‘ഒരു ഇന്ത്യന്‍ റെക്കോർഡ് കഥ’; കരവിരുതും ബുള്ളറ്റ് പ്രേമവും ഒന്നിച്ചപ്പോള്‍ പിറന്നത്

royal-enfield-1
SHARE

അമലേഷ് രാധാകൃഷ്ണന്റെ കരവിരുതും ബുള്ളറ്റ് പ്രേമവും ഒന്നിച്ചപ്പോള്‍ പിറന്നത് ഒരു ഇന്ത്യന്‍ റെക്കോഡ്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അമലേഷിന്റെ പേരിലാണ് പെന്‍സില്‍ മുനകളില്‍ ഏറ്റവും കൂടുതല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ പേരെഴുതിയതിന്റെ റെക്കോർഡുള്ളത്. പെന്‍സില്‍ മുനകളില്‍ 1898 മുതല്‍ 2019 വരെ പുറത്തിറങ്ങിയിട്ടുള്ള 83 എന്‍ഫീല്‍ഡ് മോഡലുകളാണ് അമലേഷ് ചെത്തിയെടുത്തത്. ഈ യുവാവിന്റെ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

amalesh

കോഴിക്കോട് കെഎംസിടിയില്‍ നിന്നും മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയിട്ടുള്ള അമലേഷ് ഇപ്പോള്‍ രാമനാട്ടുകര LUHA ഓട്ടോമോട്ടീവില്‍ കസ്റ്റമര്‍ റിലേഷന്‍ മാനേജരായാണ് ജോലി നോക്കുന്നത്. ബുള്ളറ്റിനോടുള്ള ഇഷ്ടമാണ് രണ്ടു വര്‍ഷം മുമ്പ് ഈ ജോലിയിലേക്ക് എത്തിച്ചതും. വണ്ടികളോടുള്ളതുപോലുള്ള ഇഷ്ടം വരയോടും സൂക്ഷിക്കുന്ന അമലേഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനായി ശ്രമിച്ചപ്പോള്‍ സ്വാഭാവികമായും തെരഞ്ഞെടുത്തത് എന്‍ഫീല്‍ഡിന്റെ അന്നുവരെയുള്ള മോഡലുകളുടെ പേരുകളായിരുന്നു. 

ഗുരു ഓണ്‍ലൈന്‍

വരയോട് ഇഷ്ടമുണ്ടെന്നല്ലാതെ ഔദ്യോഗിക രീതികളിലൂടെ ചിത്രകല അഭ്യസിച്ചിട്ടില്ല അമലേഷ്. ഓണ്‍ലൈനാണ് ഗുരു, സോഷ്യല്‍മീഡിയയാണ് പ്രോത്സാഹനം. നേരിട്ട് ഇതുവരെ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇടുന്ന പോസ്റ്റുകള്‍ക്ക് പ്രോത്സാഹനവുമായി വരുന്നത്. ഇതിനൊപ്പം സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലൂടെ സമാനമായ താൽപര്യമുള്ളവരുമായി ബന്ധം സ്ഥാപിക്കാനും സാധിക്കുന്നു. 

royal-enfield-3

കേരള പെന്‍സില്‍ കാര്‍വേഴ്‌സ് ഗ്രൂപ്പ് എന്ന വാട്‌സ്ആപ് ഗ്രൂപ്പിലൂടെയാണ് പെന്‍സില്‍ കാര്‍വിംങിന്റെ സാധ്യതകളെക്കുറിച്ച് കൂടുതല്‍ അറിയാനായത്. പെന്‍സില്‍ മുനയിലൂടെ പലരും പല റെക്കോഡുകളും നേടുന്നത് ഈ ഗ്രൂപ്പിലൂടെ അറിഞ്ഞു. അങ്ങനെയാണ് പ്രിയപ്പെട്ട എന്‍ഫീല്‍ഡിന്റെ 1898 മുതല്‍ 2019 വരെയുള്ള 83 മോഡലുകളുടെ പേരുകള്‍ കൊത്തിയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഓഫീസില്‍ നിന്നും സുഹൃത്തുക്കളും വീട്ടുകാരുമെല്ലാം ഈ റെക്കോഡ് ശ്രമത്തിന് എല്ലാ പ്രോത്സാഹനങ്ങളുമായി ഒപ്പം നിന്നു. 

ഇന്ത്യന്‍ റെക്കോർഡ് 

2020 ഒക്ടോബര്‍ ഏഴിനാണ് അമലേഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ തന്റെ എന്‍ഫീല്‍ഡ് റെക്കോർഡിനായുള്ള അപേക്ഷ നല്‍കുന്നത്. അന്നുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ എന്‍ഫീല്‍ഡ് മോഡലുകളുടേയും പേരുകള്‍ ഓരോ പെന്‍സിലുകളിലായി എഴുതുക എന്നതായിരുന്നു ലക്ഷ്യം. 1898ല്‍ ഇറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് മുതല്‍ 2019ല്‍ പുറത്തിറങ്ങിയ ട്രയല്‍സ് വരെയുള്ള 83 ബുള്ളറ്റുകളുടെ പേരുകള്‍ പെന്‍സില്‍ മുനയില്‍ എഴുതുകയായിരുന്നു ലക്ഷ്യം. 

royal-enfield-2

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ നിന്നും അനുമതി ലഭിച്ചതോടെ ഒക്ടോബര്‍ 14 മുതല്‍ റെക്കോർഡ് ശ്രമം ആരംഭിച്ചു. ആദ്യ ദിവസം തുടര്‍ച്ചയായി ഒമ്പതു മണിക്കൂറും 32 മിനുറ്റുമാണ് എന്‍ഫീല്‍ഡ് മോഡലുകളുടെ പേരുകള്‍ പെന്‍സില്‍ മുനയില്‍ കൊത്തിയത്. ഈ റെക്കോർഡിനായുള്ള പരിശ്രമം പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഒപ്പം ചിത്രങ്ങളും പകര്‍ത്തി. രണ്ടാം ദിവസം 9.45 മണിക്കൂറും മൂന്നാം ദിവസം 7.54 മണിക്കൂറും ശ്രമിച്ചപ്പോഴാണ് ആ 83 എന്‍ഫീല്‍ഡ് പേരുകളും പൂര്‍ത്തിയായത്. 

ഇതിനിടെ പലതവണ പെന്‍സിലിന്റെ മുന ഒടിയുകയുണ്ടായി. ഏകാഗ്രതയും സൂഷ്മതയും ഏറെ വേണ്ട മൈക്രോ ആര്‍ട്ടാണ് പെന്‍സില്‍ കാര്‍വിംഗ്. 120 പെന്‍സിലുകളില്‍ ശ്രമിച്ചാണ് 83 പേരുകള്‍ വിജയകരമായി കൊത്തിയെടുത്തതെന്ന് അമലേഷ് പറയുന്നത്. ആകെ 27 മണിക്കൂറും 18 മിനുറ്റുമെടുത്താണ് എന്‍ഫീല്‍ഡ് മോഡലുകളുടെ പേരുകള്‍ പെന്‍സില്‍ മുനയില്‍ തീര്‍ത്തത്. 

royal-enfield-4

പെന്‍സില്‍ ഡ്രോയിങ്ങിനു പുറമേ സ്‌കെച്ച് ഉപയോഗിച്ചും മ്യൂറല്‍ പെയിന്റിംങിലും ഒരു കൈ നോക്കുന്നുണ്ട് അമലേഷ്. ഓണ്‍ലൈന്‍ വഴി കേരളത്തിനകത്തും പുറത്തുമായി താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നുമുണ്ട്. സുഹൃത്തുക്കള്‍ക്കും ആവശ്യക്കാര്‍ക്കും പെന്‍സില്‍ മുനയിലെ എഴുത്തുകളായും പോര്‍ട്രെയിറ്റുകളായും ചെയ്തു നല്‍കാന്‍ സമയം തികയുന്നില്ലെന്നത് മാത്രമാണ് പരാതി. പഠനകാലത്ത് കായികരംഗത്ത് സജീവമായിരുന്ന അമലേഷ് ഭരോദ്വഹനം, ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളില്‍ ദേശീയ- സംസ്ഥാന തലത്തില്‍ പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

English Summary: Amalesh Carved Royal Enfield Model Names In Pencil Tip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA