ADVERTISEMENT

ആസ്ട്ര, ജോഗർ... രണ്ടു ബ്രാൻഡ് നാമങ്ങളും നമ്മൾ മലയാളികൾക്കു സുപരിചിതമാണ്. ആദ്യത്തേത് ഒരുകാലത്ത് വാഹനപ്രേമികളെ ഹരംകൊള്ളിച്ചെങ്കിൽ മറ്റൊന്ന് കേരളത്തിലെ ചെരിപ്പു വ്യവസായത്തിനു മികച്ച സംഭാവനകൾ നൽകി. തൊണ്ണൂറുകളുടെ ഒടുക്കവും രണ്ടായിരത്തിന്റെ ആദ്യവും ഇന്ത്യൻ നിരത്തുകളിൽ നിറഞ്ഞു നിന്ന സുപ്പർസ്റ്റാർ കാറുകൾക്ക് എതിരാളിയായി ജർമനിയിൽ നിന്ന് ഇന്ത്യൻ‌ വിപണിയിലെത്തിയ ഓപൽ ആസ്ട്ര എന്ന സെഡാൻ കാറിനെ അന്നത്തെ സമ്പന്നരും ആ കാലത്തു കാർ കണ്ടു വിസ്മയിച്ചിരുന്ന കുട്ടികളും (ഇപ്പോഴത്തെ യുവാക്കൾ) മറക്കാൻ ഇടയില്ല. സിനിമാ താരങ്ങൾ മുതൽ പുത്തൻപണക്കാർ വരെ ആസ്ട്രയെ സ്വന്തമാക്കിയവരുടെ പട്ടികയിൽ വരും. ചുവപ്പു ബീക്കൻ ലൈറ്റ് വച്ചു മന്ത്രിവാഹനങ്ങളായും ആസ്ട്രകൾ നിരത്തുകളെ പുളകം കൊള്ളിച്ചു.

opel-astra-old

ഓരോ കാറുകളും നിർമിച്ച കമ്പനികളുടെ രാജ്യങ്ങളുടെ പേരു പറഞ്ഞ് അഭിമാനിച്ചിരുന്ന വാഹനപ്രേമികൾ ആ കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ജപ്പാന്റെയും യുഎസിന്റെയും കൊറിയയുടെയും ആരാധകർക്കിടയിൽ ജർമനിക്കു മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത വാഹനമായിരുന്നു ആസ്ട്ര.  രാജ്യാന്തരതലത്തിൽ ‘ആസ്ട്ര’ എന്ന പേര് ഉപയോഗിക്കാൻ തുടങ്ങിയ ആദ്യ മോഡലാണ് ഇന്ത്യയിൽ അന്ന് ഓപൽ എത്തിച്ചത്. അപ്പോഴേക്ക് രണ്ടാം തലമുറയുടെ അരങ്ങേറ്റം കുറിക്കാനുള്ള തീയതി കുറിക്കപ്പെട്ടിരുന്നുവെന്നതു വേറെ കഥ.

opel-astra-3

ഓപൽ ജർമൻ ആയിരുന്നെങ്കിലും യുഎസ് കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ കീഴിലായിരുന്നു കമ്പനി എന്നതിനാൽ പാതി അമേരിക്കൻ പാരമ്പര്യവും ആസ്ട്രയ്ക്കുണ്ടായിരുന്നു. യൂറോപ്പിൽ വലിയ പേരു സമ്പാദിച്ച മോഡൽ ആയിരുന്നിട്ടുകൂടി വിലക്കൂടുതൽ വിഷയമായിരുന്ന ഇന്ത്യൻ മാർക്കറ്റിൽ ആസ്ട്ര തരംഗമായില്ല. സൺറൂഫ് അടക്കം ഉൾപ്പെടുത്തി കാഴ്ചപ്പകിട്ടും കൂട്ടി ‘ക്ലബ്’ എന്ന ആഡംബര വകഭേദം കൂടി ഇറക്കിയെങ്കിലും വാഹന വിലയും ഘടകങ്ങളുടെ വിലക്കൂടുതലും കാരണം വിൽപന മുന്നോട്ടു പോകാത്തതിനെത്തുടർന്ന് ആസ്ട്രയുടെ ഫ്യൂസ് ഓപൽ 2003ൽ ഊരി. അധികം വൈകാതെ ഓപൽ ഇന്ത്യയുടെ ഫ്യൂസ് മാതൃകമ്പനിയായ ജനറൽ മോട്ടോഴ്സും ഊരി. പകരം ഷെവർലെ ബ്രാൻഡിനെ ഇന്ത്യയിൽ കൊണ്ടുവന്നു. പിന്നീട് ഷെവർലെയും ഇന്ത്യ വിട്ടതു ചരിത്രത്തിന്റെ സങ്കടകരമായ ആവർത്തനം.

opel-astra-5

എന്നാൽ, ‘ആസ്ട്ര’ ബ്രാൻഡ് യൂറോപ്പിൽ പടയോട്ടം തുടരുന്നുണ്ടായിരുന്നു. ഫോക്സ്‌വാഗൻ ഗോൾഫിനെയും റെനോ മെഗാനെയും ഫോഡ് ഫോക്കസിനെയും വിറപ്പിച്ചുകൊണ്ടു തന്നെ... ഈ ആസ്ട്രയുടെ പുതിയ പതിപ്പു പുറത്തിറക്കിയിരിക്കുകയാണ് ഓപലും യുകെയിലെ സഹോദര സ്ഥാപനമായ വോക്സോളും ചേർന്ന്. മുൻപ് ഉരുണ്ട രൂപത്തോടായിരുന്നു ഓപലിനും വോക്സോളിനും താൽപര്യം എങ്കിൽ ഇപ്പോൾ പുതിയ ഗോൾഫിന്റെ രൂപഭംഗിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ചതുരവടിവാണു പുതിയ ആസ്ട്ര എല്ലിനു രൂപകൽപനാ വിദഗ്ധർ നൽകിയിരിക്കുന്നത്. ആസ്ട്ര എൽ എന്ന പേരിലെ ‘എൽ’ തലമുറയെ സൂചിപ്പിക്കുന്നു. ആദ്യത്തെ ആസ്ട്ര ‘എഫ്’ എന്ന അക്ഷരം ചേർത്താണ് ഇറങ്ങിയത്. അന്നു മുതൽ ഇന്നുവരെ 7 തലമുറകൾ പുറത്തിറങ്ങിയെന്നു മനസ്സിലാക്കുക

opel-astra-4

ഓപലും വോക്സോളും നിലവിൽ പിഎസ്എ ഗ്രൂപ്പിന്റെ കീഴിലായതിനാൽ പുതിയ ആസ്ട്ര പ്യൂഷൊ 308ന്റെ പ്ലാറ്റ്ഫോമിൽ ആണു സാക്ഷാത്കരിച്ചിരിക്കുന്നത്. ഇഎംപി 2 എന്നാണു പ്ലാറ്റ്ഫോമിന്റെ പേര്. ജിഎമ്മിന്റെ കയ്യിലായിരുന്നപ്പോൾ ഡെൽറ്റ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ ആസ്ട്ര അന്നു മത്സരിച്ചിരുന്ന മറ്റൊരു കില്ലാടി മോഡലാണ് 308. ഇപ്പോൾ രണ്ടിനും ഒരേ അസ്ഥികൂടം. തരക്കേടില്ല, അല്ലെ... പ്യൂഷൊയുടെ പ്ലാറ്റ്ഫോം ആസ്ട്രയ്ക്കു കൂടുതലായി നൽകിയതു പ്രധാനമായും 55 മില്ലിമീറ്റർ നീളം ആണ്. ചരിത്രത്തിൽ ആദ്യമായി പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലും ആസ്ട്ര ബാഡ്ജിൽ ഈ തലമുറയിൽ പുറത്തിറങ്ങും. അതുപക്ഷേ 2023ൽ ആയിരിക്കുമെന്നു മാത്രം.

