ADVERTISEMENT

മഹീന്ദ്രയ്ക്ക് ബിസിനസ് ഐഡിയ പറഞ്ഞുകൊടുക്കാനുള്ള വലുപ്പമൊന്നും ഇല്ലെങ്കിലും വാഹനപ്രേമികൾക്കു വേണ്ടി എളിയ ചില അഭിപ്രായങ്ങൾ പ്രകാശിപ്പിക്കുന്നതിൽ തെറ്റില്ലല്ലോ... ഒറ്റവാക്കിൽ ഈ അപേക്ഷയെ ‘സങ്‌യോങ്’ എന്നു വിളിക്കാം. ദക്ഷിണ കൊറിയയിലെ നാലാമത്തെ വലിയ വാഹന നിർമാണ സ്ഥാപനമാണ് സങ്‌യോങ് മോട്ടർ. കടബാധ്യതയിലായിരുന്ന ഈ കൊറിയൻ ഭീമനെ 2011ൽ മഹീന്ദ്ര ഏറ്റെടുത്തതിനു ശേഷമാണ് കമ്പനി ആധുനികവൽക്കരിക്കപ്പെട്ടതും വീണ്ടും മികച്ച വാഹനങ്ങൾ പുറത്തിറക്കാൻ തുടങ്ങിയതും. 

ssangyong-xlv-1
Ssangyong XLV

ഇന്ത്യയിൽ എന്താണോ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അതാണു കൊറിയയിൽ സങ്‌യോങ്. ഒന്നാം തരമൊരു യൂട്ടിലിറ്റി വാഹന നിർമാതാവ്. അങ്ങനെ പേരെടുത്തപ്പോഴും ‘ചെയർമാൻ’ എന്ന ഒറ്റ സെഡാൻ മോഡൽ കൊണ്ട് കാർ ഉണ്ടാക്കാനും ഒട്ടും പിന്നിലല്ല തങ്ങൾ എന്നു തെളിയിച്ച എൻജിനീയറിങ് മികവ്. നമ്മുടെ നാട്ടിൽ ഫോഴ്സ് മോട്ടോഴ്സ് ചെയ്തിരുന്നതുപോലെ മെഴ്സിഡെസ് ബെൻസുമായി സാങ്കേതിക സഹകരണത്തിൽ ഏർപ്പെട്ട് തദ്ദേശീയമായി മികച്ച മോഡലുകൾ‌ പുറത്തിറക്കിയ ചരിത്രവും സങ്‌യോങ്ങിനുണ്ട്. അങ്ങനെ നോക്കുമ്പോൾ കൊറിയയിലെ ഫോഴ്സ് – മഹീന്ദ്ര സങ്കരമാണു സങ്‌യോങ് എന്നു പറഞ്ഞാലും വസ്തുതയ്ക്കു നിരക്കാത്തതാകില്ല. 

എന്നാൽ, പത്തു വർഷത്തിനിപ്പുറം കാര്യങ്ങൾ വീണ്ടും കൈവിട്ടു പോയിരിക്കുകയാണിപ്പോൾ. വീണ്ടും സങ്‌യോങ് കടബാധ്യതയിലേക്കു നീങ്ങി. കുറച്ചുനാൾ മുൻപ് മഹീന്ദ്രയും ഈ സ്ഥാപനം വിൽക്കാൻ വയ്ക്കുകയും അനുയോജ്യരായ വ്യവസായികളെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് കമ്പനി കോടതി റിസീവർഷിപ്പിലേക്കു നീങ്ങുകയും ചെയ്തു. ഇപ്പോഴും ‘തിരച്ചിൽ’ തുടരുകയാണു മഹീന്ദ്ര.

ssangyong-korando-1
Ssangyong Korando

പ്രശ്നങ്ങൾ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രവർത്തനം പൂർണമായി നിർത്തിയിട്ടില്ല സങ്‌യോങ്. സമീപകാലത്ത് ഓസ്ട്രേലിയയിൽ മുസോ എന്ന ഡ്യുവൽ ക്യാബ് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചാണു ‘തങ്ങൾ പ്രവർത്തനം നിർത്തിയിട്ടില്ല’ എന്നു കമ്പനി വീണ്ടും ഉറക്കെ പ്രഖ്യാപിച്ചത്. 

കാണാൻ അതിസുന്ദരിയായ മുസോ മിത്സുബിഷിയുടെ സമീപകാല രൂപകൽപനാ ഘടകങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നു തീർച്ചയാണ്. ആ പ്രചോദനങ്ങൾ ഒന്നും തന്നെ മോശമായിട്ടുമില്ല. ഇപ്പോഴത്തെ മുഖംമിനുക്കൽ വച്ച് ഇതേ സെഗ്‌മെന്റിലുള്ള അമേരിക്കൻ, ജാപ്പനീസ് പിക്കപ്പ് ട്രക്കുകളോടു മുട്ടേണ്ടി വന്നാലും മുസോക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമേയില്ല. കൊറിയൻ മണ്ണിൽ നിന്ന് മുസോക്ക് ഒരു എതിരാളി ഇതുവരെ ജനിച്ചിട്ടില്ലെന്നും സംശയമില്ലാതെ പ്രസ്താവിക്കാം. 

മാരുതി സുസുക്കി ഇന്ത്യയിൽ നെക്സ എന്ന പേരിൽ പ്രീമിയം ഷോറൂമുകൾ തുറക്കുകയും ഹ്യൂണ്ടെയ് അവരുടെ യുവത്വത്തിന്റെ പ്രതീകമായ ‘കിയ’ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുകയും ചെയ്ത കാലത്തു തന്നെ മഹീന്ദ്രയ്ക്കും സങ്‌യോങ്ങിനെ തങ്ങളുടെ പ്രീമിയം ബ്രാൻഡ് ആയി ഇന്ത്യയിൽ അവതരിപ്പിക്കാമായിരുന്നു. എങ്കിൽ ഇന്ത്യൻ വാഹനവിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാകുമായിരുന്നു. അതിന് ഇപ്പോഴും സാധ്യതയുണ്ട്, ഒട്ടും വൈകിപ്പോയിട്ടില്ല.

ssangyong-xlv
Ssangyong XLV

സങ്‌യോങ് റെക്സ്റ്റൺ അതേ പേരിൽ ആദ്യമായി ഇന്ത്യയിൽ വന്ന കാലത്ത് മികച്ച ആഡംബര സൗകര്യങ്ങളും ഫോർവീൽ ഡ്രൈവും ഓട്ടമാറ്റിക് ഗീയർബോക്സും ഉള്ള ഫുൾ സൈസ് എസ്‌യുവികൾ വിരലിൽ എണ്ണാവുന്നവ മാത്രമേ ഉണ്ടായിരുന്നുള്ളു. വില താരതമ്യം ചെയ്യുമ്പോൾ സികെഡി ആയി വന്ന ഈ മോഡലിന് ഇന്ത്യയിൽ നിർമിക്കപ്പെട്ട മറ്റു കമ്പനികളുടെ മോഡലുകളെക്കാൾ നേരിയ വിലക്കുറവും ഉണ്ടായിരുന്നു. എന്നിട്ടും മാർക്കറ്റിങ്ങിൽ വന്ന വീഴ്ച കാരണം റെക്സറ്റണിന്റെ വിൽപനഗ്രാഫ് ഉയർന്നില്ല.

പിന്നീട് അടുത്ത തലമുറ റെക്സ്റ്റൺ ‘അൽട്യൂറാസ്’ എന്ന പേരിൽ മഹീന്ദ്ര നേരിട്ടു വിറ്റിട്ടും ഗുണമുണ്ടായില്ല. വാങ്ങിയവരിൽ മിക്കവർക്കും നല്ല അഭിപ്രായം ആണെങ്കിലും കൂടുതൽ വിൽക്കാനുള്ള ത്വര എന്തുകൊണ്ടു മഹീന്ദ്രയുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ഇപ്പോഴും അജ്ഞാതമാണ്. മഹീന്ദ്ര പ്രീമിയം വാഹനങ്ങൾക്കായി വിൽപനശാലകൾ തുറക്കുകയാണെങ്കിൽ പരിഗണിക്കാൻ പറ്റുന്ന മോഡലുകൾ ഒന്നു പരിചയപ്പെടാം. എല്ലാം സങ്‌യോങ് മോ‍ഡലുകൾ തന്നെ...

കൊറാണ്ടോ

മുൻപു സോഫ്റ്റ്‌റോഡർ എന്നും ഇപ്പോൾ ക്രോസ്ഓവർ മിനി എസ്‌യുവി എന്നും വിളിക്കുന്ന വിഭാഗത്തിലേക്ക് ഇറക്കിവിടാൻ പറ്റുന്ന പോരാളി. അഞ്ചു പേർക്കു സുഖമായി ഇരുന്നു യാത്ര ചെയ്യാൻ പറ്റുന്ന ആഡംബര എസ്‌യുവി. വിപണിയിലെ പല ക്രോസ്‌ഓവർ എസ്‌യുവികളെക്കാൾ ‘എസ്‌യുവി ഡിഎൻഎ’ ഉള്ള കേമൻ. 163 ബിഎച്ച്പി പുറത്തെടുക്കുന്ന 1500 സിസി ടർബോ പെട്രോൾ എൻജിനുള്ള കൊറാണ്ടോ കാഴ്ചയ്ക്കൊരു ‘വൗ’ ഫാക്ടറുള്ള സുന്ദരിയൊന്നുമല്ല. പക്ഷേ, സുന്ദരിയെന്നതിനു പകരം ‘മിടുക്കി’ എന്നു വിളിക്കാം മനസ്സറിഞ്ഞ്. 

ssangyong-korando-2
Ssangyong Korando

ഡ്രൈവർസീറ്റ് നീ എയർബാഗ് (കാൽമുട്ടിനു സുരക്ഷ കിട്ടാൻ) അടക്കം 7 എയർബാഗുകളും ഫോർ‌വാർഡ് കൊളിഷൻ വാർണിങ്, ഓട്ടണമസ് എമർജെൻസി ബ്രേക്കിങ് സിസ്റ്റം, ലെയ്ൻ ഡിപ്പാർചർ വാർണിങ്, ബ്ലൈൻഡ് സ്പോട് ഡിറ്റക്‌ഷൻ ഉൾപ്പെടെ ഇന്നു രാജ്യാന്തര വിപണിയിൽ പ്രചാരത്തിലുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും ഉണ്ട് ഇതിൽ. ഇന്റലിജന്റ് അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ അടക്കമുള്ള സാങ്കേതിക – ആഡംബര സംവിധാനങ്ങൾ വേറെ. 

ഇന്ത്യയിൽ വരുമ്പോൾ ഇപ്പോൾ മരാസോയിൽ ഉപയോഗിക്കുന്ന 1500 സിസി എംഹോക്ക് ഡീസൽ എൻജിൻ കൂടി നൽകിയാൽ തീ പാറും. പക്ഷേ ലേഞ്ച് ഇവന്റിൽ ‘അഭിമാനത്തോടെ അവതരിപ്പിക്കുന്നു’ എന്ന് അനൗൺസ് ചെയ്യണമെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ ഒരൽപം കൂടി എൻജിൻ കരുത്തു വർധിപ്പിക്കേണ്ടതായി വരുമെന്നു മാത്രം.

ഇന്ത്യയിൽ അത്ര പ്രചാരത്തിൽ ഇല്ലാത്ത ആഡംബര – സുരക്ഷാ സൗകര്യങ്ങൾ നീക്കുക കൂടി ചെയ്താൽ 20 ലക്ഷം രൂപ പരിസരത്തു വിലയും ഇടാം. ക്രെറ്റയും ഡസ്റ്ററും കുശാക്കും കിക്ക്‌സും സെൽറ്റോസും മത്സരിക്കുന്ന വിപണിയിലേക്ക് ഇറക്കിയാൽ തരക്കേടില്ലാത്ത വിൽപന നേടാം. 

മുസോ

ssangyong-musso-grand
Ssangyong Musso

ഇന്ത്യയിൽ ഇസുസുവിന്റെ കുത്തകയായ ആഡംബര പിക്കപ്പ് ട്രക്ക് മാർക്കറ്റിലേക്ക് അഭിമാനത്തോടെ മുസോയെ ഇറക്കാം. കഴിഞ്ഞ മാസം രാജ്യാന്തര വിപണിയിലെത്തിയ പുതിയ മുസോ ആണു വരുന്നതെങ്കിൽ ഇസുസു ഡിമാക്സ് വിക്രോസ് അൽപം വിയർക്കും. 4 വീൽ ഡ്രൈവ് ഉള്ള മോഡലാണിത്. ഇന്ത്യയിൽ ഡീസൽ എൻജിൻ തന്നെ നൽകണം ‘ക്ലിക്ക്’ ആകണമെങ്കിൽ. 8 നിറങ്ങളിൽ ലഭ്യമാണ് ഓസ്ട്രേലിയൻ മുസോ. അത്യുഗ്രൻ ഇന്റീരിയറും മുസോയുടെ സവിശേഷതയാണ്. റെക്സ്റ്റൻ തന്നെയാണ് അടിസ്ഥാനം. കൊറാണ്ടോയിൽ ഉള്ള മിക്ക സുരക്ഷാ – ആഡംബര – സാങ്കേതിക സൗകര്യങ്ങളും മുസോയിലും തുടരുന്നു. 180 ബിഎച്ച്പിയും 440 എൻഎം കുതിപ്പുശേഷിയും ഉള്ള ഡീസൽ എൻജിനും ഐസിൻ കമ്പനിയുടെ 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുമാണ് ഉപയോഗിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗീയർബോക്സും ലഭ്യമാണ്.

എക്സ്എൽവി

ഇന്ത്യയിൽ ഇറങ്ങിയ എക്സ്‌യുവി 300 എന്ന മോഡലിന്റെ യഥാർഥ രൂപം സങ്‌യോങ് ടിവോളിയുടേതാണ് എന്നു നമ്മളിൽ കുറച്ചു പേർക്കെങ്കിലും അറിയുന്നതാണല്ലോ. അതിന്റെ 7 സീറ്റർ വകഭേദമാണ് എക്സ്എൽവി. 1600 സിസി 130 ബിഎച്ച്പി പെട്രോൾ എൻജിനുമായി കൊറിയയിൽ അവതരിച്ച എക്സ്എൽവിക്ക് ബോക്സി എസ്‌യുവി രൂപം ആണെങ്കിലും സങ്‌യോങ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നതു ‘സ്റ്റൈലിഷ് എം‌യുവി’ എന്ന ഗണത്തിലാണ്. ഹ്യൂണ്ടെയ് അൽക്കസാറും എംജി ഹെക്ടറും 7 സീറ്റർ ആയി അവതരിച്ച് എന്താണു വിപണിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതോ അതു തന്നെ കുറച്ചുകൂടി ചെലവുകുറച്ച് എക്സ്എൽവി ചെയ്യും, ഇവിടെ ഇറങ്ങിയാൽ.

ssangyong-xlv-2
Ssangyong XLV

17 ലക്ഷം രൂപയ്ക്ക് എക്സ്‌യുവി 300യുടെ എൻജിനുമായി ഫുൾ ഓപ്‌ഷൻ എക്സ്എൽവി ഇന്ത്യയിൽ ലാൻഡ് ചെയ്താൽ ഇന്നോവ അടക്കമുള്ള ഒട്ടേറെ ഘടാഘടിയൻമാർക്ക് അതൊരു വെല്ലുവിളിയാകും. 15 ലക്ഷം രൂപയ്ക്കു പെട്രോളും 16 ലക്ഷം രൂപയ്ക്കു പെട്രോൾ ഓട്ടമാറ്റിക്കും കൂടി ഇറങ്ങിയാൽ വെടിക്കെട്ട് നടക്കും വിപണിയിൽ. രാജ്യാന്തര വിപണിയിൽ സങ്‌യോങ്ങിന്റെ റോഡിയസ് എന്ന മൾട്ടി യൂട്ടിലിറ്റി വാഹനത്തിന്റെ പകരക്കാരനായാണ് എക്സ്എൽവി വന്നത്. ടൊയോട്ട ഇന്നോവ ഇറങ്ങി ഹിറ്റ് ആയ കാലത്തു മഹീന്ദ്ര ഭവനത്തിൽ നിന്ന് അതിനെതിരാളിയായി വന്ന സൈലോ ടാക്സി വിപണിയിൽ മാത്രമേ (സർക്കാർ വാഹനങ്ങൾ ആയും) ഹിറ്റ് ആയുള്ളു എന്നതു പരിഗണിച്ച് അന്നു റോഡിയസ് ഇവിടെ ഇറക്കിയിരുന്നെങ്കിൽ എക്സ്എൽവിയുടെ ഇന്ത്യാ പ്രവേശവും വളരെ ‘ഈസി’യായി നടന്നേനെ. ടിവോളിയും റെക്സ്റ്റണും ചില്ലറ മാറ്റങ്ങളോടെ വേറെ പേരുകളിൽ‌ ഇന്ത്യയിൽ ഉണ്ടെന്നതിനാൽ അവയെക്കുറിച്ച് എടുത്തു പറയുന്നില്ല.

എന്നാൽ, പിനിൻഫരീന പൊലെയൊരു ഡിസൈൻ സ്റ്റുഡിയോ കയ്യിൽ ഉള്ളതുകൊണ്ട് ചെയർമാൻ എന്ന ലക്ഷണമൊത്ത സെഡാൻ കാറിനെ ഇലക്ട്രിക്ക് ആക്കി ഒന്നു പുനരവതരിപ്പിക്കാനും ശ്രമിക്കാവുന്നതാണ്. മഹീന്ദ്ര ഇലക്ട്രിക്ക് വിഭാഗത്തിന്റെ സാങ്കേതികത്തികവും പ്രയോജനപ്പെടുത്താം. അങ്ങനെ ആഭ്യന്തര – രാജ്യാന്തര വിൽപന ലക്ഷ്യമിട്ട് ഒരു ‘ചെയർമാൻ ഇവി’ വന്നാൽ വിറയ്ക്കുക ആഡംബര ബ്രാൻഡുകൾ കൂടിയായിരിക്കും. 500 കിലോമീറ്റർ എന്ന മാസ്മരിക റേഞ്ച് കൂടി അതിനുണ്ടെങ്കിൽ മഹീന്ദ്രയുടെ രാജ്യാന്തര തലത്തിലുള്ള ബ്രാൻഡ് ഇമേജ് തന്നെ മാറിമറിയും.

പിറ്റ്സ്റ്റോപ്പ് – മുസോയുടെ പുതിയ മോഡൽ വന്നപ്പോൾ പേരിടലിൽ ചില മാറ്റങ്ങൾ ‌സങ്‌യോങ് വരുത്തിയിട്ടുണ്ട്. ആഭ്യന്തര മാർക്കറ്റിൽ (ദക്ഷിണ കൊറിയ) ‘റെക്സ്റ്റൺ സ്പോർട്സ് ഘാൻ‌’ എന്നാണ് ഈ വാഹനം അറിയപ്പെടുക. മറ്റു വിപണികളിൽ മുസോ ഗ്രാൻഡ് എന്നും. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വച്ച് മഹീന്ദ്രയ്ക്കു വണ്ടി വിൽക്കണമെങ്കിൽ മുസോ ഗ്രാൻഡ് എന്ന പേരിടുകയായിരിക്കും നല്ലത്. എങ്കിലും പറയാതെ വയ്യ, ആ ‘ഘാൻ’ ഒരു പ്രൗഢി തന്നെയാണ്.

English Summary: Ssangyong Global Line Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com