ഗുജറാത്തില്‍ വച്ച് പഞ്ചറായി പഞ്ചാബിലെത്തിയപ്പോൾ ടയർ മൊട്ടയായി; എന്നാലും ചതിക്കില്ല ഡോമിനർ

deepa
Deepa Mohan
SHARE

പ്രായം 40 കഴിഞ്ഞ ഒരു സാധാരണ മലയാളി വീട്ടമ്മക്ക് എന്തൊക്കെയാവും സ്വപ്‌നങ്ങള്‍? ദീപ മോഹനോടാണ് ചോദ്യമെങ്കില്‍ തന്റെ ഡോമിനറില്‍ ഒന്ന് ലഡാക്ക് വരെ പോകണമെന്നാകുമായിരുന്നു ഈയടുത്ത കാലം വരെയുള്ള ഉത്തരം. ഒരു മാസം മുമ്പ് അവര്‍ തന്റെ സ്വപ്‌നം വിജയകരമായി പൂര്‍ത്തിയാക്കി. ജീവിതയാത്രയിലെ പ്രതിസന്ധികളിലെങ്ങും കളഞ്ഞുപോവാതെ കാത്തു സൂക്ഷിച്ച സ്വന്തം സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള മനക്കരുത്താണ് ദീപ മോഹനെന്ന സാധാരണക്കാരിയായ വീട്ടമ്മയെ അസാധാരണക്കാരിയാക്കുന്നത്. 

കുട്ടിക്കാലം മുതലുള്ള യാത്രകളോടും ഡ്രൈവിങിനോടുമുള്ള അടങ്ങാത്ത ആവേശമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡായ കര്‍ദുങ്‌ല പാസ് വരെയെത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യ ചുറ്റിയുള്ള ബൈക്ക് യാത്രയെന്ന സ്വപ്‌നം ദീപ കണ്ടിരുന്നു. എന്നാല്‍ അന്നെല്ലാം പല കാരണങ്ങള്‍ കൊണ്ടും നീട്ടിവെക്കപ്പെട്ട ആ യാത്ര കോവിഡിന്റെ ഈ പ്രതിസന്ധിഘട്ടത്തിലാണ് പ്രതീക്ഷിക്കാത്ത സമയത്തും യാഥാര്‍ഥ്യമായത്.

deepa-3

വണ്ടി ഭ്രാന്ത് 

ആണ്‍കുട്ടികളെ വെല്ലുന്ന വണ്ടിഭ്രാന്ത് തനിക്ക് ചെറുപ്പം മുതലേ ഉള്ളതാണെന്നാണ് ദീപ പറയുന്നത്. ഒരു സൈക്കിള്‍ പോലും വാങ്ങാനുള്ള സാമ്പത്തിക ശേഷി അന്ന് കുടുംബത്തിനുണ്ടായിരുന്നില്ല. അയല്‍പക്കത്തെ വീട്ടിലെ സൈക്കിളിലാണ് ആദ്യം പഠിക്കുന്നത്. പിന്നീട് മറ്റെല്ലാവരേയും പോലെ അവസരം കിട്ടിയപ്പോള്‍ ഗിയര്‍ ലെസ് സ്‌കൂട്ടറും ബൈക്കുമെല്ലാം ഓടിച്ചു പഠിച്ചു. അന്നെല്ലാം പ്രോത്സാഹനത്തേക്കാള്‍ കൂടുതല്‍ പിന്നോട്ടുള്ള വലികളായിരുന്നുവെന്ന് മാത്രം. ഫോര്‍ വീല്‍ ഡ്രൈവിങ് പഠിക്കുന്നത് ഭര്‍ത്താവ് മോഹന്റെ സഹായത്തിലാണ്. ഭര്‍ത്താവിന്റെ ബന്ധുവിന്റെ ഡ്രൈവിങ് സ്‌കൂളില്‍ പോയപ്പോള്‍ പാഷന്‍ ഓടിക്കാറുണ്ടായിരുന്നു. സഹോദരന്റെ പള്‍സര്‍ 180യും ഓടിച്ചു പഠിച്ച ഗിയര്‍ ബൈക്കുകളില്‍ പെടുന്നു. ആദ്യമൊക്കെ സമൂഹത്തിന്റെ ‘’മറ്റുള്ളോരെന്താ വിചാരിക്കാ’’ ചിന്തയില്‍ കുടുങ്ങി വീട്ടില്‍ നിന്നു തന്നെ ഇതു വേണോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ദീപക്ക് വാഹനങ്ങളോടും റൈഡിങിനോടുമുള്ള ഇഷ്ടം എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി. 

2008ല്‍ ഹോണ്ട ആക്ടിവയാണ് ആദ്യം വാങ്ങുന്ന വാഹനം. 2018ലാണ് സ്വപ്‌ന വാഹനമെന്ന് വിശേഷിപ്പിക്കാവുന്ന ഡോമിനര്‍ 400 എടുക്കുന്നത്. ഇതിന് ശേഷമാണ് റൈഡിങ് കൂടുതല്‍  സാധ്യമാവുന്നതും. കോട്ടയം ആസ്ഥാനമായ മോട്ടോഫാമിലി എന്ന യാത്രാപ്രേമികളുടെ ഗ്രൂപ്പും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യാത്രകളെ സഹായിച്ചിട്ടുണ്ട്. കോട്ടയത്തു നിന്നു തന്നെയുള്ള വനിതാ ബൈക്ക് റൈഡേഴ്‌സിന്റെ പ്രത്യേക ഗ്രൂപ്പായ മോട്ടോ ഏയ്ഞ്ചലും ദീപയുടെ യാത്രകള്‍ യാഥാര്‍ഥ്യമാക്കാന്‍ കാരണമായി. 

മകന്റെ കൂട്ട്

കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് ശക്തിയെന്ന് പറയുന്ന ദീപ എല്ലാ ബന്ധുക്കളേയും സമൂഹത്തേയും പൂര്‍ണമായും തൃപ്തിപ്പെടുത്തിക്കൊണ്ട് ഇത്തരം ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകാനാവില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പറയേണ്ടവര്‍ പറയും നമ്മള്‍ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന ഇഷ്ടങ്ങള്‍ ചെയ്യുകയും ചെയ്യണമെന്നാണ് എല്ലാവരോടുമുള്ള ദീപയുടെ പ്രായോഗിക ഉപദേശം. ഏതാണ്ടെല്ലാ റൈഡുകളിലും കൂട്ട് ഇരുപതുകാരനായ മകന്‍ ദീപക് മോഹനായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് രണ്ടു പേര്‍ പോവുകയെന്നത് വലിയ ബാധ്യതയാവുമായിരുന്നു. അങ്ങനെ ലഡാക്ക് യാത്രയെന്ന സ്വപ്‌നം ഒരിക്കല്‍ കൂടി നീട്ടാന്‍ തയ്യാറെടുക്കുമ്പോഴാണ് ദീപക് നയം വ്യക്തമാക്കിയത്. അമ്മയുടെ റൈഡിങിനോടുള്ള ഇഷ്ടം വ്യക്തമായറിയുന്ന മകന്‍ ദീപയോട് ഒറ്റക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത്തരം യാത്രകള്‍ക്ക് തനിക്ക് മുന്നില്‍ ഇനിയും അവസരമുണ്ടാകുമെന്നതായിരുന്നു ദീപക് അമ്മക്ക് മുന്നില്‍ വെച്ച ന്യായം. 

deepa-1

മുന്നൊരുക്കം

ലഡാക്ക് യാത്ര ഉറപ്പിച്ചതോടെ ദീപ മോഹൻ ആദ്യം ചെയ്തത് ദീര്‍ഘദൂര യാത്രക്ക് ഡോമിനറിനെ ഒരുക്കുകയായിരുന്നു. ചാർജറോടു കൂടിയ മൊബൈല്‍ ഹോള്‍ഡര്‍, വലിയ വിന്‍ഡ് ഷീല്‍ഡ്, ഹാന്‍ഡ് ഗാര്‍ഡ്, ഹസാര്‍ഡ് ലൈറ്റ്, ഫോഗ് ലാംപ്, സാഡില്‍ സ്റ്റേ എന്നിങ്ങനെ ദീര്‍ഘയാത്രക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി. യാത്രയെക്കുറിച്ച് അറിയിച്ചപ്പോള്‍ റോയല്‍ ബജാജ് ഷോറൂമിൽനിന്നു ലഭിച്ച പിന്തുണയും മറക്കാനാവില്ലെന്ന് ദീപ പറയുന്നു. ആ പിന്തുണ യാത്രയില്‍ ഉടനീളം തുടരുകയും ചെയ്തു.

ഫ്‌ളാഗ് ഓഫ്

ജൂലൈ 23ന് കോട്ടയം കുറുപ്പും തറയിലെ വീട്ടില്‍ നിന്നാണ് ദീപയുടെ യാത്ര ആരംഭിക്കുന്നത്. ആകെ 24 പേരടങ്ങുന്നതായിരുന്നു സംഘം. അഞ്ചു പേര്‍ വനിതകളായുണ്ടായിരുന്നെങ്കിലും ദീപ മാത്രമാണ് ലേ വരെ ഡോമിനര്‍ ഓടിച്ചത്. ഇവരുടെ യാത്രാ സംഘത്തില്‍ ആകെ 14 ബൈക്കുകളും രണ്ട് ഥാറുകളും ഉണ്ടായിരുന്നു. ജൂലൈ 23ന് കോഴിക്കോടുനിന്നായിരുന്നു യാത്രയുടെ ഫ്‌ളാഗ് ഓഫ്. 

ഗുജറാത്തില്‍ വെച്ച് ഒരു പഞ്ചര്‍ കിട്ടിയതായിരുന്നു യാത്രയിലെ ആദ്യ അപ്രതീക്ഷിത പണി. കൂട്ടമായി യാത്ര ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് തിരിച്ചറിയുകയെന്ന് ദീപ പറയുന്നു. എന്ത് പ്രശ്‌നം വന്നാലും പരിഹരിക്കാന്‍ ഒപ്പം ആളുണ്ടാവുമെന്നതാണ് ഇത്തരം യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കുന്നത്. അതേസമയം സ്ഥലങ്ങള്‍ കൂടുതലായി എക്‌സ്‌പ്ലോര്‍ ചെയ്യുകയെന്നത് ഗ്രൂപ്പ് റൈഡിങില്‍ ഒരു പരിധി വരെ അസാധ്യവുമാണ്. 30 ദിവസം നീണ്ട യാത്രയില്‍ രണ്ട് സ്ഥലങ്ങളില്‍ മാത്രമായിരുന്നു ടെന്റടിച്ച് കഴിഞ്ഞത്. ബാക്കിയുള്ള ദിവസങ്ങളില്‍ റൈഡര്‍മാരുടെ പരിചയത്തിലുള്ള താമസ സ്ഥലങ്ങളും ഡോര്‍മെറ്ററികളുമൊക്കെയായിരുന്നു ആശ്രയം.

deepa-2

ദിവസം ശരാശരി 250-300 കിലോമീറ്ററാണ് ഓടിച്ചത്. പരമാവധി ഭക്ഷണം പാചകം ചെയ്താണ് കഴിച്ചത്. പ്രതികൂല കാലാവസ്ഥമൂലം പലയിടത്തും പ്രതീക്ഷിച്ച സമയത്ത് യാത്ര തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും സാധിച്ചില്ല. ജമ്മുവില്‍ നിന്നും കശ്മീരിലേക്കുള്ള യാത്രയായിരുന്നു കൂട്ടത്തില്‍ ഏറ്റവും കഠിനം. ടു വീലറില്‍ കാര്യമായി ഓഫ് റോഡ് പരിചയമില്ലാത്ത ദീപ ഹിമാലയന്‍ റോഡുകളില്‍ നേരിട്ടത് കഠിനമായ ഓഫ് റോഡ് പരീക്ഷണങ്ങളായിരുന്നു. 

ബ്രേക്കില്ലാതെ ഹിമാലയത്തില്‍

യാത്ര തുടങ്ങുമ്പോള്‍ ടയർ മാറിയിരുന്നെങ്കിലും സാമ്പത്തികം പരിഗണിച്ച് അത്ര ക്വാളിറ്റിയുള്ള ടയറായിരുന്നില്ല ഇട്ടത്. പഞ്ചാബ് കഴിയുമ്പോഴേക്കും ഇത് മൊട്ടയാവാന്‍ തുടങ്ങി. തുടര്‍ന്ന് കൂടുതല്‍ ഓഫ് റോഡിങുള്ളതിനാലും വര്‍ക്ക് ഷോപ്പുകള്‍ കുറവായിരുന്നതിനാലും ടയറ് മാറ്റുന്നതാണ് നല്ലതെന്ന് കൂടെയുള്ളവരും പറഞ്ഞു.  അങ്ങനെയാണ് ലേയിലെ ഒരു ലോക്കല്‍ വര്‍ക്ക് ഷോപ്പില്‍ ടയർ മാറിയത്. ഡിസ്‌ക് ബ്രേക്ക് ഊരിയാണ് അവര്‍ ടയര്‍ മാറ്റിയിട്ടത്. പാങിലേക്കുള്ള യാത്രക്കിടെ തന്നെ വണ്ടിക്കുള്ളില്‍ നിന്നും എന്തോ അടിക്കുന്ന ശബ്ദം കേട്ടിരുന്നു. നേരം പെട്ടെന്ന് ഇരുട്ടിയതിനാലും താമസസ്ഥാനത്ത് എത്തേണ്ടതിനാലും കാര്യമായ പരിശോധനകള്‍ക്ക് നില്‍ക്കാതെ ഓടിച്ചു പോവുകയായിരുന്നു. പോക പോകെ മുന്നിലെ ബ്രേക്ക് ഏതാണ്ട് പൂര്‍ണമായും കിട്ടാതെയായി. 

രാത്രി പതിനൊന്നോടെയാണ് പാങിലെത്തിയത്. കൊടും തണുപ്പും യാത്രാ ക്ഷീണവും കാരണം അന്ന് വാഹനം പരിശോധിക്കാന്‍ പോലും മെനക്കെട്ടില്ല. പിറ്റേന്ന് രാവിലെ മണാലിക്ക് പോകണം. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബ്രേക്കിന്റെ അവസ്ഥ പരിശോധിച്ചപ്പോഴാണ് ഭീകരാവസ്ഥ മനസിലായത്. വാഹനത്തിന്റെ ഫ്രണ്ട് ബ്രേക്ക് പൂര്‍ണമായും വണ്ടിയില്‍ നിന്നും വിട്ടു മാറി കിടക്കുകയായിരുന്നു. ഇരുട്ടും കൊടും തണുപ്പും ഓരത്ത് അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ ദുര്‍ഘട പാതയിലൂടെ സുരക്ഷിതമായി എത്തിയെന്നത് ഇന്നും ദീപക്ക് അത്ഭുതമാണ്. 

അടുത്തെങ്ങും ഒരു വര്‍ക്ക് ഷോപ്പോ ഫോണിന് റേഞ്ചോ ഇല്ല. ഒടുവില്‍ അവിടെ നിന്നു തന്നെ സംഘടിപ്പിച്ച രണ്ടു നട്ട് വെച്ച് ഗ്രൂപ്പ് ലീഡർ പ്രണവ് ബ്രേക്ക് തല്‍ക്കാലം ഉറപ്പിച്ചതോടെയാണ് മണാലിയിലേക്കുള്ള യാത്ര തുടരാനായത്. ഏകദേശം 7,283 കിലോമീറ്ററാണ് ഈ ട്രിപ്പിൽ ഡോമിനർ താണ്ടിയത്. ഇന്ധനത്തിനായി മാത്രം 23,000 രൂപയോളം ചിലവ് വന്നു.

ആവേശം, സന്തോഷം

ഈ യാത്രക്കിടെ ഏറ്റവും സന്തോഷവും ആവേശവുമുള്ള നിമിഷം കര്‍ദുങ്‌ല പാസ് കടന്നപ്പോഴായിരുന്നുവെന്ന് ദീപ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാര യോഗ്യമായ റോഡിലൂടെ സ്വന്തം ഡോമിനര്‍ ഓടിച്ചപ്പോള്‍ ലോകം കീഴടക്കിയ ആവേശമായിരുന്നു ദീപയ്ക്ക്. സമുദ്ര നിരപ്പില്‍ നിന്നും 17,982 അടി ഉയരത്തിലാണ് കര്‍ദുങ്‌ല പാസ്.

വ്‌ളോഗര്‍ ദീപ

പാല BLM പ്രൈഡ് ക്രഡിറ്റ് കോര്‍പറേറ്റീവ് സൊസൈറ്റിയിലെ ആര്‍ഡി ഏജന്റ് ആണ് ദീപ. സ്ഥാപനത്തില്‍ നിന്ന് ഈ യാത്രക്ക് മികച്ച പിന്തുണയായിരുന്നെന്നും ദീപ പറയുന്നു. യാത്രക്കൊപ്പം വ്‌ളോഗിങ് കൂടി നടത്തുന്നുണ്ട് ദീപ. ലഡാക്ക് യാത്രയുടെ മുന്നൊരുക്കങ്ങളും യാത്രയുമെല്ലാമായി മാത്രം 30ലേറെ വീഡിയോകള്‍ യുട്യൂബിലെ ദീപാസ് ട്രാവല്‍ വേള്‍ഡില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.  വൈകാതെ മകനൊപ്പം ഒരു ഓള്‍ ഇന്ത്യ ട്രിപ് കൂടി സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരിലെ അസാധാരണക്കാരിയായ ഈ വീട്ടമ്മ.

English Summary: Deepa Mohan House Wife Who Travelled From Kerala To Ladakh On Her Bajaj Dominar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS