അ–അക്യൂറ, ആ–ആസ്റ്റൻ മാർട്ടിൻ, ഇ–ഇസൂസു...ഈ പേരുകൾ ഉച്ചരിക്കുന്നതെങ്ങനെ?

car-brands
SHARE

അ – അമ്മ, ‌ആ – ആന, ത – തറ, പ – പന... നഴ്സറി ക്ലാസുകളിൽ നാം അക്ഷരം പഠിച്ചത് ഇങ്ങനെയാകുമല്ലോ... വാഹനപ്രേമികൾക്കായി ഒരു നഴ്സറി സ്കൂൾ തുടങ്ങിയാൽ അവിടെ എന്തൊക്കെ പഠിപ്പിക്കും. 

‘വാഹനപ്രേമി സ്കൂൾ’ മലയാളം മീഡിയം ആണെങ്കിൽ അവിടുത്തെ എൽകെജിയിൽ അക്ഷരം പഠിപ്പിക്കുന്നത് ഇങ്ങനെയായിരിക്കും: അ – അക്യൂറ, ആ – ആസ്റ്റൻ മാർട്ടിൻ, ഇ – ഇസൂസു... 

ഇംഗ്ലിഷിൽ ആണെങ്കിൽ ‘A for Audi, B for Bugatti, C for Citroen and D for Dodge...’, ഇങ്ങനെ മുന്നേറും അക്ഷരം പഠിപ്പിക്കൽ. 

എൽകെജിയിൽ അക്ഷരം പഠിക്കുന്ന ‘കുട്ടി’യെ യുകെജിയിൽ എന്തു പഠിപ്പിക്കും? വാഹനങ്ങളുടെ ഘടകങ്ങളെക്കുറിച്ച് പഠിപ്പിച്ചാലോ... ധൃതി പാടില്ല. കിന്റർഗാർട്ടൻ ഒന്നു ജയിച്ചു കയറി എൽപി സ്കൂളിൽ എത്തട്ടെ, എന്നിട്ടാകാം ‘ഘടക പഠനം’. യുകെജിയിൽ വാഹന നിർമാണ സ്ഥാപനങ്ങളുടെ പേരുകൾ പരിചയപ്പെടുത്താം. വാഹന നിർമാണ സ്ഥാപനങ്ങൾ ഇല്ലാതെ വാഹനങ്ങൾ ഇല്ലെന്നതിനാൽ അതു തന്നെ അടുത്ത ഘട്ടം. ‘വാട്ട് ആൻ ഐഡിയ, സർജി...’. 

പക്ഷേ, അങ്ങനെയൊരു സ്കൂളും പാഠ്യപദ്ധതിയും ഇല്ലാത്ത സ്ഥിതിക്ക് ഇതൊക്കെ പഠിപ്പിക്കാൻ ആരെങ്കിലും വേണമല്ലോ. എല്ലാവരുടെയും അനുവാദത്തോടെ അതും ഏറ്റെടുത്തേക്കാം... 

ഇതു വായിക്കുന്ന ഭൂരിഭാഗത്തിനും രാജ്യത്തെയും ലോകത്തെയും പ്രധാന വാഹന നിർമാതാക്കളുടെ പേരുകൾ കണ്ടാൽ അവ ‘കാർ നിർമാണ കമ്പനികൾ’ ആണെന്നെങ്കിലും  മനസ്സിലാകും എന്നതിനാൽ ‘അക്ഷരം പഠിച്ചു’ സമയം കളയാതെ നമുക്കു പേരുകൾ പഠിക്കാം... അപ്പോൾ കുട്ടികളെ, ശ്രദ്ധിക്കുക... ഇന്നത്തെ ഓൺലൈൻ ക്ലാസിൽ തങ്കുപ്പുച്ച വാഹന നിർമാതാക്കളുടെ പേര് എഴുതും, മിട്ടുപ്പൂച്ച അതിന്റെ ഉച്ചാരണവും. 

(ഓർക്കാൻ – തങ്കുപ്പൂച്ച വാഹന നിർമാതാക്കളുടെ പേരുകൾ ഇംഗ്ലിഷിൽ ആയിരിക്കും എഴുതുക. കാരണം ഇംഗ്ലിഷ് ലോകഭാഷ ആകയാൽ, എല്ലാ വാഹനനിർമാതാക്കളും അവയുടെ പേരുകൾ ഇംഗ്ലിഷിൽ എഴുതി ലോഗോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്, ഉദാ – ടാറ്റ, മഹീന്ദ്ര, അശോക് ലെയ്‌ലാൻഡ്. ചിലരുടെ പേരു തന്നെയാണു ലോഗോ, ഉദാ – ഫോർഡ്, കിയ, ലാൻഡ് റോവർ. അതും ഇംഗ്ലിഷിൽ തന്നെ. മിട്ടുപ്പുച്ച അവയുടെ ഉച്ചാരണം അത്യധ്വാനം ചെയ്തു മലയാളത്തിൽ എഴുതും. മിട്ടു പൂച്ചയെ മലയാള ഭഗവതി കാക്കട്ടെ...) 

Abarth - ‘അബർത്ത്’. ഇംഗ്ലിഷ് സംസാരിക്കുന്നവരും ഇന്ത്യൻ ഭാഷകളിൽ സംസാരിക്കുന്നവരും ‘അബാർത്ത്’ എന്നൊരു ഉച്ചാരണം ഈ പേരിനു നൽകിയിട്ടുണ്ട്. പക്ഷേ ഈ വാക്ക് ഓസ്ട്രിയനും സ്ഥാപനം ഇറ്റാലിയനും ആണ്. Abarthനു ദീർഘമുള്ളതായി ഈ രണ്ടു കൂട്ടർക്കും അറിയില്ല. അറിയാമെങ്കിൽ തന്നെ അവരതുണ്ടെന്നു ഭാവിക്കാറുമില്ല. 

abarth

നിലവിൽ എഫ്സിഎ എന്ന ഭീമൻ വാഹന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹൈ പേർഫോമൻസ് ട്യൂണിങ് ഉപസ്ഥാപനമാണ് അബർത്ത്. നമ്മുടെ നാട്ടിൽ പുന്തോ എന്ന ഹാച്ച്ബാക്ക് കാറിന്റെ പെർഫോമൻസ് വകഭേദം ഇവർ പുറത്തിറക്കിയിരുന്നു. സ്ഥാപകൻ കാർലോ ആൽബേർത്തൊ അബർത്തിന്റെ പേരിന്റെ ഒരു ഭാഗമാണ് കമ്പനിക്കു നൽകിയത്. 

BMW - ‘ബിഎംവി’. ജർമനാ... ജർമൻ ഭാഷയിൽ ‘W’ എന്ന അക്ഷരം ‘വി’ എന്നാണ് ഉച്ചരിക്കുക. അപ്പോൾ പിന്നെ ബിഎംഡബ്ല്യു എവിടുന്നു വന്നു? അതും ഇംഗ്ലിഷുകാരുടെ സൃഷ്ടിയാണ്. Bayerische Motoren Werke എന്ന ജർമൻ പേരിന്റെ ചുരുക്കപ്പേരാണു ബിഎംവി. ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയാൽ ‘ബവേറിയൻ മോട്ടോർ വർക്സ്’ എന്നു വായിക്കാം. (ട്രോളൻമാരോട്: ബൈജു മെറ്റൽ വർക്സോ ബാബു മെറ്റൽ വർക്സോ അല്ല). 

bmw

ആരും പേടിക്കേണ്ട, ഇംഗ്ലിഷുകാർ പറഞ്ഞു പറഞ്ഞ് ലോകത്തിന്റെ പകുതി ഭാഗത്തും ഇപ്പോൾ ബിഎംഡബ്യു എന്നാണ് ഈ 3 അക്ഷരങ്ങൾ ഉച്ചരിക്കുന്നത്. എന്നാൽ ജർമനിയിൽ ചെന്നാൽ ഇതു ‘മിട്ടുപ്പൂച്ച പറഞ്ഞു തന്നതുപോലെ’ പറയാൻ മറക്കേണ്ട. 

Citroen - ‘സിത്രൊഎൻ’. നിലവിൽ പിഎസ്എ ഗ്രൂപ്പ് എന്ന കമ്പനിയുടെ ഭാഗമായ Citroen ഒരു ഫ്രഞ്ച് കാർ നിർമാതാവാണ്. കുറച്ചുകൂടി സ്പഷ്ടമായി പറഞ്ഞാൽ ഉപസ്ഥാപനം. ആന്ദ്രെ ഗുസ്താവ് സിത്രൊഎൻ എന്ന ആൾ ആണു കമ്പനി തുടങ്ങിയത്. ഇനി പേര് എവിടുന്നു വന്നു എന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ. 

citroen

‘സിട്രൻ’ എന്ന് ഇംഗ്ലിഷുകാർ വിളിക്കുന്നു, അതുകൊണ്ടു നമ്മളും ഇനി അങ്ങനെ തന്നെ വിളിക്കും. ഇംഗ്ലിഷുകാർ ‘സിട്രൻ’ എന്നു ചെറുതാക്കിയില്ലായിരുന്നുവെങ്കിൽ നമ്മൾ മലയാളികൾ ചിലപ്പോൾ ഇതു ‘സിട്രൊയെൻ’ വരെ എത്തിച്ചേനെ. എഴുതുന്നതു പോലെ തന്നെ വായിക്കാനും ഉച്ചരിക്കാനും ഒന്നും നമ്മൾ മലയാളികൾക്കു പ്രത്യേകിച്ചൊരു കോച്ചിങ് വേണ്ടല്ലോ... എങ്ങനെ... വൈകാതെ ഇന്ത്യയിലെത്തുമെന്ന് ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. 

Hyundai - ‘ഹ്യൂന്തെയ്’. ഇന്ത്യക്കാർ ‘ഹ്യൂണ്ടായ്’ എന്നും ബ്രിട്ടീഷുകാർ ‘ഹൈയുണ്ടായ്’ എന്നും വിളിക്കുന്നു. ‘ആധുനികത’ എന്ന് അർഥമുള്ള Hanja എന്ന കൊറിയൻ വാക്കിന്റെ പരിഷ്കരിച്ച രൂപമാണ് ‘ഹ്യൂന്തെയ്’. 1967ൽ ദക്ഷിണ കൊറിയയിൽ ആരംഭിച്ച കമ്പനി വളരെ വേഗം രാജ്യാന്തര തലത്തിൽ പ്രശസ്തി നേടി. 

hyundai

ഇവർ ചെന്നു കയറുന്ന വിപണിക്കും അവിടുത്തെ ഭാഷയ്ക്കും അനുസരിച്ച് ഉച്ചാരണത്തിൽ മാറ്റം വരുത്തി പരസ്യങ്ങളിൽ Hyundai എന്ന വാക്ക് ഉപയോഗിക്കുന്നത് ഈ സ്ഥാപനത്തിന്റെ ഒരു ശീലമാണ്. തങ്ങളുടെ ബ്രാൻഡ് ജനകീയമാകണമെന്നു വാശിയുള്ള സ്ഥാപനമാണു ഹ്യൂന്തെയ്. ഈ ഉച്ചാരണ മാറ്റം അത്തരമൊരു നിർബന്ധത്തിന്റെ ഉപോൽപ്പന്നമാകാം. 

Mazda - ‘മറ്റ്സുഡ’. എസ്എംഎൽ‌ ഇസുസു എന്ന ഇന്ത്യൻ ട്രക്ക് – മിനിബസ് നിർമാതാവ് മുൻപ് Swaraj Mazda ആയിരുന്ന കാലത്തു ടിപ്പർ ലോറി മുതലാളിമാരും ഡ്രൈവർമാരും ‘മസ്ദ’ എന്നാണു വിളിച്ചിരുന്നത്. ജാപ്പനീസ് കമ്പനിയാണു ‘മറ്റ്സുഡ’. മാസ്ഡ എന്നാണ് ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നവർ വിളിക്കുക.

mazda

നമ്മുടെ നാട്ടിലെ Swaraj Mazda കമ്പനിക്ക് യഥാർഥ ‘മറ്റ്സുഡ’ കോർപറേഷനുമായി സാങ്കേതിക സഹകരണവും അവർക്ക് ഇന്ത്യൻ സ്ഥാപനത്തിൽ ചെറിയ ഷെയറും ഉണ്ടായിരുന്നു. വാഹന എൻജിനീയറിങ് രംഗത്തെ പ്രമുഖരായ ‘മറ്റ്സുഡ’യുടെ പേര് എസ്എംഎലിനു നല്ല പേരു തന്നെയാണു കാലക്രമേണ സമ്മാനിച്ചത്. യഥാർഥ ‘മറ്റ്സുഡ’ നിലവിൽ മികച്ച കാറുകളും എൻജിനുകളും ഉണ്ടാക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ്. 

Fiat - ‘ഫിയാത്ത്’. ഇന്ത്യാ മാഹാരാജ്യം കാറിൽ കയറാൻ കാരണക്കാരായ കമ്പനികളിലൊന്നാണ് ഇറ്റലിയിലെ ഫിയാത്ത്. ‘ഫിയറ്റ്’ എന്നു സ്റ്റൈലൈസ് ചെയ്താണ് ഇന്ത്യയിലും ഇംഗ്ലീഷ് പറയുന്ന രാജ്യങ്ങളിലും പറയാറ്. ഫിയാത്ത് ഒരു ചുരുക്കപ്പേരാണ്. Fabbricca Italiana Automobili Torino എന്നാണ് അതിന്റെ പൂർണരൂപം. അതും ഇറ്റാലിയൻ ആണ്. ഇംഗ്ലിഷിലേക്ക് മൊഴിമാറ്റിയാൽ ‘Italian Automobiles Factory, Turin’. 

fiat

ജൊവാൻനി അഞ്ഞെല്ലി എന്ന ഇറ്റാലിയൻ വ്യവസായിയാണ് ഫിയാത്തിന്റെ സ്ഥാപകൻ. അഞ്ഞെല്ലി കുടുംബമാണ് ഇപ്പോഴും ഫിയാത്തിന്റെ മാതൃകമ്പനിയായ എഫ്സിഎയുടെ അമരക്കാർ. ഇന്ത്യയിലെ സാധാരണക്കാർ പാൽ (PAL) എന്ന് ഓമനപ്പേരിട്ടു വിളിച്ചിരുന്ന പ്രീമിയർ ഓട്ടമൊബീൽസ് ലിമിറ്റഡ് പുറത്തിറക്കിയ പദ്മിനി എന്ന കാറും 118 എൻഇ എന്ന കാറും ഫിയാത്തിന്റെ സന്താനങ്ങളാണ്. 

Ssangyong - സ്സങ്‌യൊങ്. റെക്സ്റ്റൻ എന്ന ഒറ്റ മോഡൽ കൊണ്ട് വാഹനപ്രേമികൾക്കിടയിൽ തരംഗമായ പേരാണ് സ്സങ്‌യൊങ്. ‘ഹ്യൂന്തെയ്‌’യുടെ നാടായ ദക്ഷിണ കൊറിയ തന്നെയാണു സ്വദേശം. ‘ഇരട്ട വ്യാളികൾ’ എന്നാണു വാക്കിന് അർഥം. കൊറിയയിലെ നാലാമത്തെ വലിയ വാഹന ഗ്രൂപ്പാണ് സ്സങ്‌യൊങ് മോട്ടോർ കമ്പനി. ഇന്ത്യയുടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആണ് സ്സങ്‌യൊങ്ങിന്റെ ഉടമ. 2011ലാണ് ഈ കൊറിയൻ നിർമാതാവിനെ മഹീന്ദ്ര ഏറ്റെടുത്തത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ‘അൾട്യൂറാസ്’ എന്ന, മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ എസ്‌യുവി പുതുതലമുറ റെക്സ്റ്റന്റെ ഇന്ത്യൻ അവതാരമാണ്. ഒരു കാലത്തു സാക്ഷാൽ ബെൻസുമായി പോലും സാങ്കേതിക സഹകരണമുണ്ടായിരുന്നു ഈ കൊറിയൻ താരത്തിന്. 

ssangyong

അപ്പോൾ, മേൽപറഞ്ഞ പേരുകൾ ഹൃദിസ്ഥമാക്കാൻ പറഞ്ഞു തന്നെ പഠിക്കുക. വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ഇനിയും ശുദ്ധ ഉച്ചാരണവുമായി എത്താം. അപ്പോൾ നന്ദി, നമസ്കാരം... ടാറ്റ

English Summary: How To Pronounce Vehicle Brand Names

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA