ADVERTISEMENT

നടിയും മോഡലുമായ അമേയ മാത്യു തന്റെ പുതിയ കാർ പോളോ ജിടിയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചപ്പോൾ ‘ഇയാൾ മാത്രമേ പോളോ എടുത്തിട്ടുള്ളൊ... എന്തൊരു ഷോ ആടെയ്’ എന്ന് ഒരാൾ കമന്റ് ഇട്ടു. അതിന് അമേയ നൽകിയ മറുപടി ‘പോളോ ജിടി എന്റെ സ്വപ്ന വാഹനം ആണ്. അത് അത്രയും ആഗ്രഹിച്ചാണു വാങ്ങിയത്. ഞാൻ അധ്വാനിച്ചു നേടിയ പണമാണ് അതിനായി ഉപയോഗിച്ചത്. അതുകൊണ്ടു തന്നെ അതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കും. അതിൽ ഒരു തെറ്റും കാണുന്നില്ല. കാറുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും കാണാൻ ഇഷ്ടമുള്ളവർക്കു കൂടി വേണ്ടിയാണ് ഞാൻ ഇതു പോസ്റ്റ് ചെയ്തത്. ഇതൊന്നും ഇത്ര ബുദ്ധിമുട്ടി കാണാൻ താങ്കളെ ആരും ക്ഷണിച്ചില്ല’ എന്നാണ്. പോളോ ജിടിയെ വാഹനപ്രേമികൾ വിശേഷിപ്പിക്കുന്നത് ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ എന്നാണ്. ആ വിശേഷണം അമേയയ്ക്കും ചേരും എന്നതിന് ഇതിൽ കൂടുതൽ തെളിവു വേണ്ടല്ലോ... 

ameya-mathew-3

മികച്ച വാഹനങ്ങളോട് എന്നും പ്രിയമുള്ളയാളാണു താനെന്ന് അമേയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിളിച്ചു പറയുന്നു. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, മീറ്റിയോർ 350, ഡ്യൂക്കാട്ടി മോൺസ്റ്റർ എന്നീ ബൈക്കുകൾക്കും മഹീന്ദ്രയുടെ പുതിയ ഥാറിനും ഒപ്പം സന്തോഷവതിയായി അമേയയെ ഇൻസ്റ്റഗ്രാമിൽ കാണാം. സ്വന്തം വാഹനങ്ങളായ മാരുതി സുസുക്കി എസ്പ്രസോയ്ക്കും പോളൊ ജിടിക്കും ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ക്വാളിറ്റിയിൽ അമേയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അമേയയുടെ വാഹനവിശേഷങ്ങളിലേക്ക്...

കറങ്ങാൻ ‘വ്യാഴം’

വ്യാഴം എന്നുദ്ദേശിച്ചതു ജൂപ്പിറ്ററിനെയാണ്. അമേയയുടെ ആദ്യ വാഹനം ടിവിഎസ് ജൂപ്പിറ്റർ ആണ്. പിജി പഠനകാലത്താണ് അമേയ ഇതു സ്വന്തമാക്കിയത്. അമ്മ സുജ എസ് തമ്പിയാണ് ജൂപ്പിറ്റർ അമേയയ്ക്കു സമ്മാനിച്ചത്. ‘എന്റെ ആദ്യത്തെ കാർ ആയ എസ്പ്രെസോ വാങ്ങുന്നതുവരെ ജൂപ്പിറ്ററിൽ തന്നെയായിരുന്നു യാത്ര. ഓഡിഷനുകൾക്കും ഫോട്ടോഷൂട്ടുകൾക്കും എല്ലാം അതിൽ തന്നെ പോയി. എന്റെ നാട് തിരുവനന്തപുരം ആണ്. വ്യാഴം സൂര്യനെ വലംവയ്ക്കുംപോലെ എത്രയോ തവണ അതിൽ തിരുവനന്തപുരം മുഴുവൻ കറങ്ങിയിട്ടുണ്ടെന്ന് എണ്ണിയെടുക്കാൻ പോലും കഴിയില്ല. മാർ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് സ്വന്തമാക്കിയത് എന്നതുകൊണ്ടുകൂടിയാണ് ഇത്രയേറെ ജൂപ്പിറ്റർ യാത്രകൾ ഉണ്ടായത്.

ameya-mathew-8

ആവശ്യത്തിനു പവറും നല്ല യാത്രാസുഖവും മികച്ച ഇന്ധനക്ഷമതയും ഉള്ള സ്കൂട്ടറാണു ജൂപ്പിറ്റർ. അതിലെ ഓരോ യാത്രയും ആസ്വദിച്ചിരുന്നു. അതുകൊണ്ടു തന്നെ യാത്രകൾ കാറുകളിലേക്കു മാറ്റിയിട്ടും ഇതുവരെ ജൂപ്പിറ്റർ എന്ന ‘സ്വീറ്റി’യെ ഉപേക്ഷിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും കൊടുക്കാൻ പ്ലാനുമില്ല’, അമേയ വാഹനവിശേഷങ്ങളുടെ ഇഗ്നിഷൻ ഓൺ ചെയ്തു. കാഴ്ചയ്ക്കും തരക്കേടില്ല എന്നതാണു ജൂപ്പിറ്ററിന്റെ വിജയ രഹസ്യമെന്ന് അമേയ. ‘ക്ലാസിക് ടച്ച് ഉള്ള ഒരു ജൂപ്പിറ്റർ മോഡൽ പിന്നീടു വന്നല്ലോ. അതു കുറച്ചുകൂടി ലുക്ക് കൂട്ടിയിട്ടുണ്ട്. ജൂപ്പിറ്റർ അല്ലാതെ മറ്റൊരു ഇരുചക്ര വാഹനവും ഓടിക്കാൻ തോന്നിയിട്ടില്ല’. സൗന്ദര്യമുള്ള ബൈക്ക് മോഡലുകൾ എല്ലാം തന്നെ കണ്ട് ആസ്വദിക്കാറുണ്ടെന്നും സുഹൃത്തുക്കൾ ആരെങ്കിലും ഇത്തരം ബൈക്കുകൾ വാങ്ങിയാൽ അതിൽ പോസ് ചെയ്തു ഫോട്ടോ എടുക്കാറുണ്ടെന്നും ഒരു കുസൃതിച്ചിരിയോടെ താരം.

‘എസ്പ്രസോ’ ലോക്ഡൗൺ

നടിയും മോഡലുമായി പേരെടുത്ത ശേഷമാണ് അമേയ ആദ്യ കാർ എസ്പ്രസോ സ്വന്തമാക്കുന്നത്. സോളിഡ് സിസിൽ ഓറഞ്ച് എന്നു മാരുതി വിളിക്കുന്ന തിളക്കമുള്ള ഓറഞ്ച് നിറമുള്ള കാർ ആയിരുന്നു അത്. എസ്പ്രസോയുടെ പരസ്യത്തിൽ മാരുതി ഉപയോഗിച്ച അതേ നിറത്തിലുള്ള വാഹനം. ഫുൾ ഓപ്ഷൻ ഓട്ടമാറ്റിക് മോഡലാണ് സ്വന്തമാക്കിയത്. ‘ഏതു കാർ വാങ്ങിയാലും അതിന്റെ ഏറ്റവും ഉയർന്ന മോഡൽ വാങ്ങണമെന്നാണ് എന്റെ ആഗ്രഹം. ഇതുവരെ അങ്ങനെയാണു ചെയ്തിട്ടുള്ളത്. ഒരു കാറിന്റെ എല്ലാ ഫീച്ചറുകളും നമുക്ക് ലഭിക്കാൻ അതാണ് ഏറ്റവും നല്ല മാർഗം... ഏറ്റവും ഉയർന്ന മോഡലിന്റെ വില കണക്കാക്കി വേണം വാഹനത്തിനായി പണം സ്വരുക്കൂട്ടേണ്ടത്’, കാർ പർച്ചേസിനെപ്പറ്റി അമേയ വാചാലയായി. 