opel-astra-1

പെട്രോൾ – ഡീസൽ മോഡലുകൾ ഈ നവംബറിൽ ഷോറൂമുകളിലെത്തും, എല്ലാ പ്രധാന യൂറോപ്യൻ രാജ്യങ്ങളിലും. നമ്മുടെ ഓണവും ദീപാവലിയും പോലെയാണല്ലോ അവിടെ ക്രിസ്മസ്. ചൂടപ്പം പോലെ വണ്ടി വിറ്റുപോകും ഈ സമയത്ത്. അപ്പോഴേക്ക് ആസ്ട്ര അടക്കം ഒട്ടേറെ പുതിയ വണ്ടികൾ വിൽപന തുടങ്ങാനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.

3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനും (1200 സിസി) 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനുമായിരിക്കും തുടക്കത്തിൽ ആസ്ട്രയ്ക്കു ലഭിക്കുക. 1600സിസി 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിനും സിങ്ക്രണസ് ഇലക്ട്രിക് മോട്ടറും ചേർന്ന പവർട്രെയ്ൻ ഹൈബ്രിഡ് മോഡലിനു ലഭിക്കും. 3 സിലിണ്ടർ പെട്രോൾ എൻജിൻ 130 ബിഎച്ച്പിയും 4 സിലിണ്ടർ പെട്രോൾ എൻജിൻ 180 ബിഎച്ച്പിയും പുറത്തെടുക്കും. ഡീസൽ എൻജിന് 130 ബിഎച്ച്പി കരുത്ത് ഉണ്ടാകും. 225 ബിഎച്ച്പി കരുത്ത് പുറത്തെടുക്കുന്ന ജിടി പതിപ്പുകൂടി പിഎസ്എ ഗ്രൂപ്പിന്റെ പരിഗണനയിലുണ്ട്.

opel-astra

അത്യാധുനിക ഡ്രൈവർ അസിസ്റ്റ് സംവിധാനം, ഡ്യൂവൽ ടച്ച് സ്ക്രീൻ സംവിധാനം, ധാരാളിത്തമുള്ള ബുട്ട്, ആഡംബര കാറുകളിലേതു പോലെയുള്ള ലെതർ റാപ്‍ഡ് ഡാഷ്ബോർഡ്, 7ൽ കുറയാത്ത എയർബാഗുകൾ... എല്ലാം ആസ്ട്രയിൽ ഓപൽ സജ്ജീകരിച്ചിട്ടുണ്ട്. പിഎസ്എ ഗ്രൂപ്പിനു കീഴിലുള്ള സിട്രോണ്‍ ബ്രാൻഡ് ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തുടങ്ങിയതിനാൽ ഇനി ഓപൽ ആസ്ട്ര ഇവിടേക്ക് എത്തില്ല എന്നു വിശേഷിച്ചു പറയേണ്ടല്ലോ... 23000 യൂറോ (20 ലക്ഷം രൂപ) ആയിരിക്കും അടിസ്ഥാന മോഡലിന്റെ വില. അതങ്ങനെ മുന്നേറുമ്പോൾ, ഇന്ത്യയിലെത്താൻ സാധ്യതയുള്ള മറ്റൊരു വാഹനത്തെ പരിചയപ്പെടാം. നമ്മൾ മലയാളികൾക്ക് ജോഗർ എന്നാൽ കോഴിക്കോട് കേന്ദ്രമായുള്ള പാദരക്ഷ ബ്രാൻഡ് ആണ്. നടി സിമ്രാൻ ബ്രാൻഡ് അംബാസഡർ ആയിരുന്ന ജോഗറിന്റെ ചെരിപ്പുകൾ ഒരുകാലത്ത് ‘പാവങ്ങളുടെ വുഡ്‌ലാൻഡ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, രാജ്യാന്തര വിപണിയിൽ‌ ചുവടുറപ്പിക്കാൻ പോകുന്ന ജോഗർ റെനോ കമ്പനിയുടെ റൊമേനിയൻ ഉപസ്ഥാപനമായ ഡാസിയയുടെ സന്തതിയാണ്.

dacia-jogger-2

ക്രോസോവർ എസ്‌യുവികളുടെ രൂപം ഓർമിപ്പിക്കുന്ന മൾട്ടി പർപ്പസ് വാഹനമാണ് ജോഗർ. എംപിവിയും വാനും എസ്റ്റേറ്റും എൻട്രി ലെവൽ 7 സീറ്റർ ക്രോസോവറും ഒക്കെ വേണ്ടവരെ ഡാചിയയും റെനോയും ഈ ഒരൊറ്റ മോഡലിലൂടെ ഉന്നം വയ്ക്കുന്നു. ഒറ്റ നോട്ടത്തിൽ എന്നു പറഞ്ഞു തള്ളിക്കളയാൻ പറ്റില്ല, പലകുറി നോക്കിയാലും ഇതെല്ലാം ആണ് ജോഗർ.  ഡാചിയയുടെ മറ്റ് ഉൽപന്നങ്ങളെപ്പോലെ (നമുക്ക് ഏറ്റവും പരിചയമുള്ള ഡാചിയ ലോഗനും ഡസ്റ്ററും ആണ്) പ്രായോഗികതയ്ക്കു മുൻതൂക്കവും സ്റ്റൈൽ കുറവും എന്ന രീതിയല്ല ജോഗറിന്റെ കാര്യത്തിൽ റെനോ പിൻപറ്റിയിരിക്കുന്നത്. സ്റ്റൈലും പ്രായോഗികതയും സമാസമം ആണ് ഇതിൽ. മുൻവശത്തു പ്രൗഢിയുള്ള റെനോ രൂപം, പിന്നിൽ വോൾവോ എസ്‌യുവികളിൽ നിന്നു നിന്നു പ്രചോദനം ഉൾക്കൊണ്ട രചന. 4547 മില്ലിമീറ്റർ നീളവും 200 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടെന്നു പറയുമ്പോൾ തന്നെ ഇന്ത്യൻ വിപണിയിൽ ഉശിരൻ പ്രകടനം നടത്താൻപോന്ന മരുന്ന് ഈ ഡാചിയയ്ക്കുണ്ടെന്നു കത്തുമല്ലോ... ഡാസിയ മോഡലുകളിൽ ഏറ്റവും നീളം കൂടിയ വണ്ടി എന്ന ഖ്യാതിയും ഇനി ജോഗറിനായിരിക്കും.

dacia-jogger-4

നമ്മുടെ നാട്ടിൽ ഇറങ്ങിയ രണ്ടു വാഹനങ്ങളുമായി ജോഗറിന് ഒരു തായ്‌വഴി ബന്ധമുണ്ട്. മഹീന്ദ്രയും റെനോയും സംയുക്തമായി ഇന്ത്യയിൽ പുറത്തിറക്കിയ റെനോയുടെ ലോഗൻ (പിൽക്കാലത്തു മഹീന്ദ്ര വെറിറ്റൊ) എന്ന മോഡലിന്റെ എസ്റ്റേറ്റ് വകഭേദത്തിന്റെയും റെനോ നേരിട്ട് ഇറക്കിയ ലോജിയുടെയും പിൻഗാമിയാണ് ജോഗർ. ഡാസിയയുടെ തന്നെ ഡോക്കർ വാനിന്റെ ഓർമകളും ജോഗർ പേറും.

