ADVERTISEMENT

പഴയ വാഹനം  പൊടിതട്ടിയെടുക്കുമ്പോൾ ഓർമകളാണ് തെളിഞ്ഞുവരുന്നത്. എറണാകുളം പുത്തൻകുരിശിലെ ലാംപി ഇങ്ങനെയൊരു ഓർമക്കൂടാണ്. വിപിൻ ജോർജിന്റെ ബാല്യകാലത്ത് പിതാവ് ഓടിച്ചുനടന്ന സ്കൂട്ടർ. രണ്ടുപതിറ്റാണ്ടിന്റെ ഓർമയുണ്ട് ആ വാഹനത്തിൽ. അതുകൊണ്ടുതന്നെയാണ് ലക്ഷം രൂപയ്ക്കുമുകളിൽ രൂപ മുടക്കി വിപിൻ ആ പ്രിയപ്പെട്ട ലാംപിയെ തിരികെയെടുത്തത്. 

lamby-front

ഒരു സൗഹൃദക്കൂട്ടായ്മയുണ്ട് ലാംപി യുടെ രണ്ടാംപിറവിക്കു പിന്നിൽ. പിതാവ് പി.എൽ. ജോർജ് 23 വർഷം മുൻപ് കുടുംബത്തെയും വച്ച് ഓടിച്ചുനടന്നിരുന്നതാണ് ഈ ലാംപിയെ. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം വാഹനം വീട്ടിൽ ഇരുന്നു. പിന്നീടൊരിക്കൽ പെയിന്റിങ് പണിക്കാർ വീട്ടിനുള്ളിൽനിന്നു ലാംപിയെ പുറത്തുവച്ചു. അങ്ങനെ കിടന്നു ബോഡി തുരുമ്പെടുത്തു. ഇതിനിടയിൽ വിപിൻ ന്യൂസീലൻഡിൽ പോയി. 2018 ൽ വീട്ടിലേക്കു വന്നപ്പോൾ ലാംപിയെ പുതുക്കാനുള്ള ശ്രമം തുടങ്ങി.

സുഹൃത്തായ സുമോദ് ജി. നായർ സ്വന്തം വീട്ടിലിരുന്ന് ലാംപിയെ മിനുക്കിയെടുത്തു. അദ്ദേഹത്തിന്റെ ഹോബിയാണ് വാഹനനവീകരണം. സുഹൃത്ത് റിനിൽ സേവ്യർ എല്ലാ സഹായങ്ങളും നൽകി കൂടെനിന്നു.  പഴയ വാഹനത്തിന്റെ അവസ്ഥ കണ്ടാൽ മനസ്സിലാകും ഇവർ എത്ര സൂക്ഷ്മതയോടെയാണ് ലാംപിയെ പരിചരിച്ചതെന്ന്. 

lamby-old

പാർട്സുകൾ കൊയമ്പത്തൂരിലെ പൊളിമാർക്കറ്റിൽനിന്നു ലഭിച്ചു. ഒട്ടുമിക്കതും പഴയ ഒറിജിനൽ സാധനങ്ങൾ തന്നെ. പഴയ എൻജിൻ ഇപ്പോഴും പുലിയാണ്. ഒറ്റ കിക്കിൽ സ്റ്റാർട്ട് ആകും. ടയർ, ബ്രേക്ക് എന്നിവ പുതിയതാണ്.ഒരു കൊല്ലത്തിൽ കൂടുതൽ സമയം എടുത്തു ലാംപിയെ മിനുക്കിയെടുത്തപ്പോൾ കിട്ടിയത്, കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമകൾ കൂടിയാണ് വിപിന്. 

ലാംപി

ഓട്ടമൊബീൽ പ്രോഡക്ട് ഓഫ് ഇന്ത്യ (എപിഐ) കമ്പനി 1977 ൽ ഇറക്കിയ 150 സിസി സ്കൂട്ടർ ആണ് ലാംപി. ഇറ്റാലിയൻ കമ്പനിയായ ഇന്നൊസെന്റിയുടെ സഹകരണത്തോടെയാണ് ലാംപിയും ലാംബ്രട്ടയും കമ്പനി ഇറക്കിയത്. മുംബൈയിൽ ആരംഭിച്ച കമ്പനി പിന്നീട് ചെന്നെയിലേക്കു പ്രവർത്തനം മാറ്റി. 1992 ൽ എപിഐ പ്രവർത്തനം നിർത്തി.

English Summary: Old Lambi Scooter Restored

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com