ADVERTISEMENT

ഇത് ഫെരാരി ജിടി, ഇത് ലാ ഫെരാരി, ഇത് മെക്‌ലാരൻ സെന്ന... ഉറയ്ക്കാത്ത ശബ്ദത്തിൽ 2 വയസുകാരൻ വാഹനങ്ങളുടെ സ്കെയിൽ മോഡൽ ചൂണ്ടിക്കാട്ടി പേരു പറയുന്നതു കേട്ടാൽ ഏതൊരു വാഹന പ്രേമിയും ഞെട്ടും. വളർന്നു വരുന്നൊരു വണ്ടിപ്രാന്തന്റെ ലക്ഷണമൊത്തെ കുട്ടിക്കാലം. ഓട്ടോറിക്ഷ, കാർ, ലോറി... അങ്ങേയറ്റം പോയാൽ ജെസിബി എന്നുവരെ പറയുന്ന പ്രായത്തിൽ ഈ കൊച്ചു മിടുക്കൻ തിരിച്ചറിയുന്നത് ലോകത്തിലെ ഒട്ടുമിക്ക കാർ മോഡലുകളെയുമാണ്. 

aston-vivek-2

ഓട്ടോമൊബൈൽ ജേർണലിസ്റ്റ് വിവേക് വേണുഗോപാലിന്റേയും കൊളേജ് അധ്യാപിക ഗായത്രിയുടേയും പുത്രനാണ് ആസ്റ്റൺ എന്ന ഈ മിടുക്കൻ. അച്ഛന്റെ വാഹനപ്രേമം പകർന്ന് കിട്ടിയതാണ് മകന് എന്ന് പറയാം. ആസ്റ്റൺ എന്ന പേരു തന്നെ അതിന് ഉദാഹരണം. ആസ്റ്റൺ മാർട്ടിൻ കാറുകളോടുള്ള വിവേകിന്റെ ആരാധനയാണ് ആ പേരിന് പിന്നിൽ. 

ടെസ്റ്റ് ഡ്രൈവിനായി എത്തുന്ന വാഹനങ്ങളും വീട്ടിലെ സ്കെയിൽ മോഡലുകളും ഹോട്ട് വീൽസ് കളക്ഷനും കണ്ടു വളർന്ന മകന് വാഹനങ്ങളിൽ താൽപര്യം തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

പക്ഷേ ഇത്രയ്ക്കൊന്നും കരുതിയിരുന്നില്ലെന്നാണ് വിവേക് പറയുന്നത്. ഓരോ മോഡലുകളുടെയും പേരും വിവരങ്ങളുമെല്ലാം ഇടയ്ക്ക് ആസ്റ്റൺ ചോദിച്ച് മനസിലാക്കും. ഒന്നര വയസുമുതലേ പേരുകൾ ചോദിച്ചു തുടങ്ങി. പിന്നീട് മോഡലുകൾ തിരിച്ചറിഞ്ഞു തുടങ്ങി. മാസികളിലെ ചിത്രങ്ങളുമെല്ലാം കണ്ട് അതിന്റെ കമ്പനി പേരും മോഡൽ പേരുമെല്ലാം ആസ്റ്റൺ മനഃപാഠമാക്കി. ചെറു മോഡലുകളേയും സ്കെയിൽ മോഡലുകളേയും എളുപ്പം തിരിച്ചറിയുമെങ്കിലും ചിലപ്പോൾ ഇവയുടെ ഓർജിനൽ രൂപം കണ്ടാൽ തിരിച്ചറിയണമെന്നുമില്ലെന്ന് വിവേക് പറയുന്നു.

aston-vivek-1

സ്കെയിൽ മോഡിൽ കണ്ട് വാഹനങ്ങളെ തിരിച്ചറിയുക മാത്രമല്ല, ഹോട്ട് വീൽസിൽ കളിപ്പാട്ടക്കാർ കണ്ണടച്ച് തോട്ടുനോക്കി ഏതു മോഡലാണെന്ന് പറയുക വരെ ചെയ്യും. കൂടാതെ വാഹനങ്ങളുടെ മോഡൽ പറഞ്ഞാൽ ഏതു കമ്പനിയാണെന്നും പറയും. കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് മകന്റെ വാഹനപ്രേമം കൂടുതൽ മനസിലാക്കാൻ കഴിഞ്ഞതും കൂടുതൽ വാഹനങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കാനും പറ്റിയത്. ലോക്ഡൗൺ സമയത്ത് വാഹനപ്രേമിയായ അച്ഛന്റെ കൂടെ കൂടുതൽ സമയം ഇരുന്നതിന്റെ ഭവിഷത്താണ് ഇതെന്നും വിവേക് പറയുന്നു.

English Summary: Aston, a Two Year Old - Petrol Head of the future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com