ADVERTISEMENT

രണ്ടാംലോകമഹായുദ്ധത്തിന്റെ ആരംഭകാലം. ഏതുസാഹചര്യത്തിലും യാത്ര ചെയ്യാൻ ഒരു വാഹനം രണ്ടു മാസം കൊണ്ട് രൂപകൽപന ചെയ്തുതരാൻ അമേരിക്കൻ ആർമിയുടെ നിർദേശം. മൂന്നുകമ്പനികൾ സമർപ്പിച്ച ഡിസൈനുകളിൽനിന്ന് മെച്ചപ്പെട്ട ഫീച്ചറുകൾ യോജിപ്പിച്ചു നിർമിച്ച ഒരു വാഹനം അങ്ങനെ പിറന്നു. അതാണ് സാക്ഷാൽ ജീപ്പ്. കാലത്തെ അതിജീവിക്കുന്ന വാഹനം. ആ ജീപ്പിന്റെ ഇന്ത്യൻ പതിപ്പ് മഹീന്ദ്ര പുറത്തിറക്കി. പിന്നീട് ജീപ്പ് എന്ന പേരുപയോഗിക്കാൻ മഹീന്ദ്രയ്ക്കു പറ്റിയില്ലെങ്കിലും ജീപ്പ് എന്നു പേരിട്ടു തന്നെ മിലിട്ടറി വാഹനം പുറത്തിറക്കിയിരുന്നു മഹീന്ദ്ര. അത്തരമൊരു സ്റ്റാറിനെയാണ് ഇനി പരിചയപ്പെടാൻ പോകുന്നത്. 

mahindra-74-model-jeep-2
ഇളക്കിമാറ്റാവുന്ന സീറ്റുകള്‍

എക്സ് മിലിട്ടറി

നെടുങ്കണ്ടം ചേമ്പളം സാജൻ കൊച്ചുപറമ്പിൽ സൂക്ഷിച്ചുകൊണ്ടുനടക്കുന്നത് ഒരു മിലിട്ടറി ജീപ്പ് ആണ്.1974 ൽ ജനനം. നാലു വർഷത്തെ സൈനികസേവനം. പിന്നെ ജീപ്പ് എത്തുന്നത് കൊച്ചുപറമ്പിലേക്ക്. അന്നുതൊട്ടിന്നുവരെ കുടുംബാംഗമാണ് ജീപ്പ്.  

ജീപ്പ് തന്നെ, മാറ്റമില്ല

ആർസിയിൽ മഹീന്ദ്ര ജീപ് എന്നു തന്നെ. ഗ്രില്ലിനുമുകളിൽ പേരുമുണ്ട്. സാക്ഷാൽ ജീപ്പ് കമ്പനി കേസ് കൊടുക്കാൻ കിഴക്കോട്ടു ജീപ്പ് കയറേണ്ടെന്നർഥം. ക്രോം വളയങ്ങളും മറ്റും ആദ്യമോഡലിന് ഉണ്ടായിരുന്നതു തന്നെ. പെയിന്റ് മാത്രമേ മാറിയിട്ടുള്ളൂ എന്ന് സാജൻ പറയുന്നു. പട്ടാളപ്പച്ച പെയിന്റ് മാറ്റി ഇന്നു കാണുന്നതുപോലെയാക്കി. ഇനി ജീപ്പിന്റെ പ്രത്യേകതകൾ  

mahindra-74-model-jeep-3
താഴോട്ടു തുറക്കുന്ന ബൂട്ട് ഡോർ

എൻജിൻ അഴിച്ചിട്ടേയില്ല!

നാൽപ്പത്താറു വർഷമായി ഓടുന്ന പെട്രോൾ എൻജിൻ! ഇതുവരെ പണി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ എൻജിൻ അഴിച്ചു പണിതിട്ടുമില്ല. ഗുണമേൻമയിൽ മഹീന്ദ്രയുടെ മോഡൽ ജീപ്പ്  പുലിയല്ലേ? ഈ വാഹനം സ്ക്രാപ് ചെയ്യാൻ പറഞ്ഞാൽ സാജൻ ചേട്ടനെന്തു ചെയ്യും? 

മുന്നിലെ റിഫ്ലക്ടർ‌

വാഹനസാന്നിധ്യം അറിയിക്കുന്നതിനുള്ള  ഡേടൈം റണ്ണിങ് ലാംപുകൾ.ഇന്നത്തെ ഫാഷൻ ആണല്ലോ. 46 വർഷം മുൻപ് ഇതേ സൗകര്യമുണ്ടായിരുന്നെങ്കിലോ?ഡേടൈം റണ്ണിങ് ലാംപിന്റെ മുൻഗാമിയാണ് ബംപറിലെ ക്രോം ചതുരപ്ലേറ്റ്. ഇതിൽ പ്രകാശം പ്രതിഫലിക്കും. ഇങ്ങനെയൊരു സംഗതി മറ്റേതു വാഹനത്തിൽ കണ്ടിട്ടുണ്ട്?  

mahindra-74-model-jeep-5
ഡിം–ബ്രൈ ചെയ്യുന്നതിനുള്ള നോബ്

ക്രോം മയം

വട്ടക്കണ്ണിന്റെ ചുറ്റ്, ബംപറിലെ വട്ടക്കൊളുത്തുകൾ, സൈഡ് സ്റ്റെപ്പിനു മുകളിലെ തകിട് തുടങ്ങി പലയിടത്തും ക്രോം ഫിനിഷ് ഉണ്ട്. ഇന്നത്തെ പല വണ്ടികളിലും ഇത് ആഡംബരമാണെന്നോർക്കുക. 

വ്യത്യസ്തം പിൻവാതിൽ

നീളം കുറഞ്ഞതാണു ബോഡി. ബൂട്ട് ഡോർ വ്യത്യസ്ത രീതിയിലാണ്. സ്പെയർ ഡോർ മാത്രം തിരിച്ചുമാറ്റിയാൽ ബൂട്ട് ഡോർ. അതു വശത്തേക്കല്ല തുറക്കുന്നത്. താഴേക്കാണ്. ബിഎംഡബ്ല്യു എക്സ് 5 പോലുള്ള ആഡംബര എസ്‌യുവികളിലേതു പോലെ. പ്ലാറ്റ്ഫോമിന്റെ നിരപ്പിൽ കിടക്കുന്ന ബൂട്ട് ഡോറിൽ സാധനസാമഗ്രികൾ കയറ്റാം. ജീപ്പുമായി എവിടെയെങ്കിലും ക്യാംപ് ചെയ്താൽ അതിലിരിക്കാം. സീറ്റുകൾ എല്ലാം ഇളക്കിമാറ്റാവുന്നതാണ്. ഡ്രൈവർ സീറ്റ് ഉയർത്തിയാൽ അതിനടിയിലൊരു സ്റ്റോറേജ് സ്പെയ്സ് ഉണ്ട്. പിന്നിൽ വശം തിരിഞ്ഞിരിക്കുന്ന സീറ്റുകളാണ്. നടുവിൽ മുൻതിരിഞ്ഞുള്ള സീറ്റും ഘടിപ്പിക്കാം.. 

mahindra-74-model-jeep-1
റീഡിങ് ലാംപ്

ജീപ്പിലെ റീഡിങ് ലാംപ്

മീറ്ററുകളും പഴയ നോബുകളും രസകരം. കൂടുതൽ കൗതുകമാർന്നതു റീഡിങ് ലാംപ് ആണ്. പാസഞ്ചർ സീറ്റിനു മുന്നിൽ മീറ്ററുകൾക്കടുത്താണ് ക്രോമിയം റീഡിങ് ലാംപ്. ഹെഡ്‌ലാംപിൽ ഡിം–ബ്രൈറ്റ് അടിക്കുന്നത് താഴെ പെഡലുകൾക്കടിയിലെ നോബ് ചവിട്ടിയാണ്.

ന്യൂട്രൽ ഗിയറിൽ കയറ്റം!

സ്റ്റാർട്ടിങ്ങിലെ ശബ്ദം ഒഴിവാക്കിയാൽ വളരെ സ്മൂത്ത് ആണ് എൻജിൻ. വണ്ടിയൊന്നോടി ചൂടായാൽ പിന്നെ ഒട്ടും ശബ്ദമില്ല. പലപ്പോഴും ആൾക്കാർ സാജൻ ചേട്ടനോട് ചോദിച്ചിട്ടുണ്ട്– ഇതെന്നാ, ന്യൂട്രലിൽ ഓടിച്ച് എണ്ണ ലാഭിക്കുവാണോ– എന്ന്. കയറ്റം കയറുന്നതു ന്യൂട്രലിൽ ആണോ എന്നു ചോദിച്ചവരുമുണ്ട്.  ലീറ്ററിന് 15 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട് ഇപ്പോഴും പെട്രോൾ ഹൃദയത്തിന്. പുകമലിനീകരണ െടസ്റ്റ് പാസായിട്ടുമുണ്ട്. 

mahindra-74-model-jeep-4
പഴയ നോബുകളും മീറ്ററും

മംഗളവാഹനം

വീട്ടിലെ 14 കല്യാണത്തിന് ഓടിയ ജീപ്പാണിത്. പട്ടാളമൂല്യം പുലർത്തുന്ന നിർമാണമികവിന്റെ പിൻബലത്തിൽ പതിറ്റാണ്ടു പിന്നിട്ട  ജീപ്പ് സ്ക്രാപ് ചെയ്യേണ്ടി വരുമ്പോൾ കുടുംബാംഗത്തെ നഷ്ടപ്പെടുന്നതുപോലെയാകുമെന്നു സാജൻ ചേട്ടൻ. പുതിയ നയത്തിൽ ഇത്തരം വാഹനങ്ങളെ പരിപാലിക്കാൻ എന്തെങ്കിലും വഴിയുണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹം പുലർത്തുന്നു. 

English Summary: 1974 Model Mahindra Jeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com