ADVERTISEMENT

ലണ്ടൻ നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ് ചുവപ്പുനിറത്തിലുള്ള ഡബിൾഡക്കർ ബസ്. 2005 ൽ സർവീസ് നിർത്തിയ റൂട്ട്മാസ്റ്റർ എന്നു പേരുള്ള ബസിൽ കയറാൻ പറ്റുമോ? അതിനിപ്പോൾ ലണ്ടനിൽ പോകേണ്ടേ? അതും ഈ കോവിഡ് കാലത്ത്!  എന്നാലൊരു റൂട്ട്മാസ്റ്ററിൽ കയറാം.രുചിയുള്ള ആഹാരവും കഴിക്കാം. 

റൂട്ട്മാസ്റ്റർ മാതൃകയിലുള്ള ഒരുഗ്രൻ കഫേയുണ്ട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ. പട്ടണത്തിലേക്ക് പ്രവേശിക്കുന്ന വളവിൽ ഗാംഭീര്യത്തോടെ തലയുയർത്തിനിൽക്കുകയാണ് ആ ചുവപ്പൻ ബസ്. ആറുപതിറ്റാണ്ടിന്റെ പഴമ അതേപടി പകർത്തി നിർമിച്ച റൂട്ട് മാസ്റ്ററിൽ കയറിയാലോ? ടിക്കറ്റ് മുറിച്ചുതരാനുള്ള കണ്ടക്ടർക്കു പകരം ലോകോത്തര വിഭവങ്ങൾ നിരന്ന  മെനുകാർഡുമായി ടീടൈം ‘കണ്ടക്ടർമാർ’ നിങ്ങളുടെ മുന്നിലെത്തും. റൂട്ട്മാസ്റ്ററിന്റെ മുകൾനിലയിൽ ഇരുന്ന്  ഗുണമേൻമയുള്ള ആഹാരം രുചിക്കാം. 

routemaster-1

യഥാർഥ റൂട്ട്മാസ്റ്ററിന്റെ ചരിത്രം

അസോസിയേറ്റഡ് എക്വിപ്മെന്റ് കമ്പനിയാണ് 1954 ൽ ലണ്ടൻ ട്രാൻസ്പോർട്ട് പൊതുഗതാഗതത്തിനു വേണ്ടി റൂട്ട്മാസ്റ്റർ നിർമിച്ചു നൽകിയത്  അന്നുതൊട്ടിന്നുവരെ ഇരട്ടനിലയുള്ള ബസ് ലണ്ടൻ നഗരത്തിന്റെ പ്രധാന കാഴ്ചകളിലൊന്നായിത്തുടർന്നു.  പല കാലങ്ങളിലായി  റൂട്ട് മാസ്റ്ററിന്റെ പുതിയ വേർഷനുകൾ വന്നുവെങ്കിലും അവ നിരത്തിൽനിന്ന് അപ്രത്യക്ഷമായി. എന്നാൽ  പാരമ്പര്യത്തനിമ നിലനിർത്തുന്ന അഞ്ചു ബസുകൾ വിനോദസഞ്ചാരികൾക്കായി 2018  വരെ ഓടി. ലോകത്തെ ഏറ്റവും അത്യാധുനിക ബസ് എന്നായിരുന്നു എഇസി റൂട്ട്മാസ്റ്ററിന്റെ വിശേഷണം. പവർസ്റ്റിയറിങ്, ഹൈഡ്രോളിക് ബ്രേക്ക് , ഓട്ടമാറ്റിക് ഗിയർബോക്സ് എന്നിവ ഉണ്ടായിരുന്നു ആദ്യകാല ബസുകളിൽ എന്ന് ആലോചിക്കുമ്പോൾ ആ വിശേഷണം ന്യായമാണെന്നു കാണാം. അലുമിനിയം കൊണ്ടായിരുന്നു  ബോഡി.  

പെരിന്തൽമണ്ണയിലെ റൂട്ട് മാസ്റ്റർ 

ഈ റൂട്ട്മാസ്റ്ററിന്റെ അതേ രൂപത്തിലാണ് ടീടൈമിലെ ബസും. അളവുകൾ  എല്ലാം കൃത്യമാണെന്നു പറയാൻ സാധിക്കില്ല. ചില വ്യത്യാസങ്ങൾ ഇതിൽ വരുത്തിയിട്ടുണ്ട്  എന്നാൽ  സീറ്റ്‌, സീറ്റ്‌ കളർ എല്ലാം ഒറിജിനൽ  പോലെ തന്നെയാണ്. ഈ പ്രോജക്ട് ചെയ്തു തീർക്കാൻ 2 വർഷം സമയമെടുത്തിട്ടുണ്ട്. 

routemaster-2

ഈ ബസ് ഒരു ശിൽപമാണ്

AKP TEATIME  private limited കമ്പനിയുടേതാണ് കഫേ. എംഡി അബ്ദുൽ കരീം പാലേങ്ങൽ തന്റെ സംരംഭങ്ങൾ വ്യത്യസ്തമാകണം എന്നും പൂർണതയുള്ളതായിരിക്കണം എന്നും ആഗ്രഹമുള്ളയാളാണ്. അതുകൊണ്ടുതന്നെ 40 വർഷത്തോളം ആയി  ബസ് നിർമാണത്തിൽ അറിവുള്ള ആളുകളെ ഇവിടെ കൊണ്ടുവന്ന് കഫേയുടെ മുന്നിൽവച്ചുതന്നെ റൂട്ട്മാസ്റ്റർ നിർമിച്ചെടുക്കുകയായിരുന്നു.  അതായത് ഒരു ശിൽപം പണിതുയർത്തിയതു പോലെ.  കോയമ്പത്തൂരിൽനിന്നു ലോറിയുടെ ഷാസി കൊണ്ടുവന്ന് അതിനു മുകളിലാണ് ബസ് പടുത്തുയർത്തിയത്. റൂട്ട്മാസ്റ്റർ ബസ്സുകളുടെ ചിത്രങ്ങൾ സസൂക്ഷ്മം പഠിച്ചാണ് ടീടൈമിന്റെ റൂട്ട്മാസ്റ്ററിനു പൂർണത വരുത്തിയത്. 

ബസിന്റെ  ബോഡി സാധാരണപോലെ അലുമിനിയം തന്നെ.  ടീടൈമിൽ വന്ന് സായാഹ്നം ആസ്വദിച്ചുമടങ്ങുന്നവർക്കുള്ള സംശയങ്ങളിലൊന്നാണ്  ബസ് എങ്ങനെയാണു നിൽക്കുന്നത് എന്ന്.  ടയറിൽ തന്നെയാണ് പ്രധാനമായും ബസിന്റെ  നിൽപ്. കുറച്ചുകൂടി സുരക്ഷ കണക്കിൽ എടുത്ത്  സ്റ്റാൻഡ് കൂടി കൊടുത്തിട്ടുണ്ട്. ബസ് ബോർഡിൽ പെരിന്തൽമണ്ണ എന്നാണു കാണുക. ഉപയോക്താക്കൾക്ക് എപ്പോഴും ഒരു വ്യത്യസ്ത അനുഭവം ഗുണമേൻമയുള്ള ആഹാരത്തോടൊപ്പം നൽകുക എന്ന ആശയം കമ്പനി എംഡിയുടേതു തന്നെയാണ്.  ലണ്ടനിലെ റൂട്ട്മാസ്റ്റർ ബസ്പ്ലാന്റിൽനിന്നു നിർമാണമാരംഭിച്ചശേഷം റൂട്ടുകളിലേക്കെത്തി സഞ്ചാരികളെ വിസ്മയിപ്പിച്ചവയാണ്. 

പെരിന്തൽമണ്ണയിലെ റൂട്ട്മാസ്റ്റർ, ഒരു ശിൽപം പോലെ അവിടെത്തന്നെ ഉയർന്ന് രുചിയുടെ പാതയിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്നതാണ്. വ്യത്യസ്തത തേടി സഞ്ചരിക്കുന്നവർ ടീ ടൈമിന്റെ റൂട്ട്മാസ്റ്ററിൽ രുചിടിക്കറ്റ് എടുത്തു കയറി സംതൃപ്തിയോടെ തിരിച്ചിറങ്ങുന്നു. ഇതൊരു രുചിമാസ്റ്റർ ആണ്.

English Summary: Hotel In Shape Of London Routemaster Bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com