ADVERTISEMENT

ലോകത്തില്‍ ഏറ്റവും അധികം ആരാധകരുള്ള സ്‌പോര്‍ട്‌സ് ഇവന്റുകളാണ് വാഹനങ്ങളുടെ വേഗ മത്സരങ്ങള്‍. ഫോര്‍മുല വണ്‍, മോട്ടോ ജിപി, നാസ്‌കാര്‍ തുടങ്ങിയ പലപേരുകളില്‍ പല രൂപത്തിലുള്ള ഈ വേഗ മത്സരങ്ങള്‍ ഒരുതരത്തില്‍ മനുഷ്യന്റെ വേഗ ത്വരയെയാണ് ശമിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് രണ്ടക്കവും മൂന്നക്കവുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കൈവരിക്കുന്ന കാറുകള്‍ ട്രാക്കുകളില്‍ മാത്രമല്ല റോഡുകളിലുണ്ട്. ബുഗാട്ടിയും കോനിസെഗും ഹെന്നസിയും തുടങ്ങി ലോകോത്തര കമ്പനികള്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിക്കാനുള്ള മത്സരത്തിലാണ്. നിലവില്‍ ലോകത്തില്‍ ഏറ്റവും വേഗതയുള്ള അഞ്ച് സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറുകള്‍ ഏതെന്ന് നോക്കാം.

ബുഗാട്ടി ഷിറോണ്‍ സൂപ്പർ സ്പോർട്സ്- 490.48 കിലോമീറ്റര്‍

ബുഗാട്ടിയുടെ ഹൈപ്പര്‍ കാറായ ഷിറോണ്‍ വേഗത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചത് കഴിഞ്ഞ വര്‍ഷമാണ്. മണിക്കൂറില്‍ 300 മൈല്‍(അഥവാ 482 കിലോമീറ്റര്‍) എന്ന വേഗപരിധിയാണു ഷിറോണ്‍ കീഴടക്കിയത്. വുള്‍ഫ്‌സ്ബര്‍ഗിനടുത്ത് ഫോക്‌സ്‌വാഗന്റെ ഉടമസ്ഥതയിലുള്ള പരീക്ഷണ ട്രാക്കില്‍ ടെസ്റ്റ് ഡ്രൈവറായ ആന്‍ഡി വാലസാണ് ഈ വേഗം കൈവരിച്ചത്. പരീക്ഷണ ഓട്ടത്തിനിടെ കാര്‍ മണിക്കൂറില്‍ 304.773 മൈല്‍(അഥവാ 490.484 കിലോമീറ്റര്‍) വേഗം കൈവരിച്ചു. 2017ല്‍ കോനിസെഗ് അഗേര ആര്‍എസ് കൈവരിച്ച 284.55 മൈല്‍ വേഗമായിരുന്നു ഇതുവരെയുള്ള റെക്കോഡ്. എന്നാല്‍ ഇതിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഷിറോണിന്റെ പുതിയ മാതൃക പുറത്തെടുത്തത്. 

bugatti-chiron-2

വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാറുകളില്‍ ഏറ്റവും കരുത്തേറിയതെന്ന പെരുമയോടെയാണ് ഷിറോണ്‍ എത്തിയത്. കാറിലെ എട്ടു ലീറ്റര്‍, ക്വാഡ് ടര്‍ബോ ഡബ്ല്യു 16 എന്‍ജിന് 1480 ബിഎച്ച്പി  കരുത്താണു സൃഷ്ടിക്കാനാവുക.  പരമാവധി 1,480 ബി എച്ച് പി കരുത്തിന്റെയും 1,600 എന്‍ എം ടോര്‍ക്കിന്റെയും പിന്‍ബലത്തോടെയെത്തുന്ന ഹൈപ്പര്‍കാര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുക വെറും രണ്ടര സെക്കന്‍ഡിലാണ്. ആറര സെക്കന്‍ഡില്‍ ഷിറോണ്‍ 200 കിലോമീറ്റര്‍ വേഗവും 13.6 സെക്കന്‍ഡില്‍ 300 കിലോമീറ്റര്‍ വേഗവും കൈവരിക്കും. ആകെ 500 കാറുകള്‍ മാത്രം നിര്‍മിച്ചു വില്‍ക്കാനാണു ബുഗാട്ടി ലക്ഷ്യമിടുന്നത്. 

കോനിസെഗ് അഗേര ആര്‍ എസ്- 441.07 കിലോമീറ്റര്‍

koenigsegg-agera-rs

വേഗമേറിയ കാറുകള്‍ നിര്‍മിക്കുന്നതില്‍ സ്വീഡിഷ് വാഹന നിര്‍മാതാക്കളായ കോനിസെഗും ബുഗാട്ടിയും എന്നും മത്സരത്തിലാണ്. ഇടയ്ക്കിടെ വേഗകിരീടം ഇരുവരും വെച്ചുമാറും. 2017 ലാണ് ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട്ടില്‍ നിന്ന് കോനിസെഗ് അഗേര ആര്‍എസ് വേഗകിരീടം കൈക്കലാക്കിയത്. പരമാവധി 1360 പിഎസ് കരുത്തും 1370 എന്‍എം ടോര്‍ക്കുമുണ്ട് കാറിന്. 2.8 സെക്കന്റുകൊണ്ട് 100 കിലോമീറ്റര്‍, 6.9 സെക്കന്റ് കൊണ്ട് 200 കിലോമീറ്റര്‍, 12.3 സെക്കന്റ് കൊണ്ട് 300 കിലോമീറ്റര്‍ വേഗവും കൈവരിക്കാന്‍ ശേഷിയുള്ള കാറാണ് അഗേര ആര്‍ എസ്.

ഹെന്നസി വെനോം ജിടി - 435 കിലോമീറ്റര്‍

hennessey-venom

2014  ല്‍ ഫ്‌ളോറിഡയിലെ നാസയുടെ റണ്‍വേയില്‍ 270 മൈല്‍ (435 കീമി) വേഗത്തില്‍ സഞ്ചരിച്ച് വെനോം ബുഗാട്ടിയുടെ റിക്കാര്‍ഡ് പഴങ്കഥയാക്കി മാറ്റിയെങ്കിലും ഗിന്നസ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടത്തിയ സ്പീഡ് ടെസ്റ്റായതിനാല്‍ ഇത് റെക്കോര്‍ഡു ബുക്കുകളില്‍ ഇടം പിടിച്ചില്ല. ഹെന്നസി വെനോം ജിടി എന്ന ഈ സൂപ്പര്‍ഫാസ്റ്റ് കാര്‍ ലോട്ടസിന്റെ സൂപ്പര്‍കാറിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ പ്രശസ്ത പെര്‍ഫോമന്‍സ് മോഡിഫിക്കേഷന്‍ കമ്പനിയായ ഹെന്നസി പെര്‍ഫോമന്‍സ് എന്‍ജിനിയറിങ്ങാണ് കാറിന്റെ നിര്‍മാതാക്കള്‍. 7.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എന്‍ജിനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 300 കീമി വേഗം കൈവരിക്കാന്‍ വെനോമിന് 13.63 സെക്കന്റ് മാത്രം മതി. 

ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ്- 431.07 കിലോമീറ്റര്‍

bugatti-vyrone

ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാര്‍ എന്ന റിക്കോര്‍ഡ് ബുഗാട്ടി വെയ്‌റോണ്‍ സ്വന്തമാക്കിയത് 2010 ലാണ്. എസ്എസ് ആള്‍ട്ടിമേറ്റ് എയ്‌റോ ടിടി എന്ന ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാറിനെ പിന്തള്ളിയാണ് വെയ്‌റോണ്‍ വേഗരാജാവായി മാറിയത്. ബുഗാട്ടി വെയ്‌റോണിന്റെ റെക്കോര്‍ഡിന് ഏഴു വര്‍ഷമായിരുന്നു ആയുസ്.  മണിക്കൂറില്‍ 431.075 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞാണ്  വെയ്‌റോണ്‍ എയ്‌റോ ടിടിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിമാറ്റിയത്. കണ്ണു ചിമ്മുന്ന സമയം കൊണ്ട് വെയ്‌റോണ്‍ കിലോമീറ്ററുകള്‍ താണ്ടും. 1184 ബിഎച്ച്പിയാണ് സൂപ്പര്‍ സ്‌പോര്‍ട്ടിന്റെ കരുത്ത്. പൂജ്യത്തില്‍ നിന്ന് 100 കിമി വേഗത്തിലെത്താന്‍ വെറും 2.2 സെക്കന്റും പൂജ്യത്തില്‍ നിന്ന് 300 കിലോമീറ്ററില്‍ എത്താന്‍ 14.6 സെക്കന്റും മാത്രം മതി വെയ്‌റോണിന്.

എസ് എസ് സി അള്‍ട്ടിമേറ്റ് എയ്‌റോ- 412.28 കിലോമീറ്റര്‍

2005 ല്‍ ബുഗാട്ടി വെയ്‌റോണ്‍ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ കാര്‍ എന്ന റിക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് 2007 ല്‍ അള്‍ട്ടിമേറ്റ് എയ്‌റോ വരവറിയിച്ചത്. 2010 ല്‍ വെയ്‌റോണ്‍ സൂപ്പര്‍സ്‌പോര്‍ട്‌സിലൂടെ റെക്കോര്‍ഡ് തിരിച്ചു പിടിച്ചെങ്കിലും ഇന്നും ലോകത്തിലെ ഏറ്റവും വേഗമുള്ള പ്രൊഡക്ഷന്‍ കാറുകളുടെ പട്ടികയില്‍ എയ്‌റോയുണ്ട്. ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് എയ്‌റോയില്‍. 6950 ആര്‍പിഎമ്മില്‍ 1183 ബിഎച്ച്പി കരുത്തും 6150 ആര്‍പിഎമ്മില്‍ 1483 എന്‍എം ടോര്‍ക്കും എയ്‌റോ നല്‍കുന്നുണ്ട്.

 

English Summary: Worlds Fastest Production Cars

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com