‘‘ട്രോളറിനെ കൊല്ലാതിരിക്കാൻ പറ്റുമോ? ഇല്ല ല്ലെ...’’
Mail This Article
ട്രോളർ നിർത്താൻ പോകുന്നു. നമുക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ, ‘ബ്രസീലിന്റെ ഥാർ’ 2021ൽ മരണമടയും. ഉടമകളായ ഫോർഡ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ആദ്യ തലമുറ ഡിഫൻഡർ നിർത്താൻ പോകുന്നുവെന്ന് ലാൻഡ് റോവർ പ്രഖ്യാപിച്ചപ്പോഴും പജീറോ നിർത്താൻ പോകുന്നുവെന്നു മിത്സുബിഷി പ്രഖ്യാപിച്ചപ്പോഴും വാഹനപ്രേമികൾക്ക് ഉണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്നാൽ അത്രയും സങ്കടം ട്രോളർ നിർത്താൻ പോകുന്നുവെന്നു കേൾക്കുമ്പോൾ ആർക്കും ഉണ്ടാകാൻ ഇടയില്ല. കാരണം ട്രോളർ എന്നത് ലോകം മുഴുവൻ വിൽക്കപ്പെട്ട, ‘വിജയിക്കാനായി മാത്രം ജനിച്ച’ ഒരു വാഹനമല്ല എന്നതുകൊണ്ടു തന്നെ. വാഹനപ്രേമികൾക്ക് ആ സങ്കടം ഉണ്ടാക്കുകയാണ് ഈ എഴുത്തിന്റെ ഉദ്ദേശ്യം. ഓഫ് റോഡ് വാഹനങ്ങളിലെ ‘അണ്ടർ റേറ്റഡ്’ രാജാക്കൻമാരിൽ ഒന്നിനെപ്പറ്റി അൽപം...
ഫോർഡിന്റെ ബ്രസീലിയൻ ഉപസ്ഥാപനമായ ‘ഫോർഡ് ബ്രസീൽ’ 2021ൽ രാജ്യത്തു കാർ നിർമാണം നിർത്താൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് അവരുടെ കീഴിലുള്ള ‘തനി ബ്രസീലിയൻ’ ആയ ട്രോളർ ടി4 എന്ന എസ്‌യുവിയുടെയും നിർമാണം നിർത്തുന്നത്. ഫോർഡ് സ്ഥാപകൻ ഹെൻറി ഫോർഡിന്റെ കാലത്തു തുടങ്ങിയ ഉപസ്ഥാപനമാണ് ഫോർഡ് ബ്രസീൽ. എന്നിട്ടും എന്തുകൊണ്ട് ഇവിടെ ഫോർഡ് കാർ നിർമാണം നിർത്തുന്നുവെന്നു ചോദിച്ചാൽ ‘ലാഭം നേരിയ തോതിൽ മാത്രം ലഭിക്കുന്നതോ നഷ്ടം നേരിടാൻ തുടങ്ങിയതോ ആയ എല്ലാ സംരംഭങ്ങളും അവസാനിപ്പിച്ചു കൂടുതൽ മികവുറ്റ വ്യാപാര മാതൃകകൾ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഈ പിന്മാറ്റം’ എന്നാണു കമ്പനിയുടെ വിശദീകരണം (കോവിഡ് കാലത്തു ബ്രസീലിയൻ വാഹനവിപണി മൊത്തത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു. 2023ൽ അല്ലാതെ പഴയ പ്രതാപത്തിലേക്കു വിപണി തിരിച്ചു വരില്ലെന്നും അതുവരെ നഷ്ടത്തിൽ ഓടിക്കാൻ കഴിയില്ലെന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്).
ട്രോളറിനൊപ്പം ഫോർഡിന്റെ ഇക്കോസ്പോർട്ട് മിനി എസ്‌യുവി, കാ ഹാച്ച്ബാക്ക് (ഇന്ത്യയിൽ ഫിഗോ) എന്നിവയും നിർത്തുന്നവയുടെ പട്ടികയിലുണ്ട് (ഇവയിൽ ഏറ്റവും അവസാനം നിർമാണം അവസാനിപ്പിക്കുന്നത് ‘ട്രോളർ ടി4’ തന്നെയായിരിക്കും. 2021 അവസാനം വരെ ഇതു നിർമിക്കപ്പെടും). എന്നാൽ, ഫോർഡ് പൂർണമായും ബ്രസീൽ വിപണി വിടില്ലെന്നും അർജന്റീന, ഉറുഗ്വെയ് എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നു കാറുകൾ എത്തിച്ച് ബ്രസീലിൽ വിൽക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനായി കമ്പനി ആസ്ഥാനവും ഗവേഷണ, പരീക്ഷണ ഓട്ട കേന്ദ്രങ്ങളും നിലനിർത്തും. ഒരു മാസം മുൻപാണ് ഇതുസംബന്ധിച്ചു പ്രഖ്യാപനം വന്നത്. പക്ഷേ, ഇനി ബ്രസീലിൽ കമ്പനി വിൽക്കുന്ന മോഡലുകൾ എല്ലാം തന്നെ രാജ്യാന്തര മോഡലുകൾ മാത്രമായിരിക്കും. ഇന്ത്യയിൽ മഹീന്ദ്രയുമായി ചേർന്നു പ്രവർത്തിക്കാനുള്ള കരാറിൽ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഫോർഡ് ഈ തീരുമാനം കൈക്കൊണ്ടത് എന്നതും ഇതിനോടു ചേർത്തു വായിക്കാം.
‘ട്രോളർ ടി4’ എന്നാൽ...
ഒറ്റവാചകത്തിൽ ‘കാണാൻ ചന്തമുള്ള ബ്രസീലിയൻ മലകയറ്റ വീരൻ’. 1995ൽ ബ്രസീലിലെ ഹൊറിസോണ്ടെയിൽ സ്ഥാപിക്കപ്പെട്ട ചെറു വാഹന കമ്പനിയാണു ട്രോളർ വെയിക്യുലോസ് എസ്പേസിയാസ് സൗത്ത് അമേരിക്ക. ചാർളി ഗുത്ത് ഡീ ഗ്രഞ്ച്, റൊജേറിയോ ഫാറിയാസ്, മാരിയോ അറാറിപെ എന്നിവരാണു കമ്പനിയുടെ അമരത്ത് ഉണ്ടായിരുന്നത്. 1999ൽ ഫാക്ടറി സ്ഥാപിക്കപ്പെടുകയും ‘ടി4’ എന്ന അവരുടെ ആദ്യത്തെ വാഹനം നിരത്തിലിറങ്ങുകയും ചെയ്തു. ജീപ്പിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ട്രോളറിന്റെയും ജനനം. ആദ്യത്തെ ടി4 ഒരു പെട്രോൾ വാഹനമായിരുന്നു. നിർമാണ നിലവാരം അത്ര മികച്ചതൊന്നും ആയിരുന്നില്ലെങ്കിലും ‘ജീപ്പിന്റെ കൊച്ചച്ഛന്റെ മകൻ’ രൂപവും ഓഫ്‌റോഡ് കഴിവും ബ്രസീലിലെ വാഹനപ്രേമികൾക്കു ബോധിച്ചു. അതുകൊണ്ടു തന്നെ തകർത്തു വിൽപനയൊന്നും ഉണ്ടായില്ലെങ്കിലും പിടിച്ചു നിൽക്കാനുള്ള ശക്തി എല്ലായ്പ്പോഴും വിപണിയിൽ നിന്നു ലഭിച്ചുകൊണ്ടിരുന്നു കമ്പനിക്ക്. ‘പാന്റാനൽ’ എന്നൊരു പിക്കപ്പ് ട്രക്കും കമ്പനി നിർമിച്ചെങ്കിലും നിർമാണ തകരാറുകൾ മൂലം വിറ്റ എല്ലാ വണ്ടികളും തിരികെ വിളിക്കേണ്ടതായി വന്നു കമ്പനിക്ക്.
2001 മുതൽ ടി4ൽ ‘എംഡബ്ല്യൂഎം’ എന്ന ഡീസൽ എൻജിൻ നിർമാണ കമ്പനി ഉണ്ടാക്കിയ 2800 സിസി ടർബോ എൻജിൻ ഉപയോഗിച്ചു തുടങ്ങി. 2000 മുതൽ അവരുടെ തന്നെ 3000 സിസി എൻജിനിലേക്കു മാറി. ഇതിനിടെയാണ് ഫോർഡ് 2007ൽ ട്രോളറിനെ വാങ്ങുന്നത്. എന്നിട്ടും എംഡബ്ല്യൂഎം എൻജിനുകൾ തുടർന്നു. 2014ൽ ട്രോളർ ടി4ൽ ഫോർഡ് അവരുടെ ഡ്യൂറടോർക്ക് പരമ്പരയിൽപ്പെട്ട 5 സിലിണ്ടർ ഡീസൽ എൻജിൻ നൽകി. 2018ൽ റേഞ്ചർ പിക്കപ്പ് ട്രക്കിന്റെ നീളം കുറച്ച പ്ലാറ്റ്ഫോമിൽ പുതിയ ട്രോളർ ടി4നെ ഫോർഡ് പുറത്തിറക്കി. കുറച്ചുകൂടി കാലികമായി എന്നതു മാറ്റി നിർത്തിയാൽ ട്രോളർ അപ്പോഴും ഒരു ‘ഫോർഡ്’ ആയില്ല. അതുതന്നെയായിരുന്നു അതിന്റെ പ്രത്യേകതയും സൗന്ദര്യവും.
ഓഫ്റോഡറുകൾക്കു വേണ്ട ‘ബീസ്റ്റ് ലുക്ക്’ ഏറ്റവും ഒടുവിൽ ഇറങ്ങിയ ട്രോളറിലും തുടർന്നു. 197 കുതിരശക്തിയും 470 ന്യൂട്ടൻമീറ്റർ കുതിപ്പുശേഷിയും ഉള്ള ട്രോളർ ടി4 ലുക്കിൽ മാത്രമല്ല ‘വന്യമൃഗം’ എന്നു മനസ്സിലാക്കാൻ വണ്ടിപ്രാന്തൻമാർക്ക് അധികം പ്രയാസമുണ്ടാകില്ല. ഇന്ത്യൻ വിപണിയിൽ നിലവിൽ ഉള്ള ഒരേയൊരു ബജറ്റ് ഹാർഡ് ഓഫ് റോഡർ ആയ മഹീന്ദ്ര ഥാറിന് 2200 സിസി ടർബോ ഡീസൽ എൻജിൻ ആണുള്ളത്. 130 കുതിരശക്തിയും 300 എൻഎം കുതിപ്പുശക്തിയും ഇതു പുറത്തെടുക്കും. ഥാർ 4, 8 സീറ്റിങ് കോൺഫിഗറേഷനുകളിൽ ലഭിക്കുമ്പോൾ ട്രോളർ 5 സീറ്റർ ആയി മാത്രമേ ലഭിക്കൂ. ഇരു വാഹനങ്ങൾക്കും ഹാർഡ് ടോപ്പ് – സോഫ്റ്റ് ടോപ്പ് വേരിയന്റുകൾ ഉണ്ട്. ട്രോളറിന്റെ രണ്ടു ടോപ്പുകളും ഊരി മാറ്റാവുന്നതാണ്. എന്നാൽ ഥാറിന്റെ സോഫ്റ്റ് ടോപ്പ് മാത്രമാണ് ഊരി മാറ്റാവുന്ന കോൺഫിഗറേഷനിൽ ലഭിക്കുക. ഹാർഡ് ടോപ്പും മാറ്റാമെങ്കിലും അതിനു വിദഗ്ധന്റെ സഹായം ആവശ്യമാണ്. ടിഎക്സ്4 എന്നൊരു പ്രീമിയം മോഡൽ കൂടിയുണ്ട് ട്രോളറിന്.
ഓർത്തുവയ്ക്കാൻ മറ്റൊന്നുകൂടി, റേഞ്ചർ പിക്കപ്പ് ട്രക്കിന്റെ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ഒരു വാഹനം ഇന്ത്യയിലും ഉണ്ട്, എൻഡവർ. അങ്ങനെയൊന്ന് ഇവിടെ ഉണ്ടായിരുന്ന സ്ഥിതിക്ക് ട്രോളറിനെയും ഫോർഡിന് ഇന്ത്യയിൽ എത്തിക്കാമായിരുന്നു. അങ്ങനെയെങ്കിൽ അവരുടെ വളർച്ചയും ബ്രാൻഡ് ഇമേജും വർധിക്കുകയെ ഉണ്ടായിരുന്നുള്ളു. ഇപ്പോഴും വൈകിയിട്ടില്ല... ട്രോളറിനെ കൊല്ലാതെ അതേ രൂപത്തിൽ നിലനിർത്തിയാൽ നല്ലതേ വരൂ. സംശയമുണ്ടെങ്കിൽ ഇന്ത്യ മഹീന്ദ്ര ഥാറിനു നൽകിയ സ്വീകരണം എങ്ങനെയെന്നു പരിശോധിച്ചാൽ മതിയാകും.
English Summary: Know More About Troller T4