കടയിൽ ജോലി ചെയ്തും പെയിന്റടിച്ചും കാശുണ്ടാക്കി, ഓട്ടോറിക്ഷയിൽ വയനാട്ടിൽ നിന്ന് കശ്മീരിലേക്ക്

kashmir-auto
SHARE

പണ്ടൊരു മന്ത്രി ആലപ്പുഴയിൽ നിന്നു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലേക്ക് ഓട്ടോറിക്ഷ പിടിച്ചു പോയെന്നൊരു കഥയുണ്ട്.  അതു കേട്ട പലരും തലതല്ലി ചിരിച്ചു മടുക്കുകയും ചെയ്തു. ആ ചിരിയന്മാർ ഈ കഥ കേട്ടാലെന്താവും? വയനാട്ടിൽ നിന്നുള്ള നാലു ധീരയുവാക്കൾ ഓട്ടോ പിടിച്ചു നേരേ വിട്ടതു കശ്മീരിലേക്കാണ്. ഇന്നത്തെ കാലത്ത് എന്തു തിരോന്തരം? 

തലയ്ക്കു വല്ല അസുഖവുമുണ്ടോ എന്നു ചോദിക്കുന്നവരോട് മനസ്സു വച്ചാൽ ഒട്ടോയിലും പോകാം എന്നു നിവർന്നു നിന്നു പറയും അവർ. അവർ എന്നു വച്ചാൽ, വയനാട് കാട്ടിക്കുളം സ്വദേശികളായ പി.സി സിറാജുദ്ദീന്‍, കെ .ബി അഷ്‌കർ, പി.എം ഷെഫീക്ക്, ബാവലി സ്വദേശി ബി. സിയാദ്. ഇന്ത്യയുടെ തെക്കേയറ്റത്തു കിടക്കുന്ന വയനാട്ടില്‍ നിന്നു വടക്കേ അറ്റത്തെ കശ്മീരിലേക്ക് ഓട്ടോയിൽ പോയി തിരിച്ചുവന്ന സ്ഥിതിക്ക് ഇനിയാരും അവരോടു വകുപ്പു പറയാൻ നിൽക്കണ്ട. അതായത്, ഓട്ടോറിക്ഷയില്‍ 40 ദിവസം കൊണ്ട് 16 സംസ്ഥാനങ്ങൾ. 8500 കിലോമീറ്റർ. 

2020 ഓഗസ്റ്റിലാണ് ആദ്യം യാത്ര പ്ലാന്‍ ചെയ്തത്. കോവിഡ് ഉൾപ്പെടെ പലകാരണങ്ങള്‍ കൊണ്ട് അതു മുടങ്ങി. ലോക്ഡൗണ്‍  മാറി എല്ലാം ഒന്നു ശരിയായി വന്നപ്പോഴാണു യാത്രയെക്കുറിച്ചു വീണ്ടും സീരിയസായി ആലോചിച്ചു തുടങ്ങിയത്. പെയിന്റു പണിക്കുപോയും പഴയ വാഹനങ്ങള്‍ കച്ചവടം ചെയ്തും കടയില്‍ ജോലി ചെയ്തും കുറി പിടിച്ചുമെല്ലാം യാത്രയ്ക്കുള്ള പണം കണ്ടെത്തി. കാട്ടിക്കുളത്ത് റെഡിമെയ്ഡ് വസ്ത്ര വ്യാപാര സ്ഥാപനം നടത്തുകയാണു സിയാദ്. സിറാജ് മാനന്തവാടിയിലെ കൊറിയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. പെയിന്റിങും വാഹന കച്ചവടവുമാണ് ഷെഫീഖിനും അഷ്‌കറിനും. എല്ലാവരും 25 വയസില്‍ താഴെയുള്ളവർ.തുടക്കത്തില്‍ വീട്ടുകാര്‍ക്ക് തമാശയായിരുന്നു: ഓട്ടോയും കൊണ്ട് കശ്മീരിലേക്കോ?. സംഗതി സീരിയസ് ആണെന്നു കണ്ടപ്പോള്‍ മനസില്ലാമനസോടെ സമ്മതം മൂളി.  

ബൈക്കിൽനിന്ന് ഒാട്ടോയിലേക്ക്

ബൈക്കില്‍ പോകാനായിരുന്നു ആദ്യ പദ്ധതി.. നാലുപേര്‍ ഉള്ളതു കൊണ്ടു രണ്ടു ബൈക്ക് വേണം. നാലുപേര്‍ക്കും ഒന്നിച്ചു യാത്രചെയ്യാന്‍ കഴിയില്ല. യാത്രയ്ക്കാവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകാനും ബുദ്ധിമുട്ട്. അപ്പോഴാണ് ഓട്ടോറിക്ഷ എന്ന ആശയം സിയാദ് മുന്നോട്ടു വെച്ചത്. ഓട്ടോറിക്ഷയില്‍ അധികമാരും പോയിട്ടില്ല. യാത്രയുടെ ത്രില്‍ നഷ്ടപ്പെടില്ല. ചുരുങ്ങിയ ചിലവില്‍ പോകാം. നീണ്ട അന്വേഷണത്തിനൊടുവില്‍ 5,000 രൂപയ്ക്ക് 2004 മോഡല്‍ 2 സ്‌ട്രോക്ക് ഓട്ടോറിക്ഷ കിട്ടി. ആദ്യം അതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. പിന്നെ ചെയ്തതും സംഘടിപ്പിച്ചതും നല്ലൊരു മെക്കാനിക്കിനെ കണ്ട് എൻജിൻ ട്യൂണ്‍ ചെയ്തു. ബ്രേക്ക്, ക്ലച്ച് കേബിളുകളും മാറ്റേണ്ട എൻജിൻ ഭാഗങ്ങളും ഒറിജിനല്‍ തന്നെ വാങ്ങി ഫിറ്റു ചെയ്തു. മുകളിലൊരു കാരിയർ. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു കാല്‍ നീട്ടിവവയയ്ക്കാൻ പറ്റും വിധം ചില്ലറ അഡ്ജസ്റ്റ്മെന്റു‍‌കൾ. താമസിക്കാനുള്ള ടെന്റ്, ഭക്ഷണസാധനങ്ങള്‍ എന്നിവ വയ്ക്കാൻ സൗകര്യം. അവശ്യമരുന്നുകള്‍ അടങ്ങിയ ഫസ്റ്റ് എയ്ഡ് ബോക്‌സ്, മൊബൈൽ ചാർജിങ് പോർട്.. ഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ്‌കുറ്റിയും സ്റ്റൗവും. 10 ലീറ്റര്‍ പെട്രോളും അതിനാവശ്യമായ ഓയിലും സ്ഥിരം സ്റ്റോക്ക് വച്ചു. പെയിന്റിങ്ങ് വര്‍ക്ക് മാത്രമാണു തന്നത്താൻ ചെയ്തത്. 

തനി വയനാടൻ 

അതു കഴിഞ്ഞ് പക്കാ കുട്ടപ്പനായ വണ്ടിക്കു പേരിട്ടു: വയനാടൻ. നാലു പേരും ഓട്ടോറിക്ഷ ഓടിക്കും. കാട്ടിക്കുളം - കൂര്‍ഗ് വഴി ഹസനിലേക്കായിരുന്നു തുടക്കം. ആദ്യ ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ജാവാഗല്‍ ദര്‍ഗയ്ക്കു സമീപം ടെന്റ് അടിച്ചു. രണ്ടാം ദിനം ഹുബ്ലിയിലെ കനത്ത മഴ കാരണം ഓട്ടോയില്‍ തന്നെ കഴിഞ്ഞു. പിന്നീട് കോലാപൂര്‍ വഴി പുണെ. പുണെ കറങ്ങിയ ശേഷം മുംബൈ. അവിടെ നിന്ന് ഗുജറാത്ത്, പിന്നീട് കേന്ദ്രഭരണ പ്രദേശമായ ദമൻ വഴി രാജസ്ഥാനിലെ അജ്മീർ. ഹരിയാന, പഞ്ചാബ് വഴിയാണു കശ്മീരിലെത്തിയത്; 25 ദിവസം കൊണ്ട് ഒന്‍പതു സംസ്ഥാനങ്ങളും 5000 കിലോമീറ്ററും പിന്നിട്ട്.

പാളിയ പ്ലാനിങ്

എല്ലാദിവസവും രാവിലെ ഏഴിനു യാത്ര തുടങ്ങും. 11 മണിക്ക് എവിടെയെങ്കിലും നിര്‍ത്തി ഭക്ഷണം പാചകം ചെയ്തു കഴിക്കും അതു വൈകിട്ട് ആറു വരെ. രാത്രിയിൽ യാത്രയില്ല: ഇതായിരുന്നു ഒറിജിനൽ പ്ലാനിങ്. ആദ്യ മൂന്നു ദിവസം ഇതു കൃത്യമായി നടന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മുടങ്ങി. ഒരു ദിവസം 250 കിലോമീറ്റര്‍ ആയിരുന്നു ടാര്‍ഗറ്റ്. പലപ്പോഴും അതും മുടങ്ങി. ചില സ്ഥലങ്ങളില്‍ ഒന്നും രണ്ടും മൂന്നും ദിവസം തങ്ങേണ്ടിവന്നു. അതു കൊണ്ടു പല ദിവസങ്ങളിലും രാത്രിയില്‍ യാത്ര ചെയ്യേണ്ടി വന്നു. കൃത്യമായി സമയം പാലിക്കാനും കഴിയാതെയായി. പക്ഷേ, 40 ദിവസത്തെ യാത്രയ്ക്കുള്ള വകുപ്പേ കയ്യിലുള്ളൂ. അതിനകം കശ്മീരിലെത്തി തിരികെ വന്നില്ലെങ്കിൽ പണി പാളും. 

അടിച്ച വഴി 

പോയില്ലെങ്കിൽ പോയ വഴിപട്ടാളച്ചിട്ടയിൽ പോകാൻ ഇതെന്ത് സൈനിക മുന്നേറ്റമോ? ഇനി രസിച്ച്, കാഴ്ച കണ്ടു പോകുക തന്നെ എന്നൊരു തന്ത്രപരമായ തീരുമാനം യുവസൈന്യം കൈക്കൊണ്ടു. അങ്ങനെയായതോടെ ഒരു താളം കിട്ടി.  എല്ലാ കാഴ്ചകളും കണ്ട് ആസ്വദിച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തോന്നുമ്പോഴൊക്കെ യാത്ര. മണിക്കൂറിൽ 30–40 കി.മീറ്റർ വേഗം. ദിവസം ശരാശരി 1000 രൂപയുടെ പെട്രോള്‍. സത്യം പറയണമല്ലോ. മടക്കയാത്രയിൽ തെല്ലു വേഗം കൂട്ടി: പിന്നിട്ടതു ദിവസം 350 മുതല്‍ 400 വരെ കി.മീറ്റര്‍. 

എട്ടിന്റെ പണികൾ

യാത്രയ്ക്കിടെ വണ്ടിക്കു കുറെ പണികിട്ടി. കൂടുതലും ബ്രേക്കിന്.വയനാട്ടില്‍ നിന്നു ഗുജറാത്തിൽ എത്തിയപ്പോഴേക്കു ബ്രേക്ക് ഫ്ലൂയിഡ് ലീക്കായി, ബ്രേക്ക് പാഡ് തേഞ്ഞുതീർന്നു. പല വര്‍ക്കുഷോപ്പുകളില്‍ കാണിച്ചെങ്കിലും ശരിയായില്ല. പമ്പ് ചെയ്തു ചവിട്ടിയാല്‍ മാത്രമേ ബ്രേക്ക് കിട്ടൂ. അതും വച്ചാണു കശ്മീര്‍ കയറിയത്്. പഞ്ചാബിലും ഡല്‍ഹിയിലും പല വര്‍ക്‌ഷോപ്പുകളിലും കാണിച്ചെങ്കിലും തകരാർ പരിഹരിച്ചു കിട്ടിയതു തിരികെ ഹൈദരാബാദിലെത്തിയപ്പോഴാണ്. ഗുജറാത്തില്‍ വച്ചും പഞ്ചാബില്‍ വച്ചും എൻജിനും പണിമുടക്കി. ഗുജറാത്തില്‍വെച്ച് മാറ്റിയ പിസ്റ്റണ്‍ പഞ്ചാബില്‍ എത്തിയപ്പോൾ വീണ്ടും പിണങ്ങി. പകരം പിസ്റ്റണ്‍ കിട്ടാതെ കുടുങ്ങിയതു നാലു ദിവസം. എന്നാലെന്ത്, സോഷ്യല്‍ മീഡീയയില്‍ കൂടി ഈ കാര്യം അറിഞ്ഞ് പഞ്ചാബിലെ മലയാളികള്‍ രക്ഷയ്‌ക്കെത്തി. അവര്‍ പഞ്ചാബിന്റെ മുക്കിലും മൂലയിലും പിസ്റ്റൺ തിരഞ്ഞു. കിട്ടിയില്ല. അവസാനം ബസ് കയറി മണാലിയിലേക്ക്. അവിടെ നിന്നു പിസ്റ്റൺ വാങ്ങി പഞ്ചാബില്‍ എത്തിയപ്പോള്‍ പിന്നെയും പണി. അവിടെ ആര്‍ക്കും പെട്രോള്‍ ഓട്ടോ എൻജിൻ പണി അറിയില്ല. പിന്നീട് നാട്ടിലെ വര്‍ക് ഷോപ്പിലേക്ക് വീഡിയോകോള്‍ ചെയ്താണു വണ്ടി നന്നാക്കിയത്. 

മഞ്ഞുപെയ്യുന്ന കശ്മീര്‍

അടല്‍ ടണല്‍ അടച്ചതിനാല്‍ ലകന്‍പൂര്‍ അതിര്‍ത്തി വഴിയാണു ജമ്മുവിലേക്കു പോയത്. ഉധംപുര്‍ വഴി പട്‌നിടോപ്പ്, സനാസര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ശ്രീനഗര്‍, ദാല്‍ തടാകം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, പല്‍ഗാം വാലി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം നടന്നില്ല. മൂന്നും നാലും കുപ്പായമിട്ടാണു കശ്മീരിൽ പിടിച്ചുനിന്നത്. ഗ്ലൗസിനും ഷൂവിനും ഉള്ളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് സഹിക്കാവുന്നതിലേറെയായിരുന്നു. അതുകൊണ്ടുതന്നെ പട്‌നി ടോപ്പില്‍ ടെന്റ് അടിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. അവിടെ ഒരു ലോഡ്ജിലാണു തങ്ങിയത്. 

രണ്ടു ദിവസം കശ്മീരിൽ താമസിച്ച ശേഷം പത്താന്‍കോട്ട്, പഞ്ചാബ്, ഹരിയാന വഴി ഡല്‍ഹിയിലേക്ക്. ഡല്‍ഹിയില്‍ കര്‍ഷക സമരം കൊടുമ്പിരി കൊള്ളുന്ന സമയമാണ്. അവിടെ കര്‍ഷകരുടെ കൂടെ ഒരു ദിവസം ചെലവിട്ടു കാഴ്ചകള്‍ കണ്ടാണു പോന്നത്. യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, കര്‍ണാടക വഴിയായിരുന്നു മടക്കം. 

ഹൈവേ വിട്ട് ഗ്രാമത്തിലേക്ക് 

യാത്രയില്‍ ഏറിയ പങ്കും ഹൈവേയിലൂടെയായിരുന്നു. വാഹനങ്ങളുടെ ബഹളവും ശബ്ദവും കൂറെ ദിവസം പിന്നിട്ടപ്പോള്‍ ബോറടിക്കാന്‍ തുടങ്ങി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗ്രാമീണ റോഡുകളിലൂടെയായി പിന്നത്തെ യാത്ര. ഹൈവേകളിലും നഗരങ്ങളിലും കാണുന്നതൊന്നുമല്ല നാടിന്റെ യഥാര്‍ഥമുഖമെന്നു കാട്ടിത്തന്ന സഞ്ചാരം. 

ചെലവ്

ഒരാള്‍ക്ക് 40,000 രൂപ വീതം നാലുപേര്‍ക്കും കൂടി 40 ദിവസത്തെ യാത്രയ്ക്ക് 1.60 ലക്ഷം രൂപയാണു ചെലവായത്. ഇതില്‍ 40,000 രൂപ വണ്ടിക്ക്, 45,000 പെട്രോളിനും ഓയിലിനും, 75,000 ഭക്ഷണത്തിനും വാഹനത്തിന്റെ അറ്റകുറ്റപണിള്‍ക്കും. 

മനസാണ് പ്രധാനം

കേരളത്തിനു പുറമെ കർണാടക, തമിഴ്‌നാട് ഗോവ എന്നിവിടങ്ങളിലും പല സ്ഥലങ്ങളിലും യാത്രപോയിട്ടുണ്ടെങ്കിലും ഇത്ര ദീർഘദൂരം പോകുന്നത് ആദ്യമായിട്ടാണ്. കൂട്ടത്തില്‍ ഒരാള്‍ ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും ഹിന്ദിയും ഇംഗ്ലിഷും കഷ്ടി. പക്ഷേ, അതൊന്നും യാത്രയെ ബാധിച്ചില്ല. മനസാണ് പ്രധാനം. യാത്രയെക്കുറിച്ചു തയ്യാറാക്കിയ 30 സെക്കന്‍ഡ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. 10 ലക്ഷത്തിലേറെ ആളുകളാണ് ഈ വിഡിയോ കണ്ടത്. യാത്രയുടെ വിവരങ്ങള്‍ എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് കണ്ടവരാണു പലസ്ഥലങ്ങളിലും കാണാനും സഹായത്തിനുമായി എത്തിയത്. ഗുജറാത്ത്, ഡല്‍ഹി, പഞ്ചാബ്, മണാലി, ഹൈദരാബാദ് തുടങ്ങി പലസ്ഥലങ്ങളിലും ഭക്ഷണവും താമസസൗകര്യവുമായി പലരും കാത്തുനിന്നു.കൂടാതെ, ഒട്ടേറെ റൈഡേഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങളും സഹായിച്ചു. പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ചും റോഡുകളെക്കുറിച്ചുമെല്ലാം ഇവര്‍ വിവരം തന്നുകെണ്ടിരുന്നതും യാത്രയ്ക്കു സഹായമായി.

നല്ല റോഡ് ഗുജറാത്തിൽ

ഗുജറാത്തിലെ റോഡുകളായിരുന്നു ഏറ്റവും മികച്ചത്. ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ റോഡുകൾ ഏറ്റവും മോശവും. ഫോര്‍വീല്‍ ഡ്രൈവ് വാഹനം പോകുന്ന റോഡുകളാണ് ഇവിടെ അധികവും. പലപ്പോഴും ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി തള്ളിക്കയറ്റേണ്ടി വന്നു. അടൽ ടണല്‍ ക്ലോസ് ചെയ്തതിനാല്‍ ‌കശ്മീരിലെത്താൻ ഒരു റോഡേ ഉണ്ടായിരുന്നുള്ളു. ഉധംപുർ - ശ്രീനഗര്‍ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. കുത്തനെയുള്ള കല്ലുവെച്ച് ഉറപ്പിച്ച റോഡ് ആകെ ഇളകികിടക്കുന്നു. പട്നിടോപ്പിലെ പുതഞ്ഞുകിടക്കുന്ന മഞ്ഞില്‍ ഒാട്ടോ തെന്നിക്കളിക്കുകയായിരുന്നു. 

തീർ‌ന്നില്ലേ! 

ഓരോ യാത്രയും പുതിയ കാഴ്ചകളാണ്. അറിവുകളും. വടക്കേയറ്റം തൊട്ടു തിരിച്ചെത്തിയ നാൽവർസംഘത്തിനു മടുത്തിട്ടില്ല, ഉശിരു കൂടിയിട്ടേയുള്ളൂ. അപ്പോ, നോര്‍ത്ത് ഈസ്റ്റിലേക്കു പോയാലോ? പയ്യന്മാർ പ്ലാനിട്ടു കഴിഞ്ഞു.

English Summary: Wayanad to Kashmir In Auto Rickshaw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA