ADVERTISEMENT

കേരളാ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ എഎസ് 365 ഡൗഫിൻ എൻ 3 കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ലോകത്ത് വിവിധ രാജ്യങ്ങൾ ഉപയോഗിക്കുന്ന ഈ ഹെലികോപ്റ്ററുകൾ എയർബസിന് കീഴിലുള്ള എയർബസ് ഹെലികോപ്റ്റേഴ്സാണ് നിർമിക്കുന്നത്. 2002ൽ പവൻഹംസ് കമ്പനി സ്വന്തമാക്കിയ ഹെലികോപ്റ്ററാണിത്. മുൻപ് ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള ദൗത്യത്തിനായും ഡൗഫിനെ ഉപയോഗിച്ചിട്ടുണ്ട്. യുഎസ് കോസ്റ്റ്ഗാർഡും ഫ്രഞ്ച് നേവിയും അടക്കം നിരവധി രാജ്യങ്ങൾ എഎസ് 365 ഡൗഫിന്റെ മിലിറ്ററി പതിപ്പ് ഉപയോഗിക്കുന്നുണ്ട്.

2 പൈലറ്റുമാർ 10 യാത്രക്കാർ

വിദേശ പരിശീലനം പൂർത്തിയാക്കിയ 2 പൈലറ്റുമാരെയാണ് ഒരു ഹെലികോപ്റ്ററിനായി പവൻഹംസ് നിയോഗിക്കുക. ഒന്നോ, രണ്ടോ പൈലറ്റുമാർക്ക് പറപ്പിക്കാവുന്ന തരത്തിലാണ് ഡിസൈൻ. 10 മുതൽ 12 പേർക്ക് വരെ സഞ്ചരിക്കാം. ഏകദേശം 45 അടി നീളവും 13 അടി ഉയരവുമുണ്ട് കോപ്റ്ററിന്. 2389 കിലോഗ്രാം ഭാരമുള്ള ഹെലികോപ്റ്ററിന് പരമാവധി 4300 കിലോഗ്രാം ഭാരത്തോടെ പറന്നുയരാം. മണിക്കൂറിൽ 300 കിലോമീറ്റാണ് പരമാവധി വേഗം. ക്രൂസ് സ്പീഡ് 279 കിലോമീറ്ററും. ഒറ്റയടിക്ക് 827 കിലോമീറ്റർ (ഓക്സിലറി ഇന്ധനടാങ്ക് ഘടിപ്പിച്ചാൽ 963 കിലോമീറ്റർ) വരെ പറക്കുന്ന കോപ്റ്ററിന് സഞ്ചരിക്കാവുന്ന പരമാവധി ഉയരം 5865 അടിയാണ്. ഫ്രഞ്ച് കമ്പനിയായ ടർബോമെക്കയുടെ (ഇപ്പോൾ സഫ്റാൻ ഹെലികോപ്റ്റർ എൻജിൻസ്) 2 എരിയൽ 2 സി ടർബോഷാഫ്റ്റുകളാണ് ഹെലികോപ്റ്റിന് കരുത്തു പകരുന്നത്. പറന്നുയരുമ്പോൾ 838 ബിഎച്ച്പി കരുത്തുവരെ നൽകാൻ ഈ ടർബോഷാഫ്റ്റുകൾക്ക് പറ്റും.

ഇരട്ട എൻജിൻ കരുത്ത്

നിലവിൽ, മഹാരാഷ്ട്രയിലെ ഗഡ്ചിറോളി, ഒഡീഷ എന്നിവിടങ്ങളിൽ മാവോയിസ്റ്റ് വേട്ടയ്ക്കായി ഇവ ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണ റഡാർ, ഉയർന്ന മേഖലകളിലേക്കു പറക്കാനുള്ള കരുത്ത്, താഴേയുള്ളവരെ ഉയർത്തിയെടുക്കാനുള്ള (എയർ ലിഫ്റ്റ്) സൗകര്യം എന്നിവ അവയിൽ സജ്ജമാക്കിയിട്ടുണ്ട്.

ദൗത്യത്തിനനുസരിച്ച് മാറ്റാം

മുൻപ് ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള ദൗത്യത്തിനിടെ വെടിയേറ്റ ചരിത്രവും ഡൗഫിനുണ്ട്. മുംബൈയിൽ കടലിലെ എണ്ണ പര്യവേക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും കോപ്റ്ററിന്റെ സഹായമുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുടനീളം സർവീസ് നടത്തുന്നത് ഡൗഫിനാണ്. അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ഡോർജി ഖണ്ഡുവിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിനു പിന്നാലെ അതിർത്തി മേഖലയായ തവാങ്ങിലേക്കു നിരീക്ഷണത്തിനായി ആദ്യമെത്തിയതു ഡൗഫിനായിരുന്നു. ചണ്ഡിഗഡിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളായ ഷിംല, കുളു, ധർമശാല എന്നിവിടങ്ങളിലേക്ക് ഡൗഫിൻ സർവീസ് നടത്തുന്നുണ്ട്.

എഎസ് 365 ഡൗഫിൻ എൻ 3  ഉപയോഗിക്കുന്നവർ

യുഎസ് കോസ്റ്റ്ഗാർഡും ഫ്രഞ്ച് നേവിയ്ക്കും പുറമേ, ഓസ്ട്രേലിയ പൊലീസ്, അർജന്റീനിയൻ കോസ്റ്റ്ഗാർഡ്, ഗ്രീസ് കോസ്റ്റ്ഗാർഡ്, ഐസ്‌ലാൻഡിക് കോസ്റ്റ്ഗാർഡ്, ഇന്തോനീഷ്യൻ നാഷണൽ സെർച്ച് ആന്റ് റെസ്ക്യു എൻജൻസി, ടോക്കിയോ ഫയർ ഡിപ്പാർട്ടുമെന്റ്, കുവൈറ്റ് പൊലീസ്, ബംഗ്ലദേശ് മിലിറ്ററി, ബൾഗേറിയൻ നേവി, മ്യാൻമാർ നേവി, സൗദി അറേബ്യൻ നേവൽ ഫോഴ്സ്, ബ്രിട്ടിഷ് റോയൽ നേവി, തുടങ്ങി നിരവധി രാജ്യങ്ങൾ ഈ ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്.

എസ്എ ഡൗഫിൻ 2, എഎസ് 365 ഡൗഫിൻ എൻ 3 സീരിസുകളിലായി ആയിരത്തിൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിര്‍മിച്ചിട്ടുണ്ട്. എയർറോസ്പെഷ്യൽ എന്ന ഫ്രഞ്ച് കമ്പനിയാണ് യൂറോകോപ്റ്ററും പിന്നീട് എയർബസ് ഹെലികോപ്റ്ററുമായി മാറുന്നത്. എയർറോസ്പെഷ്യൽ എസ്എ 360 ഡൗഫിൻ എന്ന സിംഗിൾ എൻജിൻ ഹെലികോപ്റ്റിന്റെ പിൻഗാമായായിട്ടുണ് ഈ എഎസ് 365 ഡൗഫിൻ സീരിസിലുള്ള ഹെലികോപ്റ്ററുകൾ പുറത്തിറങ്ങുന്നത്. 1978 ലാണ് ഈ ഹെലികോപ്റ്ററുകളുടെ നിർമാണം തുടങ്ങുന്നത്. ഇതിൽ നിന്ന് ഏറെ അഡ്വാൻസിഡായ ഹെലികോപ്റ്റാണ് കേരളാസർക്കാർ വാടകയ്ക്ക് എടുത്ത എഎസ് 365 ഡൗഫിൻ എൻ 3. 1998 ൽ നിർമാണം ആരംഭിച്ച ഈ മോഡലിന്റെ ഏകദേശം 15 ഹെലികോപ്റ്ററുൾ പവൻഹംസിനുണ്ട്. 2002 ൽ നിർമിച്ച ഹെലികോപ്റ്ററാണ് കേരളത്തിൽ എത്തിച്ചത്. 

പവൻഹംസ്

പൊതുമേഖലാ സ്ഥാപനമാണ് പവൻഹംസ്. ഒഎൻജിസിക്കും വിവിധ സർക്കാർ ഏജൻസികൾക്കുമായി പവൻഹംസിന്റെ ഹെലികോപ്റ്ററുകൾ സർവീസ് നടത്തുന്നുണ്ട്. 1985 ൽ സ്ഥാപിതമായ പവൻഹംസിൽ കേന്ദ്ര സർക്കാരിന് 51% ഓഹരിയാണുള്ളത്. ബാക്കിയുള്ള 49% ഒഎൻജിസിക്കും. ഫ്രഞ്ച് നിർമിത ഡൗഫിൻ 1987ലാണ് പവൻ ഹംസ് ആദ്യമായി വാങ്ങുന്നത്. ‌‌ നിലവിൽ ഏകദേശം 15 എഎസ് 365 ഡൗഫിൻ എൻ 3  ഹെലികോപ്റ്ററുകൾ പവൻ ഹൻസിലുണ്ട്. 

2011 ഏപ്രിൽ 19നു ഗുവാഹത്തിയിൽനിന്നു താവാങ്ങിലേക്കു പോയ പവൻ ഹാൻസ് ഉടമയിലുള്ള റഷ്യൻ ഹെലികോപ്‌റ്റർ തകർന്നു 17പേരും 22ന് ഉത്തര സിക്കിമിൽ ധൃവ് ഹെലികോപ്‌റ്റർ തകർന്നു നാലു സൈനികരും 2011 ഏപ്രിൽ 30ന് അരുണാചൽ പ്രദേശിലുണ്ടായ പവൻ ഹാൻസ് കോപ്‌റ്റർ അപകടത്തിൽ മുഖ്യമന്ത്രി ദോർജി ഖാണ്ടുവും മറ്റു നാലുപേരും കൊല്ലപ്പെടുകയുണ്ടായി.

English Summary:  Know More About Pawan Hans AS 365 N 3 Helicopter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com