ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ? വില 14,500 രൂപ വരെ കുറയും; മികച്ച അവസരം

electric-scooter
Representative Image
SHARE

വൈദ്യുത സ്കൂട്ടറുകൾ വാങ്ങാൻ ഒരു കാരണം കൂടി. കേന്ദ്ര സർക്കാർ ഇവയുടെ സബ്സിഡി കൂട്ടി. ഇതുവരെ ഒരു കിലോവാട്ട് അവർ‌ ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപ ആയിരുന്നത് കഴിഞ്ഞ ദിവസം മുതൽ 15,000 രൂപ ആയി ഉയർത്തി. ഉദാഹരണമായി, ഇപ്പോഴത്തെ ഇലക്ട്രിക് സ്കൂട്ടർ താരം ഏയ്ഥർ 450 എക്സിന് നിലവിൽ 29,000 രൂപ സബ്സിഡി കിട്ടിയിരുന്നത് ഇതോടെ 43,500 രൂപ ആയി. വില 14,500 രൂപ ഒറ്റയടിക്കു കുറയും, അഥവാ കുറയണം. ഹീറോ ഇലക്ട്രിക്കിന്റേതുപോലെ ജനപ്രിയ ഇ– സ്കൂട്ടറുകൾക്ക് 7000 രൂപ സബ്സിഡി കിട്ടിയിരുന്നത് 10,500 രൂപയാകും. വില 3500 രൂപ കുറയണം.

okinawa-ipraiseplus
Okinawa ipraise plus

ഫെയിം 2 വേറെ ലെവൽ

ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ (ഫെയിം) പദ്ധതി പ്രകാരമാണു സബ്സിഡി. 2019ൽ നിലവിൽ വന്ന ഫെയിം–2 പ്രകാരം, ഇലക്ട്രിക് എന്നു ലേബൽ ഒട്ടിച്ച എല്ലാ വാഹനങ്ങൾക്കും സബ്സിഡി കിട്ടില്ല. തീരെ ശേഷി കുറഞ്ഞതും റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുമൊന്നും ആവശ്യമില്ലാത്തതുമായ സ്കൂട്ടറുകൾക്ക് അതോടെ സബ്സിഡി കിട്ടാതായി. വാഹനത്തിന്റെ സ്പീഡ്, ബാറ്ററി എന്നിവയിൽ പ്രത്യേക മാനദണ്ഡങ്ങൾ നിലവിൽവന്നു. ഫുൾ ചാർജിൽ 80 കിലോമീറ്റർ എങ്കിലും ഓടുന്നതും (റേഞ്ച്)  40 കിലോമീറ്റർ/മണിക്കൂർ എങ്കിലും സ്പീഡ് ആർജിക്കാവുന്നവയും ആണെങ്കിലേ സബ്സിഡി കിട്ടൂ. ഈ ശേഷിയിലെത്തുമ്പോൾ തീർച്ചയായും അവ റജിസ്ട്രേഷൻ (നമ്പർ) വേണ്ടുന്നതും ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് വേണ്ടുന്നതുമാകും. അതായത്, പെട്രോൾ സ്കൂട്ടർ പോലെ തന്നെ ഉപയോഗിക്കാനാകുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ പ്രോൽസാഹിപ്പിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.

ola-electric-scooter
Ola Scooter

ഏയ്ഥറും ഒലയും വന്നപ്പോൾ...

ഹീറോ ഇലക്ട്രിക്കും ആംപിയറും ഒക്കിനാവയും പോലുള്ള ബ്രാൻഡുകളായിരുന്നു ഇതുവരെ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ വിപണി വാണിരുന്നത്. ഇതിൽത്തന്നെ ഹീറോ ഒഴികെയുള്ളവയ്ക്ക് രാജ്യവ്യാപക സാന്നിധ്യം ഉണ്ടെന്നു പറയാനാകില്ല. വേറെ ഒരുപാട് ബ്രാൻുഡകൾ ഒരു സംസ്ഥാനത്തോ മേഖലയിലോ ഒക്കെയായി ഒതുങ്ങുന്നവയുമാണ്. ബെംഗളൂരു ആസ്ഥാനമായി 2013ൽ ആരംഭിച്ച ഏയ്ഥർ എന്ന സ്റ്റാർട്ടപ് കമ്പനി ഉൽപാദനം തുടങ്ങിയതോടെ ഇലക്ട്രിക് സ്കൂട്ടർ രംഗം പുതിയ തലത്തിലെത്തി. ലോകത്ത് ഏറ്റവും കൂടുതൽ പെട്രോൾ ടൂവീലർ വിൽക്കുന്ന ഹീറോ മോട്ടോകോർപ്പും ഫ്ലിപ്കാർട്ട് സ്ഥാപകൻ സച്ചിൻ ബൻസാലും ആഗോള നിക്ഷേപകരുമൊക്കെ വൻ നിക്ഷേപം നടത്തിയ ഏയ്ഥർ ഹൊസൂറിൽ വമ്പൻ ഫാക്ടറിയും തുടങ്ങി. 

ather
Ather

വർഷം 1.10 ലക്ഷം സ്കൂട്ടറും 1,20,000 ബാറ്ററി പായ്ക്കും ഉണ്ടാക്കാൻ ശേഷിയുള്ളതാണ് ഏയ്ഥർ ഫാക്ടറി. സ്കൂട്ടറുകളുടെ അതിവേഗ ചാർജിങ്ങിനായി രാജ്യമാകെ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്ന ഏയ്ഥർ ഗ്രിഡും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഹീറോ മോട്ടോകോർപ്പിന് 35% ഓഹരിയുണ്ടെങ്കിലും ഏയ്ഥർ സ്കൂട്ടറുകൾ ഹീറോ മോട്ടോകോർപ്പിന്റെ ഉല്‌പന്നങ്ങളായല്ല എത്തുന്നത്. ഹീറോയുടെ സ്വന്തം ഇലക്ട്രിക് സ്കൂട്ടർ ഒന്നോ രണ്ടോ വർഷത്തിനകം എത്തുമെന്നും സൂചനയുണ്ട്. 

ഏവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഹൊസൂരിലെത്തിയതാണ് ഒല. ടാക്സി അഗ്രിഗേറ്റർ ബിസിനസിൽനിന്ന് ഒല ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് എത്തിയെന്നതുമാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ടൂവീലർ ഫാക്ടറി എന്ന വിശേഷണത്തോടെയാണ് 2500 കോടി നിക്ഷേപം പ്രഖ്യാപിച്ചത്. അവിടെ അതിവേഗം പണി പുരോഗമിക്കുകയാണ്. കോവി‍ഡ് ചതിച്ചില്ലെങ്കിൽ ഒല സ്കൂട്ടർ വൈകാതെയെത്തും. ഹൊസൂരിൽതന്നെ നിർമാണശാലയുള്ള ടിവിഎസും ഇലക്ട്രിക് സ്കൂട്ടർ രംഗത്തു പ്രവേശിച്ചിട്ടുണ്ട്. സബ്സിഡി വർധനയും പെട്രോൾ വിലക്കയറ്റം മൂലം ഇലക്ട്രിക് വാഹനവിപണിയിലുണ്ടായ ഉണർവും അനുകൂലമായതിനാൽ അവരുടെ മാസ് എൻട്രി കേരളത്തിലും പ്രതീക്ഷിക്കാം. ഇതിനു പുറമെ, കഴിഞ്ഞ വർഷം ഇലക്ട്രിക് ചേതക് ചില നഗരങ്ങളിൽ അവതരിപ്പിച്ച ബജാജ് ഓട്ടോയും അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തും.

okinawa-r30
Okinawa R30

നിലവിലെ പ്രമുഖരായ ഹീറോ, ആംപിയർ, ഒക്കിനാവ തുടങ്ങിയവരെല്ലാം വിപണിയിലെ അതിവേഗ ചലനങ്ങൾക്കനുസരിച്ച് പുതിയ മോഡലുകൾ അവതരിപ്പിക്കേണ്ടിവരും. ഏയ്ഥർ സ്കൂട്ടർ കണക്ടഡ് സ്വഭാവമുള്ളതും സ്മാർട് ഫോൺ പോലെ ചെറുപ്പക്കാരെ ആകർഷിക്കുന്നതുമാണ്. പരമ്പരാഗത മോഡലുകളെക്കാൾ വില 50% എങ്കിലും കൂടുതലായിട്ടും മികച്ച വിൽപനയാണ്. 

സബ്സിഡി ആർക്ക്?

സർക്കാർ സബ്സിഡി പ്രഖ്യാപിക്കുന്നത് ഉപയോക്താക്കൾക്കു നേരിട്ടുകിട്ടാനാണെങ്കിലും ആ അനുകൂല്യം മറ്റൊരു രീതിയിൽ കമ്പനികൾ തന്നെ സ്വന്തമാക്കുകയാണെന്ന പരാതി നേരത്തേയുണ്ട്. സബ്സിഡി കൂടുമ്പോൾ അത്രയും വില കുറയേണ്ടതാണെങ്കിലും അങ്ങനെ സംഭവിക്കേണ്ടതാണെങ്കിലും, പല കാരണങ്ങൾ പറഞ്ഞ് കമ്പനികൾ വാഹന വില ഉയർത്തും. അപ്പോൾ ഉപയോക്താവിനു നേട്ടമില്ല. ഈ തട്ടിപ്പ് ഇത്തവണയും തുടർന്നാൽ സർക്കാരിന്റെ ഹരിതവാഹന ലക്ഷ്യം പരാജയപ്പെടും. ഇതു സംഭവിക്കാതിരിക്കാൻ സർക്കാർ തന്നെ സംവിധാനം ഉണ്ടാക്കേണ്ടിവരുകയും ചെയ്യും. കേരളം ബജറ്റിൽ പ്രഖ്യാപിച്ച പലിശ സബ്സിഡി കൂടി നടപ്പായാൽ കേരളത്തിൽ‌ ഇനിയുള്ള നാളുകളിൽ ധാരാളമായി ഇലക്ട്രിക് സ്കൂട്ടറുകൾ‌ നിരത്തിലെത്തേണ്ടതാണ്. ഡെലിവറി രംഗത്തുള്ളവർ ഇലക്ട്രിക് സ്കൂട്ടറും ത്രീവീലറും വാങ്ങാൻ എടുക്കുന്ന വായ്പയുടെ പലിശയുടെ ഒരു വലിയ പങ്ക് സർക്കാർ നൽകുമെന്നാണു പ്രഖ്യാപനം.

English Summary: Electric Scooter Will Get More Subsidy, Price Will Go Down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA