ആഹാ അന്തസ്സ്... ഗ്രാൻഡ് ഹയാത്തിന്റെ ആഡംബര ‘നാട്ടിക’

HIGHLIGHTS
  • നാലു മണിക്കൂറിന് 40,000 രൂപയാണ് ചെലവ്
  • ആവശ്യപ്പെടുന്ന ഭക്ഷണത്തിനനുസരിച്ചു പ്രത്യേകം തുകയാണ്
Nattika1
Nattika
SHARE

ഒരു വശത്തു തലയുയർത്തിയ നഗരക്കാഴ്ച, മറുകരയിൽ തലയാട്ടുന്ന തെങ്ങിൻതലപ്പുകളും തനി നാടൻ കാഴ്ചകളും, കണ്മുന്നിൽ വേമ്പനാട്ടു കായലിന്റെ വിശാലത. മുടിയിഴകളെ തഴുകിയുമ്മവയ്ക്കുന്ന നേർത്ത കാറ്റ്; ഇവിടുത്തെ കാറ്റാണു കാറ്റ് എന്നു പാടുംപോലെയാണത്– കടലും കായലും ചേർന്നു സമ്മാനിക്കുന്ന, കൊച്ചിക്കു മാത്രം സ്വന്തമായ കാറ്റ്. അതിനിടയിൽ ഒന്നു കണ്ണടച്ചാൽ കേൾക്കാം ചുറ്റിലും നിറയുന്ന പക്ഷിപ്പാട്ടുകൾ. കായലോളങ്ങളെപ്പോലും നോവിക്കാത്ത വിധം പതിയെപ്പോകുന്ന ‘നാട്ടിക’യെന്ന ആഡംബര ഹൗസ്ബോട്ടിന്റെ സൺ ഡെക്കിലാണു നമ്മളിപ്പോൾ. കാഴ്ചകൾകണ്ടു കായൽവെയിലിൽ കണ്ണു ക്ഷീണിച്ചാൽ തിരികെ ബോട്ടിനകത്തേക്കു കയറാം. എസിയുടെ സുഖശീതളിമയിൽ കണ്മുന്നിൽ സിനിമാഫ്രെയിമുകളിലെന്ന പോലെ കായൽക്കാഴ്ചകൾ. ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെയാണ് ആ യാത്ര! കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ‘നാട്ടിക’ ഹൗസ് ബോട്ടിന്റെ യാത്രാവിശേഷങ്ങൾക്കുപോലും ഒരു നേർത്ത താളമുണ്ടാകും, കായലോളങ്ങളുടെ താരാട്ടിന്റെ താളം

Nattika-Welcome-Lounge-min

ആഡംബരം കരയിലും കായലിലും

ഏകദേശം മൂന്നു കോടിയോളം രൂപ ചെലവിട്ടാണ് കൊച്ചി മേഖലയിലെ ഒരേയൊരു ആഡംബര ഹൗസ്ബോട്ടായ ‘നാട്ടിക’ ഒരുക്കിയിരിക്കുന്നത്. നിർമാണത്തിനു പിന്നിലെ കരവിരുത് ചേർത്തലയിലെ പരമ്പരാഗത ഹൗസ് ബോട്ട് നിർമാതാക്കളുടേതാണ്. ബോട്ട് രണ്ടു നിലയാണ്. താഴെ ലിവിങ് ഏരിയയും രണ്ടു കിടപ്പുമുറികളും അടുക്കളയും. തടിപ്പടികൾ കയറി മുകളിലെത്തിയാൽ കാത്തിരിക്കുന്നത് വിശാലമായ ഊണുമുറിയും ലോഞ്ചും സൺ ഡെക്കും. സ്യൂട്ട് സൗകര്യങ്ങളുള്ള കിടപ്പുമുറികൾക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ഗ്രാൻഡ് ഹയാത്തിലെ മുറികളുടെ ‘ഫോട്ടോസ്റ്റാറ്റ്’ പതിപ്പാണ് ഹൗസ് ബോട്ടിലും ഒരുക്കിയിരിക്കുന്നത്. ഹോട്ടലിൽ മുറിയിലെ സൗകര്യങ്ങൾ കരയിലും കായലിലും ഒരുപോലെയായിരിക്കുമെന്നു ചുരുക്കം. നാട്ടികയെ മറ്റു ഹൗസ്ബോട്ടുകളിൽനിന്നു വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഈ ഒഴുകും ആഡംബരമുറികള്‍. 

പേരിൽ മാത്രമല്ല, ഹൗസ് ബോട്ടിന്റെ അഴകളവിലാകെയുണ്ട് ആഡംബരം. 110 അടിയാണ് ബോട്ടിന്റെ നീളം, 20 അടി വീതിയും. 301 ചതുരശ്ര അടിയാണ് കിടപ്പുമുറി വിസ്തീർണം. ആവശ്യമെങ്കിൽ എക്സ്ട്രാ ബെഡും റെഡി. 86 ചതുരശ്ര അടി വിസ്തീർണമുള്ള വാഷ് റൂമിൽ ബയോടോയ്‌ലറ്റുകളാണ്. ഇത്തരത്തിൽ ബോട്ടിലെ സൗകര്യങ്ങളിലേറെയും ‌പരിസ്ഥിതി സൗഹാർദപരവും. 290 ചതുരശ്ര അടിയാണ് മുകളിലെ ലോഞ്ച് ഏരിയ വിസ്തീർണം. 

ഫ്രെയിം ചെയ്ത കായൽ

ബോട്ടിനകത്തിരുന്നു പുറത്തേക്കു കണ്ണോടിച്ചാൽ ഫ്രെയിം ചെയ്ത ചിത്രങ്ങൾക്കു സമാനമായ കാഴ്ചകളാണു ചുറ്റിലും, ചെറുതായൊന്നു ചലിക്കുമെന്നു മാത്രം. ആ രീതിയിലാണ് ഡിസൈനിങ്. ആ ഫ്രെയിമുകളിൽ ചിലപ്പോൾ ദേശാടനക്കിളികൾ ചിറകടിച്ചു പറക്കും, ചീനവലകൾ താളത്തോടെ ഉയർന്നുപൊങ്ങും, ഭാഗ്യമുണ്ടെങ്കിൽ വേമ്പനാട്ടു കായലിൽ മാത്രം കാണപ്പെടുന്ന ഒരിനം ഡോൾഫിന്റെ തുള്ളിച്ചാട്ടവും കാണാം...

Nattika-Upper-Deck-&-Dining-Space

വൈ–ഫൈ ഇന്റർനെറ്റ്, വിഡിയോ ഗെയിംസ്, ബോർഡ് ഗെയിമുകൾ, നെറ്റ്ഫ്ലിക്‌സ്–ആമസോൺ സൗകര്യങ്ങളോടെ സ്മാർട് ടിവി തുടങ്ങി ‘നാട്ടികയില്‍’ ആഡംബരത്തിന്റെ അധികച്ചേരുവകൾ ഇനിയുമേറെ. യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി ആറ് സ്റ്റാഫ് അംഗങ്ങൾ ബോട്ടിൽ മുഴുവൻ സമയവും കാണും. അതിനിടെ സ്രാങ്കിനൊപ്പം ബോട്ട് ഡ്രൈവിങ്ങിലും ഒരു കൈ നോക്കാം. ആവശ്യപ്പെട്ടാൽ ടൂർ ഗൈഡും ഫൊട്ടോഗ്രാഫറും ഒപ്പം വരും. മെഡിക്കൽ–സുരക്ഷാ സംവിധാനങ്ങളും കയ്യകലത്തിൽ‍ തയാർ. 

ഗ്രാൻഡ് ഹയാത്തിലെ അടുക്കള രുചിയാണു ‘നാട്ടിക’യിലും വിളമ്പുക. ഹയാത്തിന്റെ സിഗ്നേച്ചർ മെനു, ഷെഫ് സ്പെഷൽ മെനു തുടങ്ങിയവ പ്രകാരമുള്ള ഭക്ഷണം ബോട്ടിലും റെഡി. കേരള, തായ് വെറൈറ്റികൾ, മലബാർ സ്നാക്‌സ് തുടങ്ങിവയവും രുചിക്കാം. ഊണുമുറിയിൽ  ചെറിയ പിറന്നാൾ പാർട്ടി നടത്താനും സൗകര്യമുണ്ട്. കരോക്കെ–സംഗീത പരിപാടികൾക്കും അവസരമുണ്ട്. യോഗങ്ങളും ഗെറ്റ് ടുഗെദറുകളും പിറന്നാളാഘോഷവുമെല്ലാം നടത്താവുന്ന വിധം സൗകര്യങ്ങളുള്ള പുതിയൊരു ഹൗസ് ബോട്ടും ബോൾഗാട്ടിയിൽ തയാറായിക്കഴിഞ്ഞു. ചേർത്തലയിൽനിന്നാണ് ഇതും നിർമിച്ചെത്തിച്ചത്. അധികംവൈകാതെ കായലോളങ്ങളിലെ കല്യാണാഘോഷങ്ങൾക്കു വരെ ഈ ഹൗസ്ബോട്ട് വേദിയാകും.

Nattika-Bedroom-2

പല പാലങ്ങൾ കടന്നാണ് ‘നാട്ടിക’യുടെ യാത്ര, സൺഡെക്കില്‍ നിന്ന് മുകളിലേക്കു നോക്കിയാൽ പാലത്തിലൂടെയുള്ള വാഹനങ്ങളുടെ ഇരമ്പൽ പോലും പലപ്പോഴും കേൾക്കാനാകില്ല. അന്നേരവും കാറ്റിന്റെ ജുഗൽബന്ധിയാകും ചെവിയോരത്തു നിറയെ. ഒപ്പം കായല്‍പ്പരപ്പിൽ ചെറുതുള്ളിത്തുളുമ്പലായി മഴപ്പൊട്ടുകൾകൂടി വന്നുവീണാൽ... ദുൽഖർ സൽമാൻ സിനിമയിൽ പറയുംപോലെ ‘ആഹാ, അന്തസ്സ്’.

കായലിനരികെ, കൊച്ചിക്കായലിനരികെ...

കായൽക്കാറ്റ് കൊണ്ടറിയാം, പക്ഷേ കായലിനെ കണ്ടറിഞ്ഞാൽ മാത്രം മതിയോ? പോരെന്നു പറയുന്നു ഗ്രാൻഡ് ഹയാത്ത് ചീഫ് കൊൺസിയേഷ് ഷജിത്ത് ഖാൻ. അങ്ങനെയാണ് കായൽയാത്രയ്ക്കൊപ്പം കരയിലെ നാട്ടുജീവിതവും അറിയാനുള്ള സൗകര്യം ഹൗസ് ബോട്ടില്‍ ഒരുക്കിയത്. യാത്രയ്ക്കൊപ്പം വേമ്പനാട്ടു കായലിലെ കൊച്ചുദ്വീപു കാഴ്ചകളും ഇറങ്ങി ആസ്വദിക്കാവുന്ന വിധമാണ് ‘ഐലന്റ് എക്സ്പീര്യൻസ്’ പാക്കേജ്. ബോൾഗാട്ടിയിൽനിന്നു തുടങ്ങുന്ന യാത്ര മുളവുകാട്, വടുതല, മൂലമ്പിള്ളി, ചിറ്റൂർ കടന്ന് പിഴല, കടമലക്കുടി വഴി ഏലൂർ വരെ പോയി തിരികെയെത്തും. ഈ യാത്ര ദിവസം മുഴുവൻ നീളും. ഇനി പാതി ദിവസമേ ചെലവഴിക്കാനുള്ളൂവെങ്കിൽ പിഴല, കടമക്കുടിവരെ പോയി തിരികെ ബോൾഗാട്ടിയിലെത്തിക്കുന്ന പാക്കേജുമുണ്ട്. ചുമ്മാ ദ്വീപുകൾ കാണുകയല്ല, അവിടെ വലയെറിയുന്നതും കള്ളുചെത്തുന്നതും ഓല മെടയുന്നതും കയറുണ്ടാക്കുന്നതും കൃഷി ചെയ്യുന്നതും ഞണ്ടിനെ പിടിക്കുന്നതുമെല്ലാം യാത്രയ്ക്കിടയിൽ അനുഭവിച്ചറിയാം, കാഴ്ചകൾ പകർത്താം. കായലിന്റെ കൈവഴികളിലൂടെ കനോയിങ് വേണമെങ്കിൽ അതും ആകാം. നെൽപ്പാടങ്ങൾക്കിടയിലൂടെ നടന്ന് കേരളത്തിന്റെ മാത്രമായ ഹരിതാഭയിൽ ഉൾപ്പുളകം കൊള്ളാം. മീൻ പിടിക്കാനും കള്ളുചെത്താനും പ്രദേശവാസികൾക്കൊപ്പം പങ്കുചേരാം. നാടൻ ഭക്ഷണം രുചിക്കണമെങ്കിൽ ഒരു കൊതിയകലത്തിൽ അതും റെഡി!

Nattika-Kitchen

പേര് തെറ്റിയോ...!

കൊച്ചിക്കാഴ്ചകൾ കണ്ടുരസിക്കാനുള്ള ഹൗസ് ബോട്ടിന് എന്തുകൊണ്ടാണ് ‘നാട്ടിക’യെന്നു പേര്? ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ ഉടമയും ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലിയുടെ ജന്മനാടാണു നാട്ടിക. മറ്റൊരു കൗതുകമുണ്ട്. വിദേശികൾ പലപ്പോഴും ചോദിക്കാറുണ്ടത്രേ, എന്തുകൊണ്ടാണ് ഹൗസ് ബോട്ടിന്റെ പേര് തെറ്റിച്ചെഴുതിയിരിക്കുന്നതെന്ന്! അവരെ സംബന്ധിച്ചിടത്തോളം കടലും കായലുമായി സാമ്യമുള്ള ഒരേയൊരു പേര് നോട്ടിക്കൽ(Nautical) എന്നതാണ്. പക്ഷേ നാട്ടികയും നോട്ടിക്കലും തമ്മിലുള്ള സാദൃശ്യം തികച്ചും യാദൃച്ഛികം മാത്രം. 

Nattika-Aerial-View-1

യാത്ര ‘ഇഷ്ടം’ പോലെ...

ഒരേസമയം 40 പേർക്കു സഞ്ചരിക്കാനുള്ള ലൈസൻസുണ്ട് ഹൗസ് ബോട്ടിന്. പക്ഷേ ഓരോരുത്തരുടെയും ആവശ്യമനുസരിച്ചുള്ള പാക്കേജുകൾ നൽകാനാണു തീരുമാനം. സമയവും യാത്രക്കാരുടെ എണ്ണവും അനുസരിച്ച് പാക്കേജുകൾ ‘കസ്റ്റമൈസ്’ ചെയ്തെടുക്കാനാകുമെന്ന് ഗ്രാൻഡ് ഹയാത്ത്  ജനറൽ മാനേജർ ശ്രീകാന്ത് വഖാർക്കർ പറയുന്നു. ചെക്ക് ഇൻ–ചെക്ക് ഔട്ട്  സമയങ്ങളെല്ലാം യാത്രാസൗകര്യത്തിനനുസരിച്ചു തീരുമാനിക്കാം. ബോട്ടിൽ രാത്രി തങ്ങാനുമുണ്ട് അവസരം. കായൽ യാത്രയ്ക്കൊടുവിൽ ബോൾഗാട്ടിയിൽ നങ്കൂരമിടുന്ന ബോട്ടിൽ ഗ്രാൻഡ് ഹയാത്തിലെ അതേ സൗകര്യങ്ങളോടെയും ഭക്ഷണത്തോടെയുമായിരിക്കും താമസം. നാലു മണിക്കൂറിന് 40,000 രൂപയാണ് ചെലവ്, എട്ടു മണിക്കൂറിന് 80,000 രൂപയും. (ജിഎസ്ടി ഒഴികെ). ആവശ്യപ്പെടുന്ന ഭക്ഷണത്തിനനുസരിച്ചു പ്രത്യേകം തുകയാണ്. ഹൗസ്ബോട്ട് ബുക്കിങ്ങിന്:  0484 2661234

English Summary: Grand Hyatt Luxury House Boat Nattika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA