ആദ്യ ദിവസം തന്നെ സാൻട്രോ ഉരച്ചു, ഔഡി എന്ന സ്വപ്നസാക്ഷാത്കാര നിർവൃതിയിൽ രഞ്ജിൻ‌‌

HIGHLIGHTS
  • എന്റെ വീ‍ട്ടിലെ ആദ്യ കാർ ഞാൻ വാങ്ങിയ സാൻട്രോയായിരുന്നു
  • ഏറെ നാളത്തെ സ്വപ്നമായിരുന്നു ഔഡി കാർ, അതും വെള്ള നിറമുള്ളത്
ranjin-raj
Ranjin Raj
SHARE

പാതയരികിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങൾ പിന്നോട്ടുള്ള യാത്രയിലാണ്. ആർത്തിരമ്പി പെയ്യുന്ന മഴ ഇരുട്ടിനെ കൂട്ടുവിളിക്കാൻ തുടങ്ങി, മഞ്ഞയും വെള്ളയും നിറത്തിലുള്ള വെളിച്ചങ്ങൾ കാറിന്റെ ചില്ലു പ്രതലത്തിൽ തട്ടി കണ്ണിലൊരു മിന്നലാട്ടം നടത്തി തിരിച്ചു പൊയ്‌ക്കൊണ്ടിരിക്കുന്നു. മലയാളികളുടെ മറക്കാത്ത ഇഷ്ടങ്ങളിൽ കൂട്ടുകൂടിയ ‘പൂമുത്തോൾ’ ഇതിനിടയിൽ എത്രയോ തവണ കാറിലെ പാട്ടുപെട്ടിയിൽ ആവർത്തിക്കപ്പെട്ടു കഴിഞ്ഞു. ഗാനങ്ങൾ ഒരുപിടിയായെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിലും രഞ്ജിൻ ഓർമിക്കപ്പെടുന്നത് പൂമുത്തോളിലൂടെയാണ്.... കരച്ചിലിനും ചിരിക്കുമിടയിൽ എവിടെയോ മലയാളികൾ കൂട്ടിനു വിളിച്ചിരുത്തിയിട്ടുണ്ട് പൂമുത്തോളിനെയും... കൂടെ രഞ്ജിനെയും. 

റിയാലിറ്റിഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതാനായ ഈ പയ്യൻ ഇന്ന് മലയാള സിനിമയ്ക്ക് മാറ്റിനിർത്താനാകാത്തൊരു സംഗീതസംവിധായകനാണ്. പൂമുത്തോളും ജോസഫും തന്ന സൗഭാഗ്യത്തിൽ ‌പണ്ടെപ്പോഴോ കണ്ടൊരു സ്വപ്നത്തിന്റെ സാക്ഷാത്കാര നിർവൃതിയിലാണ് ഈ യുവ പ്രതിഭ. പണ്ട് സ്വപ്നം കണ്ട വെള്ള ഔഡിയുടെ ഡ്രൈവിങ് സീറ്റിലിരുന്ന് രഞ്ജിൻ തന്റെ വാഹന വിശേഷങ്ങൾ പറയുന്നു. പണ്ട് പാടവരമ്പത്തിലൂടെ ഓലക്കുടയും പിടിച്ചു നടന്ന അതേ താളത്തിൽ.

ranjin-raj-3

ഔഡി എന്ന സ്വപ്നം

ഏറെ നാളത്തെ സ്വപ്നമായിരുന്നു ഔഡി കാർ, അതും വെള്ള നിറമുള്ള ഔഡി. എ3 സ്വന്തമാക്കിയതോടെ ഒരു സ്വപ്നം സഫലമായെന്നു പറയാം. എന്റെ ആദ്യ പ്രീമിയം കാറാണ് ഈ എ3. ഹ്യുണ്ടേയ് ഐ 20യിൽ നിന്ന് എ3യിലേക്കുള്ള മാറ്റം വളരെ വലുതാണ്. ഒരു ചെറിയ കാറിന്റെ ഉപയോഗക്ഷമതയാണ് എ3 ക്കുള്ളത്. എറണാകുളത്തെ ബ്ലോക്കിലും ചെറിയ വഴികളിലുമെല്ലാം കൊണ്ടുനടക്കാൻ എളുപ്പം. പരിപാലന ചെലവും കുറവാണ്. അത്യാവശ്യം മൈലേജുമുണ്ട്. 

ഗോപി സുന്ദറിന്റെ ഔഡി

ആ സ്വപ്നത്തിന്റെ പിന്നിൽ ഒരു കഥയുണ്ട്. പരസ്യങ്ങളൊക്കെ  ചെയ്തു നടക്കുന്ന കാലത്തായിരുന്നു. എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ഔഡി ഒഴുകിവരുന്നു. അവന്റെ ആ തലയെടുപ്പും പ്രൗഢിയുമെല്ലാം കണ്ട് നിന്നുപോയി. തമിഴ്നാട് റജിസ്ട്രേഷനുള്ള ആ കാറിൽനിന്ന് ഗോപി സുന്ദർ  ഇറങ്ങി വരുന്നു. എന്നെങ്കിലും ഇതുപോലൊരു കാറ് വാങ്ങണമെന്ന മോഹം അന്നേ മനസ്സിൽ പൂവിട്ടു. അക്കാലത്ത് എനിക്കൊരു മാരുതി എസ്റ്റിലോ ഉണ്ടായിരുന്നു. മാരുതിയിൽ ഇരുന്ന് ഔഡി സ്വപ്നം കാണുന്നത് അതിമോഹമാണെങ്കിലും ഒരു ലക്ഷ്വറി കാർ വാങ്ങുകയാണെങ്കിൽ ഔഡി തന്നെയാകണം എന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചു. ഇന്നിപ്പോൾ ദൈവം സഹായിച്ച് ആ സ്വപ്നം പൂവണിഞ്ഞു.

ranjin-raj-4

ആദ്യ കാർ സാൻട്രോ

എന്റെ വീ‍ട്ടിലെ ആദ്യ കാർ ഞാൻ വാങ്ങിയ സാൻട്രോയായിരുന്നു, 2008 ലാണ് സാൻട്രോ വാങ്ങിയത്. ഐഡിയ സ്റ്റാർ സിംഗർ കഴിഞ്ഞ് ചെറിയ പരിപാടികളെല്ലാമുള്ള സമയമായിരുന്നു. അന്ന് കോളജിൽ  പഠിക്കുകയാണ്. ഒരു പത്തൊമ്പതു വയസ്സുകാരന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു ആ സാൻട്രോ. കോളജിൽ പോകുന്നതും ആ കാറിലായിരുന്നു. എടുത്ത ദിവസം തന്നെ രണ്ടു വശങ്ങളും ഉരഞ്ഞ കഥയും പറയാനുണ്ട്. സെക്കൻഡ് ഹാൻഡ് കാറായിരുന്നു അത്. ആ സാൻട്രോയിൽ തന്നെയാണ് ഡ്രൈവിങ് പഠിച്ചത്. എന്റെ ഓടിക്കൽ കണ്ടിട്ട് അച്ഛൻ വഴക്കുണ്ടാക്കി കാറിൽനിന്ന് ഇറങ്ങിപ്പോകാൻ വരെ ഒരുങ്ങിയിട്ടുണ്ട്.

സെൻ എസ്റ്റിലോ, ഹ്യുണ്ടേയ് ഐ 20

സാൻട്രോ കഴിഞ്ഞു വാങ്ങിയ കാർ മാരുതി സെൻ എസ്റ്റിലോ ആയിരുന്നു. പുതുതായി വാങ്ങിയ ആദ്യ കാറും അതു തന്നെ. ആ വാഹനം ആറു വർഷം ഉപയോഗിച്ചതിനു ശേഷമാണ് ഹ്യുണ്ടേയ് ഐ20 വാങ്ങുന്നത്. ഇപ്പോൾ ഔഡി എ3. എല്ലാ വാഹനങ്ങളും  ഒരുപാട് ഓർമകൾ സമ്മാനിച്ചിട്ടുണ്ട്.

ranjin-raj-2

ബെംഗളൂരുവിലേക്കുള്ള യാത്ര

യാത്രകൾ പോകുന്നത് ഇഷ്ടമാണ്. പുതിയ വാഹനം വാങ്ങിയതിനു ശേഷം ഉടനെ ലോക്‌ഡൗൺ എത്തിയതിനാല്‍ യാത്രകൾ പോകാൻ സാധിച്ചില്ല. എന്നാൽ ലോക്‌‍‍ഡൗണിൽ യാത്ര ഇളവുകൾ ലഭിച്ചപ്പോൾ ചെറിയ യാത്രകൾ നടത്തി. എന്നാൽ സുരക്ഷിതമെന്നു കരുതി വീട്ടിൽ നിന്ന് വാഹനത്തിൽ കയറി ഇടയ്ക്കൊന്നും ഇറങ്ങാതെ ലക്ഷ്യസ്ഥാനത്ത് എത്തുകയായിരുന്നു, അതുകൊണ്ട് കൂടുതൽ എൻജോയ് ചെയ്ത് ഓടിക്കാൻ സാധിച്ചു. കൊറോണ ഭീതി മാറിയാൽ ബെംഗളൂരു വരെ കാർ ഓടിച്ച് പോകണമെന്നുണ്ട്.

എസ്‌യുവികളോട് ഇഷ്ടം

അടുത്ത വാഹനം എസ്‍യുവിയായിരിക്കണം എന്ന ആഗ്രഹമുണ്ട്. ഔഡി ക്യു7, ബിഎംഡബ്ല്യു എക്സ് 5 എന്നീ വാഹനങ്ങളോട് ഒരിഷ്ടമുണ്ട്. ദൈവാനുഗ്രഹവും കാലവും അനുവദിക്കുമെങ്കിൽ സ്വന്തമാക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ.

ranjin-raj-1

ജോസഫ് എന്ന ചിത്രം മലയാളിത്തിന് സമ്മാനിച്ച സൗഭാഗ്യങ്ങളിലൊന്നാണ് ര‍ഞ്ജിൻ എന്ന സംഗീതസംവിധായകൻ. മെലഡിയുടെ പതിഞ്ഞ താളത്തിൽ ജോസഫും കൂടെ രഞ്ജിൻ രാജും മലയാളികളുടെ മനസിൽ കൂടുകൂട്ടി. എക്കാലത്തും ഓർത്തിരിക്കുന്ന നിരവധി ഗാനങ്ങളുമായി രഞ്ജിൻ ഇനിയുമെത്തട്ടെ എന്ന് ആഗ്രഹിക്കാം, കൂടെ അയാളുടെ സ്വപ്നങ്ങൾ സത്യമാവട്ടെയെന്നും.

English Summary: Celebrity Car Music Director Ranjin Raj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA