വയസ്സ് 53, ഇത് കേരളത്തിലെ മുത്തച്ഛൻ ഓട്ടോറിക്ഷ - വിഡിയോ

1968-model-lamberta-3
1968 മോഡൽ ലാംബ്രെട്ടാ ഓട്ടോറിക്ഷ
SHARE

1980 കളുടെ രണ്ടാം പകുതിയിലാണ്‌ ആദ്യമായി എറണാകുളം നഗരത്തിലേക്കു പോകുന്നത്. അന്ന് എറണാകുളത്തിനെ നാട്ടാരെല്ലാം കൂടി മാമോദീസ മുക്കി കൊച്ചിയാക്കി മെട്രോസഭയിൽ ചേർത്തിട്ടില്ലെന്നാണോർമ. അപ്പന്റെ ചേട്ടൻ എനിക്ക് എർണാളത്തപ്പച്ചനായതും അങ്ങനെയാണ്‌. റെയിൽവേയിലെ ഉദ്യോഗസ്ഥനായ എർണാളത്തപ്പച്ചന്റെ ക്വാർട്ടേഴ്സിലാണ്‌ നഗരത്തിലെ ആദ്യ അന്തിയുറക്കം. നാട്ടിൽ എടത്വാ ജംക്‌ഷനിലോ തിരുവല്ല പട്ടണത്തിലോ കാണാത്ത ചില കാഴ്ചകളുണ്ട് എറണാകുളം നഗരത്തിൽ. ചവിട്ടി സ്റ്റാർട്ടാക്കുന്ന ഓട്ടോറിക്ഷകൾ.. ഒപ്പം പിൻഭാഗം ഉയർന്ന വേറൊരു തരവും. ചവിട്ടി സ്റ്റാർട്ടാക്കുന്ന ഓട്ടോയോട് വല്ലാത്തൊരു കൗതുകം തോന്നിത്തുടങ്ങി. വൈകാതെ എർണാളത്തപ്പച്ചനും കുടുംബവും വൈറ്റിലയിലൊരു വീടുവച്ച് അവിടേക്കു മാറി. എന്റെ വേനലവധികൾ ആ വീട്ടിലായി. അവിടെ അപ്പോഴേക്കും ചേട്ടന്റെ വെസ്പാ എൻവിക്കു പുറമേ രണ്ട് ഓട്ടോറിക്ഷകളും വാങ്ങിയിരുന്നു. രണ്ടും എപിഐ എന്ന മേലെഴുത്തുള്ള, ചവിട്ടി സ്റ്റാർട്ടാക്കുന്ന ഫ്രണ്ട് എൻ‍ജിൻ ഓട്ടോറിക്ഷകൾ. 

കുഞ്ഞുമോൻ എന്നും ജോസഫ് എന്നും പേരുള്ള രണ്ടു ഡ്രൈവർമാർ. രാവിലെ അവർ വരുന്നതും ഹാൻഡ്‌ൽബാറിൽ തൊട്ടുതൊഴുത് ഓട്ടോ സ്റ്റാർട്ടാക്കുന്നതും വെളുത്ത പുകയോടെ രണ്ടു വണ്ടികളും ഗേറ്റ് കടന്ന് അമ്പേലിപ്പാടം ക്രോസ് റോഡിലേക്കിറങ്ങിപ്പോകുന്നതും ഞാൻ നോക്കിനിൽക്കും. ഒന്നു രണ്ടു തവണ അവയുടെ കിക്ക് സ്റ്റാർട്ടറിൽ കയറി നിന്നെങ്കിലും കടുകിട പോലും അനങ്ങാതെ അവയെന്നെ തോൽപിച്ചു. ലാംബ്രെട്ടായുടെ ഓട്ടോറിക്ഷകളായിരുന്നു അവയെന്ന് പിന്നീടറിഞ്ഞു. എപിഐ എന്ന ഓട്ടമൊബീൽ പ്രോഡക്ട്സ് ഓഫ് ഇന്ത്യയാണ്‌ ആദ്യമായി ലാംബ്രെട്ടാ ഓട്ടോകളെയും സ്കൂട്ടറുകളെയും ഇന്ത്യയിലിറക്കിയത്. പിന്നീട് 1980 കളുടെ തുടക്കത്തിൽ കേരളാ ഓട്ടമൊബീൽസ് ലിമിറ്റഡ് എന്ന നമ്മുടെ കെഎഎൽ അതേ ടൂളിങ്ങ് വാങ്ങി ലാംബ്രെട്ടകളെ സ്വന്തം പേരിൽ നിർമിച്ചുപോന്നു. 1990 കളുടെ മധ്യത്തോടെ കെഎഎൽ ഡീസലിലേക്ക് ചുവടുമാറ്റുകയും ചെയ്തു.

1968-model-lamberta-1

വർഷങ്ങൾ കടന്നുപോയി. നഗരത്തിൽനിന്നു ഫ്രണ്ട് എൻജിൻ ഓട്ടോറിക്ഷകൾ മെല്ലെ അപ്രത്യക്ഷമായിത്തുടങ്ങി. വഴിയിലെവിടെയെങ്കിലും ഒരെണ്ണത്തെ കാണണേയെന്ന് മനസ്സാ പ്രാർഥിച്ചുതുടങ്ങി. പക്ഷേ അപ്പോഴേക്കും ഫ്രണ്ട് എൻജിനുകൾക്കു പകരക്കാരായി കളം നിറഞ്ഞ ബജാജിന്റെ റിയർ എൻജിൻ ഓട്ടോറിക്ഷകളെപ്പോലും തുടച്ചുനീക്കി ഡീസൽ ഓട്ടോകൾ നിരത്തുകളിൽ നിറഞ്ഞിരുന്നു. ഭീമാകാരമുള്ള ആപെ, അൽഫാ, അതുൽ, മെഗാ തുടങ്ങിയ ഡീസൽ ത്രീവീലറുകളും അവർക്കു പകരക്കാരായി സിഎൻജി വണ്ടികളും വന്നെത്തി. ഒരു ലാംബ്രെട്ടാ ഓട്ടോറിക്ഷയെ കാണുക എന്നത് അപൂർവങ്ങളിൽ അപൂർവമായ കേസായി മനഃസ്സാക്ഷിക്കോടതി നിരീക്ഷിച്ചുതുടങ്ങി. അങ്ങനെയിരിക്കെയാണ്‌ സുഹൃത്തായ അൻവിനോ സിഗ്‌നിയുടെ വിളി വരുന്നത്. 

1968-model-lamberta

“നമ്മളൊരു ഓട്ടർഷ വാങ്ങീട്ടോ..” എന്തെന്നോ ഏതെന്നോ ചോദിക്കും മുമ്പ് ഉത്തരവുമിങ്ങെത്തി: “1968 മോഡൽ ലാംബ്രെട്ടാ..” നിനച്ചിരിക്കാതെ കേട്ട ആ വാർത്തയിൽ രോമാഞ്ചമണിഞ്ഞ് ഞാൻ മനസ്സുകൊണ്ട് അൻവിനോയുടെ ഓട്ടോയ്ക്കുള്ളിലെത്തി. ഓയിൽ കലർത്തിയ പെട്രോളിന്റെ മണമുള്ള ആ ഡ്രൈവർസീറ്റിലിരുന്ന് നഗരം ചുറ്റി. ദിവസങ്ങൾ കടന്നുപോയി, തിരക്കെല്ലാം മാറ്റിവെച്ച് ഞാൻ കോഴിക്കോട് ജില്ലയിലെ മുക്കം എന്ന ചെറുപട്ടണത്തിലെത്തി. കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വരപ്രണയത്തിന്റെ കഥകളുറങ്ങുന്ന ആ നാട്ടിലെ അൻവിനോയുടെ വീട്ടിലെത്തി നാൽപതോളം വാഹനങ്ങളുള്ള ആ ശേഖരത്തിൽ ഞാൻ തിരഞ്ഞത് ഒരേയൊരു വാഹനത്തെയായിരുന്നു: 1968 മോഡൽ ലാംബ്രെട്ടാ ഓട്ടോയെ..! 

“കുറച്ചു മാറി ഒരിടത്താണിപ്പോൾ ആ വണ്ടി, ഇവിടെ സ്ഥലമില്ലാത്തതുകൊണ്ട് ഇങ്ങോട്ടു കൊണ്ടുവന്നിട്ടില്ല..”പിറ്റേന്ന് മുക്കത്തുനിന്നു വെള്ളിലശേരിയിലെത്തി ഞങ്ങൾ ആ ലാംബ്രെട്ടയെ കണ്ടു. അരനൂറ്റാണ്ടു പിന്നിട്ടതിന്റെ ചില്ലറ അവശതകളുണ്ടെങ്കിലും ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന ഭാവമാണാ മുഖത്ത്. അൻവിനോയുടെ ബന്ധു ഷാജിയേട്ടന്റെ സംരക്ഷണയിലാണിപ്പോൾ ഇദ്ദേഹം. നാട്ടിടവഴിയിലേക്കിറങ്ങി എന്റെ കയ്യിലേക്കു കൈമാറുമ്പോൾ സ്വപ്നസാക്ഷാത്കാരമായിരുന്നു എനിക്ക്. ഒട്ടേറെ വാഹനങ്ങളോടിച്ചിട്ടുണ്ടെങ്കിലും ഓട്ടോറിക്ഷയോടിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം, അതൊന്നു വേറെ തന്നെയാണെന്ന് പറയാതെ വയ്യ.. പത്തിരുപത്തൊന്നു കൊല്ലം മുമ്പ് ഒരു ഓട്ടോറിക്ഷയിൽ തുടങ്ങിയ വാഹനജീവിതം ഇതാ ചരിത്രസ്മാരകമായ ഓട്ടോറിക്ഷയിലെത്തി നിൽക്കുന്നു. ഡ്രൈവർസീറ്റിലേക്കു കയറി, ന്യൂട്രലാണോന്ന് നോക്കി.. ഒരൊറ്റ കിക്ക്.. ലാംബ്രെട്ടയുടെ ടൂസ്ട്രോക്ക് എൻജിൻ ഇരമ്പലോടെ ഉണർന്നു. ഫസ്റ്റ് ഗിയറിട്ടതും ഒരു മുരൾച്ചയോടെ ലാംബ്രെട്ടാ ഉരുണ്ടുതുടങ്ങി. 

1968-model-lamberta-2

പിന്നിലെ ഡിഫറൻഷ്യലിൽ നിന്നുള്ള ആ മുരൾച്ചയാണ്‌ ലാംബ്രെട്ടാ ഓട്ടോകളുടെ സിഗ്നേച്ചർ ശബ്ദം. ടു സ്ട്രോക്ക്, ഫോഴ്സ് എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ്‌ ലാംബ്രെട്ടായ്ക്കുള്ളത്. നാലു സ്പീഡ് ട്രാൻസ്മിഷനുമുണ്ട്. റിവേഴ്സ് ഗിയറുണ്ടെങ്കിലും സ്ഥിരമായി പണിമുടക്കുന്ന ഒരു പ്രശ്നമുള്ളതുകൊണ്ട് ലാംബ്രെട്ടാ ഉടമകൾ റിവേഴ്സ് ഗിയർ ഒഴിവാക്കുമായിരുന്നു. അതുപോലെ തന്നെ ഫ്രണ്ട് ബ്രേക്കും അഴിച്ചുവിടുക പതിവായിരുന്നു. 

ഗിയർബോക്സിൽനിന്നു പിന്നിലേക്കു നീളുന്ന മെലിഞ്ഞ പ്രൊപ്പെല്ലർ ഷാഫ്റ്റ് ചെന്നെത്തുന്നത് ചെറിയൊരു ഡിഫറൻഷ്യലിലേക്കാണ്‌. അവിടുന്ന് ഇരുവീലുകളിലേക്കും ആക്സിലുകൾ നീളുന്നു. ലീഫ് സ്പ്രിങ് സസ്പെൻഷനാണ്‌ ലാംബ്രെട്ടയ്ക്കുള്ളത്. കമ്പനിയിൽനിന്നു ഷാസി വിത് കൗൾ ആയി വന്നിരുന്ന ലാംബ്രെട്ടയിൽ പ്രാദേശികമായ മാറ്റങ്ങളോടെ ബോഡി നിർമിക്കുകയായിരുന്നു. മംഗലാപുരം, കണ്ണൂർ, എറണാകുളം എന്നിങ്ങനെ പല നാടുകളുടെയും പേരിൽ ലാംബ്രെട്ടായ്ക്ക് വൈവിധ്യമാർന്ന ഉടലഴകുകൾ പിറന്നിരുന്നു. കണ്ണാടിജാലകങ്ങളും ക്രോമിയത്തിന്റെ തിളക്കമുള്ള പൊടിപ്പും തൊങ്ങലുമൊക്കെച്ചേർന്ന് നഗരത്തിരക്കുകളിൽ വിളങ്ങിയിരുന്ന ലാംബ്രെട്ടകൾ ഇന്നൊരോർമയാണെങ്കിലും ഗതകാലസ്മരണകളുണർത്തുന്ന ഏതാനും വാഹനങ്ങൾ ഇന്നും അൻവിനോയെപ്പോലുള്ള വാഹനപ്രേമികൾ നെഞ്ചോടു ചേർത്തു സൂക്ഷിക്കുന്നു.

English Summary: 1968 Model Lambretta Auto Rickshaw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA