ബുള്ളറ്റിലേറി പെൺപട

ladies-bullet-trip-1
SHARE

ഇതൊരു കാടിന്റെ കഥയാണെന്നു കരുതിയവർക്കു തെറ്റി. ഇതൊരു യാത്രയുടെ കഥയാണ്. മുന്നോട്ടു നീളുന്ന പാതയിൽ എവിടെയെല്ലാം എന്തെല്ലാം ഉണ്ടെന്നറിയാതെ ഒരു സാഹസത്തിനിറങ്ങിപ്പുറപ്പെട്ട ഒരുകൂട്ടം പെൺകുട്ടികൾ. ആരും കാണാൻ കൊതിക്കുന്ന, എന്നാൽ ആരും പോകാൻ ഭയപ്പെടുന്ന ഇടുക്കി ജില്ലയിലെ പാൽകുളമേട് എന്ന സ്ഥലത്തേക്കുള്ള ഒരു കാനനയാത്ര. എറണാകുളം സെന്റ് മേരീസ് മോട്ടോഴ്സിലെ വൈശാഖ്  ഈ യാത്രയ്ക്കു വിളിക്കുമ്പോൾ ഞങ്ങളെക്കൊണ്ടു ഒാഫ്റോഡിങ് സാധിക്കുമോ എന്നു സംശയമായിരുന്നു. ഇതുവരെ നടത്തിയ യാത്രകളുടെ പ്രചോദനത്താൽ ടീം ക്യാപ്റ്റൻ സോണിയയ്ക്ക് മുന്നിട്ടിറങ്ങാൻ വേറെയൊന്നും ആലോചിക്കേണ്ടിവന്നില്ല. 

ജനുവരി 26 നു രാവിലെ 6.30 നു കലൂർ സെന്റ് മേരീസ് ഷോറൂമിൽനിന്നു യാത്ര തുടങ്ങുമ്പോൾ ഒരു മെക്കാനിക്കൽ സപ്പോർട്ട് മാത്രം പ്രതീക്ഷിച്ചിരുന്ന പത്തംഗ പെൺപുലിപ്പടയ്ക്ക് എല്ലാം മറന്ന് കൂടെ നിൽക്കാനും കരുത്തേകാനും വഴികൾ താണ്ടാനും വൈശാഖും കൂട്ടുകാരും കൂടെയുണ്ടായിരുന്നു. നടന്നു കയറുകപോലും അസാധ്യമായ കാട്ടുപാത. ഓഫ് റോഡ് എന്നതിനു പകരം നോ റോഡ് അഥവാ റോക്ക് റോഡ് എന്നു വിശേഷിപ്പിക്കാവുന്ന ഭൂപ്രകൃതി. പാതി വഴിയിലാണ്. ഈ കാടിന് ആനക്കാട് എന്നൊരു പേരുകൂടി ഉണ്ടെന്നും ഇരുട്ടു വീണാൽ ആനകളുടെ സഞ്ചാരപാതയാണിതെന്നും അവർ മനസ്സിലാക്കിയത്. രാവിലെ തുടങ്ങിയ യാത്ര ഉച്ചവെയിൽ ചായുമ്പോഴും മുകളിലെത്താൻ പാടുപെടുകയായിരുന്നു. ഏതൊരു ബൈക്ക് യാത്രികനും വെല്ലുവിളിയായി ഏറ്റെടുക്കാവുന്ന ഒരിടംതന്നെ. 

പാറക്കെട്ടുകൾ തീർത്ത തടസ്സങ്ങളും വീഴ്ചയിൽ പറ്റിയ വിട്ടുമാറാത്ത വേദനകളും ഞങ്ങളെ തളർത്തിയില്ല. പാറക്കെട്ടുകൾ നിറഞ്ഞ നാലു കിലോമീറ്റർ ദൂരവും മുന്നോട്ടു കാൽ വയ്ക്കാൻപോലും ഇടമില്ലായിരുന്നു. മുകളിലെത്തി പ്രകൃതിഭംഗി ആസ്വദിക്കാനുള്ള ശ്രമത്തിനിടയിലാണ് താഴ്‌വാരത്തിൽനിന്നു വീശിയടിച്ച കാറ്റിനൊപ്പം കാട്ടുതീയുടെ പുകച്ചുരുളുകൾ ഉയരുന്നതു ശ്രദ്ധയിൽപെട്ടത്.  ഇതു കൂടെയുള്ളവരുടെ മനസ്സിൽ ഭയം ജനിപ്പിച്ചു. കാട്ടുതീ അതിവേഗം മുകളിലേക്കു പടർന്നുകൊണ്ടിരുന്നു. അതിനാൽ അവിടെനിന്നു സമയം പാഴാക്കാതെ അവർ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ഇരുട്ടു വീഴാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ തിരിച്ചിറങ്ങുമ്പോൾ ഞങ്ങളെ കാത്തിരുന്നത് ഇരുട്ടുമൂടിയ കാടുകളും ആനകളുടെ ചിന്നംവിളികളുമാണ്. വഴിനീളെ ബുള്ളറ്റിന്റെ വെളിച്ചം മാത്രം. 

English Summary: Ladies Off Roading Trip in Bullet 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA