ADVERTISEMENT

ചെറുപ്രായത്തില്‍ കാര്‍ റാലിയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ മലയാളിയാണ് 'ഹൾക്ക്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന യൂനുസ് ഇല്യാസ്. ഇരുപത്തിമൂന്നാം വയസില്‍ കാര്‍ റാലിയുടെ പോഡിയത്തില്‍ എത്തിയാണ് യൂനുസ് ഇല്യാസ് ഏവരെയും ഞെട്ടിച്ചത്. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള റാലി ഡ്രൈവര്‍മാര്‍ക്കിടയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് യൂനുസ് സ്വന്തമാക്കിയ ഭീമാകാര നേട്ടങ്ങളായിരുന്നു'ഹൾക്ക്' എന്ന വിളിപ്പേരിന് പിന്നില്‍.

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യൂനുസ് ആദ്യമായി ഒരു കാര്‍ റാലി നേരിട്ട് കാണുന്നത്. അന്ന് ചിക്കമംഗളൂരുവില്‍ കോഫി ഡേ റാലിക്കൊപ്പം കൂടിയ കാറുകളുടെ ഇരമ്പം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പിന്നീടങ്ങോട്ട് കൂടിയിട്ടേയുള്ളൂ. 2014ല്‍ റാലി ഡ്രൈവറാവുക എന്ന സ്വപ്‌നത്തിനായി തന്റെ മിറ്റ്‌സുബിഷി സിഡിയ പണിതിറക്കി. 2014ല്‍ ബെംഗളൂരുവില്‍ നടന്ന കെ1000 റാലിയില്‍ പങ്കെടുത്തായിരുന്നു റാലി ഡ്രൈവറെന്ന നിലയിലെ തുടങ്ങിയത്. അനുഭവ സമ്പത്ത് കാര്യമായൊന്നുമില്ലെങ്കിലും ആത്മവിശ്വാസത്തോടെ മത്സരം പൂര്‍ത്തിയാക്കിയ 20കാരന്റെ പ്രകടനം അന്നേ ശ്രദ്ധിക്കപ്പെട്ടു.

കുടുംബത്തിന്റെ പിന്തുണ

കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് റാലി ഡ്രൈവറെന്ന സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ ഏറ്റവും സഹായിച്ചതെന്ന് കൊല്ലം മങ്ങാട് ഐഷാ മന്‍സിലില്‍ യൂനുസ് ഇല്യാസ് പറയുന്നു. അപ്പോഴും ഒരു റാലി ഡ്രൈവറാവണമെങ്കില്‍ വേണ്ടതെല്ലാം സ്വയം പഠിച്ചെടുക്കേണ്ട വെല്ലുവിളി മുന്നിലുണ്ടായിരുന്നു. കാറോട്ടത്തിനോടുള്ള ഇഷ്ടത്തിന് മുന്നില്‍ ആ വെല്ലുവിളിയേയും അതിവേഗത്തില്‍ മറികടക്കാനായി. 2015ല്‍ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ(INRC) ഭാഗമായുള്ള കെ1000 റാലിയിലാണ് യൂനുസ് ഇല്യാസിന് ആദ്യ പോഡിയം ലഭിക്കുന്നത്. ബെംഗളൂരുവില്‍ നടന്ന കെ1000 റാലി അന്ന് യൂനുസ് ഇല്യാസ് ഫിനിഷ് ചെയ്തത് മൂന്നാമതായിട്ടായിരുന്നു. ഇതോടെ പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള റാലി ഡ്രൈവര്‍മാര്‍ക്കിടയില്‍ മാസങ്ങള്‍ കൊണ്ട് തന്നെ ആദ്യ പോഡിയം സ്വന്തമാക്കിയ മലയാളി ഡ്രൈവര്‍ ഇന്ത്യന്‍ കാര്‍ റാലി പ്രേമികള്‍ക്കിടയില്‍ സംസാര വിഷയമായി. 

അപകടം, തിരിച്ചുവരവ്

പ്രത്യേകം തയാറാക്കിയ റേസിങ് സീറ്റ്, റോള്‍ കേജ്, റേസിങ് സീറ്റ് ബെല്‍റ്റ്, തീ കെടുത്താനുള്ള സംവിധാനം, ഹെല്‍മെറ്റ് തുടങ്ങി നിരവധി സുരക്ഷാ സൗകര്യങ്ങളുണ്ടെങ്കിലും അപകടങ്ങളും റാലിയില്‍ സ്വാഭാവികമാണ്. 2016 ചിക്കമാംഗ്ലൂര്‍ റാലിക്കിടെ ഉണ്ടായ അപകടം മറക്കാനാവില്ല. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ മുന്നിലുള്ള ഹംപിന്റെ മുന്നറിയിപ്പ് ലഭിക്കാതിരുന്നതാണ് അപകടകാരണമായത്.

റാലിക്കിടെ കോ ഡ്രൈവര്‍ക്കുള്ള സ്ഥാനം വലുതാണ്. കോ ഡ്രൈവറുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഡ്രൈവര്‍ ചലിക്കുക. ഓരോ റാലിക്ക് മുമ്പും ട്രാക്കിലൂടെ ഡ്രൈവറും കോ ഡ്രൈവറും സഞ്ചരിച്ച് ട്രാക്കിന്റെ പ്രത്യേകതകള്‍ രേഖപ്പെടുത്താറുണ്ട്. അന്ന് ഒരു ഹംപ് കുറിക്കാന്‍ വിട്ടുപോയതാണ് അപകടകാരണമായത്. മരത്തില്‍ ഇടിച്ച് വാഹനം പാടേ തകര്‍ന്നെങ്കിലും സ്വപ്‌നം കൈവിടാതെ കാറിന്റെ കേടുപാടുകള്‍ തീര്‍ത്ത് വീണ്ടും ട്രാക്കിലേക്കിറങ്ങി. ഈ അപകടത്തിന് ശേഷമാണ് ഇപ്പോഴത്തെ കോ ഡ്രൈവര്‍ ബെംഗളൂരു സ്വദേശി ഹരിഷ് കെ.എന്‍ എത്തുന്നത്. ഇരുവരും ഒന്നിച്ച ശേഷമായിരുന്നു യൂനുസ് ഇല്യാസിന്റെ പ്രധാന നേട്ടങ്ങള്‍.

നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2017. പേരുകേട്ട പോപുലര്‍ റാലിയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു ഇക്കൂട്ടത്തിലെ ഏറ്റവും വലുത്. ഐഎന്‍ആര്‍സി കോയമ്പത്തൂര്‍(മൂന്നാം സ്ഥാനം), പോപുലര്‍ റാലി ഐആര്‍സി 3 കാറ്റഗറി(ഒന്നാം സ്ഥാനം), എംആര്‍എഫ് റാലി അരുണാചല്‍(ഒന്നാം സ്ഥാനം), സ്റ്റാര്‍ ഓഫ് കേരള(ഒന്നാം സ്ഥാനം) എന്നിങ്ങനെ വേറെയും ട്രോഫികള്‍ അതേവര്‍ഷം യൂനുസ് ഇല്യാസിന്റെ ഷെല്‍ഫിലേക്കെത്തി. 

കാറോട്ടക്കാരിലെ ഹൾക്ക്

2018ല്‍ പോപുലര്‍ റാലി കൊച്ചി ഐഎന്‍ആര്‍സി 2വില്‍ ഒന്നാം സ്ഥാനവും പോപുലര്‍ റാലിയുടെ ഓവറോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. ആദ്യമായി കാര്‍ റാലി നേരിട്ട് കണ്ട ചിക്മംഗ്ലൂറിലെ കോഫി ഡേ റാലിയില്‍ 2018ല്‍ തന്നെ മൂന്നാം സ്ഥാനത്തെത്തി. 2017ലും 2018ലും കേരളത്തിലെ ഏറ്റവും വേഗമേറിയ റാലി ഡ്രൈവറുടെ പദവി ലഭിച്ചതും യൂനുസ് ഇല്യാസിന് തന്നെ. അപ്പോഴേക്കും ഇന്ത്യന്‍ കാര്‍ റാലി പ്രേമികള്‍ക്കിടയില്‍ 'ഹൾക്ക്' അറിയപ്പെട്ടു തുടങ്ങി. 

2019ല്‍ മൂന്ന് പോഡിയങ്ങളിലാണ് യൂനുസ് ഇല്യാസ് സാന്നിധ്യം അറിയിച്ചത്. ഇതില്‍ മൈസൂരുവില്‍ നടന്ന ഗ്രാവെല്‍ ഫെസ്റ്റില്‍ ഗ്രാവെല്‍ കിംങ്, ഫാസ്റ്റസ്റ്റ് ഡ്രൈവര്‍ കിരീടങ്ങള്‍ നേടി. ഐഎന്‍ആര്‍സി2വിന്റെ ഭാഗമായുള്ള കോയമ്പത്തൂര്‍ റാലിയില്‍ തന്റെ വിഭാഗത്തില്‍ ഒന്നാമതെത്തുകയും ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സ്പ്രിന്റ് ഡിബംഗളൂരു വിന്നറും ഓവറോള്‍ ചാമ്പ്യനുമായി.

പോയവര്‍ഷം കോവിഡിനെ തുടര്‍ന്ന് കായിക ലോകം തന്നെ നിശ്ചലമായപ്പോള്‍ അത് കാര്‍ റാലിയേയും ബാധിച്ചിരുന്നു. ഇടവേളക്കു ശേഷം വീണ്ടും മത്സരത്തിനിറങ്ങിയത് കോയമ്പത്തൂര്‍ റാലിയിലായിരുന്നു. അന്ന് വാഹനത്തിന്റെ പ്രശ്‌നങ്ങള്‍ സമയത്തെ ബാധിച്ചു. റേസ് കണ്‍സെപ്റ്റ്‌സുമായി ചേര്‍ന്ന് വീണ്ടും പണിതിറക്കിയ മിറ്റ്‌സുബിഷി സിഡിയ ആർ 2വുമായി എപ്രില്‍ 23ന് ചെന്നൈ റാലിക്കിറങ്ങും. അപ്പോഴും ഏറെ പണച്ചിലവുള്ള റാലി ഡ്രൈവിംങില്‍ ആവശ്യത്തിന് സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. 

സ്വപ്‌നം

മോട്ടോര്‍ സ്‌പോര്‍ട്ട് രംഗത്തെ ഇന്ത്യന്‍ അതികായനായ ഗൗരവ് ഗില്ലാണ് യൂനുസ് ഇല്യാസിന്റെ ഇഷ്ട ഡ്രൈവര്‍മാരില്‍ ഒരാള്‍. ആദ്യമായി മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗത്തു നിന്നും അവാര്‍ഡ് നേടിയ താരമാണ് ഗൗരവ് ഗില്‍. മൂന്നു തവണ ഏഷ്യ പസഫിക് റാലി ചാമ്പ്യനായിട്ടുള്ള ഗൗരവ് ഗില്ലിന്റെ വഴി പിന്തുടരാനാണ് യൂനുസ് ഇഷ്ടപ്പെടുന്നത്. ഏഷ്യ പസഫിക് റാലിയില്‍ മാത്രമായി സ്വപ്‌നം ഒതുങ്ങുന്നില്ല. അത് വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് വരെ നീളുന്നു.

English Summary: Younus Ilyas Malayali Rally Champion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com