ADVERTISEMENT

മുന്നോട്ടുള്ള വഴിയിലെ കുഴികളും കയറ്റിറക്കങ്ങളും പറ്റിയാല്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നവരാണ് സാധാരണ ഡ്രൈവര്‍മാര്‍. കണ്ടു നില്‍ക്കുന്നവരുടെ പോലും ചങ്കിടിപ്പ് കൂട്ടുന്ന കുന്നും കുഴിയും കുളവും ചെളിയും നിറഞ്ഞ വഴികളെ സ്വയം തിരഞ്ഞെടുക്കുന്ന കൂട്ടരാണ് ഓഫ് റോഡ് ഡ്രൈവര്‍മാര്‍. അധികമാരും കൈവയ്ക്കാന്‍ മടിക്കുന്ന ഈ മേഖലയില്‍ രാജ്യാന്തര- ദേശീയ തലത്തിലെ ഓഫ് റോഡ് ഇവന്റുകളില്‍ കപ്പടിച്ച് ശ്രദ്ധേയരാവുകയാണ് കോട്ടയത്തു നിന്നുള്ള ഈ 'ഓഫ് റോഡ് കപ്പിള്‍സ്'. 

offroad-couples-3

ആനന്ദ് മാഞ്ഞൂരാനും ഭാര്യ നിമിഷ മാഞ്ഞൂരാനുമാണ് ഓഫ് വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമുള്ള കമ്പം മൂലം റോഡ് വിട്ട് ഓഫ് റോഡിലിറങ്ങി നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. മഹീന്ദ്രയുടെ കഴിഞ്ഞ വര്‍ഷത്തെ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പില്‍ ലേഡീസ് ക്ലാസ് ജേതാവാണ് നിമിഷ. ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഓഫ് റോഡ് പരീക്ഷയായ റെയിന്‍ ഫോറസ്റ്റ് ചാലഞ്ചില്‍ റണ്ണേഴ്‌സ് അപ്പായാണ് ആനന്ദ് മലയാളികളുടെ അഭിമാനമായി മാറിയത്. 

വിന്റേജ് പ്രേമം വാഹനങ്ങളോടുള്ള ഇഷ്ടവും കൗതുകവും ആനന്ദിനെ ആദ്യമെത്തിച്ചത് വിന്റേജ് വാഹനങ്ങളുടെ ലോകത്തിലേക്കാണ്. ഓഫ് റോഡ് ഡ്രൈവിങ്ങും മോട്ടര്‍ സ്പോര്‍ട്‌സും ഒരു പാഷനാകുന്നതിനു മുൻപേ ഇഷ്ടം വിന്റേജ് വാഹനങ്ങളോടായിരുന്നു. അടുത്തുള്ള വർക്‌ഷോപ്പിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു മോറിസ് മൈനറിനെയാണ് ഇക്കൂട്ടത്തില്‍ ആദ്യം ആനന്ദ് കൂടെക്കൂട്ടിയത്. 1952 മോഡല്‍ മോറിസ് മൈനറിനെ റിസ്‌റ്റോര്‍ ചെയ്‌തെടുക്കുകയായിരുന്നു. 

offroad-couples-2

പിന്നീട് ഫോക്‌സ്‌വാഗൻ ബീറ്റില്‍ (1975), സ്റ്റാന്‍ഡേർഡ് ഹെറാള്‍ഡ് (1979), ഫിയറ്റ് 500 ടോപോലിനോ (1952), റോവര്‍ മിനി കൂപ്പര്‍, സുസുക്കി ഇറക്കിയിരിക്കുന്ന ഏറ്റവും ചെറിയ വണ്ടികളിലൊന്നായ സുസുക്കി കാപ്പുചിനോ തുടങ്ങിയ വിന്റേജ് വാഹനങ്ങള്‍ കൂടി ആനന്ദ് മാഞ്ഞൂരാന്റെ ഗാരിജിലേക്കെത്തി. ഇതിനിടെ വില്ലീസിന്റെ പെട്രോള്‍ ജീപ്പ് വാങ്ങാനുള്ള തിരച്ചിലുകള്‍ക്കിടെയാണ് ഓഫ് റോഡ് വാഹനങ്ങളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. ഇത് അവസാനിച്ചതോ ഓഫ് റോഡ് ഡ്രൈവിങ് എന്ന മോട്ടര്‍ സ്‌പോര്‍ട്ട് കമ്പത്തിലും. 

2008 മുതല്‍ ഓഫ് റോഡ് ചെയ്തു തുടങ്ങിയെങ്കിലും മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങുന്നത് 2010 മുതല്‍. കുട്ടിക്കാനത്ത് മഹീന്ദ്ര സംഘടിപ്പിച്ച ഓഫ് റോഡ് ഇവന്റിലാണ് ആദ്യം പങ്കെടുത്തത്. 2012ല്‍ വാഗമണ്ണില്‍ ഹില്‍ ത്രില്‍ എന്നൊരു ഓഫ് റോഡ് ഇവന്റ് സംഘടിപ്പിക്കുകയും ചെയ്തു. ചെന്നൈയില്‍ നടക്കുന്ന പാലാര്‍ ചാലഞ്ചാണ് ഓഫ് റോഡിങ്ങിൽ ആദ്യം വെല്ലുവിളിയായി തോന്നിയത്. പാലാര്‍ നദിയുടെ തീരത്തെ മണൽത്തിട്ടയിലൊരുക്കിയ ട്രാക്ക് ഓഫ് റോഡ് ഡ്രൈവര്‍മാരുടെ ദക്ഷിണേന്ത്യയിലെ കഠിനപരീക്ഷയായിരുന്നു. രണ്ടു തവണ പാലാര്‍ ചാലഞ്ചില്‍ പങ്കെടുത്തിട്ടുണ്ട്. ട്രാക്കിലെ പരീക്ഷണങ്ങള്‍ക്കൊപ്പം ചെന്നൈയിലെ ചൂടും ഹ്യുമിഡിറ്റിയും ഡ്രൈവര്‍മാരുടെ ബുദ്ധിമുട്ട് വര്‍ധിപ്പിച്ചിരുന്നു. ആര്‍എഫ്സി (റെയിന്‍ ഫോറസ്റ്റ് ചലഞ്ച്) വരുന്നതിനു മുൻപത്തെ പ്രധാന കടമ്പയായിരുന്നു പാലാര്‍. എന്നാല്‍ ആര്‍എഫ്സിയുടെ വരവോടെ കഥമാറി.

offroad-couples-1

മുതിര്‍ന്നവരെ കരയിക്കും ആര്‍എഫ്സി

ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഓഫ് റോഡ് ചാലഞ്ചുകളില്‍ മുന്നിലാണ് റെയിന്‍ ഫോറസ്റ്റ് ചാലഞ്ച്. 1997ല്‍ മലേഷ്യയില്‍ ആരംഭിച്ച ആര്‍എഫ്സി ഇന്ത്യയിലെത്തുന്നത് 2014ല്‍. ആദ്യ ആര്‍എഫ്സിയില്‍ കാഴ്ചക്കാരനായാണ് ആനന്ദ് പോകുന്നത്. 2015 മുതല്‍ റെയിന്‍ ഫോറസ്റ്റ് ചാലഞ്ചില്‍ പങ്കെടുക്കുന്നു.  മുതിര്‍ന്നവരെ കരയിക്കുന്ന ഓഫ് റോഡ് എന്നാണ് റെയിന്‍ ഫോറസ്റ്റ് ചാലഞ്ചിന്റെ വിശേഷണം. പേരുപോലെ തന്നെ മഴയും കാടുമാണ് മത്സരത്തിന്റെ പ്രധാന ചേരുവകള്‍. മണ്‍സൂണ്‍ കാലത്ത് ഗോവയിലെ മഴക്കാടുകളാണ് വേദി. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന, 26 ഘട്ടങ്ങളിലായാണ് മത്സരം. രാജ്യാന്തര നിലവാരത്തില്‍ നടക്കുന്നതിനാല്‍ ഇതിന്റെ ഓരോ ഘട്ടവും കര്‍ശനവും കൃത്യവുമായ നിയമാവലി അനുസരിച്ചുള്ളതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെ സുരക്ഷാ സൗകര്യങ്ങളും മലിനീകരണ തോതുമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മത്സരിക്കാന്‍ അനുമതി ലഭിക്കുക. കാട്ടിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണവും ക്യാംപിങ്ങിനു വേണ്ട സൗകര്യങ്ങളും ഓടിക്കുന്ന വാഹനത്തിന്റെ എൻജിന്‍ അടക്കമുള്ള പാര്‍ട്‌സുമായാണ് ഓരോ സംഘവും മത്സരിക്കാനെത്തുന്നത്. മത്സരത്തിനിടെ വാഹനങ്ങള്‍ക്കു സംഭവിക്കുന്ന കേടുപാടുകള്‍ അവിടെ വച്ചു തന്നെ പരിഹരിക്കേണ്ടി വരും. 

ഓരോ ദിവസത്തെയും ചാലഞ്ചുകള്‍ക്കു ശേഷം കാട്ടില്‍ത്തന്നെ ക്യാംപ് ചെയ്യുകയാണു പതിവ്. ക്യാംപുകള്‍ അവസാനിപ്പിക്കുമ്പോള്‍ വൃത്തിയാക്കാനും പ്രദേശത്തെ മാലിന്യങ്ങള്‍ കൂടെ കൊണ്ടുപോയി നിശ്ചിത നിക്ഷേപ കേന്ദ്രങ്ങളില്‍ ഇടാനും ഓരോ ടീമിനും ഉത്തരവാദിത്തമുണ്ട്. ഓടിക്കേണ്ട ട്രാക്കില്‍ മരങ്ങളും മറ്റും വീണു കിടക്കുകയാണെങ്കില്‍ അത് എടുത്തു മാറ്റി വേണം മുന്നോട്ടു പോവാന്‍. ആര്‍എഫ്സിയിലെ തന്നെ ഏറ്റവും കടുപ്പമേറിയ ടാസ്‌കാണ് ടൈവ്‌ലൈറ്റ്. കാട്ടില്‍ നിശ്ചിത ഭാഗത്തേക്കു പോയി തിരിച്ച് വരണമെന്നതാണ് വെല്ലുവിളി. ഈ ലക്ഷ്യസ്ഥാനം നാവിഗേഷന്‍ ഭൂപടത്തിലൂടെ ടീമുകള്‍ക്ക് കാണിച്ചുകൊടുക്കും. ലക്ഷ്യത്തിലേക്ക് പ്രത്യേകം വഴികളോ മറ്റു വഴികാട്ടികളോ ഉണ്ടാവില്ല. മത്സരിക്കുന്ന ടീമുകള്‍ക്ക് ടൈവ്‌ ലൈറ്റില്‍ പരസ്പരം സഹായിക്കാം. നിശ്ചിത സമയത്തിനുള്ളില്‍ കാട്ടിലൂടെ ആ ലക്ഷ്യസ്ഥാനത്തെത്തി തിരിച്ചെത്തുകയാണ് വെല്ലുവിളി. 

Nimisha Manjooran
Nimisha Manjooran

ആര്‍എഫ്സി പോലുള്ള ഓഫ് റോഡ് ഇവന്റുകളില്‍ ഡ്രൈവര്‍ക്കൊപ്പം തന്നെയാണ് നാവിഗേറ്റര്‍ അഥവാ സഹ ഡ്രൈവറുടെ സ്ഥാനം. ഓഫ് റോഡിങ്ങിലെ ആദ്യ നിയമങ്ങളിലൊന്നു തന്നെ സഹഡ്രൈവറില്ലാതെ ഈ സാഹസത്തിന് നില്‍ക്കരുതെന്നതാണ്. 2019 ലെ 37 ടീമുകള്‍ പങ്കെടുത്ത ആര്‍എഫ്സിയില്‍ ആനന്ദ് മാഞ്ഞൂരാനും നാവിഗേറ്റർ വിഷ്ണു രാജും അടങ്ങുന്ന സംഘമാണ് ഓവറോള്‍ റണ്ണേഴ്‌സ് അപ്പാകുന്നത്. ആദ്യമായാണ് കേരളത്തില്‍നിന്നുള്ള ടീം ആര്‍എഫ്സിയില്‍ കപ്പടിക്കുന്നത്. മലേഷ്യയില്‍ നടക്കുന്ന ആര്‍എഫ്സിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇതോടെ അവസരം ലഭിച്ചിട്ടുണ്ട് ഈ മലയാളി സംഘത്തിന്. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധികളില്‍ മലേഷ്യന്‍ ആര്‍എഫ്സി നീട്ടിവച്ചിരിക്കുകയാണ്. 

ഓഫ് റോഡ് കപ്പിള്‍സ്

2015 ൽ ആണ് നിമിഷയും ആനന്ദും വിവാഹിതരായത്. കോട്ടയത്തെയും സമീപത്തെയും ഹില്‍ സ്റ്റേഷനുകളിലേക്ക് ഒഴിവു ദിവസങ്ങളില്‍ ഒരു ഡ്രൈവ് പതിവായിരുന്നു. ഇത്തരം യാത്രകളിലൊന്നില്‍ വാഗമണ്ണിലെ ഒരു കുന്നിനു താഴെ എത്തി. അതിന് മുകളില്‍ നിന്നാല്‍ ഇടുക്കി ഡാം അങ്ങു ദൂരെ കാണാനാകും. ആ കാഴ്ച കാണാനെത്തിയ പലരും കാര്‍ നിര്‍ത്തി മുകളിലേക്ക് നടന്നുകയറി പോവുന്നുണ്ടായിരുന്നു. 'ഇനിയീ കയറ്റം കൂടി കേറണോ?' എന്ന നിമിഷയുടെ ചോദ്യത്തിന് 'നമ്മളെന്തിന് കേറണം?' നമ്മുടെ വണ്ടി കയറുമെന്നായിരുന്നു' ആനന്ദിന്റെ മറുപടി. അന്നത്തെ യാത്ര നിമിഷയ്ക്ക് അപ്രതീക്ഷിത ഓഫ് റോഡ് അനുഭവമാണ് സമ്മാനിച്ചത്. 

പിന്നീട് ആനന്ദിനൊപ്പം ഓഫ് റോഡ് മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും കാഴ്ചക്കാരിയായി നിമിഷയും കൂടി. പോകപ്പോകെ ഓഫ് റോഡ് വാഹനങ്ങളുടെ ഇരമ്പലുകള്‍ നിമിഷയ്ക്കും ആവേശമായി. കഴിഞ്ഞ വര്‍ഷം വാഗമണ്ണില്‍ നടന്ന മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് ആയിരുന്നു നിമിഷയുടെ ആദ്യ ഓഫ് റോഡ് മത്സരം. അതീവ ദുഷ്‌കരമായ പാതകളിലൂടെ വാഹനം ഓടിച്ച് നിശ്ചിത സ്ഥലങ്ങളില്‍ വച്ചിട്ടുള്ള ഫ്ലാഗുകള്‍ മറികടക്കുകയാണ് വെല്ലുവിളി. അന്ന് വനിതാവിഭാഗത്തില്‍ വിജയിയായാണ് നിമിഷ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് അവസാനിപ്പിച്ചത്. 

സ്ത്രീകള്‍ ഓഫ് റോഡിങ്ങിലേക്ക് വരാത്തതിന് പല കാരണങ്ങളുണ്ടാകാമെന്ന് നിമിഷ പറയുന്നു. ആവശ്യമായ സൗകര്യങ്ങളോടെ ഒരു വാഹനം ഓഫ് റോഡിങ്ങിന് സജ്ജമാക്കണമെങ്കില്‍ത്തന്നെ ലക്ഷങ്ങള്‍ ചെലവ് വരും. ഇത് പലപ്പോഴും സ്ത്രീകള്‍ക്ക് കുടുംബത്തിന്റെ പിന്തുണയില്ലാതെ സാധ്യമാകില്ല. പണച്ചെലവിനൊപ്പം സുരക്ഷാ പേടിയും കൂടി വരുന്നതോടെയാണ് ഓഫ് റോഡിങ് എന്ന സ്വപ്‌നം പലര്‍ക്കും അപ്രാപ്യമാകുന്നത്. 

കേരളത്തില്‍ ഓഫ് റോഡിങ് രംഗത്തെ സ്ത്രീ സാന്നിധ്യം ഇപ്പോഴും വളരെ കുറവാണ്. കൊച്ചി കാക്കനാട് നടന്ന V12 റേസിങ്ങില്‍ ആദ്യം വനിതകള്‍ക്ക് അവസരം നല്‍കിയിരുന്നില്ല. അതേക്കുറിച്ച് ഒരുപക്ഷേ സംഘാടകര്‍ പോലും ചിന്തിച്ചിരുന്നില്ലെന്നു വേണം കരുതാന്‍. ഒടുവില്‍ അവസാന നിമിഷത്തിലാണ് വനിതകള്‍ക്കു കൂടി അവസരം നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. വനിതകള്‍ക്കുള്ള മത്സരം കഴിഞ്ഞ ശേഷമാണ് നിമിഷ ഇക്കാര്യം അറിയുന്നതു തന്നെ. നേരത്തേ റജിസ്റ്റര്‍ ചെയ്ത കാര്യം ചൂണ്ടിക്കാണിച്ച് പിന്നീട് മത്സരത്തിനിറങ്ങുകയായിരുന്നു. 

ഏതാണ്ട് മുപ്പതോളം വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞ് നാമാവശേഷമാക്കിയ ട്രാക്കിലാണ് അന്ന് നിമിഷ ഓടിച്ചത്. ഒപ്പം മത്സരിച്ച എല്ലാവരെക്കാളും മോശം ട്രാക്കില്‍ ഓടിച്ച് രണ്ടാം സ്ഥാനത്തെത്താന്‍ നിമിഷയ്ക്കായി. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഒന്നാംസ്ഥനത്തെക്കാള്‍ ആവേശം നിറയ്ക്കുന്നതായിരുന്നു പൊരുതി നേടിയ ആ രണ്ടാം സ്ഥാനം. ഓഫ് റോഡ് ഡ്രൈവിങ്ങില്‍ ഒരു ഡ്രൈവര്‍ക്ക് ഏറ്റവും വേണ്ട, തോല്‍ക്കാന്‍ തയാറല്ലാത്ത മനക്കരുത്തിന് ലഭിച്ച അംഗീകാരമായിരുന്നു അത്. 

വാഗമണ്ണില്‍ നടന്ന മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പില്‍ വിജയിച്ചതോടെ നിമിഷയ്ക്ക് ദേശീയ തലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ഓഫ് റോഡ് പരിശീലന കേന്ദ്രമുള്ള ഇഗാത്പുരിയില്‍ വച്ചാണ് ഇത് നടക്കുക. യോഗ്യത നേടിയവരുടെ യാത്രാ ചെലവടക്കം മഹീന്ദ്ര വഹിക്കുന്ന ഓഫ് റോഡ് ഇവന്റിൽ ഒന്നാമതെത്തുന്നവര്‍ക്ക് ഥാര്‍ ആണ് സമ്മാനം. മലേഷ്യയില്‍ നടക്കുന്ന റെയിന്‍ ഫോറസ്റ്റ് ചാലഞ്ചില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ആനന്ദിനുമുണ്ട്. എന്നാല്‍, ഈ രണ്ട് ഓഫ് റോഡ് സ്വപ്‌നങ്ങളും കോവിഡിനെ തുടര്‍ന്ന് നീട്ടി വച്ചിരിക്കുകയാണ്. കോവിഡിന്റെ താല്‍ക്കാലിക തടസ്സങ്ങള്‍ക്കപ്പുറം ഓഫ് റോഡ് രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ആനന്ദ് -നിമിഷ ഓഫ് റോഡ് കപ്പിള്‍സ്.

English Summary: Anand Manjooran And Nimisha Offroad Couples Form Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com