ADVERTISEMENT

മൂന്നു ഡോർ ഹാച്ച്ബാക്ക് ആയി എത്തി മുട്ടക്കാട്ടൻ പൊളി പൊളിച്ചിട്ട് വളരെ സൈലന്റ് ആയി ഇന്ത്യയിൽ നിന്നു തിരികെ ജർമനിക്കു പോയ ഫോക്സ്‌വാഗൺ ജിടിഐയുടെ (പോളോ ജിടിഐയുടെ ഇന്ത്യയിലെ പേര്) സിംഹാസനം ഇപ്പോഴും മാറാല പിടിച്ച് അങ്ങനെ കിടക്കുകയാണ്. ജിടിഐ ഇന്ത്യ വിട്ടിട്ട് ഇപ്പോൾ 3 കൊല്ലത്തിനു മുകളിലായി. എന്നിട്ടും ആരും ആ കസേരയിൽ ഇരിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. പക്ഷേ, ശ്രമിച്ചേക്കും... അതിനു ചങ്കുറപ്പുള്ള ഒരാൾ ഇന്ത്യയിലേക്കു വരാൻ തയാറെടുത്തു നിൽക്കുകയാണ്. കോവിഡ് പ്രശ്നങ്ങൾക്കൊരു ഗ്യാപ്പ് കിട്ടിയാൽ ഉടൻ അവനെത്തും, ഹ്യൂണ്ടായ് ഐ20 എൻ: പ്രീമിയം ഹോട്ട് ഹാച്ച് എന്ന് ഇന്ത്യക്കാരും സൂപ്പർമിനി സ്പോർട്സ് കാർ എന്നു വിദേശികളും വിളിക്കുന്ന വിഭാഗത്തിലേക്ക് ഹ്യൂണ്ടായ് ഇറക്കിവിടുന്ന ജഡായൂ.

hyundai-n-i20-8

‘എന്നാ’ൽ കഴിയുന്നത്

ഹ്യുണ്ടായ്‌യുടെ പെർഫോമൻസ് വിഭാഗമാണ് എൻ. ഹ്യുണ്ടായ്‌യുടെ മാതൃദേശമായ കൊറിയയിലെ നാംയാങ്ങിലുള്ള അവരുടെ ഗവേഷണ – വികസന കേന്ദ്രത്തെ ആണ് എൻ സൂചിപ്പിക്കുന്നത്. ബിഎംഡബ്യൂവിന്റെ പെർഫോമൻസ് വിഭാഗം മേധാവിയായിരുന്ന ആൽബർട്ട് ബിയർമെൻ ആണ് എൻ ഡിവിഷന്റെ തലപ്പത്തുള്ളത്. ഹ്യൂണ്ടായ് രാജ്യാന്തര വിപണിയിൽ വിൽക്കുന്ന ഐ30യുടെ പെർഫോമൻസ് വകഭേദവും വെലോസ്റ്റർ എൻ എന്ന സ്പോർട്സ് ഹാച്ച്ബാക്കിന്റെ എൻ ട്രിമ്മും ‘പടച്ചവനേ...’ എന്നു വിളിക്കുക എൻ ഡിവിഷനെ ആണ്. യഥാക്രമം 2017ലും 2019ലുമായിരുന്നു ഈ അവതാരപ്പിറവികൾ. കഴി‍‍ഞ്ഞ ഏപ്രിലിൽ എൻ ഡിവിഷൻ കോന മിനി എസ്‌യുവിയും ‘പണിതിറക്കി’. ഇതിനിടയിൽ 2020ൽ പുറത്തിറങ്ങിയ മോഡലാണ് ഐ20 എൻ.

സ്കോഡയും ഫോർഡും ഒരു വാഹനത്തിന്റെ പേരിനൊപ്പം മനസറിഞ്ഞ് ആർഎസ് എന്നു ചേർത്താലോ ഫോക്സ്‌വാഗൺ അതേ രീതിയിൽ ജിടിഐ എന്നു വിളിച്ചാലോ എന്തു സംഭവിക്കുമോ അതു തന്നെയായിരിക്കും എൻ ഡിവിഷൻ തങ്ങളുടെ മുദ്ര ഒരു വാഹനത്തിന്റെ പേരിനൊപ്പം ചേർത്താൽ ആ പടപ്പിനു സംഭവിക്കുക. പുരാണങ്ങളിൽ ‘തപസ്സു ചെയ്തു വരം വാങ്ങി ശക്തി നേടുക’ എന്നൊക്കെ പറയില്ലേ, അക്ഷരാർഥത്തിൽ അതു തന്നെ... ഹ്യൂണ്ടായ്‌യുടെ ഓരോ കാറുകളും ‘ഞങ്ങളുടെ ശക്തി കൂട്ടിത്തരണേ...’ എന്ന് ഒറ്റക്കാലിൽ നിന്നു തപസ്സു ചെയ്യുന്നു, എൻ ഡിവിഷൻ പ്രത്യക്ഷപ്പെട്ട് ‘അങ്ങനെയാകട്ടെ’ എന്നു വരം കൊടുത്ത് ലവന്മാരെ കരുത്തൻമാരാക്കി മാറ്റുന്നു.

hyundai-n-i20-10

രാജ്യാന്തര തലത്തിൽ ബ്രാൻഡിന്റെ യശസ്സുയർത്താനായി എൻ സ്ഥാപിക്കപ്പെട്ടതു പക്ഷേ ഒരൽപം താമസിച്ചാണ്, 2016ൽ. എങ്കിൽപോലും എൻ ഡിവിഷന്റെ വളർച്ച മറ്റേത് വാഹന നിർമാതാക്കളുടെയും പെർഫോമൻസ് ഡിവിഷനുകളെ ആശ്ചര്യപ്പെടുത്തും വിധമാണ്. ലോകത്തെ പെർഫോമൻസ് കാറുകളുടെ സമ്മേളനവേദിയായ യുഎസിലെ വാഹനകാര്യ ലേഖകരെക്കൊണ്ട് ‘അതിശയിപ്പിക്കുന്ന വേഗം’ എന്നു പറയിച്ച കിഡു ആണ് വെലോസ്റ്റർ എൻ. അത് അവരുടെ രണ്ടാമത്തെ രാജ്യാന്തര എൻട്രി മാത്രമാണെന്ന് അറിയുമ്പോഴാണ് എൻ ഡിവിഷൻ എവിടെ നിൽക്കുന്നു എന്നു മനസ്സിലാകുക. 

ഐ20 എൻ ‘ഭയങ്കരമാന’ കാറ്... 

ഹ്യൂണ്ടായ്‌യുടെ ഇന്ത്യയിലെ നിർമാണശാല തമിഴ്നാട്ടിലായതുകൊണ്ടല്ല തലക്കെട്ടിൽ തമിഴ്. മറിച്ച് ആശ്ചര്യം ജനപ്പിക്കുന്ന മലയാളം വാക്കുകളുടെ സ്റ്റോക്ക് ഇപ്പോഴെ തീർത്തു കളയേണ്ടല്ലോ എന്നു കരുതി പെടച്ചതാണ്. 2021 അവസാനമോ 2022 ആദ്യമോ ഈ മാസ് എൻട്രി പ്രതീക്ഷിക്കാം. എൻ ഡിവിഷൻ അവരുടെ ഐ10ന്റെയോ സാൻട്രോയുടെയോ പെർഫോമൻസ് വകഭേദം ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടാത്ത പക്ഷം അവരുടെ ഏറ്റവും ചെറിയ എൻ മോഡൽ ആകുന്നു ഐ20. മിക്കവാറും അതങ്ങനെ തന്നെ ഏറെക്കാലം തുടരാനാണു സാധ്യതയും. 

ഐ20യുടെ റേസ് കാർ മോഡലിന്റെ റോഡ് മോഡലാണ് ഐ20 എൻ എന്ന് ഒറ്റ വാചകത്തിൽ പറയാം. അതിൽ എല്ലാം ഉണ്ട്. എങ്കിലും വിവരിക്കാം... 

hyundai-n-i20-5

സാധാരണ ഐ20യിൽ ഉപയോഗിക്കുന്നതിനെക്കാൾ ദൃഢമായ ഷാസിയിൽ അടിസ്ഥാന രൂപത്തിനു വലിയ മാറ്റം സംഭവിക്കാതെയാണ് എൻ മോഡലും സാക്ഷാത്കരിച്ചിരിക്കുന്നത്. 4 ഡോറുകളും ബൂട്ടും തന്നെ. അത്യാധുനിക ടർബോ സംവിധാനം (ടർബോ ചാർജർ മാത്രമല്ല എന്ന് അർഥം) ഉപയോഗിക്കുന്ന 4 സിലിണ്ടർ 1600 സിസി പെട്രോൾ എൻജിനാണു വാഹനത്തിന്. 204 ബിഎച്ച്പി ആണ് ഈ എൻജിൻ പുറത്തെടുക്കുന്ന ശക്തി. 275 ന്യൂട്ടൻമീറ്റർ ആണ് കുതിപ്പുശേഷി. 7 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗം കൈവരിക്കും. 230 കിലോമീറ്ററാണ് കൂടിയ വേഗം. അത് ഇവിടെ പറഞ്ഞിട്ടു കാര്യമില്ലല്ലോ, എങ്കിലും ഓർത്ത് കുളിരുകോരാം. 

ഇന്ധനക്ഷമതയ്ക്കു കൂടി പ്രാധാന്യം നൽകുന്ന സിവിവിഡി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എൻജിൻ ആണ് ഐ20 എൻ മോഡലിന് എന്നത് ഇന്ത്യൻ ഉപഭോക്തിക്കളിൽ സാമാന്യം ഭേദപ്പെട്ട ഒരു മന്ദസ്മിതം ഉണ്ടാക്കാൻ പോന്ന വാർത്തയാണ്. മന്ദസ്മിതത്തിന്റെ വോൾട്ടേജ് അധികം കൂട്ടണ്ട, പെർഫോമൻസ് വണ്ടികളിൽ വച്ചു ഭേദപ്പെട്ട ഇന്ധനക്ഷമത എന്നാണു ‘ജേഷ്ഠൻ’ ഉദ്ദേശിച്ചത്. 

hyundai-n-i20-1

വേറിട്ട സ്റ്റീയറിങ് വീലും സാധാരണ മോഡലിൽ നിന്നു വ്യത്യസ്തമായ ബ്രേക്കിങ് സംവിധാനവുമായിരിക്കും ഇതിന്. 1200 കിലോഗ്രാം ആണു ഭാരം. സസ്പെൻഷൻ, ട്രാക്‌ഷൻ സെറ്റപ്പുകളും ചക്രങ്ങളും സാദാ ഐ20യെക്കാൾ തീർത്തും വ്യത്യസ്തമായിരിക്കും. കൂടുതൽ റോഡ്ഗ്രിപ്പും സ്റ്റെബിലിറ്റിയും ഒപ്പം ഡ്രൈവിങ് സുരക്ഷിതമായി ആസ്വദിക്കാനുള്ള സംവിധാനങ്ങളും എൻ മോഡലിൽ ഉണ്ട്. 

നിലവിൽ രാജ്യാന്തര മോഡലിന് മാനുവൽ ഗീയർബോക്സ് മാത്രമാണു ലഭ്യം. ഇന്ത്യയിൽ എത്തുമ്പോഴും വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ല, രാജ്യാന്തര മോഡൽ ഒരു ഡിഎസ്ജി ഗീയർബോക്സ് വച്ച് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ. എൻ‌ മോഡലിന്റെ എയർ ഇൻടേക്ക്, സ്പോയിലർ‌ എന്നിവ വെറുതെ കാണാൻ വച്ചിരിക്കുന്നതല്ല, എല്ലാത്തിനും ഓരോരോ ഉദ്ദേശ്യങ്ങളുണ്ടെന്ന് ഇതിനോടകം മനസ്സിലാക്കിയതു ശരി തന്നെയാണ്. സ്പോർട്ടി മെറ്റൽ പെഡലുകളും ഗീയർ നോബും സ്പോർട്സ് കാറുകളുടേതു പോലെയുള്ള സീറ്റുകളും എന്നു വേണ്ട ഡ്രൈവിങ് ഭ്രാന്തൻമാരുടെ മനംമയക്കാനുള്ളതെല്ലാം ഐ20 എന്നിൽ ഹ്യൂണ്ടായ് സജ്ജമാക്കിയിട്ടുണ്ട്. ചുവപ്പു കളർ റെവ് ബട്ടൻ അതിന്റെ അവസാനത്തെ എഴുതി ഒപ്പിടൽ ആണെന്നു പറയാതെ വയ്യ. 

എബിഎസും എയർബാഗും മാത്രമല്ല ബ്ലൈൻഡ് സ്പോട് കൊളിഷൻ വാർണിങ്, ഇന്റലിജന്റ് സ്പീഡ് ലിമിറ്റ് അഡ്ജസ്റ്റ് പോലെയുള്ള അതിനൂതന സുരക്ഷാ സംവിധാനങ്ങളും ഈ ‘കാർമൃഗ’ത്തിന്റെ കഴിവുകളാണ്. മിക്ക കാറുകളിലും മൂന്നു ഡ്രൈവിങ് മോഡുകൾ ആണല്ലോ ഇന്ത്യൻ മാർക്കറ്റ് കണ്ടു ശീലിച്ചിരിക്കുന്നത്. എന്നാൽ കാറിന്റെ സ്വഭാവം അടിമുടി മാറ്റുന്ന 5 മോഡുകൾ ആണ് ഐ20 എന്നിന് ഉള്ളത്. അതിലൊന്ന് സ്വയം സെറ്റ് ചെയ്യാൻ പറ്റുന്ന കസ്റ്റം മോഡും. ഇന്ത്യയിൽ അഡംബര കാറുകൾക്കു മാത്രം കണ്ടു വരാറുള്ള ലോഞ്ച് കൺട്രോൾ, ലിമിറ്റഡ് സ്‌ലിപ് ഡിപറൻഷ്യൻ എന്നിവയും ഈ ‘മഹാൻ’ തപസ്സു ചെയ്തു നേടിയിരിക്കുന്നു. 

hyundai-n-i20-7

കിറ്റുകളാക്കി കൊണ്ടുവന്ന് അസംബിൾ ചെയ്യാനുള്ള സംവിധാനം ഹ്യൂണ്ടായ്ക്ക് ഇന്ത്യയിലുണ്ട് എന്നതിനാൽ ആ വഴി തന്നെ അവർ തിരഞ്ഞെടുക്കും എന്നു പ്രതീക്ഷിക്കാം. എന്നാൽ 2500 കാറുകൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ നിലവിൽ സാഹചര്യം ഉള്ളതിനാൽ ആ വഴിയും തിരഞ്ഞെടുത്തു കൂടായ്കയില്ല. 2016ൽ പോളൊ ജിടിഐ ഈ നിയമത്തിന്റെ പിൻബലമില്ലാതെ ഇന്ത്യയിൽ വിറ്റത് 25 ലക്ഷം രൂപ (എക്സ് ഷോറൂം) എന്ന ഭീമമായ വിലയ്ക്കാണ്. അന്നത്തെ പോളൊ ജിടിഐയെക്കാൾ സൗകര്യങ്ങൾ കൊണ്ടും ശേഷി കൊണ്ടും മുന്നിട്ടു നിൽക്കുന്ന ഐ20 എൻ ഇന്ത്യയിലിറങ്ങുമ്പോഴും ഇതേ വില പ്രതീക്ഷിക്കാം. എന്നാൽ മോഡൽ ഇവിടെ നിർമിക്കാൻ തുടങ്ങിയാൽ വില 20 ലക്ഷത്തിനു തൊട്ടു താഴെ നിൽക്കും. അതു കളി വേറെ... 

പിറ്റ്സ്റ്റോപ്പ്: പോളൊ ജിടിഐയുടെ ഇപ്പോഴത്തെ തലമുറ രാജ്യാന്തര മാർക്കറ്റിൽ ഐ20 എന്നിനു മുൻപ് ഇറങ്ങിയതാണ്. എന്നിട്ടും, ഒരിക്കൽ വിലക്കൂടുതൽ കാരണം ഇന്ത്യൻ വിപണി വിട്ടതിന്റെയും മറ്റു സാങ്കേതിക കാര്യങ്ങളുടെയും പേരിൽ ഫോക്സ്‌വാഗൺ അത് ഇന്ത്യയിലെത്തിച്ചില്ല. രാജ്യാന്തര വിപണിയിലെ പോളൊ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഫോക്സ്‌വാഗൺ ഒരുങ്ങുന്നതായി വാർത്തയുണ്ട്. അങ്ങനെയാണെങ്കിൽ ജിടിഐയും ഇന്ത്യൻ തീരം തൊടും, ഒന്നുകൂടി. 1800 സിസി 192 ബിഎച്ച്പി പെട്രോൾ എൻജിനുമായി 2016ൽ വന്ന പോളൊ ജിടിഐ എന്ന ഫോക്‌സ്‌വാഗൺ ജിടിഐ ആണ് ഇന്നുവരെ, ഇന്ത്യയിലെ ഒരേയൊരു പ്രീമിയം ഹോട്ട് ഹാച്ച്ബാക്ക്. 

hyundai-n-i20-6

അപ്പോൾ മിനി കൂപ്പറും മെഴ്സിഡെസ് എക്ലാസും ബിക്ലാസും ഒക്കെ... അവയൊക്കെ ആഡംബര ഹാച്ച്ബാക്കുകൾ. അബർത്ത് പുന്തോ ഇവോയും പോളൊ ജിടി ടിഎസ്ഐയും ബലേനൊ ആർഎസും വിലസിയിരുന്ന ഹോട്ട് ഹാച്ച് സെഗ്മന്റിന്റെയും ആഡംബര ഹാച്ച്ബാക്കുകളുടെയും ഇടയിലെ കണക്ടിങ് റോഡ് ആയിരുന്നു ഈ ഉപവിഭാഗം. (ഇന്ത്യയിൽ) ഇതുവരെ ഒരു വണ്ടി മാത്രം ഇറങ്ങിയ സെഗ്മെന്റ്.

English Summary: Hyundai May Bring i20 N Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com