ADVERTISEMENT

നമ്മള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രധാനമാണ് മാനസികമായ പ്രശ്‌നങ്ങളും. കോവിഡിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും മോശം മാനസികാരോഗ്യത്തില്‍ ലോകം എത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് 1992 മുതല്‍ ഒക്ടോബര്‍ പത്ത് ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്. നിത്യ ജീവിതത്തിലെ സമ്മര്‍ദങ്ങളെ കാര്യക്ഷമമായി നേരിടാന്‍ യാത്രകളും റൈഡുകളും സഹായിക്കുന്നതിനെക്കുറിച്ചാണ് റൈഡര്‍മാരായ ശരത് കെ മുരളിയും(TheThumperman), ഡോ. അബൂബക്കര്‍ സിദ്ധീഖും(സിദ്ധി) മനോരമ ഓണ്‍ലൈനുമായി സംസാരിക്കുന്നത്.

ഓരോ യാത്രകളിലും നമ്മള്‍ പരിചിതമല്ലാത്ത സാഹചര്യങ്ങളിലേക്കാണ് എത്തിപ്പെടുന്നത്. അപരിചിതരോട് സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ ഭാഷ പ്രശ്‌നമായി വരാം അപ്പോള്‍ അയാള്‍ക്കറിയുന്ന രീതിയില്‍ സംസാരിക്കേണ്ടി വരും പെരുമാറേണ്ടി വരും. വിചാരിച്ച വഴികളിലൂടെയാവില്ല പോകുന്നത്. അപ്രതീക്ഷിതമായി അപകടങ്ങളോ വാഹനത്തിന് തകരാറോ വരാം. അസുഖങ്ങളുണ്ടാകാം. ഓരോ ദീര്‍ഘയാത്രകളും യാത്രികരുടെ ശാരീരികവും മാനസികവുമായ ശേഷിയാണ് പരീക്ഷിക്കുന്നത്. എങ്കിലും ഓരോ യാത്രകള്‍ക്കു ശേഷവും നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നുവെന്നാണ് ഈ റൈഡര്‍മാരുടെ അനുഭവസാക്ഷ്യം.

റൈഡുകള്‍, സമ്മര്‍ദത്തിനുള്ള ഒറ്റമൂലി

ഇപ്പോള്‍ കോവിഡിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലുകളും ജോലിസ്ഥലത്ത് ആളുകളുടെ കുറവും മറ്റു പ്രശ്‌നങ്ങളുമൊക്കെയുണ്ട്. ജോലിസംബന്ധമായ സമ്മര്‍ദങ്ങളും മറ്റും ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ് റൈഡിംഗ്. ഇപ്പോഴാണെങ്കില്‍ ദീര്‍ഘദൂര യാത്രകളില്‍ കോവിഡ് വരാനുള്ള സാധ്യതയെന്ന ഭീഷണിയുമുണ്ട്. എങ്കിലും കൃത്യമായ മുന്‍കരുതലുകളോടെയുള്ള സുരക്ഷിതമായ ദൂരത്തേക്കുള്ള ഓരോ യാത്രകളും നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ശരിക്കും ഒരു സ്‌ട്രെസ് റിലീഫാണ് റൈഡുകളെന്ന് ശരത് കെ മുരളി പറയുന്നു. 

riders
ഡോ. അബൂബക്കര്‍ സിദ്ധിഖ്, ശരത് കെ മുരളി

കോവിഡ് വന്നതോടെ യാത്രകള്‍ വല്ലാതെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ മുംബൈ ടു കന്യാകുമാരി കോസ്റ്റല്‍ ട്രയലിന് പോയിരുന്നു. 12 ദിവസവും മുംബൈ മുതല്‍ കന്യാകുമാരി വരെ തീരപ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. മിക്കവാറും തീരദേശ ഗ്രാമങ്ങളായിരുന്നു. ഉള്‍പ്രദേശങ്ങളിലൂടെ തനി നാട്ടിന്‍പുറങ്ങളിലൂടെ പരമാവധി 150-200 കിലോമീറ്ററായിരുന്നു കവര്‍ ചെയ്തത്. ഓരോ ദിവസത്തേയും താമസവും ഇത്തരം ഉള്‍നാടുകളിലായിരുന്നു. നിരവധി മനുഷ്യരേയും അവരുടെ ജീവിതങ്ങളും അടുത്തറിയാനായി. അന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 പേരുടെ സംഘത്തിലെ എല്ലാവരും കന്യാകുമാരി എത്തുമ്പോഴേക്കും സുഹൃത്തുക്കളായി. ഇത്തരം യാത്രകള്‍ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ടെന്നും കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ ശരത് സമ്മതിക്കുന്നു. 

ഒറ്റക്കും കൂട്ടായും, ഗുണവും ദോഷവും

സോളോ റൈഡിലും ഗ്രൂപ്പ് റൈഡിലും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഗ്രൂപ്പ് റൈഡില്‍ സംഘത്തിലുള്ളവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കേണ്ടി വരും. ചിലര്‍ റോക്കറ്റ് പോലെ പോകാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും മറ്റു ചിലര്‍ പതുക്കെ ആസ്വദിച്ച് പോകുന്നവരായിരിക്കും. ഏത് സ്വഭാവക്കാരാണെങ്കിലും ഗ്രൂപ്പ് റൈഡില്‍ പോകുമ്പോള്‍ നമുക്ക് ഒരു പൊതു നിയമത്തിലേക്ക് മാറേണ്ടതുണ്ട്. ഇത് നമ്മള്‍ ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ സ്വഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ സഹായിക്കും. 

ഗ്രൂപ്പ് റൈഡില്‍ പോകുമ്പോള്‍ നമ്മളെ സഹായിക്കാന്‍ ഏതു സമയത്തും ആളുണ്ടാകുമെന്നതാണ് പ്രധാന ഗുണം. ഒരിക്കല്‍ ഒരു ഗ്രൂപ്പ് റൈഡിനിടെ പുലര്‍ച്ചെ ഒന്നരക്കാണ് വണ്ടി പഞ്ചറായത്. അന്ന് ഒപ്പമുണ്ടായിരുന്നവര്‍ സഹായിച്ച് കെട്ടിവലിച്ചാണ് വണ്ടിയേയും എന്നേയും സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഈ ആനുകൂല്യം ഒറ്റക്ക് പോകുമ്പോള്‍ കിട്ടില്ല. 

ഞാന്‍ രാവിലെ നേരത്തെ എഴുന്നേറ്റ് റൈഡ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. പുലര്‍ച്ചെ നാലിനോ അഞ്ചിനോ എഴുന്നേറ്റ് ഒരു കട്ടന്‍ കാപ്പിയും കുടിച്ച് യാത്ര തുടങ്ങാന്‍ സോളോ റൈഡില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. നമുക്കിഷ്ടമുള്ള വേഗത്തില്‍, ആവശ്യത്തിന് സമയമെടുത്ത് പോകാം. നേരത്തെ കരുതിയ സ്ഥലത്തേക്ക് തന്നെ പോകണമെന്നും യാതൊരു നിര്‍ബന്ധവുമില്ല. ഉള്‍ഗ്രാമങ്ങളിലേക്കും മറ്റും പോകാം. പുതിയ ആളുകളെ പരിചയപ്പെടാം. ഇതൊന്നും ഗ്രൂപ്പ് റൈഡില്‍ കിട്ടില്ല. ഓരോ റൈഡിലും ഒരു ലക്ഷ്യമുണ്ടാകും. അതേസമയം ഒരുപാടങ്ങ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും സാധിക്കില്ല. ഇതൊക്കെ ജീവിതത്തിലും തീരുമാനങ്ങളെടുക്കുന്നതിനേയും മറ്റും സ്വാധീനിക്കാറുണ്ടെന്നും ശരത് കെ മുരളി കൂട്ടിച്ചേര്‍ക്കുന്നു. 

മാനസികാരോഗ്യം = ശാരീരികാരോഗ്യം

മാനസികാരോഗ്യവും ശാരീരികാരോഗ്യവും നേരിട്ട് ബന്ധമുള്ളതാണെന്നാണ് ഫിസിയോ തെറാപ്പിസ്റ്റ് കൂടിയായ ഡോ. അബൂബക്കര്‍ സിദ്ധിഖ്(si_dhi) ഓര്‍മ്മിപ്പിക്കുന്നത്. സമ്മര്‍ദം കൂടി ശാരീരികമായി കൂടുതല്‍ ക്ഷീണമായാല്‍ അത് മാനസികാരോഗ്യത്തേയും ബാധിക്കും. ജോലിസംബന്ധമായും വ്യക്തിപരമായും സമ്മര്‍ദങ്ങള്‍ ഏറെയുള്ള സാഹചര്യങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകും. ഇതിനിടെ ലഭിക്കുന്ന ഇടവേളകളിലോ അവധി ദിവസങ്ങളിലോ വീണ്ടും അതേ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ ചെറിയ റൈഡുകളോ യാത്രകളോ പോവുകയാണ് നല്ലത്. ഇത് ആ പ്രശ്‌നങ്ങളെ കൂടുതല്‍ കാര്യക്ഷമമായി നേരിടുന്നതിന് സഹായിക്കും. മാനസികാരോഗ്യം മികച്ചതാണെങ്കില്‍ ശാരീരികാരോഗ്യവും മെച്ചപ്പെടുമെന്നാണ് ഡോ. സിദ്ധിക്ക് ഓര്‍മ്മിപ്പിക്കാനുള്ളത്.

ഫിസിയോ തെറാപ്പി ആവശ്യമായി വരുന്നവരില്‍ വലിയൊരു വിഭാഗം പക്ഷാഘാതം വന്നവരാണ്. അവരില്‍ പല പ്രായക്കാരുണ്ട്. പെട്ടെന്ന് ഒരു ദിവസം ഒരു വശം തന്നെ തളര്‍ന്നു പോകുന്നവര്‍. പഴയ ജീവിതം സാധ്യമാകില്ലെന്ന ചിന്തകള്‍ പലവഴിയില്‍ നിന്നും ലഭിച്ചിരിക്കും. തളര്‍ന്ന ശരീരത്തെ കൂടുതല്‍ തളര്‍ത്തുക ഈ ചിന്തകളാണ്. ഇവരില്‍ പലരുടേയും മാനസികാരോഗ്യം വളരെ മോശമായിരിക്കും. ഈ ചിന്തകളില്‍ മാറ്റം വരുത്തുകയും സാധ്യമാണെന്ന ബോധ്യം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുകയാണ് ആദ്യത്തെ മരുന്ന്.

royal-enfield-1

മാനസിക സമ്മര്‍ദങ്ങളും പ്രശ്‌നങ്ങളും ശാരീരികമായും പ്രതിഫലിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ പ്രശ്‌നം തിരിച്ചറിയാതെ ശാരീരിക പ്രശ്‌നം മാത്രമായി പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ഫലം കാണാറില്ല. അതുകൊണ്ട് ഓരോ രോഗികളോടും പരമാവധി തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറ്. അപ്പോഴായിരിക്കും പല പ്രശ്‌നങ്ങളും നമുക്ക് മനസിലാവുക. 

ചെറിയ ചെറിയ കാര്യങ്ങള്‍ പോലും കുടുംബത്തിന്റെ മാനസികാരോഗ്യം മൊത്തത്തില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് തൊട്ട് മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന ടിവി പരിപാടിയുടെ സമയത്ത് റിമോട്ട് കൈമാറുന്നത് വരെയുള്ള നിസാരമെന്ന് കാണുന്ന പലതും നിസാരമല്ല. വെറുതേ കൂട്ടത്തില്‍ ആരെയെങ്കിലും ഒറ്റപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യുന്നതുപോലുള്ള ശീലങ്ങള്‍ അവസാനിപ്പിക്കണം. പറയുന്നവര്‍ തമാശയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പോലും കേള്‍ക്കുന്നവര്‍ക്ക് അതൊരു അവഗണനയായോ ഒറ്റപ്പെടലായോ ഒക്കെയാണ് തോന്നുക. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കാനും സന്തോഷം കണ്ടെത്താനും കഴിഞ്ഞാല്‍ വലിയ പ്രശ്‌നങ്ങളേയും നമുക്ക് നിസാരമായി നേരിടാനാകും. 

മാനസികാരോഗ്യം സ്വയം തിരിച്ചറിയാം, വീണ്ടെടുക്കാം

ഓരോ വ്യക്തികളുടേയും മാനസികാരോഗ്യം അവരുടെ ശീലങ്ങളില്‍ നിന്നും സ്വഭാവത്തില്‍ നിന്നും മനസിലാക്കാനാകും. ആത്മവിശ്വാസത്തോടെയുള്ള സംസാരം, കൃത്യനിഷ്ഠ, പ്രസന്നത, ഉത്തരവാദിത്വബോധം, പ്രശ്‌നങ്ങളെ മറച്ചുവെക്കാതെ നേരിടാനുള്ള കരുത്ത് തുടങ്ങിയവയെല്ലാം മികച്ച മാനസികാരോഗ്യമുള്ളതിന്റെ പ്രതിഫലനങ്ങളാണ്. ഒന്നുറക്കെ ചിരിക്കണമെങ്കില്‍ പോലും നമ്മുടെ മനസിനെ ഒന്നയച്ചുവിട്ടാല്‍ മതി. അനാവശ്യ സംഘര്‍ഷങ്ങള്‍ മൂലം അതിന് പോലും പലര്‍ക്കും സാധിക്കാറില്ല. 

നമ്മുടെ മാനസികാരോഗ്യം നമുക്ക് തന്നെ പരിശോധിച്ചറിയാനാകും. ഓരോ ദിവസവും നമ്മള്‍ പലരുമായി കാണുകയും സംസാരിക്കുകയും ഇടപഴകുകയും ഒക്കെ ചെയ്യുന്നുണ്ടാകും. രാത്രി ഉറങ്ങുന്നതിന് മുമ്പായി ഒരു പത്ത് മിനുറ്റെടുത്ത് ആരോടൊക്കെ ഞാന്‍ മോശമായി പെരുമാറിയെന്ന് പിടിവാശിയികള്‍ മാറ്റി തുറന്ന മനസോടെ ചിന്തിച്ചു നോക്കുക. വീണ്ടും ഒരു അവസരം ലഭിച്ചാല്‍ കൂടുതല്‍ നല്ല രീതിയില്‍ പെരുമാറാമായിരുന്നു എന്ന് തോന്നുന്ന സംഭവങ്ങള്‍ എത്രയുണ്ടെന്ന് നോക്കുക. അങ്ങനെ ഒന്നുമില്ലെങ്കില്‍ നിങ്ങളുടെ മാനസികാരോഗ്യം വളരെ മികച്ചതാണെന്ന് വിലയിരുത്താം. 

ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ നമ്മള്‍ എളുപ്പത്തില്‍ മനസിലാക്കും. മാനസിക ബുദ്ധിമുട്ടുകളും നമുക്ക് ഒന്ന് മനസുവെച്ചാല്‍ തിരിച്ചറിയാനാകും. മാനസിക സമ്മര്‍ദത്തിന്റേയും പ്രശ്‌നങ്ങളുടേയും പല രീതിയിലിലുള്ള ലക്ഷണങ്ങള്‍ ചുറ്റുമുള്ളവര്‍ കാണിക്കാറുണ്ട് അത് കാണാനും കേള്‍ക്കാനും നമ്മള്‍ തയ്യാറാകണമെന്ന് മാത്രം. മിണ്ടാതിരിക്കുകയോ ഒന്നിനും ഒരു മൂഡില്ലെന്നോ മറ്റോ ആയിരിക്കും പലരും പറയുന്നത്. സുഹൃത്തുക്കളായാലും വീട്ടുകാരായാലും അവര്‍ക്കൊപ്പം അല്‍പം സമയം ചിലവഴിക്കാന്‍ ശ്രമിക്കുക. പറയുന്നത് അര്‍ഹിക്കുന്ന ആദരവോടെ കേള്‍ക്കുക. 

നമ്മള്‍ ചേര്‍ത്തു നിര്‍ത്തുന്ന ഒരു അഞ്ച് മിനുറ്റ് പോലും നിരവധി ജീവിതങ്ങളെ വലിയ തോതില്‍ സ്വാധീനിക്കാറുണ്ട്. മാനസിക സമ്മര്‍ദത്തിന് അടിപ്പെട്ട സമയത്ത് നമ്മെ തേടി വന്ന സാന്ത്വനങ്ങള്‍ ഓര്‍ക്കുക. ഒന്നു ശ്രമിച്ചാല്‍ മറ്റു പലരുടേയും ജീവിതത്തിലും അത്തരമൊരു സാന്ത്വനമേകാന്‍ നമുക്കും സാധിക്കും. 

പിന്നെ സ്വയം സന്തോഷിക്കാന്‍ ശ്രമിക്കുന്നതും സ്വന്തം ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കുന്നതും ഒരു മോശം കാര്യമല്ല. ഭാര്യക്കും ഭര്‍ത്താവിനും മക്കള്‍ക്കും സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ജീവിക്കുമ്പോള്‍ തന്നെ സ്വന്തം ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നത് വ്യക്തികളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും. നമ്മള്‍ സ്വയം സ്‌നേഹിച്ചു തുടങ്ങിയാലേ മറ്റുള്ളവരേയും സ്‌നേഹിക്കാനും കരുതല്‍ നല്‍കാനും സാധിക്കൂ. നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുന്നതല്ലെങ്കില്‍ എന്തിന് ചെയ്യാന്‍ മടിക്കണം? മാനസികാരോഗ്യം വീണ്ടെടുക്കാനും നിലനിര്‍ത്താനും പറ്റിയ മരുന്നാണ് യാത്രകളും റൈഡുകളുമെന്നാണ് റൈഡര്‍ കൂടിയായ ഡോ. സിദ്ധി പറയുന്നത്. 

കോവിഡ് ഇടവേളയാണ് അവസാനമല്ല

കോവിഡിന്റെ വരവോടെ യാത്രകള്‍ക്കും റൈഡുകള്‍ക്കുമെല്ലാം ഒരു താല്‍ക്കാലിക ബ്രേക്ക് ഉണ്ടായെന്നത് സത്യമാണ്. എന്നുകരുതി യാത്രകളും റൈഡുകളും ഇതോടെ തീര്‍ന്നുവെന്ന് റൈഡര്‍മാരാരും കരുതുന്നില്ല. ഓരോ റൈഡിനു പോകുമ്പോഴും അത്യാവശ്യം കരുതേണ്ട സാധനങ്ങളും സുരക്ഷാ ഉപകരണങ്ങളുമുണ്ട്. ഇവയുടെ കൂട്ടത്തില്‍ മാസ്‌കും സാനറ്റൈസറും സാമൂഹ്യ അകലവും പാലിച്ചുകൊണ്ട് തന്നെ യാത്രകള്‍ ആരംഭിക്കാനാകുമെന്നാണ് ഈ റൈഡര്‍മാരുടെ പ്രതീക്ഷ. കോവിഡാനന്തര ലോകത്ത് രീതികളും ശീലങ്ങളും മാറിയെന്നു വരാം, അപ്പോഴും യാത്രകള്‍ തുടരുക തന്നെ ചെയ്യും. 

English Summary: Mental Health and Bike Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com