ADVERTISEMENT

ഫെയ്സ്ബുക്കിലെ പതിവു നോട്ടത്തിനിടയ്ക്ക് അവിചാരിതമായാണ് പച്ചനിറമുള്ള ഈ വിന്റേജ് കാറിന്റെ പടം ശ്രദ്ധയിൽപെട്ടത്. വിന്റേജ് കാർ ശേഖരമുള്ള കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാനായിരുന്നു പടം ഷെയർ ചെയ്തത്. അപ്പോൾ കാറും ആനന്ദിന്റെ കസ്റ്റഡിയിൽ കണ്ടേക്കാം. അങ്ങനെയാണ് വിളിക്കുന്നത്. ഊഹം തെറ്റിയില്ല. റിസ്റ്റോർ പണികളെല്ലാം കഴിഞ്ഞ് കുട്ടപ്പനായി കാർ വീട്ടിലുണ്ട്. പോരൂ.. എന്ന് മറുപടി.

morris-8e-3

ഒാഫ് റോഡ് റാലികളിലെ കടുകട്ടി മത്സരമായ റെയിൻ ഫോറസ്റ്റ് ചാലഞ്ചിൽ റണ്ണേഴ്സ് കിരീടം കേരളത്തിലേക്കു കൂട്ടിക്കൊണ്ടുവന്ന ആളാണ് ആനന്ദ്. കോട്ടയം–കുമളി റൂട്ടിൽ പുളിക്കൽ കവലയ്ക്കടുത്തുള്ള മാഞ്ഞൂരാൻ വീട് വാഹനപ്രേമികളെ ഹഠാദാകർഷിക്കും. കാരണം ഫോക്സ്‍വാഗൻ ബീറ്റിൽ (1975), സ്റ്റാൻഡേർഡ് ഹെറാൾഡ്, ഫിയറ്റ് 500 ടോപോലിനോ, സുസുക്കി കപ്പുച്ചിനോ, റോവർ മിനി കൂപ്പർ തുടങ്ങി കൗതുകകരമായ വാഹനങ്ങളാണ് ഗാരിജിലുള്ളത്. ഇക്കൂട്ടത്തിലെ പുതിയ അതിഥിയാണ് മോറിസ് 8 ഇ.

morris-8e-5

മോറിസ് 8 ഇയെക്കുറിച്ച് ആനന്ദ്– "ഒാഫ്റോഡ് മത്സരങ്ങളിൽ ഇറങ്ങുന്നതിനു മുന്നേ കൂടെക്കൂടിയതാണ് വിന്റേജ് വാഹനങ്ങളോടുള്ള താൽപര്യം. അതുകൊണ്ടുതന്നെ പഴയ വാഹനങ്ങൾ കണ്ട്, ഇഷ്ടപ്പെട്ടാൽ നമ്മുടെ വിലയ്ക്കൊത്താൽ വാങ്ങും. മോറിസ് 8 ഇ കിട്ടിയത് രാജസ്ഥാനിൽനിന്നാണ്. മോശം അവസ്ഥയിലാണ് കയ്യിൽ കിട്ടുന്നത്. മംഗലാപുരത്താണ് റിസ്റ്റോർ ചെയ്തത്. എൻജിനും ഗിയർ ബോക്സുമെല്ലാം ഒറിജിനൽ. മാറിയത് ടയർ മാത്രം. പഴയ മോഡൽ ടയർ കിട്ടാനില്ലാത്തതിനാൽ ബൈക്കിന്റെ ടയറാണ് ഇട്ടിരിക്കുന്നത്. വീൽ ഡ്രം എല്ലാം ഒറിജിനൽ തന്നെ. 6 വോൾട്ട് ബാറ്ററിയായിരുന്നു ഇതിൽ വരുന്നത്. അത് ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ 12 വോൾട്ട് ബാറ്ററിയാക്കി. ഡൈനാമോ സിസ്റ്റം മാറ്റി ആൾട്ടർനേറ്റർ വച്ചു. ഇത്രയും മാറ്റങ്ങളൊക്കെയേ വരുത്തിയിട്ടുള്ളൂ".

morris-8e-7

മെയ്ഡ് ഇൻ ബ്രിട്ടൻ

1935 മുതൽ 1948 വരെ ബ്രിട്ടനിലെ മോറിസ് മോട്ടോഴ്സ് നിർമിച്ചിരുന്ന മോഡലാണ് മോറിസ് 8. ഫോഡിന്റെ മോഡൽ വൈ കാറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമാണം. മോറിസ് 8 ന്റെ വിജയമാണ് മോറിസ് മോട്ടോഴ്സിനെ ബ്രിട്ടനിലെ ഏറ്റവും വലിയ കാർനിർമാതാക്കൾ എന്ന സ്ഥാനത്തെത്തിച്ചത്. മോറിസ് 8 സീരീസിൽ മൂന്നു മോഡലുകളാണുണ്ടായിരുന്നത്. സീരീസ് വൺ(1935–37), സീരീസ് 2(1938), സീരീസ് ഇ(1938–48). ഇതു കൂടാതെ മോറിസ് സീരീസ് സെഡ് എന്നൊരു വാനും. ഇതിൽ മോറിസ് സീരീസ് ഇയിലെ 4 ഡോർ സലൂണായ മോറിസ് 8 ഇ ആണ് പച്ച നിറത്തിൽ ഇവിടെ മിന്നി നിൽക്കുന്നത്. ഒന്നും രണ്ടും സീരീസുകളിൽനിന്നും ഡിസൈനിൽ അടക്കം കാര്യമായ പരിഷ്കാരത്തോടെയാണ് 8 ഇ നിരത്തിലെത്തിയത്. വാട്ടർ ഫാൾ ഗ്രില്ലും ചെറിയ ബൂട്ടും റണ്ണിങ് ബോർഡ് ഒഴിവാക്കിയ സൈഡ് ഡിസൈനുമെല്ലാം 8 ഇയെ വേറിട്ടു നിർത്തുന്നു. 

morris-8e-6

മുൻ വിൻഡ് ഷീൽഡ് ഉയർത്താവുന്നതാണ്. തുറക്കാവുന്ന സൺറൂഫും കൗതുകത്തിൽ പെടുന്നു. മുൻ ഡോറുകൾ പിറകിലേക്കാണ് തുറക്കുന്നത്. രസകരമായ ഒന്ന് ഇൻഡിക്കേറ്ററാണ്. ഇരുവശത്തും ബി പില്ലറിൽ അകത്തേക്ക് കയറി ഇരിക്കുന്ന രീതിയിലാണ് രൂപകൽപന. ഇൻഡിക്കേറ്ററിടുമ്പോൾ പുറത്തേയ്ക്കു വരും. 6 വോൾട്ട് ബാറ്ററിയിലായിരുന്നു ഇതിന്റെയൊക്കെ പ്രവർത്തനം. ഇന്നത് ലഭ്യമല്ലാത്തതിനാൽ പ്രവർത്തനരഹിതമാണിത്. വൈപ്പർ പ്രവർത്തിപ്പിക്കുന്നത് മാന്വലായാണ്. അതായത്, കൈകൊണ്ടു തന്നെ തിരിക്കണം. അതിനുള്ള നോബ് അകത്തു നൽകിയിട്ടുണ്ട്. പ്രായം എൺപതിനോട് അടുക്കുന്നെങ്കിലും ചുറുചുറുക്കും ഉൻമേഷവും ഒട്ടും കുറവില്ല 8 ഇയ്ക്ക്.

morris-8e-2

പുഷ്ബട്ടൺ സ്റ്റാർട്ടാണ്. 918 സിസി മോറിസ് ടൈപ്പ് യുഎസ്എച്ച്എം സൈഡ് വാൽവ് സ്ട്രെയ്റ്റ് 4 എൻജിനാണ്. ആദ്യ സീരീസുകളിൽനിന്നും എൻജിൻ അപ്ഗ്രേഡ് ചെയ്താണ് 8 ഇ ഇറക്കിയത്. 29 ബിഎച്ച്പിയാണ് എൻജിന്റെ കൂടിയ കരുത്ത്. ഗിയർ ബോക്സ് 4 സ്പീഡ്. മണിക്കൂറിൽ 93 കിലോമീറ്ററാണ് കൂടിയ വേഗം.   

English Summary: Morris 8 E in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com