‘ഗിയർ മാറ്റി’ കൊതിപ്പിച്ച് ടൊയോട്ട; മോഹിപ്പിക്കും ജിആർ 86; വില കുറച്ചെത്തുമോ ഇന്ത്യയിൽ...?

toyota-gr-86-10
Toyota GR 86
SHARE

‘അഫോർഡബിൾ സ്പോർട്സ് കാർ’ എന്നൊരു വാഹന വിഭാഗംതന്നെയില്ലാത്ത രാജ്യമാണ് ഇന്ത്യ. എങ്കിലും അത്തരം കാറുകളോടു വലിയ താൽപര്യമുള്ള ഒരു പറ്റം ഡ്രൈവിങ് പ്രേമികൾ ഇവിടെയുണ്ടെന്നതു മൂന്നു തരം. പുറത്തിറങ്ങിയിട്ടു 10 വർഷം കഴിഞ്ഞിട്ടും, രാജ്യാന്തര വിപണിയിൽ വാഹനത്തിന്റെ തലമുറമാറ്റം തന്നെ നടന്നിട്ടും, ഇന്ത്യയിൽ ഫോക്സ്‌വാഗൺ പോളോയുടെ അഞ്ചാം തലമുറ മോഡലിന്റെ ജിടി ടിഎസ്ഐ എന്ന ലൈറ്റ് പെർഫോമൻസ് വകഭേദം ചൂടപ്പം പോലെ ഇന്നും വിറ്റുകൊണ്ടിരിക്കുന്നതിന്റെ പിന്നിലുള്ള ഗുട്ടൻസും ഈ ഡ്രൈവിങ് പ്രേമമാണ്. പഴയ മാരുതി സുസുക്കി ബലെനൊ, ഹോണ്ട സിവിക്, സിറ്റി സെഡാനുകൾ വാങ്ങി റാലി കാറുകളുടെ സ്റ്റൈലിൽ അണിയിച്ചൊരുക്കുന്നവരുടെ എണ്ണം വല്ലാതെ കൂടിയതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. 

1140151750

എന്നാൽ, ഇന്ധനത്തിനു രത്നവില കൊടുക്കേണ്ടി വരുന്ന ഒരു രാജ്യത്ത് നാട്ടുകാർ എങ്ങനെ പെർഫോമൻസ് കാർ ഓടിച്ചു രസിക്കും? അഫോർഡബിൾ സ്പോർട്സ് കാർ എന്നൊരു സെഗ്മന്റും അതിൽ വിവിധ കമ്പനികളുടേതായി മൂന്നു നാലു നല്ല വണ്ടികളും ഇന്ത്യയിലെത്തിയാൽ പൊന്നുംവില കൊടുത്ത് എണ്ണ നിറച്ചും കൊണ്ടു നടന്നോളാം എന്ന് ഉത്തരം പറയാൻ പോക്കറ്റിനു വലുപ്പമുള്ള വാഹനപ്രേമികൾ ആരെങ്കിലും ബാക്കിയുണ്ടോ? ഉണ്ടെങ്കിൽ അവർക്കു സ്വപ്നം കാണാനുള്ള വാഹനമിതാ ജന്മമെടുത്തു കഴിഞ്ഞു: പേര് ടൊയോട്ട ജിആർ 86. 

toyota-gr-86-13

4 മാസം മുൻപാണ് ജിആർ 86 ടൊയോട്ട പുറത്തിറങ്ങിയത്. 2012ൽ ആണ് ആദ്യമായി ഈ ‘അഫോർഡബിൾ സ്പോർട്സ് കാർ’ നിരത്തു തൊട്ടത്. ടൊയോട്ട മോട്ടർ കോർപറേഷനും സുബാരു കോർപറേഷനും സംയുക്തമായി വികസിപ്പിച്ച വാഹനമാണിത്. ടൊയോട്ട 86 എന്ന പേരിലും സുബാരു ബിആർസി (ചിലയിടങ്ങളിൽ ബിആർസെഡ്) എന്ന പേരിലുമാണ് ഇതു വിറ്റുകൊണ്ടിരുന്നത്. പെർഫോമൻസ് കാറുകൾ ഇഷ്ടപ്പെടുകയും പണം കൊടുത്തു വാങ്ങി ഉപയോഗിക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ള ആളുകൾ വസിക്കുന്ന രാജ്യങ്ങളിൽ മാത്രമായിരുന്നു ഇതുവരെ വിൽപന. ഇതിന്റെ രണ്ടാം തലമുറയാണ് ഇപ്പോൾ ജിആർ 86 എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്. ‌ബിആർസിയുടെ രണ്ടാം തലമുറ (2022 മോഡൽ) സുബാരുവും പ്രഖ്യാപിച്ചിട്ടുണ്ട്. 

toyota-gr-86-8

ഗവേഷണ വികസന പ്രവർത്തനങ്ങൾ സംയുക്തമായി നിർവഹിച്ചതാണെങ്കിലും ഒരേ കാർ ബിആർസിയും ജിആർ 86ഉം ഒക്കെയായി ജന്മമെടുക്കുന്നത് ജപ്പാനിലെ ഗുൻമയിലുള്ള സുബാരുവിന്റെ പ്ലാന്റിലാണ്. 2 സീറ്റർ കാറുകളോടു പ്രിയം കാട്ടാത്ത ഇന്ത്യൻ മാർക്കറ്റിനോട് ആദ്യംതന്നെ പറയുന്നു, ഇതൊരു 2 + 2 സ്പോർട്സ് കാർ ആണ്, രണ്ടു ഡോറുകളെ ഉള്ളൂ എങ്കിലും. രണ്ടാം തലമുറ വന്നപ്പോൾ അൽപം കൂടി കരുത്തും കുതിപ്പുശേഷിയും ഡ്രൈവിങ് മികവും കൂടിയതിനാൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഗാസൂ റേസിങ് എന്ന ട്യൂണിങ് കമ്പനിയുടെ പേരു ചേർത്താണു പുതിയ 86നു ടൊയോട്ട നൂലുകെട്ട് നടത്തിയത്. അങ്ങനെയാണ് ഏതാനും മാസങ്ങൾക്കു മുൻപു വരെ വെറും ‘86’ ആയിരുന്ന ‘ലവൾ’ ഇപ്പോൾ ജിആർ 86 ആയത്.

toyota-gr-86-11

മസ്ദ എംഎക്സ് 5, ഷെവർലേ കമാരോ – ഫോർഡ് മസ്താങ് – ഡോജ് ചാർജർ എന്നിവയുടെ അടിസ്ഥാന മോഡലുകൾ, നിസാൻ സി (സെഡ്) എന്നിവയോടാണു പ്രധാനമായും ജിആർ 86 മത്സരിക്കുന്നത്. ഇതിൽ പല മോഡലുകളുടെയും 86നോടു മത്സരിക്കുന്ന വകഭേദങ്ങൾ പെർഫോമൻസിലും വിലയിലും 86ന് കനത്ത വെല്ലുവിളി തീർക്കുന്നുണ്ടെങ്കിലും ടൊയോട്ട ആത്മവിശ്വാസത്തിൽതന്നെയാണ്.

toyota-gr-86-4

ആദ്യം വില നോക്കാം... 

2000 സിസി എൻജിനിൽനിന്ന് 187 കുതിരശക്തി പുറത്തെടുക്കുന്ന സ്കോഡ ഒക്ടാവിയയെ നമുക്ക് ഒരു ഭാഗത്തു വയ്ക്കാം. അതിനൊരു കാരണമുണ്ട്: ഇന്ത്യൻ വിപണിയിൽ അഫോർഡബിൾ സ്പോർട്സ് കാർ എന്ന സങ്കൽപത്തോട് എന്തെങ്കിലും രീതിയിൽ അടുത്തു നിൽക്കുന്നത് എക്സിക്യൂട്ടീവ് സെഡാൻ എന്ന വിഭാഗമാണ്. എസ്‌യുവികളുടെ തള്ളിക്കയറ്റത്തിൽ ക്ഷയിച്ചു കിടക്കുന്ന ആ ‘തറവാട്ടിലെ’ ആകെയുള്ള പ്രതാപശാലി ഒക്ടാവിയ ആണ്. അതുകൊണ്ടാണ് ഒരു വശത്ത് ഒക്ടാവിയയെ കുടിയിരുത്തിയത്. അങ്ങനെയുള്ള ഒക്ടാവിയ നിരത്തിൽ ഇറക്കാൻ ഏകദേശം 32 ലക്ഷം മുതൽ 36 ലക്ഷം വരെയാണു നമ്മുടെ രാജ്യത്തു ചെലവാകുക.

toyota-gr-86-7

4 ദിവസം മുൻപാണ് ജിആർ 86ന്റെ യുഎസ് വിപണിയിലെ വില ടൊയോട്ട പ്രഖ്യാപിച്ചത്. അതുവച്ച് അവിടുത്തെ വാഹനവിദഗ്ധർ കണക്കാക്കിയ ഓൺറോഡ് വില ഒന്നു നോക്കാം: മൊത്തം 4 വേരിയന്റുകൾ: അടിസ്ഥാന മോഡൽ (മാനുവൽ ഗീയർബോക്സ്) – 28750 ഡോളർ അഥവാ 21.60 ലക്ഷം രൂപ, അടിസ്ഥാന മോഡൽ (ഓട്ടമാറ്റിക് ഗീയർബോക്സ്) – 30225 ഡോളർ അഥവാ 22.70 ലക്ഷം രൂപ, പ്രീമിയം (മാനുവൽ ഗീയർബോക്സ്) – 31325 ഡോളർ അഥവാ 23.50 ലക്ഷം രൂപ, പ്രീമിയം (ഓട്ടമാറ്റിക് ഗീയർബോക്സ്) – 32825 ഡോളർ അഥവാ 24.65 ലക്ഷം രൂപ. 

toyota-gr-86-5

ഒക്ടാവിയ പോകട്ടെ, ഒരു സെഗ്മെന്റ് താഴെയുള്ള കോംപാക്ട് എസ്‌യുവികളുടെ ടോപ് മോഡലുകൾക്കു പോലും ഇന്ത്യയിൽ 25 ലക്ഷം രൂപ വിലയുണ്ടെന്ന് ഓർക്കണം. മുഴുവനായി നിർമിച്ചു വന്നത് (സിബിയു) ആണെങ്കിൽ പോലും ചെറുകാറായ പോളോയുടെ ഏറ്റവും ഉയർന്ന പെട്രോൾ വകഭേദമായ ജിടിഐ ഇന്ത്യയിൽ എത്തിയപ്പോൾ (2016 കാലഘട്ടം) വില 25 ലക്ഷത്തിലെത്തിയിരുന്നു. തുടങ്ങിയ കാലത്തെ സ്ഥിതി വച്ചു നോക്കുമ്പോൾ നിലവിൽ ഇന്ത്യയിലെ നിർമാണ പദ്ധതികൾ എല്ലാം വെട്ടിച്ചുരുക്കി ബാഡ്ജ് എൻജിനീയറിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ടൊയോട്ട. അങ്ങനെയുള്ളപ്പോൾ ഒരു സെഗ്മെന്റ് സൃഷ്ടിച്ചുതന്നെ അവതരിപ്പിക്കേണ്ട ജിആർ 86 പോലുള്ള വാഹനം ടൊയോട്ട ഇന്ത്യയിലെത്തിക്കാനുള്ള സാധ്യത വിരളമാണ്. 

toyota-gr-86-1

എന്നാൽ, റൈറ്റ് ഹാൻഡ് ഡ്രൈവ് ആയ ജാപ്പനീസ് വിപണിക്കു കൂടി വേണ്ടി തയാറാക്കിയ ജിആർ 86 ഇന്ത്യയിലെത്തിക്കാൻ ലോക്ക‌ലൈസേഷൻ എന്ന കടമ്പ മാത്രം ടൊയോട്ടയ്ക്കു കടന്നാൽ മതിയാകും. സുബാരു നിർമിക്കുന്ന ബോക്സർ എൻജിനുകൾ ഇറക്കുമതി ചെയ്താൽ പോലും ബാക്കി ഘടകങ്ങൾ പ്രാദേശിക സപ്ലയർമാരോടു വാങ്ങിയാൽ 35 ലക്ഷം രൂപയ്ക്കു താഴെ വിലയിൽ ജിആർ 86 ഇന്ത്യൻ നിരത്തു തൊടും. ടൊയോട്ടയ്ക്കു ക്വാളിസിനു ശേഷം വീണ്ടുമൊരു വിൽപന മാമാങ്കത്തിന് ഇന്ത്യയിൽ ആഗ്രഹമുണ്ടെങ്കിൽ... 

GR86_R4_06_02.pdf

ചെറിയ ‘പുള്ളി’ അല്ല

‘അഫോർഡബിൾ സ്പോർട്സ് കാർ’ എന്ന വിഭാഗത്തിലാണെങ്കിലും കരുത്തിന്റെയും കുതിപ്പുശേഷിയുടെയും കാര്യത്തിൽ അൽപം ആഡംബരക്കാരി തന്നെയാണ് ജിആർ 86. ആദ്യ തലമുറ കാറിന് 2000 സിസി ബോക്സർ ടൈപ്പ് എൻജിനായിരുന്നു എങ്കിൽ രണ്ടാം തലമുറയിലേക്ക് എത്തിയപ്പോൾ അത് 2400 സിസി ആയി ഉയർന്നു. പക്ഷേ, അപ്പോഴും ഈ 4 സിലിണ്ടർ എൻജിൻ ടർബോ ആയില്ല. വിന്റേജ് സ്റ്റൈലിൽ നാച്ചുറലി ആസ്പിരേറ്റഡ് എൻജിൻ പിൻ വീലുകൾക്കു കരുത്തേകുന്നു. സാങ്കേതികമായി പറഞ്ഞാൽ ഫ്രണ്ട് എൻജിൻ – റിയർ വീൽ ‍ഡ്രൈവ്. നമ്മുടെ പഴയ ഹിന്ദുസ്ഥാൻ കോണ്ടസയൊക്കെപ്പോലെ...

toyota-gr-86-3

എൻജിൻ മാറിയപ്പോൾ കരുത്തും വ്യത്യാസപ്പെട്ടു: 205 ബിഎച്ച്പിയിൽ നിന്ന് 228 ബിഎച്ച്പി ആയി ഉയർന്നു ഇപ്പോൾ. 6 സ്പീഡ് മാനുവൽ – ഓട്ടമാറ്റിക് ഗീയർബോക്സുകൾ ആണ് ഇതിന്. ഓട്ടമാറ്റിക് ഗീയർബോക്സ് ടോർക്ക് കൺവർട്ടർ രീതിയിലുള്ളതാണ്. 18 ഇഞ്ച് മിഷലാൻ ടയറുകൾ ആണ് യുഎസ് – യൂറോപ്യൻ മോഡലുകൾക്ക്. ഏഷ്യയിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലും ഒക്കെ എത്തുമ്പോൾ ബ്രാൻഡ് മാത്രം മാറിയേക്കും. കോർണറിങ് മികവിനു പേരു കേട്ട വാഹനമായതിനാൽ ടയർ ബ്രാൻഡിന്റെ കാര്യത്തിൽ ടൊയോട്ട വിട്ടുവീഴ്ച ചെയ്യില്ലെന്നു പ്രതീക്ഷിക്കാം. ഡ്യുവൽ സൈലൻസറുകൾ മികച്ച ശബ്ദത്തിനൊപ്പം കാഴ്ചപ്പകിട്ടും സമ്മാനിക്കുന്നു. റിയർ സ്പോയിലറും അലുമിനിയം പെടലുകളും ഫാക്ടറിയിൽനിന്നു തന്നെ ഘടിപ്പിച്ചാണു ലഭിക്കുക. ലെതർ സീറ്റുകൾ ഉയർന്ന മോഡലിൽ. 

toyota-gr-86-9

6 സെക്കൻഡുകൾ കൊണ്ട് ഈ ‘രഥം’ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം ആർജിക്കും. കൂട്ടിന് അത്യുഗ്രൻ എൻജിൻ നാദവും (സൂപ്രയുടെ അത്രയും ഗാംഭീര്യമില്ലെങ്കിലും). പുതിയ 8 ഇഞ്ച് ടച്ച് സ്ക്രീനും 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററുമാണ് ജിആറിന്. നോർമൽ, സ്പോർട്ട്, ട്രാക്ക് എന്നിങ്ങനെ വാഹനത്തിന്റെ ഡ്രൈവ് മോഡുകൾ മാറുന്നത് അനുസരിച്ച് ക്ലസ്റ്ററിന്റെ നിറവും മാറും. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും എല്ലാ മോഡലുകളിലും നൽകിയിട്ടുണ്ട്. യുഎസിൽ സാറ്റലൈറ്റ് റേഡിയോ സബസ്ക്രിപ്ഷനും (3 മാസം) ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. 

toyota-gr-86-2

അടിസ്ഥാന മോഡലിൽ 6 സ്പീക്കറും കൂടിയ മോഡലിൽ 8 സ്പീക്കറും ‘ശബ്ദവിഭാഗം’ കൈകാര്യം ചെയ്യുന്നു. കൂടിയ മോഡലിൽ മാത്രമേ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾ ടൊയോട്ട നൽകിയിട്ടുള്ളു (സുബാരുവും). മുൻപ് ഇല്ലായിരുന്ന ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്‌ൻ ഡിപ്പാർച്ചർ വാർണിങ്, അഡാപ്റ്റിവ് ക്രൂസ് കൺട്രോൾ എന്നിവ ജിആറിന്റെ ഉയർന്ന മോഡലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

English Summary: Know More About Toyota GR 86

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA