ബുള്ളറ്റ്, രാജ്ദൂദ്, സ്‌പ്ലെൻഡർ... ഇവരാണ് ഹീറോസ്

bikes
Bikes
SHARE

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെ ഭരിച്ച രാജാവാണ് റോയല്‍ എന്‍ഫീല്‍ഡെങ്കില്‍ സൈനാധിപനായിരുന്നു രാജ്ദൂത്. 1994ല്‍ മാത്രം ജനിച്ച് ഇപ്പോഴും 'ജീവനോടെ'യുള്ള രാജകുമാരനാണ് ഹീറോഹോണ്ട സ്‌പ്ലെണ്ടര്‍. ഇന്ത്യന്‍ റോഡുകളില്‍ ദീര്‍ഘായുസ്സ് നേടിയ ബൈക്കുകള്‍ ഏതെല്ലാമെന്ന് പരിചയപ്പെടാം. 

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 (1956-2010)

പല ഇരുചക്രവാഹനങ്ങളും വന്നുപോയെങ്കിലും ഇന്ത്യന്‍ വാഹനപ്രേമികളില്‍ ബൈക്കുകളിലെ രാജാവ് ബുള്ളറ്റ് തന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ ഏറെയാണ്. 1955ലാണ് മദ്രാസ് മോട്ടോഴ്‌സുമായി സഹകരിച്ച് എന്‍ഫീല്‍ഡ് ഇന്ത്യ രൂപീകരിക്കുന്നത്. തൊട്ടടുത്ത വര്‍ഷം വടക്കന്‍ ചെന്നൈയിലെ തിരുവട്ടിയൂര്‍ പ്ലാന്റില്‍ നിന്നും ആദ്യത്തെ 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പുറത്തിറങ്ങി. പിന്നീട് നീണ്ട 54 വര്‍ഷമാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ വിലസിയത്! 1970ല്‍ ബ്രിട്ടനിലെ ഫാക്ടറി പൂട്ടുന്നതുവരെ എൻജിനും ഗിയര്‍ബോക്‌സും അടക്കമുള്ള പ്രധാനഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീട് ഇന്ത്യയില്‍ ആഭ്യന്തര ഉത്പാദനം തുടങ്ങി.

വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് നല്‍കിയുള്ളൂ. 2010വരെ വലതുകാലില്‍ ഗിയറും ഇടതുഭാഗത്ത് ബ്രേക്കുമായാണ് ബുള്ളറ്റ് ഇറങ്ങിയത്. ബിഎസ് 3 മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെയായിരുന്നു ഈ മാറ്റം. മറ്റൊരു ബൈക്ക് മോഡലിനും അവകാശപ്പെടാനില്ലാത്ത സ്ഥാനം സ്വന്തമാക്കിയ ശേഷമാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിന്‍വാങ്ങിയത്.

എസ്‌കോര്‍ട്‌സ് രാജ്ദൂത് 175 (1962-2005)

1962ല്‍ എസ്‌കോര്‍ട്‌സ് ഗ്രൂപ്പ് പോളിഷ് മോട്ടോര്‍ സൈക്കിളായ എസ്.എച്ച്.എല്‍ എം11ന്റെ നിര്‍മ്മാണ അവകാശം സ്വന്തമാക്കി. ഈ വാഹനമാണ് രാജ്ദൂത് 175 ആയി ഇന്ത്യയില്‍ അവതരിപ്പിച്ചത്. എസ്.എച്ച്.എല്‍ എം11 വെറും ഏഴ് വര്‍ഷമാണ് ഇറങ്ങിയതെങ്കില്‍ ഇന്ത്യയില്‍ പേരുമാറിയെത്തിയ രാജ്ദൂത് നീണ്ട 43 വര്‍ഷങ്ങളാണ് പുറത്തിറങ്ങിയത്. മൂന്ന് സ്പീഡിന്റെ ഗിയര്‍ ബോക്‌സും 173 സിസി ടു സ്‌ട്രോക് എൻജിനുമായി ഇറങ്ങിയ രാജ്ദൂത് അന്നും രാജാവായി വിലസിയിരുന്ന റോയല്‍ എന്‍ഫീല്‍ഡിനോ യുവാക്കളുടെ ഹരമായിരുന്ന ജാവക്കോ കാര്യമായ വെല്ലുവിളിയായിരുന്നില്ല.

എന്നാല്‍ കൊടുക്കുന്ന പണത്തിന് തിരികെ ലഭിക്കുന്ന മൂല്യവും ഏത്ര കുഴികള്‍ നിറഞ്ഞ റോഡിലൂടെയും ഓടിക്കാമെന്നതും രാജ്ദൂതിനെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഒരു വിഭാഗത്തിന്റെ സ്വപ്‌ന വാഹനമാക്കി മാറ്റി. 1980കളില്‍ ജാപ്പനീസ് കമ്പനികളുടെ ടു സ്‌ട്രോക് ബൈക്കുകള്‍ എത്തിയപ്പോള്‍ മാത്രമാണ് രാജ്ദൂതിന്റെ പെരുമ അല്‍പ്പമെങ്കിലും മങ്ങിയത്. കൂട്ടത്തില്‍ ഹീറോ ഹോണ്ടയുടെ ഫോര്‍സ്‌ട്രോക് ബൈക്കുകളും രാജ്ദൂതിന്റെ വിപണിയാണ് പങ്കിട്ടെടുത്തത്. 4 സ്പീഡുള്ള ഗിയര്‍ബോക്‌സും ടെലസ്‌കോപിക് ഫോര്‍ക്കുകളുമെല്ലാം പുതുമയായി അവതരിപ്പിച്ചെങ്കിലും പതുക്കെയെങ്കിലും രാജ്ദൂതിന്റെ പെരുമ കുറയുകയായിരുന്നു. ബിഎസ്2 മലിനീകരണ നിയന്ത്രണങ്ങള്‍ കൂടി 2005ല്‍ വന്നതോടെ രാജ്ദൂതിന്റെ നിര്‍മ്മാണത്തിന് ഷട്ടര്‍ വീണു. 

ഹീറോ ഹോണ്ട സ്‌പ്ലെൻഡർ (1994- തുടരുന്നു)

ഇന്ത്യയില്‍ ഫോര്‍ സ്‌ട്രോക് ബൈക്കുകള്‍ക്ക് ഹീറോ ഹോണ്ട തുടക്കമിട്ടത് 1985ല്‍ സിഡി 100നെ അവതരിപ്പിച്ചായിരുന്നു. എന്നാല്‍ യഥാര്‍ഥ രാജകുമാരന്റെ വരവ് 1994ല്‍ വന്ന സ്‌പ്ലെണ്ടറിലൂടെയായിരുന്നു. 2004ല്‍ സ്‌പ്ലെൻഡർ പ്ലസ് എന്ന് പേരു മാറ്റി. പിന്നീട് ഹോണ്ട പിൻമാറിയെങ്കിലും സ്‌പ്ലെൻഡർ ഇന്ത്യയില്‍ ഇറങ്ങി. ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നു. 

സ്‌പ്ലെൻഡർ ഇറങ്ങിയ ശേഷം വിവിധ ശേഷിയും ആകൃതിയുമുള്ള ബൈക്കുകള്‍ ഇറങ്ങിയെങ്കിലും സ്‌പ്ലെൻഡർ പ്ലസിന്റെ ഇന്ത്യന്‍ വിപണിയിലെ ആവശ്യകത ഒരിക്കലും കുറഞ്ഞില്ല. മലിനീകരണ നിയന്ത്രണ നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ക്കൊപ്പം സ്‌പ്ലെൻഡറിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുറം മോടിയില്‍ മാറ്റങ്ങള്‍ വന്നെങ്കിലും 97.2 സിസിയുടെ എൻജിന്‍ അടക്കമുള്ളവയില്‍ ഒരു മാറ്റവും സ്‌പ്ലെണ്ടറില്‍ വരുത്തിയിട്ടില്ല. വിപണിയില്‍ ഇറങ്ങി നീണ്ട 25 വര്‍ഷത്തിനു ശേഷവും ഇന്ത്യയില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന മോട്ടോര്‍ സൈക്കിള്‍ ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, അതാണ് സ്‌പ്ലെൻഡർ.

English Summary: Iconic Bikes In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA