ADVERTISEMENT

ഇന്ത്യയിൽ അതിശക്തമായ ഫോക്സ്‌വാഗൻ രണ്ടാം തരംഗത്തിനു സാധ്യത. മിനി എസ്‌യുവി  ടൈഗൂണിനു പിറകെ എക്കാലത്തും പ്രിയപ്പെട്ട മധ്യനിര സെഡാൻ വെന്റോ. വിർച്യൂസ് എന്ന പേരിൽ തെക്കെ അമേരിക്കയിൽ, പ്രത്യേകിച്ച് ബ്രസീലിൽ ഇൻസ്റ്റന്റ് ഹിറ്റായ കാറാണ് ഇന്ത്യയിലേക്ക്. ഇക്കൊല്ലം അവസാനം ദീപാവലി നാളുകളിൽ വിർച്യൂസ് എന്ന വെന്റോ ഇന്ത്യയിൽ നിറദീപമാകും.

Great comeback in Brazil

പുണെയിൽ മ്യൂളുകൾ

പൊതിഞ്ഞു കെട്ടി ആളറിയാത്തവിധം വേഷം മാറി വിർച്യൂസ് കുറെ നാളായി പുണെയിലും പരിസരത്തും ഓടുന്നുണ്ട്. ചിലയിടത്തു നിന്ന് പൊതിയാത്ത മോഡലുകളുടെ ചിത്രങ്ങളും മാലോകർക്കു ലഭിച്ചതിൽ നിന്ന് അനുമാനിക്കേണ്ടത് വേണെങ്കിൽ കണ്ടോളൂ ഞങ്ങളിതാ വരുന്നു എന്ന ഫോക്സ്‌വാഗൻ സന്ദേശമല്ലേ? ഇങ്ങനെ കണ്ട കാറുകൾക്ക് ലോഗോ ഇല്ല, പക്ഷെ വിശ്വപ്രഖ്യാതമായ ഫോക്സ്‌വാഗൻ ഗ്രില്ലും രൂപവും കണ്ടാൽ ആർക്കെങ്കിലും തെറ്റുമോ. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലാണ് നിരത്തിൽക്കണ്ടത്. (വിപണിയിൽ ഇറങ്ങുംമുമ്പ് രൂപംതിരിച്ചറിയാത്ത വിധം മറച്ച് ടെസ്റ്റ്ഡ്രൈവ് നടത്തുന്ന വാഹനമാണ് മ്യൂൾ എന്നറിപ്പെടുന്നത്).

Volkswagen provides further impetus for South America strategy w

വളർന്നു വലുതായി

വിർച്യൂസ് വെന്റോയെ ചെറുതാക്കുന്നു. നീളത്തിലും വീതിയിലും വീൽ ബേസിലും വെന്റോയെക്കാൾ വലുതാണ് വിർച്യൂസ്. തദ്വാര രൂപഗുണത്തിനൊപ്പം ഉള്ളിലെ സ്ഥലസൗകര്യവും ആ‍ഡംബരവും യാത്രാസുഖവും റോഡ് സാന്നിധ്യവും എല്ലാത്തിലുമുപരി ഉടമയുടെ ഈഗോയും ഗണ്യമായി ഉയരുന്നു. വിലയിൽ വലിയ മാറ്റമില്ലാതെ വിർച്യൂസ് ഇറങ്ങുമ്പോൾ ഇന്ത്യയിലും വിജയം ഉറപ്പ്.

volkswagen-virtus

ഇവിടുന്നു പോയി, ദാ ഇപ്പോ അവിടുന്ന്

വെന്റോ ഇന്ത്യയിൽ നിന്നാണ് മെക്സിക്കൊയിലേക്കും പിന്നെ ബ്രസീൽ അടക്കമുള്ള ലാറ്റിൻ അമേരിക്കയിലേക്കും പോയത്; 2014ൽ. ഇപ്പോൾ രണ്ടാം തലമുറ വെന്റോ വരുന്നത് ബ്രസീലിലെ വിജയത്തിനു തുടർച്ചയായാണ്. ഈ രണ്ടു വിപണികളുടെയും പൊതു സ്വഭാവം വെന്റോയുടെ പുതു അവതാരത്തിനു ഗുണകരമാകുംവിധം ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആഫ്രിക്ക, ഏഷ്യ വിപണികളിലും വിർച്യൂസ് വെന്റോയായി വരും. ഇന്ത്യയിൽ പേര് വെന്റോ എന്നു തന്നെയായിരിക്കും.

volkswagen-virtus-8

അടിത്തറയടക്കം മാറിപ്പോയി

കാറുകളുടെ നിർമാണത്തിന്റെ അടിസ്ഥാനമായ പ്ലാറ്റ്ഫോം മാറി. പഴയ വെന്റോ പിക്യു24 പ്ലാറ്റ്ഫോമെങ്കിൽ പുതിയവൻ എംക്യുബിയാണ്. എന്നു വച്ചാൽ കൂടുതൽ സ്ഥലസൗകര്യം. താരതമ്യം ചെയ്താൽ മാരുതി സിയാസിനൊപ്പവും ദ് കാാാാർ എന്നു പേരെടുത്ത സണ്ണിയ്ക്കടുത്തും ഉള്ളിൽ സ്ഥലം. 5 സെ.മി വീൽ ബേസ് വളർന്നത് പരമാവധി പ്രയോജനപ്പെടുത്തുന്നു.

കാണാനഴകുള്ള മാണിക്യം

ഫോക്സ്‌വാഗൻ കാറുകൾക്കെല്ലാം അവകാശപ്പെടാനുള്ള ആഢ്യത്തം പുതിയ മോഡലിലും തെല്ലും കൈവിട്ടിട്ടില്ല. തെല്ലു വീതി കൂടുതലായി തോന്നിപ്പിക്കുന്ന പരമ്പരാഗത ഗ്രില്ലും ശിൽപചാരുതയുള്ള ബോണറ്റും വശങ്ങളും ഭാവിയിലെങ്ങോ ജനിക്കേണ്ടിയിരുന്ന അലോയ് വീലുകളും വെന്റോയുടെ പുതുമോഡലായല്ല, ജെറ്റയുടെ പുതുമോഡലാണോയെന്ന തോന്നലാണുണ്ടാക്കുക.

volkswagen-virtus-7

ഉള്ളിലെ വിശേഷങ്ങൾ

പ്രീമിയം, കാലികം, ആധുനികം. അത്രയേ പറയാനുള്ളൂ. നാട്ടുനടപ്പനുസരിച്ച് ഈ കാറിനുണ്ടാകേണ്ട എല്ലാ ആധുനികതയുമുണ്ട്. ശ്രദ്ധേയമായ ചില കാര്യങ്ങൾ. വലിയ, ഹഗിങ് സീറ്റുകൾ. സ്റ്റീയറിങ് കൺസോളിൽ മീറ്ററുകൾ വരുന്നയിടത്തുള്ള ഡിസ്പ്ലേയിൽ മാപ് അടക്കം ധാരാളം സൗകര്യങ്ങൾ. വിശാലമായ പിൻസീറ്റ്. സംഗതി കൊള്ളാം. കണ്ടാൽ ജർമനാ അല്ലിയോടാ... എന്ന പഴയ ഡയലോഗ് ഒന്നു കൂടി പറഞ്ഞു പോകും.

volkswagen-virtus-1

ഡീസലേ വിട

ഡീസൽ മോഡൽ വിട പറയുന്നു. പകരം 1 ലീറ്റർ, 1.4 ലീറ്റർ പെട്രോളുകൾ. ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സ് രണ്ടിലും പ്രതീക്ഷിക്കാം. 1 ലീറ്ററിൽ 6 സ്പീഡ് ടോർക്ക് കൺവർട്ടർ. 1.4 ലീറ്ററിൽ 7 സ്പീഡ് ഡി എസ്ജി. പെർഫോമൻസ് പ്രേമികൾക്കാണ് രണ്ടാം മോഡൽ. ഹൈബ്രിഡ് മോഡലിനുള്ള സാധ്യത തള്ളിക്കളയേണ്ട. കാത്തിരിക്കാം പ്രിയപ്പെട്ട വെന്റോയ്ക്കായ്...

English Summary: Upcoming Volkswagen Vento

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com