‘ഈ പറയുന്നതൊന്നുമല്ല അത്’, ഈ പേരുകൾ പറയുന്നത് ഇങ്ങനെ

logo
SHARE

‘വാഹന നിർമാണ സ്ഥാപന നാമോച്ചാരണ’ ക്ലാസിന്റെ രണ്ടാം ഭാഗം ആരംഭിക്കാം. Abarth, Fiat, Hyundai, Ssangyong, Mazda, BMW, Citroen എന്നീ കാർ കമ്പനികളുടെ ഉച്ചാരണം ആണല്ലോ നമ്മൾ ആദ്യത്തെ ക്ലാസിൽ പഠിച്ചത്. (ആദ്യത്തെ ക്ലാസ് ശ്രദ്ധിക്കാത്തവരുടെ ശ്രദ്ധയ്ക്ക്... ലിങ്ക് താഴെയുണ്ട്. വേഗം വായിച്ചു തിരിച്ചു വരിക.)

ധൃതിയുള്ളവർക്കായി ഒരു ചെറു ആമുഖം: ഭൂരിഭാഗം വാഹന നിർമാതാക്കളും ഇംഗ്ലിഷിലാണ് അവരുടെ പേരുകൾ ‘സ്റ്റൈലൈസ്’ ചെയ്തിരിക്കുന്നത്. അതിനാൽ നമുക്ക് പരിചയവും അവയുടെ ഇംഗ്ലിഷ് ഉച്ചാരണം ആയിരിക്കും. എന്നാൽ, ഈ കമ്പനികൾ ഏതു നാട്ടിലാണോ പിറവിയെടുത്തത്, അവയ്ക്ക് ആ നാട്ടിലെ ഭാഷയിൽ മറ്റൊരു ഉച്ചാരണവും കാണും. അത്തരം ഉച്ചാരണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ടാറ്റ, മഹീന്ദ്ര, മാരുതി, ഹിന്ദുസ്ഥാൻ, അതുൽ, കുമാർ എന്നീ കമ്പനി പേരുകളും വിക്രം, ജീത്തോ, ജിയോ, ദോസ്ത്, യോദ്ധ, തൂഫാൻ, ഗൂർഖ, ബൽവാൻ എന്നീ ബ്രാൻഡ് നാമങ്ങളും ഇന്ത്യൻ ആണല്ലോ. അതിലെ ‘വിക്രം’ എന്ന ബ്രാൻഡ് നാമം എടുക്കാം. ലാംബി, വിജയ് സൂപ്പർ എന്നീ ഹിറ്റ് സ്കൂട്ടറുകൾ സാക്ഷാത്കരിച്ച സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം ഇറ്റലിയിലെ ഇന്നൊച്ചെന്റി (ഇന്നസെന്റി) എന്ന കമ്പനിയുമായി സാങ്കേതിക സഹകരണത്തിലേർപ്പെട്ടു നിർമിച്ച മുച്ചക്ര വാഹനമാണ് ‘വിക്രം’. VIKRAM എന്നാണ് അതിന്റെ ഇംഗ്ലിഷ് അക്ഷര വിന്യാസം. എന്നാൽ ഇംഗ്ലിഷുകാർ ‘വിക്റാം’ എന്ന് ഉച്ചരിച്ചാൽ നമുക്ക് ഒരു സുഖമില്ലായ്മ തോന്നില്ലെ... ആ ‘സുഖമില്ലായ്മ’ എല്ലാ നാട്ടുകാർക്കും അവരുടെ പേരുകൾ മറ്റുള്ളവർ തെറ്റിച്ചു പറഞ്ഞാൽ തോന്നും. പിന്നെ, വണ്ടി വിൽക്കണമല്ലോ... അതുകൊണ്ട് ആരും അതു പ്രകടിപ്പിക്കില്ലെന്നു മാത്രം. ആരുടെയും ‘സുഖമില്ലായ്മ’ മാറ്റുകയല്ല ഈ ക്ലാസിന്റെ ലക്ഷ്യം. വാഹനപ്രേമികൾക്കായി മറ്റൊരു വാഹനപ്രേമിയുടെ എളിയ ‘അറിവു പങ്കുവയ്ക്കൽ’  മാത്രമാണിത്.

ക്ലാസിലേക്കു വന്നാൽ... തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയും നമുക്കൊപ്പം ഇവിടെയുണ്ടാകും. തങ്കുപ്പൂച്ച ഇംഗ്ലിഷ് സ്പെല്ലിങ് എഴുതും. മിട്ടുപ്പൂച്ച അതിന്റെ വിവരണം നൽകും. ഈ മിട്ടുപ്പൂച്ച ആളൊരു കേമൻ തന്നെ... അല്ലെ? ഇന്നു നമ്മൾ പഠിക്കാൻ പോകുന്നത് Skoda, Chrysler, Peugeot, Renault, Chevrolet, Mercedes Benz, Lamborghini  എന്നീ ബ്രാൻഡുകളുടെ ഉച്ചാരണം ആണ്.

Skoda - ‘ഷ്കോഡ’. അറിയാം, സ്കോഡ എന്നാണു നമ്മളും ഇംഗ്ലീഷുകാരും പറഞ്ഞു ശീലിച്ചിരിക്കുന്നത്. ഈ കമ്പനി ഇന്ത്യയിൽ വരും മുൻപ് മലയാളികളിൽ ‘ഷ്കോഡ’ എന്ന പേരു പറയാൻ ഒരാൾക്കു മാത്രമേ കഴിയുമായിരുന്നുള്ളു. അതു പഞ്ചാബി ഹൗസ് സിനിമയിലെ രമണനാണ്. Sodaയ്ക്കു ‘ഷോഡ’ എന്നു പറഞ്ഞിരുന്ന രമണൻ Skodaയെ ‘ഷ്കോഡ’ എന്നേ ഉച്ചരിക്കുമായിരുന്നുള്ളു. 100%. 

skoda

കാര്യത്തിലേക്കു വന്നാൽ... ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാഹനനിർമാണ കമ്പനികളിലൊന്നാണ് ‘ഷ്കോഡ’. ഇപ്പോഴത്തെ മാതൃകമ്പനിയായ ഫോക്സ്‌വാഗൺ ഗ്രൂപ്പിനെക്കാൾ പഴക്കമുള്ള ഷ്കോഡ, 1895ൽ ‘ലോറിൻ ആൻഡ് ക്ലെമെന്റ്’ എന്ന പേരിൽ ചെക്ക് റിപ്പബ്ലിക്കിലെ ബൊലിസ്‌ലാഫിൽ സ്ഥാപിക്കപ്പെട്ടു. 1925ൽ ഷ്കോഡ വർക്സ് എന്ന സ്ഥാപനം ലോറിൻ ആൻഡ് ക്ലെമെന്റിനെ ഏറ്റെടുത്തതോടെ കമ്പനി ഷ്കോഡ ഓട്ടോ ആയി മാറി. ഇന്ത്യയിൽ ആഡംബര സെഡാൻ കാറുകൾ ജനകീയമാകാൻ തുടങ്ങിയത് ഷ്കോഡ ഒക്ടേവിയ അവതരിപ്പിച്ചപ്പോൾ മുതലാണ്. 1900 സിസി ഡീസൽ എൻജിനുമായി എത്തിയ ഒക്ടേവിയ, ഷെവർലെ ക്രൂസ് ഇന്ത്യയിൽ എത്തുന്നതു വരെ ‘ഡീസൽ റോക്കറ്റ്’ എന്ന വിശേഷണം അണിഞ്ഞു. ഇന്നോവ ജനകീയമാകുന്നതിനു മുൻപ് മന്ത്രിമാർ സ്നേഹിച്ചിരുന്നതും ഈ ‘ചെക്ക്‌കുട്ടി’യെ തന്നെയാണ്.

ഇടയ്ക്കൊന്നു പ്രതാപം മങ്ങിയെങ്കിലും എസ്‌യുവി പ്രേമം തലയ്ക്കു പിടിച്ചു നിൽക്കുന്ന ഇന്ത്യയിൽ റാപിഡ് എന്ന ചെറിയ സെഡാൻ കാറുമായി വന്നു തരംഗം തീർത്തു ഷ്കോഡ. ഇന്നു 10 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള ലക്ഷണമൊത്ത വാല്യൂ ഫോർ മണി മാനുവൽ സെഡാൻ കാറുകളിലൊന്ന് റാപിഡിന്റെ ‘റൈഡർ’ എന്ന വകഭേദം ആണ്.

Chrysler - ‘ക്രൈസ്‌ലെർ’. യുഎസിലെ ഏറ്റവും വലിയ 3 വാഹന നിർമാണ കമ്പനികളിൽ ഒന്നാണ് ക്രൈസ്‌ലെർ. റെയിൽവേ മെക്കാനിക്കിൽ നിന്ന് കാർ നിർമാണ മേഖലയിലെ പ്രമുഖ എക്സിക്യൂട്ടീവ് ആയി വളർന്ന വാൾട്ടർ പി.ക്രൈസ്‌ലെർ 1925ൽ ആരംഭിച്ച വാഹന കമ്പനിയാണു പിന്നീട് ഫോർഡിനെയും ജനറൽ മോട്ടോഴ്സിനെയും (ജിഎം) വെല്ലുവിളിക്കുന്ന ഉയരത്തിലേക്കു വളർന്നത്. നിലവിൽ എഫ്സിഎയുടെ ഭാഗമാണ് ‘ക്രൈസ്‌ലെർ’. എഫ്സിഎയുടെ അമേരിക്കൻ വിലാസമാണ് ‘ക്രൈസ്‌ലെർ’ എന്നു പറഞ്ഞാലും കൂടുതലാകില്ല. 

chrysler

‘ക്രിസ്‌ലർ’, ‘ച്രൈസ്‌ലർ’, ‘ച്രിസ്‌ലർ’ എന്നീ ഉച്ചാരണങ്ങൾ പല രാജ്യങ്ങളിൽ നിന്നായി ഇതിനു ലഭിച്ചിട്ടുണ്ട് (എഫ്സിഎ കേൾക്കേണ്ട...).

‘ക്രൈസ്‌ലെർ’ എന്നു തെറ്റുകൂടാതെ പറയാനുള്ള എളുപ്പവഴി ആ പേരിലെ ‘h’ അവിടെയില്ല എന്നു കരുതുകയാണ്. ക്രൈസ്‌‘ല’ർ എന്ന് ഉച്ചരിക്കുന്നവരും ഉണ്ട്. എന്നാൽ പറയുമ്പോൾ സുഖം ‘ലെ’ ചേർക്കുന്നതു തന്നെയാണ്. ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഉള്ളവർ ‘r’ എന്ന ശബ്ദവും പകുതി മാത്രമേ ഉച്ചരിക്കൂ. ഇന്ത്യയിൽ ആദ്യമായി വലിയ എൻജിൻ ശേഷിയുള്ള കാറുകൾ എത്തിക്കാൻ പ്രീമിയർ ഓട്ടമൊബീൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക് സാങ്കേതിക സഹായം നൽകിയത് ക്രൈസ്‌ലെർ ആണ്. വലിയതോതിൽ വിൽക്കാൻ കഴിഞ്ഞില്ലെങ്കിലും ഇറങ്ങിയ അത്രയും കാറുകൾ ഇന്ത്യൻ വാഹനചരിത്രത്തിലെ ജ്വലിക്കുന്ന ഓർമകൾ പേറുന്നു.

Peugeot – ‘പോഷൊ’. ഫ്രഞ്ച് ഉച്ചാരണത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന മലയാളം അക്ഷര വിന്യാസം (സ്പെല്ലിങ്) ഇതാണ്. ഒരൽപം ദീർഘമായി ‘പ്’ എന്നു പറഞ്ഞ ശേഷം ‘ഷൊ’ എന്നുച്ചരിക്കുന്നതാണ് ഫ്രഞ്ച് രീതി. പക്ഷേ, അത് അക്ഷര വിന്യാസം ആയി കണക്കുകൂട്ടാൻ കഴിയില്ലല്ലോ.  ‘പ്യൂഷൊ’ എന്ന അമേരിക്കൻ ഉച്ചാരണമാണു മിക്ക രാജ്യങ്ങളിലും പ്രചാരത്തിലുള്ളത്. എഴുതുന്ന അക്ഷരങ്ങൾ ചേർത്തു വായിക്കുക എന്ന ഇന്ത്യൻ രീതി അനുസരിച്ചു നമ്മളിൽ പലരും ‘പ്യൂജിയോട്ട്’, ‘പീജ്യോട്ട്’ എന്നൊക്കെ വായിച്ചിട്ടുണ്ട് ഇത്. പ്രീമിയർ ഓട്ടമൊബീൽസ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചു തൊണ്ണൂറുകളിൽ ‘പോഷൊ’ ഇന്ത്യയിൽ അവരുടെ ഏറ്റവും ജനപ്രിയ കാറായ ‘308’ ഇറക്കിയിരുന്നു. വ്യത്യസ്ത രൂപഭംഗിയുണ്ടായിരുന്ന കാർ പക്ഷേ അധികം ഇറങ്ങിയില്ല. 

peugeot

ഇരു കമ്പനികളും തമ്മിൽ പ്രശ്നമുണ്ടായതിനെത്തുടർന്ന് പെട്ടെന്നു തന്നെ ‘308’ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായി. പോഷൊ തിരികെ ഫ്രാൻസിനും പോയി. ഇപ്പോൾ പോഷൊയുടെ മാതൃകമ്പനിയായ പിഎസ്എ ഗ്രൂപ്പ് അവരുടെ ‘Citroen’ ബ്രാൻഡുമായി ഇന്ത്യയിലേക്കു മടങ്ങി വരാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ പല പ്രമുഖ വാഹന നിർമാതാക്കളും ചെറുവാഹനങ്ങളിൽ ഉപയോഗിച്ചിരുന്ന ഡീസൽ എൻജിൻ പോഷൊ പുറത്തിറക്കിയവയാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ പേരുകൊണ്ട് അല്ലെങ്കിലും സേവനം കൊണ്ട് എന്നും ഇന്ത്യയുമായി അടുത്തു നിന്ന കമ്പനിയാണു പോഷൊ. ഫ്രഞ്ച് ഉച്ചാരണത്തോടു ചേർന്നു നിൽക്കുന്ന രീതിയിലാണ് ഇംഗ്ലണ്ടിൽ ഈ വാക്ക് ഉച്ചരിക്കപ്പെടുന്നത്. അഹ്മൊ പോഷൊ എന്ന ഫ്രഞ്ച് വ്യവസായി 1882ൽ സ്ഥാപിച്ച കമ്പനിയാണിത്. ഇപ്പോൾ പിഎസ്എ ഗ്രൂപ്പും എഫ്സിഎ ഗ്രൂപ്പും ലയിക്കാൻ ഒരുങ്ങുകയാണ്.

Renault – ‘റ്നോ’. 1899ൽ ലൂയി റ്നോയും അദ്ദേഹത്തിന്റെ സഹോദരങ്ങളായ മർസെലും ഫെർനോയും ചേർന്നു ‘ബൂലോഞ്യ്’ എന്ന സ്ഥലത്തു സ്ഥാപിച്ച റ്നോ കമ്പനി നിലവിൽ റ്നോ – നിസാൻ – മിറ്റ്സുബിഷി കൂട്ടുകെട്ടിന്റെ ഭാഗമാണ്. പോഷൊ പോലെ തന്നെ കുടുംബ പേരാണ് ‘റ്നോ’ എന്നതും.‘റെനോൾട്ട്, റെനോത്ത്, റിനോൾ’ എന്നിങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും തെറ്റായ ഉച്ചാരണങ്ങൾ ഉണ്ട് Renault എന്ന വാക്കിന്. ‘റെനോ’ എന്നാണ് ഇംഗ്ലിഷ് ഉച്ചാരണം. 

renault

മഹീന്ദ്രയുമായി ചേർന്ന് 2000ത്തിന്റെ ആദ്യം ലോഗൻ എന്ന ജനപ്രിയ സെഡാൻ കാറുമായി ഇന്ത്യയിലെത്തിയ കമ്പനി പിന്നീട് 2005ൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു. മറ്റേത് യൂറോപ്യൻ കാർ നിർമാതാവിനെപ്പോലെയും ഡീസൽ എൻജിൻ സാങ്കേതികവിദ്യയിൽ അഗ്രഗണ്യൻമാരാണു റ്നോയും. അവരുടെ കെ9കെ ഡിസിഐ എന്ന എൻജിൻ ടൊയോട്ടയുടെ ഡി4ഡി, ഫിയാത്ത് മൾട്ടിജെറ്റ് എന്നിവയ്ക്കൊപ്പം പേര് ഉണ്ടാക്കിയിട്ടുണ്ട് ഇവിടെ. റ്നോയുടെയും നിസാന്റെയും എല്ലാ വാഹനങ്ങളുടെയും ഡീസൽ ഹൃദയം ഈ എൻജിനായിരുന്നു. 

Chevrolet – ‘ഷെവ്രെലെയ്’. ജിഎമ്മിന്റെ കീഴിലുള്ള ജനകീയ ബ്രാൻഡ് ആയ ഷെവ്രെലെയ് ആരംഭിച്ചത് റേസ് കാർ ഡ്രൈവർ ആയിരുന്ന ലൂയി ജോസഫ് ഷെവ്രെലെയ്‌യും വ്യവസായി വില്യം സി.ഡ്യൂറന്റും മറ്റ് 4 നിക്ഷേപകരും ചേർന്നാണ്. ‘ഷെവർലെ, ഷെവർലെറ്റ്, ചെവർലെറ്റ്, ചെവ്രൊലെറ്റ്’ എന്നിങ്ങനെ പല പേരുകളും ഈ കമ്പനിക്കു പലയിടത്തു നിന്നായി ലഭിച്ചിട്ടുണ്ട്. 2003ൽ ഇന്ത്യയിലും എത്തിയ ‘ഷെവ്രെലെയ്’ പക്ഷേ ഇന്ത്യൻ മാർക്കറ്റിന് അനുസരിച്ചുള്ള വാഹനങ്ങൾ ഇറക്കുന്നതിൽ പരാജയപ്പെട്ട് 2017ൽ പിൻവാങ്ങി. ജർമൻ കാർ നിർമാതാക്കളെ വെല്ലുവിളിച്ചു ‘ഷെവ്രെലെയ്’ ഇന്ത്യയിലെത്തിച്ച ക്രൂസ് ഇന്നും വണ്ടിഭ്രാന്തൻമാരുടെ ഇടയിലെ രക്തയോട്ടം കൂട്ടുന്ന ഓർമയാണ്. അക്ഷരാർഥത്തിൽ ഡീസൽ റോക്കറ്റ് ആയിരുന്നു ക്രൂസ്. ഔഡിയുടെ എ4ന്റെ ഒപ്പം നിൽക്കുന്ന പെർഫോമൻസ് അതിന്റെ പകുതി വിലയ്ക്കു നൽകി ജിഎം ‍ഇന്ത്യയെ ഞെട്ടിച്ചു. പക്ഷേ, ആ ഉത്സാഹം മറ്റു വാഹനങ്ങളുടെ കാര്യത്തിൽ അവർക്കില്ലാതെ പോയി. അതോടെ അവരും പോയി. 

chevrolet

1911ൽ യുഎസിലെ ഡിട്രോയിറ്റിൽ ആരംഭിച്ച കമ്പനി 1917ൽ ജിഎമ്മിന്റെ ഭാഗമാകുകയായിരുന്നു. പണ്ടത്തെ സിനിമകളിലെ സൂപ്പർസ്റ്റാർ കാർ ആയിരുന്ന ഇംപാലയും ഷെവ്രെലെയ്‌യുടെ സന്താനമാണ്. ഷെവ്രെലെയ്‌ എന്നതു കടുകട്ടി പേര് ആണെന്നു തോന്നുന്നെങ്കിൽ ‘ഷെവി’ എന്നു വിളിച്ചാലും മതി. കാരണം, ലോകവിപണിയിൽ ‘ഷെവ്രെലെയ്’ എന്ന ബ്രാൻഡ് നാമത്തിനൊപ്പം തന്നെ പ്രചാരമുണ്ട് ഈ ഇരട്ടപ്പേരിനും. 

Mercedes Benz – ‘മേറ്റ്സീഡെസ് ബെന്റ്സ്’. ലോകത്തിലെ ആദ്യത്തെ വിജയിച്ച പെട്രോൾ കാർ മോഡൽ നിർമിച്ച കാൾ എഫ്. ബെന്റ്സും അദ്ദേഹത്തിന്റെ പത്നി ബേർത്തയും ചേർന്നു പേന്റന്റ് നേടിയ വാഹനത്തിന്റെ പിൻമുറക്കാർ പിറന്നത് ഗോട്ട്ലീപ് വിൽഹെം ഡൈംലർ എന്ന എൻജിനീയർക്കൊപ്പം ഇവർ സ്ഥാപിച്ച കമ്പനിയിൽ നിന്നാണ്. ജർമനിയിലെ സ്ടുട്ഗാർട്ട് എന്ന സ്ഥലത്താണ് ബെന്റ്സിന്റെ ആസ്ഥാനം. ഇന്ത്യയിൽ ആദ്യമായി പ്രവർത്തനം തുടങ്ങിയ ആഡംബര കാർ നിർമാതാവ് ബെന്റ്സ് ആണ്. അതുകൊണ്ട് ഇന്ത്യയിൽ വിന്റേജ് ബെന്റ്സ് വാഹനങ്ങൾക്ക് ‘ഒരു പ്രത്യേക വില’യുണ്ട്. ബെന്റ്സിന്റെ മാതൃകമ്പനിയായ ഡൈംലറിന്റെ ഏറ്റവും പ്രധാന ബ്രാൻഡും ഇതു തന്നെ. 

Benz

വലിയ ട്രക്കുകൾക്കു പേരു കേട്ട ഭാരത്ബെൻസ്, ഇന്ത്യൻ വിപണിക്കായി ഇവർ സ്ഥാപിച്ച ബ്രാൻഡ് ആണ്. ഇവരുടെ തന്നെ കീഴിലുള്ള ജപ്പാനിലെ ഫൂസോ ട്രക്കുകളാണ് ഇന്ത്യയിൽ ഭാരത്ബെൻസ് ബ്രാൻഡിൽ പുറത്തിറങ്ങുന്നത്. 

ലോകത്തെ പല വാഹനനിർമാണ സ്ഥാപനങ്ങളും നേരിട്ടും അല്ലാതെയും ബെന്റ്സുമായി സാങ്കേതിക സഹകരണത്തിൽ ഏർപ്പെട്ടാണ് അവരുടെ പ്രധാനപ്പെട്ട പല മോഡലുകളും നിർമിച്ചത്. 1883ൽ ആരംഭിച്ച ബെന്റ്സിന്റെ കമ്പനിയും 1890ൽ ആരംഭിച്ച ഡൈംലറിന്റെ ഡിഎംജി എന്ന കമ്പനിയും ചേർന്ന് 1926ലാണ് ഇന്നത്തെ ഡൈംലർ ഗ്രൂപ്പിന്റെ ആദ്യ രൂപം സൃഷ്ടിച്ചത്.

Lamborghini - ‘ലംബൊർഗീനി’. ഇറ്റാലിയൻ വാഹന വ്യവസായി ആയിരുന്ന ഫെർറൂച്ചോ ലംബൊർഗീനി 1963ൽ സ്ഥാപിച്ചതാണ് ഈ കമ്പനി. ഇതു പിന്നീട് ക്രൈസ്‌ലെർ കോർപറേഷന്റെയും അവർക്കു ശേഷം പല കൈകൾ മറിഞ്ഞു ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെയും കൈകളിൽ എത്തി. സാന്റെഗാറ്റ ബൊളോന്യേസ് ആണ് ലംബൊർഗീനിയുടെ ആസ്ഥാനം. ട്രാക്ടർ നിർമാതാവായിരുന്നു ഫെർറൂച്ചോ ലംബൊർഗീനി. ഇറ്റാലിയൻ സൂപ്പർ കാർ ബ്രാൻഡുകളോടു മത്സരിക്കുന്നതിനായാണ് അദ്ദേഹം സ്വന്തം പേരിൽ ഒരു സ്പോർട്സ് കാർ കമ്പനി തുടങ്ങിയത്. നിർമിച്ചതെല്ലാം മികച്ച കാറുകൾ ആയിരുന്നെങ്കിലും ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ കീഴിൽ വന്നതിനു ശേഷമാണ് കമ്പനി ലാഭം ഉണ്ടാക്കിത്തുടങ്ങിയത്. ഇന്ത്യയിൽ വിൽപനയും വിൽപനാനന്തര സേവനവും ഉള്ള സൂപ്പർ കാർ കമ്പനിയാണ് ലംബൊർഗീനി.

Lamborghini

നൂറുകണക്കിനു വാഹന നിർമാണ കമ്പനികൾ ഇനിയും ബാക്കി ഉള്ളതിനാൽ ‘നാമോച്ചാരണ ക്ലാസ്’ ഇവിടെ അവസാനിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടു തൽക്കാലം നിർത്തട്ടെ. പുതിയ പേരുകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാം. അതുവരെ ''Ciao Ciao...''.

English Summary: How To Pronounce Vehicle Brand Names

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA