ADVERTISEMENT

തൃശൂർ ∙ വെറുതെ സൈക്കിൾ സവാരി നടത്തിയ ആളുടെ കഥയല്ല ഇത്. എല്ലു തേയ്മാനം വരുത്താത്ത സൈക്കിൾ ചെലവു ചുരുക്കി എങ്ങനെ നി‍ർമിക്കാമെന്നു കണ്ടെത്താനായി സവാരി നടത്തിയ അസ്ഥിരോഗ വിദഗ്ധന്റെ കഥയാണ്. ‌വൻകിട കമ്പനികൾ ലക്ഷത്തോളം രൂപയ്ക്കു വിൽക്കുന്ന അതേ ജ്യോമട്രിയിലുള്ള സൈക്കിളുകൾ 5000 രൂപയ്ക്കു വിൽക്കാനാവുമെന്നാണ് ആ സവാരിയിൽ നിന്ന് അദ്ദേഹം കണ്ടെത്തിയത്.

എത്ര ദൂരം പോയാലും കാൽമുട്ടിനെ കേടുവരുത്താത്ത തരത്തിൽ വേണം സൈക്കിൾ രൂപകൽപന ചെയ്യാനെന്നു നേരത്തേ പഠിച്ചെടുത്ത ഗവ. മെഡിക്കൽ കോളജിലെ ഓർത്തോപീഡിക് അസോഷ്യറ്റ് പ്രഫസർ വിയ്യൂർ റോസ് ഗാർഡൻസ് ലക്ഷ്മികൃഷ്ണയിൽ സി.വി. കൃഷ്ണകുമാർ ലുധിയാനയിൽ നിന്നാണു പുതിയ സൈക്കിളുകൾക്കുള്ള സാധനങ്ങൾ കണ്ടെത്തിയത്. സൈക്കിൾ ഫ്രെയിമും ചക്രങ്ങളും വെവേറെയായി കൊടുത്തു വിടുന്ന സൈക്കിൾ കൂട്ടിയോജിപ്പിക്കാനുള്ള പരിശീലനം നേടിയാൽ കുറെ പേർക്ക് ഈ സൈക്കിളുകളുടെ വിൽപന തൊഴിൽമാർഗം ആകും. പരിശീലനം നൽകാനും കൃഷ്ണകുമാർ റെഡി.

Dr-Krishnakumar4

ഏഴു വർഷം മുൻപാണു കൃഷ്ണകുമാറിന് ദീർഘദൂര സൈക്കിൾ സവാരിയിൽ കമ്പം തുടങ്ങുന്നത്. 400 കിലോമീറ്റർ റൈഡിൽ പങ്കെടുത്ത് ലക്ഷ്യം പൂർത്തിയാക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നിടത്തു നിന്നാണ് സൈക്കിളിനെ കുറിച്ച് പഠിക്കാനുള്ള സവാരി തുടങ്ങുന്നത്. അന്ന് മുട്ടിൽ ഉണ്ടായ നീര് വെറുതെയങ്ങു പോയില്ല. കാൽമുട്ടുകൾ മാറ്റിവയ്ക്കേണ്ടി വന്നു. സൈക്കിളിന്റെ ഫ്രെയിമും ഇരിപ്പിടവും ശരിയായി ക്രമീകരിച്ചാൽ ചവിട്ടുന്നവർക്ക് ആയാസം കുറയുമെന്നും വേഗം കൂടുമെന്നും കണ്ടെത്തിയ കൃഷ്ണകുമാർ തന്റേതായ ജ്യോമട്രി വികസിപ്പിക്കുകയായിരുന്നു. സൈക്കിളിലുള്ള കമ്പവും അസ്ഥിരോഗ വിദഗ്ധൻ എന്ന അറിവും ഒന്നിച്ചുചേർന്നു.

Dr-Krishnakumar3

സൈക്കിൾ കമ്പം ഉണ്ടെങ്കിലും മികച്ച സൈക്കിൾ വാങ്ങാൻ വൻതുക മുടക്കാൻ കഴിവില്ലാത്തവർ 10000– 15000 രൂപയ്ക്ക് സൈക്കിളുകൾ വാങ്ങുകയും ഇവർ ഒടുവിൽ കാൽമുട്ട് വേദനിച്ച് സൈക്കിളിങ് തന്നെ ഉപേക്ഷിക്കുകയുമാണു പതിവെന്നു കൃഷ്ണകുമാർ കണ്ടെത്തി. അങ്ങനെയാണ് എല്ലു കേടുവരുത്താത്ത സൈക്കിളുകൾ ചെലവു ചുരുക്കി എങ്ങനെ ഉണ്ടാക്കാമെന്ന അന്വേഷണം ആരംഭിക്കുന്നത്. ആ യാത്ര ലുധിയാനയിൽ അവസാനിച്ചു.

Dr-Krishnakumar1

ഗിയർ ഉള്ള സൈക്കിൾ ആണ് അദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്. തന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചില സൈക്കിൾ കമ്പക്കാർ ആരംഭിച്ച സൈക്കിൾ ഷോപ്പിൽ കൃഷ്ണകുമാർ താൻ വികസിപ്പിച്ച സൈക്കിൾ നൽകിയിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നിന്ന് സൈക്കിൾ ആവശ്യപ്പെട്ടു വിളി വന്നപ്പോൾ കൃഷ്ണകുമാർ തന്നെ സൈക്കിൾ ചവിട്ടി അവിടെ എത്തിച്ചു കൊടുക്കുകയും ചെയ്തു. ഭക്ഷണ സാധനങ്ങൾ വിൽപനയ്ക്കായി കൊണ്ടുപോകുന്നതിന് ഫുഡ് കാർട്ട് പിടിപ്പിച്ച സൈക്കിളും കൃഷ്ണകുമാർ വികസിപ്പിച്ചിട്ടുണ്ട്. ബെംഗളൂരു, ഊട്ടി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കെല്ലാം കൃഷ്ണകുമാർ സൈക്കിൾ സവാരി നടത്തിക്കഴിഞ്ഞു. സ്വന്തമായി കാർ ഇല്ലാത്ത ഡോക്ടർ മോട്ടർ സൈക്കിൾ കൂടി തകരാറിലായതോടെ പടിഞ്ഞാറേക്കോട്ടയിലെ താമസ സ്ഥലത്തു നിന്ന് മെഡിക്കൽ കോളജിലേക്ക് ദിവസവും പോകുന്നതും സൈക്കിളിൽ ആണ്.

ചിത്രങ്ങൾ: ജീജോ ജോൺ

English Summary: Bicycle worth Rs 1 lakh for just Rs 5000, made by doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com