ADVERTISEMENT

കൊച്ചി∙ ഇലക്ട്രിക് വാഹനം വാങ്ങിയാൽ ഇടയ്ക്കു ചാർജു ചെയ്യാൻ എന്തു ചെയ്യും? – ഇലക്ട്രിക് വാഹനം വാങ്ങാൻ ആലോചിക്കുന്ന ഏതൊരാളെയും പിന്തിരിപ്പിക്കുന്ന ചോദ്യം ഇതാണ്. യാത്രയ്ക്കിടെ ഒരു മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന ലാഘവത്തോടെ വാഹനം ചാർജു ചെയ്യാനാകുമെങ്കിൽ പ്രശ്നത്തിനു പരിഹാരമായി. ഈ ആശയവുമായി എത്തിയത് കോഴിക്കോട് ഗവണ്‍മെന്റ് എൻജിനീയറിങ് കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ രാമന്‍ ഉണ്ണി, ക്രിസ് തോമസ്, വി. അനൂപ്, സി. അദ്വൈത്  എന്നീ സുഹൃത്തുക്കളായിരുന്നു. ഇതിനായി സ്റ്റാർട് അപ് കമ്പനിയായി ചാർജ് മോഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത് 2018ലായിരുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ കാലമാണ് മുന്നിലെന്ന് ഉറച്ചു വിശ്വസിച്ച് സഹപാഠികളായ ഇവർ ഇതിനായി ഹാർഡ്‍വെയറും സോഫ്ട്‍വെയറും തയാറാക്കി.

team-chargemod

2019ൽ തന്നെ ആദ്യത്തെ 22 കിലോവാട്ട് എസി ചാര്‍ജിങ് മെഷീന്‍ കോഴിക്കോട് പാളയത്ത് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ഇവി ചാർജിങ് സ്റ്റേഷനായിരുന്നു ഇതെന്നതാണ് പ്രത്യേകത. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ രംഗത്തെ ഇന്ത്യയിലെ ഒരേയൊരു സ്റ്റാര്‍ട്ടപ്പാണ് ചാര്‍ജ് മോഡ് എന്ന് വിശദീകരിക്കുന്നു. പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ച കോഴിക്കോട്ടു തന്നെ ചാർജ്മോഡ് എട്ട് ചാര്‍ജിങ് സേ്റ്റഷനുകൾ സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, അങ്കമാലി എന്നിവിടങ്ങളിലായി ഓരോ ചാര്‍ജിങ് സ്റ്റേഷനുകളും ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഉപയോക്താക്കൾക്ക് ഇലക്ട്രോണിക് വെഹിക്കിൾ(ഇവി) ചാര്‍ജിങ് സ്റ്റേഷനുകൾ കണ്ടെത്താനും ആക്സസ് ചെയ്യാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഒരു പ്രത്യേകത. ഇതുപയോഗിച്ച് എവിടെല്ലാം ചാർജിങ് സ്റ്റേഷനുണ്ടെന്നും വാഹനം ഇനി എത്ര ദൂരം ഓടും എന്നും തിരിച്ചറിഞ്ഞു യാത്ര ചെയ്യാം. സംസ്ഥാനത്തുടനീളം പുതിയതായി 250 കമ്മ്യൂണിറ്റി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ചാർജ് മോഡ്. 2021 അവസാനത്തോടെ ഈ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

വാഹന ഉടമയ്ക്ക് 355, 855, 1,255 രൂപ വിലയുള്ള പാക്കേജുകള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്, അതിലൂടെ ആവശ്യാനുസരണം പ്ലാന്‍ തിരഞ്ഞെടുക്കാനും എല്ലാ ഇടപാടുകളും ആപ്ലിക്കേഷന്‍ വഴി നടത്താനും സാധിക്കും. 855 രൂപ പ്ലാന്‍ തിരഞ്ഞെടുക്കുന്ന ഒരു ഉപഭോക്താവിന് 91 യൂണിറ്റ് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ത്രീ വീലറിൽ ഇത് 1500കിലോമീറ്ററും, ഫോർവീലറിൽ 900കിലോമീറ്ററും യാത്ര ചെയ്യാൻ സഹായിക്കും. നിശ്ചിത കാലയളവിനുള്ളില്‍ ഉപഭോക്താവിന്റെ പ്രധാന പാക്കേജ് തീര്‍ന്നുപോയാല്‍ കൂടുതല്‍ ടോപ്പ്-അപ്പുകള്‍ ഉപയോഗിക്കാം. നിലവില്‍, ചാര്‍ജ്‌മോഡ് 3.3 കിലോവാട്ട് മുതല്‍ 22 കിലോവാട്ട് വരെ ശേഷിയുള്ള ചാർജിങ് സ്റ്റേഷനുകൾക്കാവശ്യമായ  സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവർ പറയുന്നു. 

കോഴിക്കോട് 550 ഇ-ഓട്ടോകള്‍ നിരത്തിലോടുന്നുണ്ടെന്നാണ് കണക്ക്. ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിച്ചതോടെ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള ആത്മവിശ്വാസവും വർധിച്ചു. സ്വന്തമായി ഹാര്‍ഡ് വെയര്‍ വികസിപ്പിക്കാന്‍ സാധിച്ചത് ഉല്‍പ്പാദനച്ചെലവ് ഏകദേശം 33 ശതമാനം കുറച്ചിട്ടുണ്ട്. നിലവിൽ ചാര്‍ജിങ് സ്റ്റേഷനും അതൊടൊപ്പം സപ്പോര്‍ട്ടിങ് സംവിധാനവും കമ്പനി ഇൻസ്റ്റാൾ ചെയ്തു നല്‍കുന്നുണ്ട്. ഹോട്ടലുകൾക്കൊ ചെറിയ സ്ഥാപനങ്ങൾക്കൊ അടുത്ത് കുറഞ്ഞ സ്ഥല പരിധിയിൽ നിന്ന് ഇവ സ്ഥാപിക്കാനാകും എന്നതാണ് പ്രത്യേകത. സോളാർ അധിഷ്ഠിതമായ ചാർജിങ് സ്റ്റേഷനും ആവശ്യാനുസരണം സ്ഥാപിച്ചു നൽകുന്നുണ്ട്. ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യത വർധിക്കുന്നതോടെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും നിരത്തിലിറങ്ങുമെന്നാണ് വിലയിരുത്തൽ. 

English Summary: Electric Car Charging Startup Charge Mod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com