കേരളത്തിന്റെ മാരുതി; വിസ്മൃതിയിൽ ഒരു അരവിന്ദ്
Mail This Article
കഥ അറുപതുകളിലാണ്. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിന് തിരുവുള്ളത്തിനിണങ്ങുന്ന ഒരു കാറു വേണം. 1962 ൽ പോർച്ചുഗീസുകാരെ ഗോവയിൽ നിന്നു തുരത്തിയ കാലം. ഗോവയിൽ പോയാൽ ലക്ഷണമൊത്ത യൂറോപ്യൻ, അമേരിക്കൻ കാറുകൾ കിട്ടുമെന്നാരോ പറഞ്ഞു. മഹാരാജാവിന്റെ െെപ്രവറ്റ് സെക്രട്ടറി വി പി തമ്പിയും അക്കാലത്തെ അറിയപ്പെടുന്ന ഒാട്ടമൊബീൽ എൻജിനിയർ കെ എ ബാലകൃഷ്ണ മേനോനും പറ്റിയ കാറു തേടി ഗോവയ്ക്കു തിരിച്ചു. തിരിച്ചെത്തിയത് അരവിന്ദ് എന്ന കേരളത്തിൽ നിർമിക്കുന്ന പ്രഥമ കാറെന്ന സങ്കൽപവുമായാണ്.
അധികമാരും ഒാർക്കാനിടയില്ലാത്ത, ചരിത്രത്തിൽ കാര്യമായി എഴുതപ്പെട്ടിട്ടില്ലാത്ത ഈ കഥ 1966 ൽ ഇലസ്ട്രേറ്റഡ് വീക്‌ലി വാർത്തയാക്കി. അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ ചെറിയ രീതിയിൽ പ്രചരിച്ചും തുടങ്ങി. ഇന്ത്യയുടെ വാഹനചരിത്രത്തിൽ രേഖപ്പെടുത്തേണ്ട അരവിന്ദ് കാറിന്റെ കഥയിലേക്ക്, ലേഖകന്റെ പേരില്ലാത്ത ഇലസ്ട്രേറ്റഡ് വീക്‌ലി ലേഖനത്തോട് കടപ്പാടോടെ...
വിമാനത്തിലും കാറിലുമൊക്കെയായി ഗോവയിലെത്തിയ തമ്പിയും മേനോനും പെട്ടെന്നു നിരാശരായി. പഞ്ചിം, ഗോവ പ്രദേശത്തൊന്നും മഹാരാജാവിനു പറ്റിയ കാറുകളൊന്നും കണ്ടെത്താനായില്ല. നിരാശ്ശരായി ഹോട്ടലിലെത്തിയ അവർ മടക്കയാത്ര പദ്ധതിയിട്ടു. മനസ്സു മടുത്ത് തമ്പി ഇരുന്നപ്പോഴും വെറും കയ്യോടെ മടങ്ങാൻ മേനോൻ തയാറായില്ല. റിസപ്ഷനിൽ നിന്ന് പേപ്പറും പെൻസിലും വരുത്തിയ മേനോൻ ഗോവയിൽക്കണ്ടതും അല്ലാത്തതുമായ കാറുകളിൽ നിന്നുള്ള സൗകര്യങ്ങളെല്ലാം കൂട്ടിച്ചേർത്ത് തിരുവുള്ളത്തിനിണങ്ങുമെന്നു തോന്നിയ ഒരു സ്കെച്ച് വരച്ചെടുത്തു. എന്നിട്ട് തമ്പിയോടു ചോദിച്ചത്രെ: ഈ കാർ തമ്പുരാനായി ഞാനങ്ങുണ്ടാക്കിയാലോ? തമ്പി ചിരിച്ചു കാണും. പക്ഷെ ആ സ്കെച്ച് അരവിന്ദ് എന്ന പേരിൽ കാറായി ജനിച്ചു. തിരുമനസ്സ് ഉപയോഗിച്ചോ എന്നതു ചരിത്രം.
തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോൾ കൂടുതൽ വിശദമായ സ്കെച്ചുകളും ബ്ലൂ പ്രിൻറും മേനോൻ തയാറാക്കി മഹാരാജാവിനെ മുഖം കാണിച്ചു. കൊട്ടാരം ഗാരേജിൽ ഉപയോഗിക്കാതെ കിടക്കുന്ന 1939 ലിമൊസിൻ (ഏതു ബ്രാൻഡാണെന്നതിന് രേഖകളില്ല) ഡോണർ കാറായി നൽകാമെങ്കിൽ പണി ഉടൻ തുടങ്ങാമെന്ന് അറിയിച്ചു. തെല്ലു പകച്ചെങ്കിലും മഹാരാജാവ് മേനോന് ഒരു അവസരം നൽകി. കാർ ഇഷ്ടപ്പെട്ടില്ലെങ്കിൽ പദ്ധതിയുടെ തുക മുഴുവൻ മേനോൻ വഹിക്കണമെന്നായിരുന്നു കരാർ. മാത്രമല്ല, പഴയ ലിമൊസിെൻറ വിലയായി 10000 രൂപയും നൽകണമെന്നു വ്യവസ്ഥ വച്ചു. കരാറായി. മേനോൻ പണി തുടങ്ങി.