ലോഗന്റെ എസ്റ്റേറ്റ് മോഡൽ ഇന്ത്യയിൽ വന്നിട്ടില്ല. ഇന്നോവയോടു മുട്ടാനായി വന്ന ലോജി ആദ്യത്തെ ആവേശത്തിനു ശേഷം പിൻവാങ്ങുകയും ചെയ്തു. എന്നാൽ, ജോഗർ വന്നാൽ അതായിരിക്കില്ല സ്ഥിതി. നിലവിൽ എൻട്രി ലെവൽ ഫുൾ സൈസ് ഹാച്ച്ബാക്കുകളുടെ കച്ചവടം പിടിച്ചെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്ന റെനോയുടെ ട്രൈബർ കോംപാക്ട് എംപിവി പക്ഷേ ലക്ഷണമൊത്ത എംപിവികളായ മഹീന്ദ്ര മരാസോയെയോ മാരുതി സുസുക്കി എർട്ടിഗയെയോ ടൊയോട്ട ഇന്നോവയെയോ തൊടുന്നില്ല. എന്നാൽ, ജോഗർ റെനോ ബ്രാൻഡിൽ ഇന്ത്യയിൽ അവതരിച്ചാൽ ഇവയ്ക്കെല്ലാം കടുത്ത മത്സരം സമ്മാനിക്കും. ചിത്രങ്ങൾ വിശ്വസിക്കാമെങ്കിൽ അതിനുള്ളതുണ്ട് ജോഗർ. 

dacia-jogger-1

ഫുൾ ഓപ്ഷൻ ജോഗറിൽ ഇന്ന് ഇന്ത്യയിൽ ട്രെൻഡ് ആയിരിക്കുന്ന എല്ലാ ഫീച്ചറുകളും ഉണ്ട്, സൺറൂഫ് ഒഴികെ. 1000 സിസി ടർബോ പെട്രോൾ എൻജിനാണ് പ്രധാനമായും ജോഗറിനു ലഭിക്കുക. ഇത് 108 ബിഎച്ച്പി കരുത്ത് ഉൽപാദിപ്പിക്കും. 99 ബിഎച്ച്പി കരുത്തുള്ള എൽപിജി മോഡലും 1600 സിസി കരുത്തുള്ള എൻജിനുമായി ഹൈബ്രിഡ് പതിപ്പും വൈകാതെ ഇറങ്ങും. ഇത്രയും വലിയ ഒരു എംപിവിക്ക് ഈ മൂന്ന് എണ്ണത്തിൽ വച്ച് ഏറ്റവും യോജിച്ച പവർട്രെയ്ൻ റെനോ മനസ്സില്‍ കണ്ട ഹൈബ്രിഡ് ആണെന്നു തന്നെയാണു വിശ്വാസം. എർട്ടിഗയുടെ കെ15നോടും മരാസോയുടെ എംഹോക്കിനോടും മത്സരിക്കാൻ ഹൈബ്രിഡ് കൊണ്ടേ പറ്റു. ശക്തികൊണ്ട് മത്സരം ബുദ്ധിമുട്ടാണെങ്കിലും വില എന്ന തുറുപ്പുചീട്ടിന്റെ മുന്നിൽ ഇന്നോവയും ഒന്നിളകിയേക്കും. 

dacia-jogger

എല്ലാ മോഡലുകൾക്കും ഓട്ടമാറ്റിക് ഗീയർബോക്സ് ആയിരിക്കും ലഭിക്കുക. ഡാചിയയുടെ ആദ്യ ഹൈബ്രിഡ് വാഹനമായിരിക്കും ജോഗറെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്ലഗ് ഇൻ ഹൈബ്രിഡ് ആയിരിക്കില്ലെന്നത് അൽപം നിരാശയുണ്ടാക്കുന്നു. ഡാചിയയുടെ ലോഗൻ, സാൻഡെറോ എന്നിവ അടിസ്ഥാനമാക്കിയിരിക്കുന്ന സിഎംഎഫ് ബി എൽഎസ് എന്ന പ്ലാറ്റ്ഫോമിലാണ് ജോഗറും പണിതുയർത്തിയിരിക്കുന്നത്. 13 ലക്ഷം രൂപയിൽ ജോഗറിന്റെ വില തുടങ്ങും. ഹൈബ്രിഡിന് 20 ലക്ഷത്തിനടുത്തു വില പ്രതീക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com