ADVERTISEMENT

കേരളത്തിനു വഴികാട്ടാൻ ‘നാവിക്’. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹമായ ഐആർഎൻഎസ്എസിൽ (ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) നിന്നുള്ള സിഗ്നൽ സ്വീകരിച്ച് പ്രവർത്തിക്കുന്ന ഗതിനിർണയ സംവിധാനം കേരളത്തിലോടുന്ന വാഹനങ്ങൾക്കും വഴികാട്ടുന്നു. സ്കൂൾ ബസുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മറ്റും നിർബന്ധമായി സ്ഥാപിക്കേണ്ട ഗതിനിർണയ ഉപകരണങ്ങൾ ഐആർഎൻഎസ്എസിൽ നിന്നു സ്വീകരിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്നതാകണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. കേരളത്തിൽ ഇതു നടപ്പാക്കാൻ വൈകിയെങ്കിലും പുതിയ വാഹനങ്ങളിൽ ഇതു ഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഐആർഎൻഎസ്എസ് അഥവാ ‘നാവിക് ’ (NavIC) സംവിധാനം മെല്ലെ നമ്മുടെ വാഹനങ്ങൾക്കു വഴികാട്ടിത്തുടങ്ങുകയാണ്. യുഎസിന്റെ ജിപിഎസിനേക്കാൾ കാര്യക്ഷമമായി ഇന്ത്യയിൽ ഐആർഎൻഎസ്എസ് അഥവാ ‘നാവിക് ’ പ്രവർത്തിക്കുമെന്നാണു വിലയിരുത്തൽ.

ഇന്ത്യയുടെ സ്വന്തം ‘ജിപിഎസ് ’

ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം അഥവാ ജിപിഎസിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. സ്മാർട്ഫോണുകളിലെല്ലാം ജിപിഎസ് ഉണ്ട്. ഇതേക്കുറിച്ച് അറിയാത്തവരും ജിപിഎസ് ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണു വസ്തുത. ഭൂമിയിലെ ഒരു വസ്തുവിന്റെ സ്ഥാനം, ഗതി, കൃത്യമായ സമയം എന്നിവ ഉപഗ്രഹങ്ങളുടെ സഹായത്താൽ കണ്ടെത്തുന്ന സംവിധാനമാണ് ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം (Global Positioning System). യുഎസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിപിഎസാണ് ഇക്കൂട്ടത്തിൽ വമ്പൻ. ചൈനയുടെ ബെയ്ഡൗ, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ, റഷ്യയുടെ ഗ്ലോനാസ് എന്നിവ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മറ്റു ഗതിനിർണയ സംവിധാനങ്ങളാണ്. ജപ്പാന്റെ ക്വസ്സ് തദ്ദേശീയമായ ഉപയോഗത്തിന് വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാനമാണ്.

ഇക്കൂട്ടത്തിലേക്കാണ് ഇന്ത്യയുടെ നാവിക് എത്തുന്നത്. 2013 ജൂലൈ ഒന്നിനാണ് ഈ ആവശ്യത്തിനായി ഇന്ത്യ ആദ്യ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഐആർഎൻഎസ്എസ് 1 എ എന്നതായിരുന്നു ഉപഗ്രഹത്തിന്റെ പേര്. പിന്നീട് ഈ പരമ്പരയിൽ 9 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. 2018 ഏപ്രിൽ 12ന് വിക്ഷേപിച്ച ഐആർഎൻഎസ്എസ് 1 എൽ ആണ് ഏറ്റവുമൊടുവിലത്തേത്. ഇതോടെ ‘നാവിക് ’ സംവിധാനം പൂർണസജ്ജമായി.

ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ നാവികിനെ അംഗീകരിച്ചിട്ടുണ്ട്. രാജ്യാന്തര സേവനം നടത്തുന്ന കപ്പലുകളുടെ സുരക്ഷയ്ക്കും അവ തീർക്കുന്ന അന്തരീക്ഷ, സമുദ്ര ജല മലിനീകരണത്തിന്റെ നിയന്ത്രണത്തിനുമായി നാവികും ഉപയോഗിക്കും.

ജിപിഎസ് ലോകവ്യാപകമായി നൽകുന്ന കാര്യങ്ങൾ, അതിനെക്കാൾ കൃത്യതയോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു നൽകാൻ നാവിക്കിനു കഴിയും; അതും പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സംവിധാനത്തിലൂടെ.. മുൻപു കാർഗിൽ യുദ്ധകാലത്ത് ഇന്ത്യയ്ക്കു ജിപിഎസിന്റെ സേവനം നിഷേധിക്കപ്പെട്ടിരുന്നു. ഇന്ത്യയെയും ചുറ്റുമുള്ള 1500 ചതുരശ്ര കിലോമീറ്റർ ഭാഗത്തെയും ഉൾക്കൊള്ളുന്നതാണു നാവിക്കിന്റെ നിരീക്ഷണ പരിധി.

വാഹനങ്ങളിലേക്ക് നാവിക്

നിലവിൽ സ്കൂൾ ബസുകൾ, ടാക്സികൾ, ട്രക്കുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയിൽ ജിപിഎസ് ഉപകരണങ്ങൾ ഘടിപ്പിക്കണമെന്നാണ് നിയമം. ജിപിഎസും സുരക്ഷാ ബട്ടനും വരുന്നതോടെ വാഹനങ്ങൾ സദാസമയം നിരീക്ഷിക്കാനാകുമെന്നതാണു മെച്ചം. സ്കൂൾ ബസുകളിലും യാത്രാവാഹനങ്ങളിലും അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോൾ യാത്രക്കാർക്ക് അമർത്താനുള്ള പാനിക് ബട്ടണും ഘടിപ്പിക്കണം. പുതുതായി റജിസ്റ്റർ ചെയ്യുന്ന ഇത്തരം വാഹനങ്ങളിൽ ഐആർഎൻഎസ്എസ് സിഗ്നലിന്റെ സഹായത്തോടെയുള്ള ഉപകരണങ്ങൾ ഘടിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. കേരളത്തിലും ഇവ ഉപയോഗിക്കണമെന്നു സംസ്ഥാന മോട്ടർ വാഹന വകുപ്പ് മാർച്ചിൽ ഉത്തരവിറക്കിയിരുന്നു.

പുതിയ വാഹനങ്ങളിലും ഇതുവരെ ജിപിഎസ് ഉപകരണങ്ങൾ ഘടിപ്പിക്കാത്ത വാഹനങ്ങളിലും ഐആർഎൻഎസ്എസ് അഥവാ നാവിക് സംവിധാനമുള്ള ഉപകരണങ്ങൾ ഉപയോഗിക്കണം. പുണെയിലുള്ള ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും തിരുവനന്തപുരത്തെ സി–ഡാക് കേന്ദ്രത്തിന്റെയും അംഗീകാരമുള്ള ഉപകരണങ്ങൾ മാത്രമേ ഘടിപ്പിക്കാവൂ.

സി‍–ഡാക് സോഫ്റ്റ്‌വെയർ വഴിയാണ് ഉപകരണവും കേന്ദ്രീകൃത സംവിധാനവും വഴി ബന്ധിപ്പിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളിലും ചരക്കുവാഹനങ്ങളിലും മാത്രമല്ല, സ്വകാര്യ യാത്രാ വാഹനങ്ങളിലും ജിപിഎസിനു പകരം നാവിക് ഉപകരണങ്ങൾ ഘടിപ്പിക്കാൻ സാധിക്കും. അംഗീകൃത ഏജൻസികൾക്കു മാത്രമാണ് ഉപകരണങ്ങൾ വിൽക്കാനും ടാഗ് ചെയ്യാനുമുള്ള അനുമതിയുള്ളത്.

Englihs Summay: Indian Satellite Navigation System Navic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com