ADVERTISEMENT

യൂറോപ്പിൽ നിന്നുള്ള പ്രമുഖ ആഡംബര വാഹന നിർമാതാക്കളുടെ ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറങ്ങുമ്പോൾ മലയാളികൾക്ക് അഭിമാനമാകാൻ ടെക്നോ പാർക്കിൽ നിന്നുള്ള സോഫ്ട്‍വെയർ കമ്പനിയും. സ്റ്റാർട് അപ്പായി തുടങ്ങി മികച്ച നിലയിലേയ്ക്കുയർന്ന ആക്സിയ ടെക്നോളജീസ് എന്ന കമ്പനിയാണ് ഫിഫ്ത്ത് ലവൽ ഓട്ടോണമസ് കാറുകൾക്കുള്ള സോഫ്ട്‍വെയർ നിർമാണ പരീക്ഷണങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബേസ്മാർക്കിന്റെ പാർട്ണർ പ്രോഗ്രാമായ റോക്ക്സോളിഡ് എക്കോസിസ്റ്റം പദ്ധതിയിൽ പങ്കാളിയായതോടെയാണ് കമ്പനിക്ക് ഈ അവസരം ഒരുങ്ങിയതെന്ന്  ആക്സിയ മാനേജിങ് ഡയറക്ടർ തൃശൂർ പുതുക്കാട് സ്വദേശി ജിജിമോൻ ചന്ദ്രൻ പറയുന്നു. സോഫ്റ്റ്‌വെയർ അധിഷ്ഠിത കാർ സാങ്കേതികവിദ്യയിൽ പുത്തൻ പരീക്ഷണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന വാഹന നിർമാതാക്കൾക്കു സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനിയാണ് ബേസ്മാർക്ക്.

തൃശൂർ പുതുക്കാട് സ്വദേശിയാണ് ജിജിമോൻ. ജപ്പാനിൽ ഹിറ്റാച്ചിയിലും മിത്സുബിഷി ഇലക്ട്രിക് കോർപ്പറേഷനിലുമെല്ലാം (എംഇസി) സോഫ്ട്‍വെയർ വിഭാഗത്തിൽ ജോലി ചെയ്തു നേടിയ അനുഭവ പരിചയത്തിന്റെ പിൻബലമാണ് ആക്സിയ ടെക്നോളജീസിന്റെ മൂലധനമായത്. കാർ നിർമാതാക്കൾക്കായി ഇലക്ട്രോണിക് കണ്ട്രോൾ യൂണിറ്റ് (ഇസിയു) നിർമിക്കുന്ന കമ്പനിയാണ് കമ്പനിയാണ് എംഇസി. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് എട്ടു വർഷം മുമ്പ് സ്റ്റാർട്ടപ്പായി ആക്സിയയ്ക്കു തുടക്കമിടുന്നത്. ജപ്പാനിലുള്ള കമ്പനികൾക്കു വേണ്ടി ഓട്ടോമോട്ടീവ് ഫോക്കസിലായിരുന്നു ഇവരുടെ ആദ്യ ഘട്ട സോഫ്ട്‍വെയർ നിർമാണം.

jijimon-acsia
ആക്സിയ മാനേജിങ് ഡയറക്ടർ ജിജിമോൻ ചന്ദ്രൻ

കാറുകളിൽ വന്ന മാറ്റം കാണാതെ പോകരുത്

ആദ്യ കാലത്ത് നിരത്തുകളിലിറങ്ങിയ കാറുകളും ഇപ്പോൾ നിർമിക്കപ്പെടുന്ന  തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഇവയുടെ നിർമാണത്തിലുള്ള വ്യത്യാസം പ്രകടമാണ്. പഴയ കാറുകളുടെ ഉൽപാദന ചെലവിൽ 80 ശതമാനം മെക്കാനിക്കൽ നിർമാണങ്ങൾക്കു വേണ്ടിയായിരുന്നെങ്കിൽ ഇപ്പോളത് 70 ശതമാനവും ഇലക്ട്രോണിക്, സോഫ്ട്‍വെയർ ആവശ്യങ്ങൾക്കാണ് ചെലവഴിക്കുന്നത്. ഈ തിരിച്ചറിവിൽ നിന്നാണ് ഓട്ടോമോട്ടീവ് സോഫ്ട്‍വെയർ രംഗത്തു സജീവമാകുന്നതിനും ഇതിനായി കമ്പനി സ്ഥാപിക്കാനും ജിജി തീരുമാനിക്കുന്നത്. അനുഭവ പരിചയവും ബന്ധങ്ങളും എല്ലാം ആദ്യ ഘട്ടത്തിൽ ബിസിനസ് നേട്ടങ്ങളുണ്ടാക്കാനായി. 

നിലവിൽ ഓട്ടോമോട്ടീവ് ബിസിനസ് പരീക്ഷണങ്ങൾ കാര്യമായി പുരോഗമിക്കുന്നത് യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി യൂറോപ്യൻ കമ്പനികൾക്കു വേണ്ടിയാണ് സോഫ്ട്‍വെയർ നിർമാണം. ലോകത്തെ ഒന്നാം നമ്പർ ആഡംബരക്കാർ നിർമാതാക്കൾക്കു വേണ്ടിയുള്ള സോഫ്ട്‍വെയർ നിർമാണത്തിന് അവസരം ലഭിച്ചു. ഇതു നൽകിയ ആത്മവിശ്വസത്തിൽ നിന്നാണ് ഓട്ടോണമസ് കാറുകളുടെ സോഫ്ട്‍വെയർ നിർമാണത്തിലേയ്ക്കു ചുവടുവയ്ക്കുന്നത്. കമ്പനികളുടെ പേരുവെളിപ്പെടുത്തരുതെന്ന കരാർ പാലിക്കേണ്ടതിനാലാണ് ആർക്കുവേണ്ടി എന്ന വിവരം പുറത്തു വിടാത്തതെന്നു ജിജി വെളിപ്പെടുത്തുന്നു.

കാറുകൾ കൂടുതൽ ഇന്റലിജന്റാകുന്നു

ഇന്റലിജന്റ്, സോഫ്ട്‍വെയർ ഡ്രിവൺ കാറുകളുടെ കാലമാണ് ഇത്. വരാനിരിക്കുന്നതാട്ടെ ആർട്ടിഫിഷ്യൽ ഇന്റജിലൻസിൽ സ്വന്തമായി ഡ്രൈവു ചെയ്യുന്ന കാറുകളുടെ കാലവും.  ഇലക്ട്രിക് കാർ നിർമാണക്കമ്പനി ടെസ്‍ലയാണ് ഈ പരീക്ഷണങ്ങളിൽ മുൻപന്തിയിലുള്ളത്. ഗൂഗിളിന്റെ ഓട്ടോണമസ് കാർ പരീക്ഷണം നടത്തുന്ന വെമോയാണ് ആദ്യമായി 100 ശതമാനം സ്വന്തമായി ഡ്രൈവു ചെയ്യുന്ന കാർ റോഡിൽ ഓടിച്ചു കാണിക്കുന്നത്. ടെസ്‍ല രംഗത്തെത്തിയതോടെ ഈ മേഖലയിൽ ഒരു കുലുക്കം സംഭവിച്ചു. ലോകത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളെ പോലും പിന്നിലാക്കിക്കൊണ്ടായിരുന്നു അവരുടെ ഇടപടെൽ. ഈ രണ്ടു കമ്പനികളും സാധാരണ കാർ നിർമാണക്കമ്പനികൾക്കു മുന്നിൽ തുറന്നിട്ട വെല്ലുവിളി അത്ര ചെറുതല്ലായിരുന്നു. അവരും ഈ മേഖലയിലേയ്ക്ക് പതിയെ ചുവടു വച്ചു വരുമ്പോഴാണ് ചെയ്സു ചെയ്ത് ടെസ്‍ലയും ഗൂഗിളും മുന്നിൽ കയറിയത്. ഓട്ടോണമസ് ഡ്രൈവ് പരീക്ഷണങ്ങൾ കോവിഡിന്റെ പേരിൽ തൽക്കാലം നിർത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ വൻ നിക്ഷേപം വേണ്ട മേഖലയാണിത് എന്നതാണ് വലിയ വെല്ലുവിളി. 

സോഫ്റ്റ്‍വെയർ ഡ്രിവൺ ഓട്ടോണമസ് കാറുകൾക്ക് ഒന്നുമുതൽ അഞ്ചുവരെയുള്ള ലവലുകളായി വിഭജിച്ചാൽ 100 ശതമാനം ഓട്ടോണമസ് കാറുകളുടെ ലവൽ അഞ്ചായിരിക്കും. ഇത്തരത്തിൽ ഒരു കാർ പരീക്ഷണ കാലം കഴിഞ്ഞ് നിയമ അനുതമികൾ നേടി വ്യാവസായിക അടിസ്ഥാനത്തിൽ നിരത്തിലിറങ്ങാൻ അഞ്ചു മുതൽ പത്തു വർഷമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. അതേ സമയം ആദ്യ നാലു ലവലുകൾ വരെയുള്ള വാഹനങ്ങൾ ഇപ്പോൾ തന്നെ നിരത്തിലുണ്ട്. ഇപ്പോഴുള്ള പല കാറുകളിലും ആദ്യ ലവൽ സവിശേഷതകൾ ലഭ്യമാണ്.

acsia

ഹൈവേയിൽ ഓടുന്ന കാറിന് ഓട്ടോ പൈലറ്റ് എന്ന മോഡലുണ്ട്. ടെസ്‍ല നിലവിൽ ഇത് വിപണിയിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ദീർഘ ദൂരം കാര്യമായ ഇന്റലിജൻസ് ആവശ്യമില്ലാതെ വരുമ്പോൾ കാർ തന്നെ തീരുമാനം എടുത്ത് ഡ്രൈവു ചെയ്യുന്ന മോഡലാണ് ഇത്. ഇത് ലവൽ നാലായി പരിഗണിക്കാം. അതുപോലെ ഹോട്ടലുകളിലൊ, പാർക്കിങ് സ്ലോട്ടുകളിലൊ ചെന്നാൽ പരിമിതമായ സൗകര്യങ്ങളിൽ വാഹനം തനിയെ പാർക്കു ചെയ്യുന്നതിനു തീരുമാനങ്ങൾ എടുക്കുന്നതിനു ധിഷണാ ശേഷിയുള്ള കാറുകളും ഒരുങ്ങിയിട്ടുണ്ട്. ഈ കാറുകളെയും ഈ ലവലിൽ ഉൾപ്പെടുത്താം. ഇത്തരം കാറുകൾ നിലവിൽ ചില യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലുമെല്ലാം പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിയമപരമായ അനുമതി നേടി നിരത്തുകളിൽ എത്തുന്ന കാലവും വിദൂരത്തല്ല. ജപ്പാനിൽ ഇലക്ട്രിക് ഓട്ടോ പൈലറ്റ് വാഹനങ്ങൾക്ക് അനുമതി ചില സ്ഥലങ്ങളിൽ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ടയോട്ട സാങ്കേതിക പരീക്ഷണങ്ങൾക്കായി ഒരു സിറ്റി തന്നെ ഒരുക്കിയിട്ടുണ്ട്. 

ഡ്രൈവിങ് ഫീച്ചറുകൾക്കു വരിക്കാരാകാം

കാറിനുള്ള പല ഫീച്ചർ സോഫ്ട്‍വെയറുകളും ഇതിനകം പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സോഫ്ട്‍വെയർ ഡ്രിവൺ കാറുകളായാണ് ഇവയെല്ലാം പരിഗണിക്കുന്നത്. ഇത്തരത്തിലുള്ള പല ഫീച്ചറുകളും കാർ ഉടമകൾക്ക് ഇടയ്ക്കു വാങ്ങാനും ആവശ്യമില്ലെങ്കിൽ വേണ്ടെന്നു വയ്ക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. സ്മാർട് ഫോണുകളിൽ നമ്മൾ ആവശ്യമുള്ള സോഫ്ട്‍വെയർ വാങ്ങുകയും വേണ്ടെന്നു വയ്ക്കുകയുമെല്ലാം ചെയ്യുന്നതു പോലെ ഇവ ലൈസൻസ് ഫീ അടച്ചു നിശ്ചിത കാലത്തേയ്ക്ക് ഉപയോഗിക്കാം. കാലാവധി കഴിയുമ്പോൾ തനിയെ ഉപോഗിക്കാൻ സാധിക്കാതെയും വരും. 

കാറുകൾക്കു വേണ്ട അടിസ്ഥാന സവിശേഷതകൾ വാങ്ങുമ്പോൾ ലഭിക്കുകയും കൂടുതലായി വേണ്ടതിനു വരിക്കാരാകുന്നതുമായിരിക്കും രീതി. അടുത്തെങ്ങും ഇത്തരത്തിൽ ഒരു മോഡൽ പ്രായോഗികമാകില്ലെന്നു കരുതിയിടത്ത് ടെസ്‍ലയാണ് ഇത് അവതരിപ്പിക്കുന്നത്. അതിനു ചുവടു പിടിച്ച് മറ്റു കമ്പനികളും സമാന മോഡൽ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പാണ് അണിയറയിൽ പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള സോഫ്ട്‍വെയറുകളാണ് നിലവിൽ ആക്സിയ ആഡംബരക്കാറുകൾക്കായി ഒരുക്കി നൽകുന്നത്. അടുത്ത തലത്തിലുള്ള പരീക്ഷണങ്ങളിലേയ്ക്കാണ് ആക്സിയ ടെക്നോളജീസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ജിജിമോൻ പറയുന്നു.

English Summary: Self Driving Car Software By Acsia TVM Based Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com