ADVERTISEMENT

‘ജിഡബ്യൂഎം പൂച്ചയുമായി യൂറോപ്പിലേക്കു പോകുന്നു.’ ഈ വാചകത്തിലെ കർത്താവ്, കർമം, ക്രിയ ഏതൊക്കെ? ഈ ചോദ്യമൊരു ഓട്ടമൊബീൽ ജേണലിസ്റ്റിനോടു ചോദിച്ചാൽ എന്തു മറുപടിവരും എന്ന് ഊഹിക്കാമോ? ‘പാസ്’ എന്നാണു മറുപടി എങ്കിൽ ഉത്തരം പറയാം. ജിഡബ്യൂഎം അഥവാ ഗ്രേറ്റ് വാൾ മോട്ടോഴ്സ് (ചിലരെങ്കിലും ഇതു തമിഴ് സിനിമാ സംവിധായകൻ ജിവിഎം എന്ന ഗൗതം വാസുദേവ് മേനോൻ ആണെന്നു തെറ്റിധരിച്ചെങ്കിൽ നിങ്ങൾ നിർബന്ധമായും തുടർന്നു വായിക്കുക) ആണ് ഈ വാചകത്തിലെ കർത്താവ്. പൂച്ച അഥവാ ക്യാറ്റ് ആണ് ഈ വാചകത്തിലെ കർമം. പോകുന്നു എന്നതാണു ക്രിയ എങ്കിലും യൂറോപ്പിലേക്ക് പോകുന്നു എന്നതാണു വാർത്ത. 

ora-white-cat-4
Ora White Cat

 

കുറച്ചുകൂടി വിസ്തരിച്ചു പറഞ്ഞാൽ ഗ്രേറ്റ് വാൾ മോട്ടോഴ്സ് എന്ന ചൈനീസ് കമ്പനി അവരുടെ ഇലക്ട്രിക് ഡിവിഷനായ ഓറയുടെ ക്യാറ്റ് (ചൈനയിൽ ഗുഡ് ക്യാറ്റ്) എന്ന മോഡൽ യൂറോപ്പിലൊട്ടാകെയും യൂറോപ്യൻ യൂണിയനിൽ നിലവിൽ അംഗമല്ലാത്ത യുകെയിലും അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഒരു അന്തവും കുന്തവുമില്ലാത്ത പ്രഖ്യാപനം അല്ല ജിഡബ്യൂഎം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം ജർമനിയിലെ മ്യൂണിക്കിൽ നടന്ന മോട്ടർഷോയിൽ ഓറ ഡിവിഷന്റെ ക്യാറ്റ് എന്ന മോഡലും കമ്പനിയുടെ ആഡംബര ഇലക്ട്രിക് – ഹൈബ്രിഡ് എസ്‌യുവി ബ്രാൻഡ് ആയ ‘വേയ്‌’യുടെ കോഫി 01 എന്ന മോഡലും അവതരിപ്പിച്ചുകൊണ്ടാണ് യൂറോപ്യൻ വാഹനനിർമാതാക്കളുടെ നെഞ്ചിലേക്ക് തീ കോരിയിടുന്ന പ്രഖ്യാപനം ജിഡബ്യൂഎം നടത്തിയത്. 

ora-white-cat-2
Ora White Cat

 

ഓർക്കണം, ലോകം മുഴുവൻ താൽപര്യപ്പെട്ടു നോക്കിയിരിക്കുന്ന ബെൻസിന്റെ ഇക്യൂ പരമ്പര, ഫോക്സ്‌വാഗൺ ബ്രാൻഡിന്റെ ഐഡി പരമ്പര, ബിഎംഡബ്യൂവിന്റെ ഐ പരമ്പര എന്നിവയിൽപ്പെട്ട വാഹനങ്ങളും ഔഡിയുടെ അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങളുടെ കൺസപ്റ്റ് രൂപങ്ങളും പ്രദർശിപ്പിക്കപ്പെട്ട മോട്ടർ ഷോ ആയിരുന്നു അത്. അവിടെ വച്ചു തന്നെയാണ് റെനോയുടെ മെഗാൻ ഇവി എന്ന മോഡലും ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. 

 

ora-white-cat-3
Ora White Cat

അതിനിടയിലൂടെ ഓറ ക്യാറ്റും വേയ് കോഫി 01 എസ്‌യുവിയുമായി തങ്ങളും എന്തിനും തയാറാണെന്ന പ്രഖ്യാപനം ജിഡബ്യൂഎം നടത്തി. അവിടെയും നിർത്താതെ ഓറ ക്യാറ്റ് ആദ്യം ജർമനിയിൽ അവതരിപ്പിക്കാനാണു തങ്ങൾ താൽപര്യപ്പെടുന്നത് എന്നൊരു വീക്ക് കൂടി വീക്കി ഈ ‘വ്യാളിനാട് രാജാക്കൻമാർ’. ഇത് 2022ന്റെ ആദ്യ പകുതിയിൽ തന്നെ സംഭവിക്കുമെന്നും ഇവർ അനൗദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്.

 

ora-white-cat-1
Ora White Cat

ഓറ എന്നാൽ ‘പ്രഭ’ അല്ല

ora-good-cat-1
Ora Good Cat

 

ചൈനയിലെ ഹബേയ് പ്രവശ്യയിലെ ബൗടിങ് നഗരത്തിൽ 1984ൽ രൂപം കൊണ്ട കമ്പനിയാണ് ജിഡബ്യൂഎം എന്ന ഗ്രേറ്റ് വാൾ മോട്ടോഴ്സ്. മറ്റെല്ലാ ചൈനീസ് കാർ നിർമാണ കമ്പനികളെയും പോലെ തന്നെ പ്രധാനമായും ജാപ്പനീസ് വാഹനങ്ങളുടെ രൂപവും എൻജിൻ ഡിസൈനും ചിലപ്പോൾ അനുമതി വാങ്ങിയും മറ്റു ചില അവസരങ്ങളിൽ അടിച്ചുമാറ്റിയും ഒക്കെയാണ് ഇവരും ‘പണി പഠിച്ചത്’. 

ora-good-cat
Ora Good Cat

1996 മുതൽ ചില അനുമതികളുടെ പേരിൽ ചൈനീസ് സർക്കാർ യാത്രാവാഹന വിഭാഗത്തിൽ നിർമാണം തുടരുന്നതിൽ നിന്ന് ഇവരെ വിലക്കി. തുടർന്ന് ചരക്കുവാഹനങ്ങളിലായി കമ്പനിയുടെ ശ്രദ്ധ. 1998 ആയപ്പോഴേക്ക് ജിഡബ്യൂഎം പിക്കപ്പ് വിപണിയിലെ കിരീടം വയ്ക്കാത്ത രാജാക്കൻമാരായി. 2009 മുതലാണ് പിന്നീട് എസ്‌യുവികളും തുടർന്ന് സെഡാനുകളുമൊക്കെയായി കമ്പനി വീണ്ടും യാത്രാവാഹന വിപണിയിലേക്ക് എത്തുന്നത്. ആ വരവും തരംഗമായിരുന്നു. ഈ കാലഘട്ടത്തിലാണ് ഇപ്പോൾ ഉപബ്രാൻഡായ ഹവലിന്റെ എച്ച് പരമ്പര എസ്യുവികൾ കമ്പനി പുറത്തിറക്കുന്നത്. അന്നു പ്രധാനബ്രാൻഡ് ജിഡബ്യൂഎം ആയിരുന്നു. പിന്നീട് ജിഡബ്യൂഎം (അഥവാ ഗ്രേറ്റ്‌വാൾ) എന്ന ബ്രാൻഡ് ചൈനയിലെ വിൽപനയ്ക്കു മാത്രമാക്കി ചുരുക്കുകയും ഹവലിനെ രാജ്യാന്തര പ്രവർത്തനങ്ങൾക്കു നിയോഗിക്കുകയും ചെയ്തു. വൊലീക്സ് എന്നൊരു ഉപബ്രാൻഡ് ഇതിനിടെ തുടങ്ങിയെങ്കിലും ക്ലച്ച് പിടിക്കാഞ്ഞതിനാൽ അതു നിർത്തി. 

 

ora-white-cat
Ora White Cat

2000ന്റെ ആദ്യകാലത്ത് ജിഡബ്യൂഎം യൂറോപ്പിലേക്ക് ചരക്കുവാഹനങ്ങൾ കയറ്റി അയയ്ക്കാൻ തുടങ്ങി. ഈ വ്യാപാരം പതിയെ പുഷ്ടിപ്പെട്ടു വന്നു. 2017ൽ കമ്പനി പ്രീമിയം എസ്‌യുവി ബ്രാൻഡ് ആയ ‘വേയ്’ അവതരിപ്പിച്ചു. 2018ൽ ‘ഓറ’ എന്ന ഇലക്ട്രിക് വാഹന ബ്രാൻഡും. ഓപ്പൺ (തുറന്ന സമീപനമുള്ളത്), റിലയബിൾ (വിശ്വസിക്കാവുന്നത്), ഓൾട്ടർനേറ്റീവ് (ബദൽ) എന്നീ വാക്കുകളുടെ ആദ്യ അക്ഷരങ്ങൾ ചേരുന്നതാണ് ‘ഓറ’ എന്ന പേര്. ആദ്യ രണ്ടു മോഡലുകൾ, ഇപ്പോൾ ഐക്യൂ എന്നും മുൻപ് ഐക്യൂ5 എന്നും വിളിച്ചിരുന്ന ക്രോസോവർ സെഡാനും ഇപ്പോൾ ബ്ലാക്ക് ക്യാറ്റ് എന്നും മുൻപ് ആർ1 എന്നും വിളിച്ചിരുന്ന സിറ്റി കാറും ആയിരുന്നു. ഇപ്പോൾ ‘ഗുഡ് ക്യാറ്റ്’ എന്നു വിളിക്കുന്ന ആർ2 2020 മധ്യത്തോടെയാണു നിർമാണം ആരംഭിക്കുന്നത്. 

 

ora-black-cat-2
Ora Black Cat

2020 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ, കൃത്യമായി പറഞ്ഞാൽ മാർച്ചിൽ ആദ്യത്തെ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ജിഡബ്യൂഎം ഒരു പ്രഖ്യാപനം നടത്തി: ഇന്ത്യയിലെയും തായ്‌‌ലൻഡിലെയും ജനറൽ മോട്ടോഴ്സ് പ്ലാന്റുകൾ അവർ വാങ്ങും. വൈകാതെ വിപണിയിൽ പ്രവേശിക്കും. എന്നാൽ, അതു മാത്രം ഇനിയും സംഭവിച്ചിട്ടില്ല. നമ്മുടെ നഷ്ടമെന്നല്ലാതെ എന്തു പറയാൻ... (ദീർഘനിശ്വാസം). 2021 മാർച്ചിൽ (വെറും 7 മാസങ്ങൾക്കു മുൻപ്) ആഡംബര ഓഫ് റോഡറുകൾ വിൽക്കുന്നതിനു മാത്രമായി ‘ടാങ്ക്’ എന്ന ബ്രാൻഡ് തുടങ്ങുന്നതായും കമ്പനി പ്രഖ്യാപിച്ചു. ചൈനയിൽ മാത്രമല്ല, രാജ്യാന്തരതലത്തിൽ എവിടെയൊക്കെ ജിഡബ്യൂഎം പ്രവർത്തിക്കുന്നുവോ അവിടെയെല്ലാം ‘ടാങ്ക്’ ഓടും, ഇന്നല്ലെങ്കിൽ നാളെ. 

 

കൂടുതൽ ‘പുച്ച’ വിശേഷം

 

ചൈനയുടെ പരമോന്നത നേതാവായിരുന്ന ഡെങ് സിയാവോപിങ് പറഞ്ഞതിന്റെ പേരിൽ ലോകപ്രസിദ്ധമായി മാറിയ ആ വാചകം, ‘പൂച്ച കറുത്തത് ആണെങ്കിലും വെളുത്തത് ആണെങ്കിലും എലിയെ പിടിച്ചാൽ മതി...’. അതിൽ നിന്നാണ് ജിഡബ്യൂഎം തങ്ങളുടെ ഇലക്ട്രിക് ഡിവിഷൻ സാക്ഷാത്കരിച്ച നാലു മോഡലുകളിൽ‌ മൂന്നിനും പൂച്ചയുടെ ഇംഗ്ലീഷ് വാക്ക് ചേർത്തു പേരിട്ടത്. ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്, ഗുഡ് ക്യാറ്റ്. ഇതിൽ ‘ഗുഡ് ക്യാറ്റ്’ എന്ന മോഡലിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും യൂറോപ്പിലേക്ക് എത്തുക. ചൈനയ്ക്കു പുറത്ത് ഇവൾ ‘ക്യാറ്റ്’ മാത്രമായിരിക്കും. 5 ഡോർ ഹാച്ച്ബാക്ക് ആണ് ക്യാറ്റ്. ബോണറ്റ് ഡിസൈനും ഹെഡ്‌ലൈറ്റുകളും കണ്ടാൽ ഒറ്റ നോട്ടത്തിൽ ഇതൊരു ‘പോർഷെ’ ആണെന്നു തോന്നും. എന്നാൽ, ചില ചൈനീസ് കമ്പനികളെപ്പോലെ ഓരോ വരയും കോപ്പിയടിച്ചു വച്ചിരിക്കുകയല്ല ക്യാറ്റിൽ (ആദ്യകാലത്ത് അൽപസ്വൽപം അടിച്ചുമാറ്റൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കമ്പനി വളർന്നതോടെ അങ്ങനെയൊരു പേരുദോഷം കേൽപ്പിക്കാനില്ലെന്നു തന്നെയാണു തീരുമാനം). ഇത് 916 പ്രചോദനം മാത്രമാണ്. ‘ഇലക്ട്രിക് സബ്കോംപാക്ട് കാർ – ബി സെഗ്മന്റ്’ എന്ന വിഭാഗത്തിലാണ് ക്യാറ്റ് ഉൾപ്പെടുന്നത്. 

 

ഫ്രണ്ട് മോട്ടർ – ഫ്രണ്ട് വീൽ ഡ്രൈവ് എന്ന രീതിയിലാണ് കാറിന്റെ പവർട്രെയിൻ ഡിസൈൻ. 145 കുതിരശക്തി പുറത്തെടുക്കുന്ന പെർമനെന്റ് മാഗ്നറ്റ് സിങ്ക് മോട്ടറാണ് ഇതിന്. 4 സെക്കൻഡുകൾ കൊണ്ട് പൂച്ച ചീറ്റപ്പുലിയായി മാറി 100 കിലോമീറ്റർ‌ വേഗം കൈവരിക്കും. 210 ന്യൂട്ടൻമീറ്ററാണ് കുതിപ്പുശേഷി. ചൈനീസ് വാഹനം 501 കിലോമീറ്റർ പരീക്ഷണ അവസ്ഥകളിൽ‌ നൽകുമെന്നാണു പറയുന്നതെങ്കിലും യൂറോപ്യൻ വാഹനത്തിന് 400 കിലോമീറ്റർ റേഞ്ച് ആണു കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. യൂറോപ്യൻ മോഡൽ 168 കുതിരശക്തിയും 250 എൻഎം കുതിപ്പുശേഷിയും പുറത്തെടുക്കുമെന്ന ഏറ്റവും പുതിയ അനൗൺസ്മെന്റ് ഉപഭോക്താക്കൾക്കു സന്തോഷവും മത്സരിക്കാൻ നിൽക്കുന്ന മറ്റു ബ്രാൻഡുകൾക്കു ചങ്കിടിപ്പും കൂട്ടും. കൂടിയ മോഡലിൽ 63 കിലോവാട്ട്അവർ ബാറ്ററിപായ്ക്കും കുറഞ്ഞ മോഡലിൽ 58 കിലോവാട്ട്അവർ ബാറ്ററിപായ്ക്കും വാഹനത്തിന്റെ ‘ഇന്ധനടാങ്ക്’ ജോലി നിർവഹിക്കും. 

 

ഈ വിഭാഗത്തിൽപ്പെട്ട കാറുകൾക്ക് ഇന്നുവരെ ഒരു വാഹനനിർമാതാവും നൽകാത്ത ഡ്രൈവർ അസിസ്റ്റ് സംവിധാനങ്ങൾ നൽകുമെന്നും ജിഡബ്യൂഎം തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകൾ, കാറിൽ മൊത്തം എൽഇഡി ലൈറ്റിങ്, 10.25 ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഫെയ്സ് റെകഗനിഷൻ, സ്മാർട്ഫോൺ മിററിങ് എന്നിങ്ങനെ പുതിയകാലത്തിനൊത്ത സാങ്കേതികവിദ്യകളെല്ലാം ക്യാറ്റിൽ ഉറപ്പു വരുത്തിയിട്ടുണ്ട് ജിഡബ്യൂഎം എൻജിനീയർമാർ. 

നിസാൻ ലീഫ്, ഫോക്സ്‌വാഗൺ ഐഡി 3, കിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ചില മോഡലുകൾ എന്നിവയെ ആണ് പൂച്ചക്കുട്ടി ലക്ഷ്യമിടുന്നത്. കാഴ്ചപ്പകിട്ടും ഇതുവരെ അറിവായ വിവരങ്ങളും കൂട്ടി വായിച്ചാൽ ഈ മല്ലൻമാരോട് എതിരിടാനുള്ള കരുത്ത് പൂച്ചക്കുട്ടിക്കുണ്ടു താനും. 25000 യൂറോ അഥവാ 21.50 ലക്ഷം രൂപ എന്ന തുകയിലാകും ക്യാറ്റിന്റെ വില ആരംഭിക്കാൻ സാധ്യത.

 

പിറ്റ്സ്റ്റോപ്പ് – കാറിന്റെ പോർഷെ രൂപം ആകസ്മികമായി വന്നതല്ല. മുൻപ് പോർ‌ഷെയിൽ പ്രവർത്തിച്ചിരുന്ന ഇമാനുവൽ ഡെർറ്റ എന്ന ഡിസൈനറാണ് ഗുഡ്ക്യാറ്റിന്റെ രൂപകൽപന നിർവഹിച്ചത്. വർഷം 50000 ‘പൂച്ചകളെ’ യൂറോപ്പിൽ വിറ്റഴിക്കുകയാണ് ഈ ചൈനീസ് ജയന്റിന്റെ ലക്ഷ്യം. യൂറോപ്പിലേക്കു മാത്രമല്ല ഓസ്ട്രേലിയയിലേക്കും ഗുഡ് ക്യാറ്റിനെ എത്തിക്കാൻ ജിഡബ്യൂഎമ്മിന് ആലോചനയുണ്ട്. ഇതിന്റെ പരീക്ഷണപ്രവർത്തനങ്ങൾ‌ നടന്നുവരുന്നതായും വാർത്തകളുണ്ട്. റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണിയായ ഓസ്ട്രേലിയയിലേക്ക് ജിഡബ്യൂഎം കടക്കുന്നത് അവരുടെ ഇന്ത്യാ പ്രവേശത്തിന് ആക്കം കൂട്ടുമെന്നു തന്നെ ‘നമുക്ക്’ പ്രത്യാശിക്കാം. 

 

ഇമാനുവൽ ഡെർറ്റ തന്നെ രൂപകൽപന നിർവഹിച്ച ‘ലൈറ്റ്‌നിങ് ക്യാറ്റ്’ എന്ന പെർഫോമൻസ് സെഡാനും യൂറോപ്യൻ വിപണിയിലെത്തിക്കാൻ ഓറ പദ്ധതിയിട്ടിട്ടുണ്ട്. 2022ൽ ചൈനയിൽ വിൽപനയ്ക്കെത്തുന്ന ഈ ‘മിന്നൽപൂച്ച’ ഏതാനും മാസങ്ങൾക്കുള്ളിൽ യൂറോപിലും എത്തും. ഇതും ചുമ്മാ ഒരു ഊഹമല്ല, രാജ്യാന്തര മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഓറയിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതു തന്നെയാണ്.

 

English Summary: Great Wall Motors Ora in Europe Market With Electric Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com