ameya-mathew-1

‘കാറുകൾ ഏതു വാങ്ങിയാലും ഓട്ടമാറ്റിക് മാത്രമേ വാങ്ങൂ. മാനുവൽ വണ്ടി ഓടിക്കാൻ അറിയാത്തതുകൊണ്ടല്ല. ചെറിയ ജംക്‌ഷനുകളിൽ പോലും വലിയ തിരക്ക് അനുഭവപ്പെടുന്ന നമ്മുടെ നാട്ടിൽ മാനുവൽ മോഡൽ കാറുകൾ ഒട്ടും പ്രായോഗികമല്ല എന്നാണു തോന്നിയിട്ടുള്ളത്. അതുകൊണ്ടാണ് എസ്പ്രസോ പോലെ ഒരു ചെറുകാർ എടുത്തപ്പോഴും ഓട്ടമാറ്റിക് ഗീയർബോക്സ് ഉള്ള മോഡൽ തിരഞ്ഞെടുത്തത്. രണ്ടാമത്തെ കാർ ആയ പോളോയുടെ കാര്യം വന്നപ്പോൾ ജിടി ടിഎസ്ഐ എന്ന മോഡലാണു തിരഞ്ഞെടുത്തത്. അതിന് ആകെ ഒരു വകഭേദമാണ് ഫോക്സ്‌വാഗൺ നൽകുന്നത്. അത് ഓട്ടമാറ്റിക്കുമാണ്. അതുകൊണ്ട് കൂടുതൽ ഒന്നും ചിന്തിക്കേണ്ടതായി വന്നുമില്ല’. ആദ്യത്തെ കോവിഡ് ലോക്ഡൗൺ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുൻപാണ് എസ്പ്രസോ അമേയയ്ക്കു ഷോറൂമിൽ നിന്നു ഡെലിവറി ചെയ്യുന്നത്. 

ameya-mathew-5

‘ആ സമയത്തു വീട്ടിലെ ഗേറ്റ് സ്ലൈഡിങ് രീതിയിലുള്ളതായിരുന്നില്ല. അങ്ങനെ ആക്കിയാൽ മാത്രമേ രണ്ടു കാർ കോംപൗണ്ടിൽ ഇടാൻ കഴിയുമായിരുന്നുള്ളു. അതുകൊണ്ട് സ്വന്തം കാർപോർച്ചിലെ സീനിയർ ആയ ആൾട്ടോ കെ10ന് (അമ്മ ഉപയോഗിക്കുന്ന കാർ) ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ രണ്ടുമാസം എസ്പ്രസോ സുഹൃത്തിന്റെ വീട്ടിലാണ് ഇട്ടത്. ഇടയ്ക്കൊന്നു ചെന്നു സ്റ്റാർട്ട് ചെയ്യും. മുൻപോട്ടും പുറകോട്ടും ഒന്ന് അനക്കും. അത്രയും മാത്രമേ ആ രണ്ടു മാസവും വണ്ടി ഓടിച്ചുള്ളു. പിന്നീട് ഇളവുകൾ വന്നപ്പോഴാണ് കാർ റോഡിലേക്ക് ഇറക്കിയത്. 2014ൽ ലൈസൻസ് നേടിയെങ്കിലും സ്വന്തമായി കാർ എടുത്ത ശേഷമാണ് കൈ തെളിഞ്ഞത്. അതൊരു നല്ല കാര്യമായാണ് എനിക്കു തോന്നുന്നതും. പിന്നെ, പുതിയ ഗേറ്റ് സ്ഥാപിച്ച ശേഷമാണ് എന്റെ കാർ വീട്ടിലേക്കു കൊണ്ടുവന്നതും’. എസ്പ്രസോ കൊടുത്തിട്ടാണ് പോളോ എടുത്തത് എങ്കിലും ആദ്യ കാറുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഒന്നും മറന്നിട്ടില്ല ഈ തിരുവനന്തപുരംകാരി.

ameya-mathew-2

നടിയും മോഡലുമായ ശേഷം കൂടുതൽ തിരക്കുകൾ എറണാകുളം കേന്ദ്രീകരിച്ച് ആയതിനാൽ കൊച്ചിയിലാണ് അമേയ ഇപ്പോൾ താമസിക്കുന്നത്. മാസത്തിൽ 4 തവണയെങ്കിലും തിരുവനന്തപുരം – എറണാകുളം ഷട്ടിൽ അടിക്കും താൻ എന്നും അമേയ. 

ഇത്ര പെട്ടെന്ന് എന്തിനാണ് എസ്പ്രസോ കൊടുത്തിട്ടു പോളോ വാങ്ങിയത് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ തിരുവനന്തപുരം – കൊച്ചി ഷട്ടിൽ സർവീസുമായി ബന്ധപ്പെട്ടാണു കിടക്കുന്നതെന്ന് അമേയ. 

ameya-mathew-4

‘എസ്പ്രസോ ഒരു സിറ്റി കാർ ആണ്. ദീർഘദൂര യാത്രകൾക്ക് കുറച്ചുകൂടി യാത്രാസുഖം കൂടുതലുള്ള വാഹനം വാങ്ങണമെന്ന ആഗ്രഹമാണ് പോളോയിൽ എത്തിച്ചത്. അതു മാത്രമല്ല, എന്റെ മിക്ക സുഹൃത്തുക്കളുടെയും സ്വപ്നവാഹനമായിരുന്നു പോളോ. അങ്ങനെ ഈ കാറിന്റെ വിശേഷങ്ങൾ കുറെ ഏറെ കേട്ടിട്ടുണ്ട്. പതുക്കെ ഞാനും പോളോയുടെ ആരാധികയായി. ഇപ്പോൾ സ്വന്തമാക്കി ഒരു മാസം പിന്നിടുമ്പോൾ വളരെ തൃപ്തയാണ്’. 

തിരുവനന്തപുരം – കൊച്ചി യാത്രകൾ മുൻപ് രാത്രിയായിരുന്നു നടത്തിയിരുന്നതെന്നും രണ്ടു തവണ ഇങ്ങനെ യാത്ര ചെയ്യുന്നതിനിടെ അപകടം ഉണ്ടായതിനെത്തുടർന്നു യാത്ര അതിരാവിലെ ആക്കി. എറണാകുളത്തു നിന്നു വെളുപ്പിനെ വണ്ടി എടുത്ത് ഉച്ചയാകുന്നതിനു മുൻപു തിരുവനന്തപുരത്ത് എത്തിയാൽ ആദ്യം കാലത്തു കുറെ നേരം കിടന്നുറങ്ങുകയായിരുന്നു പതിവ്, ക്ഷീണം കാരണം. പോളോ വന്നതോടെ ആ ഉറക്കം കട്ട് ചെയ്തെന്നും തന്റെ ‘ജർമൻ സുന്ദരി’യുടെ യാത്രാസുഖം അത്രയും മികച്ചതാണെന്നും ഈ യുവസുന്ദരി സാക്ഷ്യപ്പെടുത്തി. എസ്പ്രസോ മികച്ച മൈലേജ് നൽകിയിരുന്നു, എന്നാൽ പോളോ ആ ഭാഗത്ത് അൽപം പിന്നിലാണെന്നും താരം പറയുന്നു. 

ameya-mathew

മൈക്ര ഫസ്റ്റ്, ക്യാപ്ഷൻ ബെസ്റ്റ്, പാട്ട് മസ്റ്റ്...

അമേയയ്ക്ക് ആദ്യമായി ഒരു കാർ സ്വന്തമാക്കണമെന്നു തോന്നിയത് ഒരു നിസാൻ മൈക്ര കണ്ട ശേഷമാണ്. തൊടുപുഴ ന്യൂമാൻ കോളജിൽ ബിരുദ വിദ്യാർഥിയായിരുന്ന കാലത്താണു ‘കഥാനായിക’യെ കണ്ടത്. അവിടുത്തെ ഒരു അധ്യാപകന്റേതായിരുന്നു ആ മൈക്ര. കറുത്ത നിറമുള്ള കാർ ആയിരുന്നു അത്. ഡീസലോ പെട്രോളോ എന്നൊന്നും മനസ്സിലായില്ല. പക്ഷേ, ആ വാഹനത്തിന്റെ ചന്തം വല്ലാതെ മോഹിപ്പിച്ചു കളഞ്ഞെന്ന് അമേയ. ആ കാലത്ത് ഇന്ത്യൻ നിരത്തുകളിൽ കണ്ട ഏറ്റവും ക്യൂട്ട് ആയ കാർ മൈക്ര ആയിരുന്നുവെന്ന് ഇപ്പോഴത്തെ ഈ പോളോ ഉടമ. ഇന്നും ആ ‘ക്യൂട്ട്നെസ്’ വേറെ ഒരു കാറിലും കണ്ടിട്ടില്ലെന്നും അമേയ പറയുന്നു. എസ്പ്രസോയിൽ നിന്ന് അപ്ഗ്രേഡ് ചെയ്യാറായപ്പോൾ മൈക്ര നിസാൻ പിൻവലിച്ചുവെന്നതിൽ അമേയയ്ക്കു ചെറുതല്ലാത്ത ദുഃഖവുമുണ്ട്.

