി റോവറിനെ പുറകോട്ട് വലിച്ച പ്രധാന ഘടകം. കുറഞ്ഞ വിലയില്‍ പുറത്തിറങ്ങിയിരുന്നുവെങ്കില്‍ ചിലപ്പോള്‍ സിറ്റി റോവര്‍ ബ്രിട്ടന്റെ പ്രിയ കാറായി മാറിയേനെ എന്നും ബ്രിട്ടിഷ് വാഹന വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

City-rover3

കുറഞ്ഞ വില്‍പന വാഹനത്തിന്റെ വില കുറയ്ക്കാന് കമ്പനിയെ പ്രേരിപ്പിച്ചുവെങ്കിലും അപ്പോഴേയ്ക്കും ഏറെ വൈകിപോയിരുന്നു. അവസാന ശ്രമമെന്നോണം 2005 ല്‍ കൂടുതല്‍ സ്‌റ്റൈലും നൂതന സാങ്കേതിക വിദ്യയുമായി പുതിയ മോഡല്‍ എത്തിക്കുമെന്ന് എംജി റോവര്‍ പ്രഖ്യാപിച്ചെങ്കിലും കമ്പനി പാപ്പരായത് സിറ്റി റോവറിന്റെ അന്ത്യത്തിന് കാരണമായി. രണ്ടു വര്‍ഷം കൊണ്ട് ഏകദേശം 8600 സിറ്റി റോവറാണ് ബ്രിട്ടനില്‍ വിറ്റുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com