മേനോന്റെ വർക്ക്ഷോപ്പിലെ ആറു കൊല്ലന്മാരാണ് സഹായികൾ. കാര്യമായ യന്ത്രവൽകൃത സംവിധാനങ്ങളൊന്നുമില്ല. എല്ലാം കൈപ്പണി. അധികം പണവുമില്ല. പുറമെ അവനാരു കാറുണ്ടാക്കാൻ ഹെൻട്രി ഫോഡോ എന്ന മാതിരി കളിയാക്കലുകളും ഭ്രാന്തനെന്ന മുദ്രകുത്തലുകളും. കൊട്ടാരം ഉദ്യോഗസ്ഥർക്കു പോലും മേനോനിൽ പൂർണവിശ്വാസമില്ലായിരുന്നെന്ന് ഇലസ്ട്രേറ്റഡ് വീക്‌ലി ലേഖകൻ എഴുതിയിട്ടുണ്ട്.
മേനോൻ വിട്ടില്ല. കൃത്യം 10 മാസം കൊണ്ട് മേനോന്റെ കുട്ടി പുറത്തെത്തി. വലിയൊരു കാർ. പേര് അരവിന്ദ് എന്നല്ല, പാലസ് സ്പെഷൽ. കാറോടിച്ച് മേനോൻ കവടിയാർ കൊട്ടാരത്തിന്റെ പോർട്ടിക്കോയിലെത്തി. പുറത്തിറങ്ങിവന്ന മഹാരാജാവ് അമ്പരന്നു. മനസ്സിലെ കാർ പോർട്ടിക്കൊയിൽ. മേനോനെ മുക്തകണ്ഠം പ്രസംസിച്ച തിരുമനസ്സ് കാറിൽ കയറി ഡ്രൈവ് ചെയ്യാൻ തയാറായി. എന്നാൽ ആദ്യം വളയം പിടിച്ചത് മേനോനാണ്. മഹാരാജാവ് യാത്രക്കാരനായി. പിന്നാലെ രാജകുടുംബാംഗങ്ങളും കാറിലേറി സഞ്ചരിച്ചു. രാജഭരണം കഴിഞ്ഞെങ്കിലും ‘അന്ത ഹന്തയ്ക്കിന്ത പട്ടെന്ന’ മട്ടിൽ മേനോന് കൈ നിറയെ പണം.
മേനോന്റെ കീർത്തി േകരളം വിട്ട് രാജ്യവും കടന്ന് അമേരിക്ക വരെയെത്തി. പത്ര മാസികകൾ പുകഴ്ത്തി. അമേരിക്കയിലെ ഒാട്ടമൊബീൽ ഇന്റർനാഷനൽ മാസിക വരെ കഥകൾ പ്രസിദ്ധീകരിച്ചു. പാലസ് സ്പെഷലിന് പിന്നിട് എന്തു സംഭവിച്ചു എന്നറിയില്ല, എന്നാൽ ഈ വിജയം അരവിന്ദ് എന്ന പേരിൽ സ്വന്തമായി ഒരു കാർ നിർമിക്കാൻ മേനോന് പ്രചോദനമായി.
കുറച്ചു കൂടി ചെറിയ, അമേരിക്കൻ കാറുകളെയും കാലികമായ ചില ബ്രിട്ടീഷ് മോഡലുകളെയും അനുസ്മരിപ്പിക്കുന്ന അരവിന്ദ് കാർ മോനോൻ ഉണ്ടാക്കിയത് അങ്ങനെയാണ്. കൂടുതൽ ചരിത്രം അന്വേഷിച്ച് എടുക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇത്തരത്തിൽ നിർമിച്ച ഒരു കാർ ഇപ്പോഴും ജീവനോടെയിരിക്കുന്നു. ഒന്നിലധികം കാറുകള്‍ നിർമിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.
പൊളിച്ച കാറുകളിലൊന്നിൽ നിന്നെടുത്ത എൻജിനും മെക്കാനിക്കൽ ഘടകങ്ങളുമാണ് പ്രോട്ടൊടൈപ്പ് എന്നു വിശേഷിപ്പിക്കാവുന്ന കാറുണ്ടാക്കിയത് (ഈ എൻജിൻ ഫിയറ്റാണെന്നാണ് ആർസി രേഖകളിൽ കാണുന്നത്). ബോക്സ് ഷാസിയിയിൽ 18 ഗേജ് സ്റ്റീൽ പ്ലേറ്റുകളും 22 ഗേജ് തകിടിലുണ്ടാക്കിയ പ്ലാറ്റ്ഫോമും. ഡോറുകളും ഫെൻഡറും ബോണറ്റും ഡാഷും സ്റ്റീയറിങ്ങുമെല്ലാം ഉണ്ടാക്കിയെടുത്തു.
മനോഹമായ ഗ്രില്ലും ഹെഡ്ലാംപ് യൂണിറ്റും അക്കാലത്തെ ആഢംബര കാറുകളെ അനുസ്മരിപ്പിച്ചു. 5000 രൂപയ്ക്ക് കാറു വിൽക്കാനായിരുന്നു പദ്ധതി. അതിനായി നിർമാണ ശാലയുടെ പണികളും മറ്റും തുടങ്ങിയതായറിയാം. എന്നാൽ മേനോന്റെ മരണശേഷം ശാല ജോലിക്കാരുടെ സഹകരണ സംഘത്തിനു നൽകിയെന്നു പറയപ്പെടുന്നു.
ഇന്നും സൂക്ഷിക്കപ്പെടുന്ന ഒരേഒരു അരവിന്ദ് കാറിനെക്കുറിച്ച് കൂടുതൽ വരും ലക്കങ്ങളിൽ...