‘ഈ ഉലകത്തിൽ ബൈക്ക് ഓടിക്കുന്നവർ ഉണ്ട്, ജീപ്പ് ഓടിക്കുന്നവർ ഉണ്ട്, ട്രെയിനും പ്ലെയിനും കപ്പലും ഓടിക്കുന്നവർ ഉണ്ട്. അവരെക്കുറിച്ച് ആരും അധികം പറഞ്ഞു കണ്ടിട്ടില്ല. പലപ്പോഴും നിങ്ങളുടെ കഴിവുകൾ ആരും തിരിച്ചറിയാതെ പോകുന്നു. ലോകത്തിലെ എല്ലാ ഡ്രൈവർമാരോടും റൈഡർമാരോടുമായി പറയുന്നു, ഈ വിഡിയോ നിങ്ങൾക്കുള്ള ശ്രദ്ധാഞ്ജലിയാണ്. നിങ്ങളും ഹീറോസ് ആണ്...’. പോളോ എടുത്ത ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ആദ്യ ഡ്രൈവിങ് വിഡിയോയ്ക്ക് അമേയ എഴുതിയ ക്യാപ്ഷൻ ആണിത്. ഇങ്ങനെ തന്റെ ചിത്രങ്ങൾക്ക് സന്ദർഭത്തിനു യോജിക്കുന്ന മികച്ച അടിക്കുറിപ്പുകൾ എഴുതുന്നയാളാണ് അമേയ. ക്യാപ്ഷൻ ഇല്ലാത്ത ചിത്രങ്ങൾക്കു പൂർണത ഇല്ലെന്നാണു താരത്തിന്റെ വാദം. പാചകം ചെയ്യുന്നതിനിടയിൽ എടുത്ത തന്റെ ചിത്രത്തിന് ‘കുക്കിങ് എളുപ്പമാണെന്നു കരുതി പണിയാൻ നിൽക്കണ്ടാ... കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ എന്നായിരുന്നു അമേയയുടെ ക്യാപ്ഷൻ. നിധിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്തു പുറത്തിറങ്ങാനിരിക്കുന്ന കാവൽ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ടീസറിൽ കേട്ട സംഭാഷണത്തെ സാഹചര്യം മാറ്റി തമാശ ചേർത്ത് ഉപയോഗിക്കുകയായിരുന്നു അമേയ. 

ameya-mathew-7

മിക്കപ്പോഴും തമാശച്ചുവയുള്ള വാചകങ്ങൾ ആണ് അടിക്കുറിപ്പുകളായി ഉപയോഗിക്കുന്നതെങ്കിലും കാർ വിഡിയോയിലെ വാചകങ്ങളുടെ ഗൗരവം അമേയ ഡ്രൈവിങ്ങിനെ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവുകൂടിയാണ്. നല്ലൊരു സംഗീതപ്രേമി കൂടിയാണ് അമേയ. ഒരു നിമിഷം പോലും പാട്ടു കേൾക്കാതെ വാഹനം ഓടിക്കാൻ ആകില്ലെന്ന് ‘കരിക്ക് നായിക’ ഉറപ്പിച്ചു പറഞ്ഞു. ‘കൂടുതലും ഇംഗ്ലിഷ് – ഹിന്ദി പാട്ടുകൾ ആണ് കേൾക്കാറുള്ളത്. ജസ്റ്റിൻ ബീബറിന്റെ പീച്ചസ്, സ്റ്റേ എന്നീ പാട്ടുകൾ, ഡുഅ ലീപയുടെ ലെവിറ്റേറ്റിങ്, കോൾഡ്‌ പ്ലേയുടെ എ സ്കൈ ഫുൾ ഓഫ് സ്റ്റാഴ്സ്, ഹെൻടായ് സാൻഡറിന്റെ ഇൻ ഹീറ്റ്, ശേർഷാ എന്ന ഹിന്ദി ചിത്രത്തിലെ രാത്താൻ ലമ്പിയാൻ എന്നീ പാട്ടുകൾ ആണ് ഇപ്പോൾ എന്റെ പ്ലേലിസ്റ്റിലെ ടോപ് 5.’

സ്വപ്നവാഹനവും ഇലക്ട്രിക് വാഹനവും

ഇതുവരെ സ്വന്തം വാഹനമോടിച്ചു പോയ ഏറ്റവും നല്ല സ്ഥലം തിരുവനന്തപുരത്തെ ബ്രൈമോർ ആണെന്നാണ് അമേയയുടെ അഭിപ്രായം. ആഴ്ചയിലൊരിക്കൽ വച്ച് ലോങ് ഡ്രൈവ് ചെയ്യുന്നതുകൊണ്ട് സ്വന്തമായി വണ്ടിയോടിച്ചു പോകണമെന്ന് ആഗ്രഹമുള്ള സ്ഥലങ്ങൾ വളരെ കുറവാണെന്നു നടി. നിലവിൽ 3 സ്ഥലങ്ങളിലേക്കാണു സ്വന്തമായി ഡ്രൈവ് ചെയ്തു പോകണമെന്ന് അമേയ ഉറപ്പിച്ചിട്ടുള്ളത്: ബെംഗളൂരു, ചെന്നൈ, ഊട്ടി. ബെംഗളൂരു ട്രിപ്പ് ഉടൻ തന്നെ പോകാൻ ആണു പദ്ധതി. ചെന്നൈയും ഊട്ടിയും തിരക്കുകൾ കുറഞ്ഞിരിക്കുമ്പോൾ മാത്രമേ പോകൂ. ഷൂട്ടിങ് ആവശ്യങ്ങൾക്കായി ഇതിൽ എവിടേക്ക് എങ്കിലും പോകേണ്ടതായി വന്നാൽ സ്വന്തം റോഡ് ട്രിപ്പ് വീണ്ടും നീളും. 

ameya-mathew-6

റെനോ ഡസ്റ്റർ മുതൽ പോർഷെയുടെ വിവിധ മോഡലുകൾ വരെ ഓടിച്ചു നോക്കിയിട്ടുണ്ട് അമേയ. അതിൽ എല്ലാം കൊണ്ടും തൃപ്തി തോന്നിയത് ബിഎംഡബ്യൂവിന്റെ എക്സ്3 ആണ്, കഴിയുമെങ്കിൽ വരുന്ന 5 വർഷത്തിനുള്ളിൽ അതു സ്വന്തമാക്കണം. എന്നാൽ, പോളോയിൽ നിന്ന് അടുത്ത ചുവടുമാറ്റം ഒരു ഇലക്ട്രിക് വാഹനത്തിലേക്ക് ആയിരിക്കും എന്നാണ് അമേയ പറയുന്നത്. ഇപ്പോഴത്തെ നിലയ്ക്ക് നെക്സോൺ ഇവി ആണ് തന്റെ മനസ്സിലുള്ളതെന്നും എന്നാൽ രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുക്കാൻ വേറെയും മികച്ച മോഡലുകൾ വരുമെന്നും അമേയ വിശ്വാസം പ്രകടിപ്പിച്ചു.

തന്റെ ജീവിതത്തിലെ നേട്ടങ്ങൾ എല്ലാം തന്നെ കഠിനാധ്വാനം കൊണ്ടു നേടിയതാണെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ഈ യുവ മോഡൽ ലക്ഷ്യങ്ങൾ സഫലം ആക്കുന്നതിലും കാർക്കശ്യം പുലർത്തുന്നു. എസ്‌യുവികളുടെ ഡ്രൈവിങ് പൊസിഷൻ വളരെയേറെ ഇഷ്ടപ്പെടുന്ന അമേയ, പോളോയിൽ നിന്ന് നെക്സോൺ ഇവി വഴി എക്സ്3യിലേക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com