ADVERTISEMENT

ശാസ്ത്രസാങ്കേതിക പുരോഗതിയുടെ ഫലമായി, കാറുകൾ പോലുള്ള പാസഞ്ചർ വാഹനങ്ങളിൽ സൗകര്യങ്ങളും സുരക്ഷയും ഏറിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ വിപണിയിലിറങ്ങുന്ന പല കാറുകളിലും ഇത്തരം ഓട്ടമോട്ടീവ് സംവിധാനങ്ങൾ ഉൾക്കൊള്ളിക്കാൻ കമ്പനികൾ ഉത്സാഹിക്കുന്നുമുണ്ട്. വാഹനയോട്ടം രസകരവും ആയാസരഹിതവുമാക്കുന്ന അത്തരം ചില സാങ്കേതിക മികവുകളെ കുറിച്ചറിയാം.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾ 

∙ ക്രൂസ് കൺട്രോൾ – ഡ്രൈവിങ് ബുദ്ധിമുട്ടുകൾ ഒരുപരിധിവരെ ഒഴിവാക്കാൻ സഹായിക്കുന്നതാണ് ക്രൂയിസ് കൺട്രോൾ. സെറ്റ് ചെയ്യുന്ന വേഗത്തിൽ വാഹനം മുന്നേറുന്നതിനും ആവശ്യാനുസരണം വേഗം കുറയ്ക്കുന്നതിനും സാധ്യമായ ഈ സംവിധാനം നിരത്തിലിറങ്ങുന്ന മിക്ക പ്രീമിയം കാറുകളിലുമുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സംവിധാനമാകട്ടെ, മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുന്നതും ശ്രദ്ധിക്കും.

cruise-control

∙ ക്രോസ് ട്രാഫിക് അലർട്ട് – പാർക്കിങ് ഇടത്തിൽ നിന്നു വാഹനമെടുക്കുമ്പോൾ ഇരുവശത്തു നിന്നും വാഹനങ്ങൾ വരുന്നുണ്ടോ എന്നതിനെ കുറിച്ച് അറിയിപ്പ് നൽകുന്ന സംവിധാനം.

∙ റിവേഴ്സ് ബ്രേക്ക് അസിസ്റ്റ് – വാഹനം റിവേഴ്സ് ഗിയറിൽ നീങ്ങുമ്പോൾ പിന്നിൽ എന്തെങ്കിലും വസ്തുവോ തടസ്സമോ വന്നാൽ ഉടനടി വാഹനത്തെ നിർത്തുന്നതിനുള്ള സംവിധാനമാണിത്.

∙ ലെയ്ൻ കീപ് അസിസ്റ്റ് – സഞ്ചരിക്കുന്ന ലെയ്നിൽ നിന്നു വാഹനം മാറാതിരിക്കാൻ സഹായിക്കുന്നതിനാണിത്. സ്റ്റിയറിങ്ങുമായി കണക്‌ഷനുള്ളതിനാൽ ഓടിക്കൊണ്ടിരിക്കുന്ന ലെയ്നില്‍ നിന്ന് വാഹനം മാറിയിൽ ഉടൻ മുന്നറീപ്പ് ലഭിക്കും.

ഡിജിറ്റൽ കീ

സ്മാർട്ഫോൺ ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ കാലത്ത്, കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും സ്മാർട്ഫോണിനെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഡിജിറ്റൽ കീ. കാറിന്റെ ഡോറുകൾ ലോക്കും അൺലോക്കും ചെയ്യാനും, ഇന്ധന ഉപയോഗം, ടയർ പ്രഷർ തുടങ്ങിയവ അറിയാനും ഫോണിലെ ആപ് വഴി സാധിക്കുമെന്നതാണ് പ്രത്യേകത. സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ കാറുമായി കണക്ട് ചെയ്തിട്ടുള്ള ചില ഫോണുകളിൽ മാത്രമേ ഈ പ്രവർത്തനങ്ങൾ നടത്താൻ പറ്റുകയുള്ളൂ. വളരുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാനായി, കൂടുതൽ ഉപയോഗങ്ങൾ ഉൾക്കൊള്ളിക്കുന്ന അപ്ഡേറ്റുകൾ അവരവരുടെ ആപ്പുകളിൽ കാർ കമ്പനികൾ വരുത്താറുണ്ട്.

remot-key-1

എക്സിറ്റ് വാണിങ്

റോഡിന്റെ വശങ്ങളിൽ കാർ നിർത്തിയ ശേഷം പുറത്തേക്കിറങ്ങുമ്പോൾ അശ്രദ്ധ കാരണം അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. അത്തരം സന്ദർഭങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് എക്സിറ്റ് വാണിങ്. വാഹനത്തിന്റെ എൻജിൻ ഓഫ് ആയ ശേഷം ഏതാനും മിനിറ്റുകൾ കൂടി പ്രവർത്തിക്കുന്ന സെൻസറിലൂടെ ഡോർ തുറക്കുമ്പോൾ ഇടിക്കാവുന്ന രീതിയിൽ വാഹനങ്ങൾ വരുന്നുണ്ടോയെന്നുള്ള അറിയിപ്പ് ലഭിക്കും. അഡ്വാൻസ്ഡ് സംവിധാനമുള്ള എക്സിറ്റ് വാണിങ്ങുകൾ പിന്നിൽ നിന്നു മറ്റു വാഹനങ്ങൾ വരുന്നതു സെൻസ് ചെയ്ത ഉടൻ കാറിന്റെ ഡോറുകൾ ലോക്ക് ചെയ്യാറുമുണ്ട്.

cross-traffic-alert

വയർലെസ് സ്മാർട്ഫോൺ ചാർജിങ്

കേബിൾ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം വിപണിയിലെ മിക്ക കാറുകളിലും ഉണ്ടെങ്കിലും വയർലെസ് ചാർജിങ് സംവിധാനമാണ് ആ മേഖലയിലെ നൂതന രീതി. ഈ സംവിധാനത്തിലൂടെ കാറിലെ മ്യൂസിക് സിസ്റ്റത്തിനു താഴെയുള്ള ചാർജിങ് പാഡിൽ വെറുതേ ഫോൺ വയ്ക്കുന്നതിലൂടെ യാത്രയ്ക്കിടയിൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്കും.

wirless-charger

വിഡിയോ റിയർവ്യൂ മിറർ

ഷോപ്പിങ് കഴിഞ്ഞു വരുമ്പോഴോ ദൂരയാത്രകൾ ചെയ്യുമ്പോഴോ കാറിന്റെ ഉള്ളിൽ നിറയെ സാധനങ്ങളുള്ള കാരണം പിൻവശത്തെ ഗ്ലാസിലൂടെയുള്ള റിയർവ്യൂ മിററിലെ കാഴ്ച പലപ്പോഴും നഷ്ടപ്പെടാറുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി അവതരിപ്പിച്ച ഓട്ടമോട്ടീവ് സംവിധാനമാണ് വിഡിയോ റിയർവ്യൂ മിറർ‌. സാധാരണ മിററിന്റെ ഉപയോഗം സാധ്യമല്ലാത്ത അവസരങ്ങളിൽ ഈ ഓപ്ഷനിലേക്ക് മാറ്റിയിട്ടാൽ മിറർ ഒരു സ്ക്രീനായി മാറുകയും പിന്നിലെ റോഡും വാഹനങ്ങളും ലൈവ് വിഡിയോ ആയി അതിൽ കാണാൻ സാധിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com