മാസ് ലുക്കിൽ ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സ് എത്തുമോ?

toyota-raize-1
Toyota Raize
SHARE

മാരുതി ബ്രെസയും ഫോഡ് ഇക്കോ സ്പോർട്ടും ടാറ്റ നെക്സണുമെല്ലാം നിരത്തിൽ നിറഞ്ഞോടുന്നതു കാണുമ്പോൾ ടൊയോട്ടയ്ക്കൊരെണ്ണം ഇറക്കാൻ പാടില്ലേ എന്നു വിചാരിക്കാത്ത ടൊയോട്ട പ്രേമികൾ കുറവാണ്. റഷ് വരുന്നു എന്നു പറഞ്ഞിട്ട് ആ തീരുമാനത്തിനു താഴ് വീണു. ഇനിയുള്ളത് ബ്രെസ്സയുടെ ടൊയോട്ട വേർഷനാണ്, ഗ്ലാൻസ എത്തിയതുപോലെ. ഈ വർഷം അവസാനം എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. എന്നാൽ മാരുതിയും ടൊയോട്ടയും ചേർന്നു ക്രേറ്റയുടെ സെഗ്‌മെന്റിൽ പുതിയ വാഹനം കൊണ്ടുവരും എന്നും സൂചനയുണ്ട്!.

കോംപാക്ട് എസ്‌യുവി റെയ്സ്

ടൊയോട്ടയുടെ പുതിയ കോംപാക്ട് എസ്‌യുവി റെയ്സ്. നാലു മീറ്ററിൽ താഴെയുള്ള റെയ്സ് ജപ്പാൻ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ബ്രെസയടങ്ങുന്ന സെഗ്‌മെന്റിനു പറ്റിയ പോരാളി. ടൊയോട്ടയുടെ സഹോദര സ്ഥാപനമായ ദെയ്ഹാറ്റ്സുവിന്റെ പുതിയ പ്ലാറ്റ്ഫോമായ ദെയ്ഹാറ്റ്സു ന്യൂ ഗ്ലോബൽ ആർക്കിടെക്ചറിലാണ് (ഡിഎൻജിഎ) ജനനം. ഇന്ത്യപോലുള്ള വിപണിയെ ലക്ഷ്യം വച്ചുകൊണ്ടാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നതും റെയ്സിന്റെ ഇന്ത്യൻ വരവിനു പ്രതീക്ഷ നൽകുന്നു. അപ്പോൾ, വരും എന്ന ശുഭാപ്തി വിശ്വാസത്തിൽ റെയ്സിന്റെ ഡീറ്റെയിൽസ് ഒന്നു നോക്കാം.

toyota-raize-1

കരുത്തൻ ലുക്ക്

കുടുംബത്തിലെ വലിയ എസ്‌യുവിയുടെ പത്രാസിലാണ് ഡിസൈൻ. ബോൾഡ് ലുക്ക് കിട്ടത്തക്ക രീതിയിലുള്ള ഷാര്‍പ് ലൈനുകളും കട്ടിങ്ങുകളും ബോഡിയിലുടനീളമുണ്ട്. ഒറ്റ നോട്ടത്തിൽ മസ്കുലറും സ്പോർട്ടിയുമാണ്. 17 ഇഞ്ച് വീലുകളാണ് ടോപ് മോഡലിൽ. മറ്റു മോഡലുകൾക്കു 16 ഇഞ്ചും. നാലു മീറ്ററിൽ താഴെയാണ് നീളം, 3995 എംഎം. വീതി 1695 എംഎം. ഉയരം 1620. അതായത് ഹ്യുണ്ടെയ് വെന്യു, എക്സ്‌യുവി 300, ഇക്കോ സ്പോർട്ട് എന്നിവരോടു തോൾ ചേർന്നു നിൽക്കും എന്നു സാരം. 185 എംഎം ഗ്രൗണ്ട് ക്ലിയറെൻസുണ്ട്. 

പ്രീമിയം ഇന്റീരിയർ

ഇന്റീരിയറിന്റെ ആഡംബരത്തിലും ഫീച്ചേഴ്സിലും മുന്നിൽത്തന്നെയാണ് റെയ്സ്. സ്പോർട്ടി ഫീലാണ് ഡാഷ്ബോർഡ് അടക്കമുള്ള പാർട്ടുകൾക്ക്. 9.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണ്. താഴ്ന്ന വേരിയന്റുകളിൽ 7.0 ഇഞ്ചും. ആപ്പിൾ കാർ പ്ലേ, ടൊയോട്ട സ്മാർട്‌ലിങ്ക് കണക്ടിവിറ്റി, ടൊയോട്ടയുടെ തന്നെ നാവിഗേഷൻ ആപ്പായ ടി കണക്ട് എന്നിവയെല്ലാമുണ്ട് ഇതിൽ. എൽഇഡി ഡിജിറ്റൽ സ്പീഡോ മീറ്ററും 7.0 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും അടങ്ങുന്ന മീറ്റർ കൺസോളാണ്. നാല് ഡിസ്പ്ലേ മോഡുകളുമുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ സ്റ്റോറേജ് സ്പെയ്സുകൾ റെയ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കോംപാക്ട് എസ്‌സുവി ആണെങ്കിലും 369 ലീറ്റർ ബൂട്ട് സ്പെയ്സുണ്ട്. പുഷ്ബട്ടൺ സ്റ്റാർട്ട്, ഒാട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻസീറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉയർന്ന വേരിയന്റിലുണ്ട്.

toyota-raize-2

സുരക്ഷയിൽ മുന്നിൽ

6 എയർ ബാഗുകൾ, ട്രാക്‌ഷൻ കൺട്രോൾ, ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ്–ഇബിഡി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ലെയ്ൻ കീപ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോർട് മോണിറ്ററിങ് സിസ്റ്റം,  അഡാപ്റ്റീവ് ഒാട്ടമാറ്റിക് ഹെഡ്‌ലാംപ്, മുൻ പിൻ പാര്‍ക്കിങ് സെൻസർ,360 ഡിഗ്രി ക്യാമറ, ഒാട്ടോണമസ് ബ്രേക്കിങ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിങ്ങനെ എതിരാളികളെ പിന്നിലാക്കുന്ന ഫീച്ചറുകളാണ് റെയ്സിൽ നൽകിയിരിക്കുന്നത്.

toyota-raize-2

പെട്രോൾ‌ കരുത്ത്

1.0 ലീറ്റർ 3 സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ്  ജപ്പാൻ വിപണിയിലെ റെയ്സിനുള്ളത്. 6000 ആർപിഎമ്മിൽ 98 ബിഎച്ച്പിയാണ് ഈ 996 സിസി എൻജിന്റെ കൂടിയ കരുത്ത്. ടോർക്ക് 140 എൻഎം.  ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടെയ് വെന്യുവിനും ഇക്കോസ്പോർട്ടിനും 1.0 ലീറ്റർ എൻജിനുണ്ട്. റെയ്സിന്റെ എൻജിനെക്കാളും കരുത്തുറ്റതാണ് രണ്ടുപേരുടെയും എൻജിനുകൾ. സിവിടി ട്രാൻസിമിഷനാണ് റെയ്സിന്. 2 വീൽ ഡ്രൈവ്, ഫോർവീൽ ഡ്രൈവ് ഒാപ്ഷനുകളുണ്ട്.

English Summary: Know More About Toyota Raize

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA