ADVERTISEMENT

‘സാമ്പാർ’ ഇന്ത്യയിൽ ഇറങ്ങാതിരിക്കാനുള്ള ഏക കാരണം ഒാമ്നിയാണ്. ഒരേ പോലെയുള്ള രണ്ടു വണ്ടികൾക്ക് ഇന്ത്യയിൽ വിൽപന കിട്ടാൻ പ്രയാസമായിരുന്നു എന്ന തിരിച്ചറിവിൽ തൊണ്ണൂറുകളിൽ സുബാറു പിൻവാങ്ങി. അല്ലെങ്കിൽ ഇന്ന് ഇന്ത്യയിലെ നിരത്തുകളിൽ കുറെ‘സാമ്പാർ’ ഒഴുകുമായിരുന്നു.

subaru-sambar
Subaru Sambar first generation (1961–1966)

ജപ്പാനിലെ സുബാറുവിന്റെ ജനപ്രിയ വാഹനങ്ങളിൽ ഒന്നായിരുന്നു മിനി വാനായ സാമ്പാർ. ഇന്ത്യയിൽ ഒരു കാലത്ത് തിളങ്ങി നിന്ന മാരുതി ഒാമ്നിയുമായി മത്സരിക്കാൻ സാമ്പാർ കൊണ്ടു വരണമെന്ന് ചില ആദ്യഘട്ട ചർച്ച നടന്നതായാണ് കഥ. ഷെവർലെയ്ക്കു മുമ്പ് ഒാപൽ ബ്രാൻഡായി ഇന്ത്യയിൽ ജി എം പ്രവർത്തിക്കുമ്പോഴായിരുന്നു സാമ്പാർ ചർച്ചകൾ. ആഢംബര വാനിൽ നിന്ന് വില്ലൻ വാഹനമായും പിന്നെ ആംബുലൻസായും ഒാമ്നി വേഷപ്പകർച്ച നടത്തി കഷ്ടപ്പെട്ട് ഉപജീവനം കഴിച്ചു തുടങ്ങിയതോെട സാമ്പാറിന് ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് കമ്പനിക്കു പിടി കിട്ടി. ജിഎം ബ്രാൻഡിൽ ഫോറസ്റ്റർ എന്ന എസ്‌യുവിയിൽ അങ്ങനെ സുബാറുവിന്റെ സാന്നിധ്യം ഇന്ത്യയിൽ ഒതുങ്ങി.

subaru-sambar-truck
Subaru Sambar Truck

സാമ്പാർ ഇന്ത്യയിലെത്തിയിരുന്നെങ്കിലോ? തീർച്ചയായും ആ പേര് ദക്ഷിണേന്ത്യയിലെങ്കിലും ശ്രദ്ധിക്കപ്പെട്ടേനേ. ‘ഒരു സാമ്പാർ തരൂ’ എന്നു ചോദിച്ചാൽ ഹോട്ടലാണെന്നു കരുതി ഷോറൂമിലെത്തിയതാവും എന്നു സംശയിച്ചേക്കും എന്നതു കൊണ്ടാവണം സുബാറു 500 അല്ലെങ്കിൽ 700 എന്നൊരു പേരിൽ ഇന്ത്യയിൽ ഇറങ്ങാനായിരുന്നു സാധ്യത. വാനായും പിക്കപ്പായും വരാനൊക്കെ പദ്ധതിയിട്ടെങ്കിലും ‘സാമ്പാർ’ രുചിക്കാൻ നമുക്കു ഭാഗ്യമുണ്ടായില്ല.

subaru-sambar-2
1981 Subaru Sambar (700 in some countries)

എന്താണു സാമ്പാർ? 1961 മുതൽ ജപ്പാനിലിറങ്ങുന്ന മിനി വാൻ, ട്രക്ക്. 600 സിസിയിൽ താഴെയുള്ള കെ കാറുകളുടെ ഗണത്തിലെ ആദ്യ വാൻ. പിൻ എൻജിനും പിൻവീൽ െെഡ്രവും എയർ കൂൾഡ് 360 സിസി എൻജിനുമായി രണ്ടു തലമുറ ഒാടിയ സാമ്പാർ എൺപതുകളിൽ ഒാൾ വീൽ െെഡ്രവ് വരെയായി ഇറങ്ങി. ക്യൂട്ട് എന്നു പറയിക്കുന്ന രൂപകൽപനയുള്ള ആദ്യകാല സാമ്പാറിലെ പിന്നിലേക്ക് തുറക്കുന്ന 360 ഡിഗ്രി ഡോറുകൾ ശ്രദ്ധേയമായിരുന്നു.

subaru-sambar-7
Subaru Sambar

1966ൽ രണ്ടാം തലമുറയും 1973ല്‍ മൂന്നാം തലമുറയും വന്നു. ഈ തലമുറ മുതൽ 356 സിസി എൻജിൻ വാട്ടർ കൂള്‍ഡായി. 1976 മുതൽ നാലു സ്ട്രോക്കായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. കരുത്തു കൂടിയ 490 സിസി, 550 സിസി 665 സിസി മോഡലുകൾ വിദേശത്ത് സുബാറു 500, 600, 700 എന്നീ മോഡലുകളായി ഇറങ്ങി. ഇന്ത്യയിലേക്ക് പരിഗണിക്കപ്പെട്ടത് ഇതിലൊരു മോഡലായിരുന്നുവത്രെ. കാഴ്ചയിൽ ഒാമ്നിയുമായുള്ള സാദൃശ്യം പ്രസ്താവ്യം.

subaru-sambar-6
2001 Subaru Sambar van

1982ൽ നാലാം തലമുറ ഇറങ്ങിയപ്പോൾ കുെറക്കൂടി വലുതായി. ഡ്യുവൽ റേഞ്ച് ട്രാൻസ്മിഷനും നാലു വീൽ െെഡ്രവുമായിരുന്നു പ്രത്യേകത. എൻജിൻ ശേഷി പഴയതു തന്നെയെങ്കിലും കരുത്തു കൂടി. ആദ്യകാല ഒാമ്നി പോലെ ഒരു െെഹ റൂഫ് മോഡലും ഇറങ്ങി. ക്ലാസിക് മുഖമുള്ള ഡയാസ് ക്ലാസിക് എന്നൊരു ലിമിറ്റഡ് എഡിഷൻ മോഡലായിരുന്നു അഞ്ചാം തലമുറയുടെ പ്രത്യേകത.

subaru-sambar-1
Subaru Sambar fifth generation

കൂടുതൽ പരിഷ്കരിക്കപ്പെട്ട്, തലമുറകൾ പലതു കടന്ന് 2009 മുതൽ ഏഴാം തലമുറ വരെ സാമ്പാർ ഒാടി. ഏഴാം തലമുറയായപ്പോൾ സാമ്പാറിന്റെ ഒറിജിനാലിറ്റിയും നഷ്ടമായി. ഒരു കാലത്തെ എതിരാളിയായിരുന്ന ദയ്ഹാറ്റ്സുവിെന്റ മോഡലുകളിലൊന്ന് സാമ്പാര്‍ എന്ന ബാഡ്ജിൽ ഇറങ്ങി. 2014ൽ എട്ടാം തലമുറ ജനിച്ചപ്പോൾ പിക്കപ്പ് മാത്രമായി ഈ വാഹനം മാറുകയും ചെയ്തു. ഇന്ന് സാമ്പാർ ടാറ്റാ എയ്സ് പോലെയൊരു പിക്കപ്പാണ്. ഇന്ത്യയിൽ ഇത്തരമൊരു ജാപ്പനീസ് വാഹനത്തിന് ഇനി പ്രസക്തിയുമില്ല. അതുകൊണ്ട് ഇനി സാമ്പാർ ഇന്ത്യയിൽ എത്താനും പോകുന്നില്ല. അങ്ങനെ വിളമ്പും മുമ്പ് ആ ‘സാമ്പാർ’ വളിച്ചു പോയി.

English Summary: Subaru Sambar Small Van 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com